ഇനി ഇളകിമറിയുന്ന രാപ്പകലുകൾ
Tuesday Mar 23, 2021
കെ ശ്രീകണ്ഠൻ
തിരുവനന്തപുരം > നാമനിർദേശ പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ കളത്തിലുള്ളവരുടെ അന്തിമചിത്രം തെളിഞ്ഞു. പോരാട്ടചൂടിൽ ഇളകിമറിയുന്ന രാപ്പകലുകളിലേക്ക് രാഷ്ട്രീയ കേരളം കടന്നു. പ്രചാരണത്തിൽ അനുപമമായ വികസന നേട്ടങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും എൽഡിഎഫ് ഊന്നൽ നൽകുന്നു. പതിവുപോലെ വിവാദങ്ങളിൽ അഭിരമിക്കുകയാണ് യുഡിഎഫും ബിജെപിയും.
കോൺഗ്രസ്–-ബിജെപി വോട്ടുമറിക്കലും പഴയ ‘കോലീബി’ സഖ്യവും സജീവ ചർച്ചയായി. വിശ്വാസികൾക്ക് ബോധ്യം വന്നിട്ടും ശബരിമല വിവാദം പിടിവള്ളിയാക്കാനാകുമോ എന്നു നോക്കുകയാണ് യുഡിഎഫും ബിജെപിയും. ശബരിമലയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. സുപ്രീംകോടതിയിലെ കേസിൽ വിധി വന്നശേഷം എല്ലാവരുമായും ചർച്ചചെയ്ത് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ നിലനിർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
സർക്കാരിന്റെ വികസന നേട്ടങ്ങളും കോവിഡ് കാലത്തെ കരുതൽ നടപടികളുമാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നതും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനവും എൽഡിഎഫിന് അനുകൂലമായി വലിയ ചലനം സൃഷ്ടിച്ചു. പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫിന്റെ ബദൽ വാഗ്ദാനം വിലപ്പോയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ 600 രൂപ പെൻഷൻ 18 മാസം കുടിശ്ശികയാക്കിയത് പൊള്ളത്തരം വെളിച്ചെത്തുകൊണ്ടുവന്നു. സർക്കാർ ആശുപത്രികളിലെല്ലാം സൗജന്യ ചികിത്സ നിലവിലുള്ളപ്പോൾ ‘ബിൽ രഹിത ചികിത്സ’ എന്ന യുഡിഎഫ് വാഗ്ദാനം യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അരങ്ങേറിയ ‘നേമം മോഡൽ’ ഇത്തവണ കൂടുതൽ മണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളാൻ ഇടവരുത്തിയത് ഈ സംശയം ബലപ്പെടുത്തുന്നു. തലശേരിയിൽ ജില്ലാ പ്രസിഡന്റും ഗുരുവായൂരിൽ മഹിളാ മോർച്ച പ്രസിഡന്റും സ്ഥാനാർഥികളായി രംഗത്തുവന്നിട്ടും പത്രിക സമർപ്പണത്തിലെ നിരുത്തരവാദിത്തം യാദൃശ്ചികമെന്ന് കരുതാനുമാകില്ല.
നേമത്ത് കോൺഗ്രസ് വോട്ട് കിട്ടിയെന്ന് വിജയിയായ ഒ രാജഗോപാലും കോൺഗ്രസ് വോട്ടുമറിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി വി സുരേന്ദ്രൻപിള്ളയും നടത്തിയ വെളിപ്പെടുത്തലുകളും ചൂടേറിയ വിഷയമായി. നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസ്, ബിജെപി വോട്ടുമറിക്കലിന് ധാരണയുണ്ടെന്ന ആരോപണവും ശക്തമാണ്.
എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് ആവർത്തിച്ചുവരുന്ന പ്രീപോൾ സർവേ ഫലങ്ങളാണ് തെരഞ്ഞെടുപ്പ് രംഗത്ത് മറ്റൊരു കൗതുകം. ജനഹിതം ഒരേതരത്തിൽ പ്രതിഫലിക്കുന്ന സർവേ പ്രവചനങ്ങൾക്കെതിരെ നിശിത വിമർശനവുമായാണ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നത്. സർവേ ഫലങ്ങളിലല്ല ജനങ്ങളിലാണ് വിശ്വാസമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
എൽഡിഎഫ് പ്രചാരണ രഥം തെളിച്ച് ‘കേരളത്തിന്റെ ക്യാപ്റ്റൻ’ എന്ന വിശേഷണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രയാണം തുടരുകയാണ്. കണ്ണൂരിൽനിന്ന് തുടങ്ങിയ പ്രചാരണ യാത്ര ആലപ്പുഴയിൽ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ ജനങ്ങളുടെ ആവേശകരമായ ഇരച്ചുകയറ്റമാണ്.
രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ദിവസം തന്നെ കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം സഹകരിക്കുന്നതും സുപ്രധാനമാണ്.