തർക്കം തീർക്കാനെത്തി സ്ഥാനാർഥിയായി
Tuesday Mar 23, 2021
പാലോളി മുഹമ്മദ്കുട്ടി
(മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയും )
പുഴക്കാട്ടിരി പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം ചർച്ചചെയ്യാൻ പോയതായിരുന്നു. ലീഗിന്റെ കുത്തക സീറ്റിൽ ജയിച്ചാലേ പഞ്ചായത്ത് ഭരണം കിട്ടൂ. പ്രദേശത്ത പാർടി സഖാവിന്റെ വീട്ടിൽ വൈകിട്ട് അഞ്ചിന് തുടങ്ങിയ ചർച്ച രാത്രി 11 വരെ നീണ്ടു. തർക്കം തീർന്നില്ല. ക്ഷീണം വന്നപ്പോൾ ബെഞ്ചിൽ കിടന്നുറങ്ങി. നേരം വെളുത്തപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം. ചർച്ച ഫലം കണ്ടുവെന്നാണ് കരുതിയത്. പക്ഷേ, പിന്നീടാണ് നേതാക്കൾ കാര്യം പറഞ്ഞത്, ഞാൻ മത്സരിച്ചാൽ പ്രശ്നം തീരും. കോഡൂരിൽനിന്നും പുഴക്കാട്ടിരിയിലേക്ക് താമസം മാറിയിട്ട് മൂന്നു മാസമേ ആയിരുന്നുള്ളൂ. മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും സഖാക്കൾ വിട്ടില്ല. അങ്ങനെ 32–--ാം വയസിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി.
1965ൽ നിയമസഭയിലേക്ക് മത്സരിച്ചതും അപ്രതീക്ഷിതമായി. പെരിന്തൽമണ്ണ കോടതിപ്പടിയിൽ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് പാർടി താലൂക്ക് സെക്രട്ടറി ആർ രാഘവ പിഷാരടി ബസിൽ വന്നിറങ്ങിയത്. പ്രസംഗം അവസാനിപ്പിച്ച എന്നെ വിളിച്ച് ആർ പി രഹസ്യം പറഞ്ഞു. മങ്കടയിൽ സ്ഥാനാർഥിയാവണം. ആകെ സ്തംഭിച്ചുപോയി. എതിർപ്പറിയിച്ചപ്പോൾ ആർ പി ദേഷ്യപ്പെട്ടു. ത്രികോണ മത്സരമായിരുന്നു. കോൺഗ്രസിനും ലീഗിനും സിപിഐ എമ്മിനും സ്ഥാനാർഥികൾ. വി കെ കൃഷ്ണമേനോൻ കോൺഗ്രസിനായെത്തി. സാർവദേശീയ പ്രശ്നങ്ങൾ പ്രസംഗിച്ച അദ്ദേഹത്തിന് വേദിയിലുള്ള കോൺഗ്രസ് നേതാവ് തെരഞ്ഞെടുപ്പിന്റെ കാര്യം പറയാൻ ആവശ്യപ്പെട്ട് കുറിപ്പുനൽകി. നിങ്ങൾ നല്ല ആളെ തെരഞ്ഞെടുക്കണമെന്ന് ഒറ്റവാക്കിൽ അഭ്യർഥിച്ച് കൃഷ്ണമനോൻ അവസാനിപ്പിച്ചു. ഫലം വന്നപ്പോൾ 1310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല. 1967ൽ പെരിന്തൽമണ്ണയിൽനിന്ന് വീണ്ടും വിജയം. 96ൽ പൊന്നാനിയിൽനിന്ന് ജയിച്ച് ഇ കെ നായനാർ മന്ത്രിസഭയിൽ അംഗമായി. 2006ൽ പൊന്നാനിയിൽൻിന്നുതന്നെ ജയിച്ച് വി എസ് മന്ത്രിസഭയിലും.
ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല ആദ്യകാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണം. കമ്യൂണിസ്റ്റുകാരെ വീട്ടിൽ കയറ്റാത്ത കാലം. മുസ്ലിംലീഗുകാർ കടലാസിൽ പൊതിഞ്ഞാണ് തെരഞ്ഞെടുപ്പ് നോട്ടീസ് നൽകുക. പാണക്കാട്ടുനിന്നും തങ്ങൾ തന്നതാണെന്നാണ് പറയുക. നിസ്കാര പായയിൽ വച്ചേ തുറക്കാവൂ എന്നും പറയും. ആ കാലമൊക്കെ പോയി.
തയ്യാറാക്കിയത് -സി പ്രജോഷ്കുമാർ