"വിളംബരം' വേണ്ടാത്ത കുണ്ടറ
Tuesday Mar 23, 2021
പി ആർ ദീപ്തി
കൊല്ലം > മുമ്പ് പൂർണമായും നിലച്ച ഫാക്ടറിയൊച്ചകൾ കുണ്ടറയിൽ ഇന്ന് ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്. കയലോരങ്ങളും ചെറുതോടുകളും അരികുപിടിപ്പിക്കുന്ന മണ്ഡലത്തിന്റെ രാഷ്ട്രീയ പക്വതയും വിശേഷപ്പെട്ടത്. തെല്ലും സംശയമില്ലാതെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ വോട്ടർമാരെ സമീപിച്ചപ്പോൾ മറുപക്ഷം ഇരുട്ടിലായിരുന്നു. കുണ്ടറ എന്ന് കേട്ടപാടേ ബിന്ദു കൃഷ്ണ തടിതപ്പി. കക്ഷത്തിലിരുന്ന കൊല്ലവും ഉത്തരത്തിലിരുന്ന വട്ടിയൂർക്കാവും ‘മിസ്’ ആയ വിഷ്ണുനാഥ് കുണ്ടറയിൽ വീണു. എൻഡിഎക്ക് ആകട്ടെ തെന്മലയിൽ നിന്നൊരു ബിഡിജെഎസ് ഇറക്കുമതി വേണ്ടിവന്നു.
പ്രതിപക്ഷ പാർടികൾക്ക് ‘നോട്ട’മില്ലാത്ത മണ്ഡലമായി കുണ്ടറ മാറിയിട്ട് നാളുകളേറെയായി. 2006 മുതൽ എൽഡിഎഫ് മാത്രം വിജയിച്ച കുണ്ടറയിൽ മേഴ്സിക്കുട്ടിഅമ്മ രണ്ടാംഘട്ട പ്രചാരണത്തിലാണ്. ഇവിടെ നടന്ന 1200 കോടി രൂപയുടെ വികസനപ്രവർത്തനം ജനങ്ങളാണ് ചർച്ച ചെയ്യുന്നത്. 80 ശതമാനം സ്കൂളും ഹൈടെക്. പ്രധാന റോഡുകൾ ബിഎംബിസി നിലവാരത്തിൽ. 441 കോടി ചെലവിൽ പള്ളിമുക്ക് മേൽപ്പാലം വരുന്നു. കുണ്ടറ താലൂക്കാശുപത്രിയിൽ 37 കോടി ചെലവിൽ ബഹുനില മന്ദിരവും. ഞാങ്കടവ് കുടിവെള്ളപദ്ധതി അവസാനഘട്ടത്തിലാണ്. കുണ്ടറക്കാർക്ക് മാത്രമല്ല, കൊല്ലം നഗരവാസികൾക്കും ഇതിൽനിന്ന് കുടിവെള്ളമെത്തും. പൂട്ടുന്ന സ്ഥിതിയിലായിരുന്ന കുണ്ടറ സിറാമിക്സും അലൈഡ് കമ്പനിയും ഇന്ന് ലാഭത്തിലാണ്. സിപിഐ എം നേതൃത്വത്തിൽ 13 നിർധനർക്ക് വീടൊരുക്കിയ ‘ഇടം’പദ്ധതി ഐക്യരാഷ്ട്ര സംഘടനയിലും പ്രശംസ നേടി.
കശുവണ്ടി, കയർ, കൈത്തറി, മത്സ്യത്തൊഴിലാളി, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച നേതൃപാടവവും ട്രേഡ് യൂണിയൻ പ്രവർത്തനപരിചയവും മേഴ്സിക്കുട്ടിഅമ്മയുടെ കൈമുതൽ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ വൈസ് പ്രസിഡന്റുമാണ്.
മണ്ഡലത്തിലെ പെരിനാട്, ഇളമ്പള്ളൂർ, കുണ്ടറ, കൊറ്റങ്കര, തൃക്കോവിൽവട്ടം പഞ്ചാ-യത്തു-കൾ എൽഡിഎഫാണ് ഭരിക്കുന്നത്. പേരയം യുഡിഎഫും.
എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ചെങ്ങന്നൂരിൽ രാമചന്ദ്രൻ നായരോട് പരാജയപ്പെട്ടതോടെയാണ് ആലപ്പുഴയ്ക്ക്പുറത്ത് ഭാഗ്യം തേടിയെത്തിയത്. കുണ്ടറക്കാരനായ കല്ലട രമേശിനായി ചുവരെഴുത്തുവരെ തുടങ്ങിയിരുന്നു. അദ്ദേഹത്തെ തഴഞ്ഞതിലുള്ള ബേജാറിലാണ് യുഡിഎഫ് അണികൾ.
ബിജെപിക്ക് പറഞ്ഞുറപ്പിച്ച സീറ്റ് അപ്രതീക്ഷിതമായാണ് ബിഡിജെഎസിന് ലഭിച്ചത്. മണ്ഡലത്തിലെ നേതാക്കളെ തഴഞ്ഞ് തെന്മലയിൽനിന്ന് ബിഡിജെഎസുകാരിയായ വനജ വിദ്യാധരനെ കണ്ടെത്തേണ്ടിവന്നു. ഇതിനകം വോട്ടർമാർ തള്ളികളഞ്ഞ ട്രോളർ വിവാദം ചർച്ചയാക്കാനാകുമോ എന്ന പരീക്ഷണവുമായെത്തിയ ഇഎംസിസി ഡയറക്ടറുടെ സ്ഥാനാർഥിപത്രികയിൽ ഒപ്പിട്ടത് കോൺഗ്രസ് പഞ്ചായത്ത് അംഗമാണെന്ന് വെളിപ്പെട്ടത് യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.