അന്ത സിരി താൻ എങ്ക ജീവിതത്തിൻ വെട്ടം

Tuesday Mar 23, 2021
ജിതിൻ ബാബു


ഇടുക്കി > ''നിങ്കള്‍ അന്ത കുഴന്തൈയിന്‍ മുകത്തിലുള്ള സിരിപ്പ് കണ്‍ടിര്‍കളാ... അതുവേ ഇപ്പോത് എങ്കള്‍ വാഴ്വിന്‍ പ്രകാശം''. ടിവിക്ക് മുന്നിലിരുന്നുള്ള മൂന്നാം ക്ലാസുകാരി അമൃതയുടെയും ആറാം ക്ലാസുകാരി സത്യയുടെയും ചിരിവിടര്‍ന്ന മുഖങ്ങളെക്കാള്‍ വാചാലമായി വൈദ്യുതി വെളിച്ചംവിതറുന്ന ഇടമലക്കുടിയെക്കുറിച്ച് പറയാനില്ല. വൈദ്യുതി എത്തിയതിനു പിന്നാലെ മിക്ക വീടുകളിലും ടിവിയുമായി. അന്യമായിരുന്നതെല്ലാം സ്വന്തമാക്കുന്നതിന്റെ സന്തോഷം അവരിലെല്ലാം പ്രകടം.

''വെളിച്ചംകുറഞ്ഞ സോളാര്‍ വിളക്കുകള്‍ക്കും കാറ്റടിച്ചാല്‍ തിരികെടുന്ന കരിവിളക്കുകള്‍ക്കും ഇടയിലായിരുന്നു കഴിഞ്ഞ കാലമത്രയും. മഴ കനത്താല്‍പിന്നെ കുടിയാകെ ഇരുട്ടിലാകും''... വെളിച്ചമേകിയ ജീവിതത്തിലേക്കുള്ള യാത്ര ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് മുരുകേശന്‍ പറയുമ്പോള്‍ കഴിഞ്ഞ കാലങ്ങളുടെ ദുരന്തമുഖം ഓര്‍ത്തെടുക്കുകയായിരുന്നു. രാത്രിയായാല്‍ വന്യമൃഗങ്ങളെ പേടിച്ച് ഒന്ന് പുറത്തിറങ്ങാന്‍പോലും പറ്റില്ല. വാതില്‍ തുറന്നാല്‍ ആനയോ കാട്ടുപോത്തോ മുറ്റത്തുണ്ടാകും. ഇരുട്ടത്ത് അവയുടെ ആക്രമണം ഭയന്നാണ് ജീവിച്ചിരുന്നത്. വെളിച്ചമെത്തിയതോടെ ആ പേടിയകന്നു.

'' മണിയാശാനും രാജേന്ദ്രന്‍ എംഎല്‍എയും കുടിയിലേക്ക് വെട്ടമെത്തിക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കിയിരുന്നു. മൂന്നാറിലൊക്കെ പോകുമ്പോള്‍ മുകളിലൂടെ വൈദ്യുതികമ്പി പോകുന്നത് കണ്ടിട്ടുണ്ട്. അവ ഈ കാട്ടിലേക്ക് എത്തിക്കുമെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും. മണ്ണിനടിയിലൂടെ വൈദ്യുതി എത്തിക്കാനാകുമെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ കുട്ടികളും നാളയെ സ്വപ്നംകണ്ടു തുടങ്ങിയിട്ടുണ്ട്. ജീവിതമാകെ പുറംലോകത്തില്‍നിന്ന് അകന്നുനിന്നിരുന്ന ഇടമലക്കുടിയിലെ മുതിര്‍ന്ന അംഗം വേലുവിനും പ്രതീക്ഷ നല്‍കുന്നുണ്ട് കുടിലിലെ ആ വെട്ടം.

ഇപ്പോള്‍ നിരവധി കുട്ടികള്‍ പുറത്തുപോയി പഠിക്കുന്നുണ്ട്. ലോക്ക്ഡൗണായതോടെ ഭൂരിഭാഗംപേരും തിരിച്ചുവന്നു. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ ഇവിടുത്തെ കുട്ടികള്‍ക്കും ഇപ്പോള്‍ പഠിക്കാന്‍ അവസരമുണ്ട്. പഠനംപോലും കനവ് മാത്രമായിരുന്ന ഒരു വിഭാഗത്തിന് ഓണ്‍ലൈന്‍ ക്ലാസ്... ജീവിതവും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് വരുന്നത് തിരിച്ചറിഞ്ഞതിനാലാകാം ചങ്ങനാശേരി എസ്ബി കോളേജില്‍നിന്ന് ബിരുദമെടുത്ത രാമകൃഷ്ണന് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.  ഏകാധ്യാപക സ്‌കൂളിലെ അധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ക്കും ഏറെ സന്തോഷം.

മണ്ണിന്റെ മനമറിഞ്ഞ വികസനം

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പാണ്  സഫലമായത്. കൊടുംവനത്തില്‍ ചിതറിക്കിടക്കുന്ന 26 കുടികള്‍ ചേര്‍ന്നതാണ് ഇടമലക്കുടി. ഇതില്‍ ഇഡലിപ്പാറക്കുടി, പുതുക്കുടി, ഷെഡ്ഡുകുടി എന്നിവിടങ്ങളിലാണ് പുതിയ വെളിച്ചം തെളിഞ്ഞത്.

4.50 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. മൂന്നാറിനു സമീപം രാജമലയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് വൈദ്യുതി ഭൂമിക്കടിയിലെകേബിള്‍വഴി എട്ടു കിലോമീറ്റര്‍ അകലെ ഇഡലിപ്പാറക്കുടിയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറില്‍നിന്നാണ് കുടികളിലേക്കുള്ള വൈദ്യുതി വിതരണം.

ഭാവിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കേബിളിനൊപ്പം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും വലിച്ചിട്ടുണ്ട്.