പുലർവെയിലിൽ വയറപ്പുഴ കടക്കുമ്പോൾ
Tuesday Mar 23, 2021
യു വിനയൻ
പത്തനംതിട്ട > ക്രിസ്റ്റി അന്ത്രപ്പേരിന്റെ സംഘർഷഭരിതവും അപസർപ്പകസമാനവുമായ ജീവിതം പൂരിപ്പിക്കാൻ ബെന്യാമിൻ നടത്തിയ വിജയകരമായ ശ്രമമായിരുന്നു ‘മഞ്ഞവെയിൽ മരണങ്ങൾ ’ എന്ന നോവൽ. അജ്ഞാതൻ അയച്ചുകൊടുത്ത പകുതി കഥാതന്തുവുമായി അലഞ്ഞാണ് അത് പൂർത്തിയാക്കിയത്. പക്ഷെ, മാന്തുകയിലെയും കുളനടയിലെയും സർക്കാർ സ്കൂളുകളുടെ അത്ഭുതകരമായ മാറ്റത്തിന്റെ കാരണം അറിയാൻ ഒട്ടും അലയേണ്ടി വന്നില്ല. കേരളമാകെ വീശിയടിച്ച വികസനക്കാറ്റിൽ നാട്ടിലെ സ്കൂളുകളും ആധുനികമായത് ബെന്യാമിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
‘ഇപ്പോൾ ഈ വിദ്യാലയത്തിലെ അക്ഷരങ്ങൾക്ക് നക്ഷത്രത്തിളക്കമാണ്’ –- കുളനട ജിപിഎച്ച്എസ്എസ് അങ്കണത്തിലൂടെ നടക്കവെ മലയാളിയുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. ‘‘ കുട്ടിക്കാലത്ത് ഇവിടത്തെ ഗ്രൗണ്ടിൽ സ്ഥിരമായി ക്രിക്കറ്റ് കളിക്കാറുണ്ട്. ഗ്രൗണ്ടിന് ചുറ്റും ചോർന്നൊലിക്കുന്ന കെട്ടിടങ്ങളായിരുന്നു. താഴെ ഓലമേഞ്ഞ മറ്റൊരു കെട്ടിടം. മാനത്ത് മഴക്കാറുകണ്ടാൽ, കാറ്റൊന്ന് വീശിയടിച്ചാൽ സ്കൂൾ വിടും. ഒടിഞ്ഞ ബെഞ്ചും തെളിയാത്ത ബോർഡും. തൊട്ടടുത്തുള്ള മാന്തുക ഗവ. യുപി സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. അവിടെയും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ അഞ്ച്വർഷം മുമ്പുവരെ അതിന് വലിയ മാറ്റമൊന്നുമുണ്ടായില്ല. ഇക്കാണുന്ന മാറ്റത്തിന് ഈ സർക്കാരിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും ? ’’
കുളനട സ്കൂളിലെ ലാബ് കെട്ടിട സമുച്ചയം നിർമിക്കാൻ ചെലവഴിച്ചത് മൂന്നുകോടി രൂപ. രണ്ടാംഘട്ട പ്രവൃത്തികൾക്ക് 50 ലക്ഷം രൂപകൂടി അനുവദിച്ചു. പൂന്തോട്ടവും പച്ചക്കറികൃഷിയുമെല്ലാമായി അനുഭവങ്ങളും സമ്പാദിച്ച് മുന്നേറുന്നു ഓരോ വിദ്യാർഥിയും.
‘‘ കാലങ്ങളായി താൽക്കാലിക പാലത്തിലൂടെ അക്കരെ മഹാദേവർക്കാവിൽ ഉത്സവത്തിന് പോയിരുന്ന ഞങ്ങൾക്ക് വയറപ്പുഴ കടവിൽ പാലം നിർമിക്കാൻവരെ നടപടിയായെന്ന് പറയുമ്പോൾ ജനഹിതം ഇതുപോലെ അറിഞ്ഞു പ്രവർത്തിക്കുന്നവർ വേറെങ്ങുമില്ലെന്ന് പറയേണ്ടിവരും ’’ –- ബെന്യാമിൻ പറഞ്ഞു.
സ്കൂൾ വരാന്തയിൽ ബെന്യാമിനെ കാത്തുനിന്ന കുട്ടികൾക്കും ലോക്ഡൗൺ കഴിഞ്ഞെത്തിയപ്പോൾ കണ്ടകാഴ്ചയെക്കുറിച്ച് പറയാൻ നൂറുനാവ്.