ശ്രീഹരി കേട്ടു; സന്തോഷം മുഴങ്ങി
Tuesday Mar 23, 2021
ടി വി സുരേഷ്
മഞ്ചേരി (മലപ്പുറം) > 'മോനേയെന്ന് വിളിച്ചാല്‍ അവനിപ്പോ ഞങ്ങളെ നോക്കും. കഴിഞ്ഞ നാലുവര്‍ഷമായി ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.'-- പുല്‍പ്പറ്റ കളത്തുപടി കുന്നത്തീരി ഹരിചന്ദ്രനും രജിതയ്ക്കും ഇത് സന്തോഷത്തിന്റെ നിമിഷം. ചേച്ചീ എന്ന വിളി കേട്ടതിന്റെ നിര്‍വൃതിയിലാണ് സഹോദരിമാരായ ഹരിഷ്മയും രജീഷ്മയും. ' ശ്രുതിതരംഗം' പദ്ധതിയിലൂടെ ഈ കുടുംബത്തില്‍ പ്രതീക്ഷയുടെ പുതുലോകം നിറയ്ക്കുകയാണ് സര്‍ക്കാര്‍.
2015 ഒക്ടോബറിലാണ് ശ്രീഹരിയുടെ ജനനം. കേള്‍വിശക്തിയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന് നിര്‍ദേശിച്ചു. കൂലിപ്പണിക്കാരനായ ഹരിചന്ദ്രന് തളര്‍ന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ 'ശ്രുതിതരംഗം' പദ്ധതിയെക്കുറിച്ച് അറിയുന്നത്. സാമൂഹ്യസുരക്ഷാ മിഷന്‍വഴി അപേക്ഷ നല്കി. 2019 ജൂണില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ശ്രീഹരിക്ക് കോക്ലിയര്‍ ഇംപ്ലാന്റ് നടത്തി. 'മകന്റെ സന്തോഷംമാത്രം മതി, ഞങ്ങള്‍ക്ക് ഇനി ഒന്നും വേണ്ട. ഓരോ ശബ്ദം കേള്‍ക്കുമ്പോഴുമുള്ള അവന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഈ സര്ക്കാരില്ലായിരുന്നുവെങ്കില് മകന്റെ ഭാവി ചിന്തിക്കാനേ വയ്യ''-- അമ്മ രജിതയുടെ വാക്കുകളില്‍ കണ്ണീര് നനവ്.
കേള്‍വിയില്ലാത്ത കുട്ടികള്‍ക്ക് പത്തുലക്ഷം രൂപവരെ ചെലവുള്ള ശസ്ത്രക്രിയയാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന, അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പദ്ധതിക്ക് അര്‍ഹത.
കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറിയിലൂടെ കേള്‍വിശക്തിയും ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷനിലൂടെ സംസാരശേഷിയും ഉറപ്പാക്കും. ശസ്ത്രക്രിയ കഴിഞ്ഞാലും മാസങ്ങള്‍ നീണ്ട പരിശീലനംകൊണ്ടാണ് കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടുന്നത്.
കേരളം മാതൃക കാട്ടിയ പദ്ധതി ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളും നടപ്പാക്കുന്നു. പ്രതിവര്‍ഷം രണ്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
അപേക്ഷാഫോറം സാമൂഹ്യസുരക്ഷാ മിഷന്, ശ്രുതിതരംഗം പദ്ധതി എന്നിവയുടെ വെബ്സൈറ്റിലും മിഷന് ഓഫീസിലും ലഭ്യമാണ്. സംസ്ഥാനത്ത് 606 പേര്‍ക്കാണ് പദ്ധതിയില്‍ ഇതുവരെ ചികിത്സ ലഭ്യമായത്.