പുല്ല് വെറും പുല്ലല്ല
Tuesday Mar 23, 2021
വി ജെ വർഗീസ്
കൽപ്പറ്റ
കുന്നിൻ ചെരുവിൽ പച്ചപുതച്ച് ആറര ഏക്കറിൽ പുല്ല്. വെറും പുല്ലല്ല, ഷിനോജിന്റെ വീട്ടിലെ 12 പശുക്കൾക്കും മറ്റ് ഇരുപതോളം ക്ഷീരകർഷകരുടെ പശുക്കൾക്കുമുള്ള തീറ്റപ്പുല്ലാണിത്. ‘പുല്ല് പോട്ടെ’ എന്നല്ല, വളരട്ടെ എന്ന് ഷിനോജ് പറയും. മിണ്ടാപ്രാണികളോടുള്ള കരുതലിനൊപ്പം ക്ഷീരകർഷകരെ കൈയയച്ച് സഹായിച്ച സർക്കാർ പദ്ധതിയാണ് പച്ചപ്പണിഞ്ഞ് കുടുംബങ്ങളുടെ മനം നിറയ്‌ക്കുന്നത്. തരിശുഭൂമിയിലെ തീറ്റപ്പുൽ കൃഷിയിലൂടെ വരുമാനവും പാൽ ഉൽപ്പാദനവും വർധിച്ചു. കാർഷിക മേഖലയിൽ തിരിച്ചടിയുണ്ടായപ്പോൾ ക്ഷീരോ ൽപ്പാദനത്തിലൂടെയാണ് വയനാട്ടിലെ കർഷകർ പിടിച്ചുനിന്നത്. സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ രണ്ടാമതാണ് ജില്ല. ഈ ധവളവിപ്ലവത്തിന് ഊർജം പകരുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. അതിലൊന്നാണ് ക്ഷീരവികസന വകുപ്പിന്റെ തരിശുഭൂമിയിലെ തീറ്റപ്പുൽ കൃഷി.
ഹെക്ടറിന് 93,000 രൂപയാണ് സബ്‌സിഡി. 1.55 ലക്ഷമാണ് ഒരുഹെക്ടറിലെ ആകെ ഉൽപ്പാദന ചെലവ്. 2017–-18 വർഷത്തിലാണ് പദ്ധതിയുടെ തുടക്കം. പിന്നീട് മുടങ്ങിയിട്ടില്ല. ചുരുങ്ങിയത് ഒരു ഹെക്ടറെങ്കിലും കൃഷി ചെയ്യുന്നവരാണ് ഗുണഭോക്താക്കൾ. അഞ്ചും പത്തും ഏക്കർ കൃഷിചെയ്യുന്നവരുണ്ട്. ഇവരുടെ പശുക്കൾക്കുവേണ്ട തീറ്റ മാത്രമല്ല, മറ്റു കർഷകരുടെ പശുക്കൾക്കുമുള്ള പുല്ല് ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുകയാണ്.
കൽപ്പറ്റ പൂത്തൂർവയൽ കാവുങ്കൽ ഷിനോജിന്റെ പിതാവ് ലോനപ്പൻ 50 വർഷത്തോളമായി പശുവളർത്തുന്നുണ്ട്. ഓട്ടോ മൊബൈൽ മെക്കാനിക്കായ ഷിനോജ് വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയാണ് പശുവളർത്തലിലേക്കും പുൽകൃഷിയിലേക്കും നീങ്ങിയത്. സർക്കാർ സഹായവും കൂടിയായതോടെ പൂർണ വിജയം. കൽപ്പറ്റക്കടുത്ത് ചുണ്ടപ്പാടിയിൽ ഭൂമി ലീസിനെടുത്താണ് കൃഷി. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പും കർഷകർക്ക് തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി നൽകുന്നുണ്ട്. 20 സെന്റിന് 2500 രൂപ വീതമാണ് നൽകുന്നത്. ഒരാൾക്ക് ഒരു ഹെക്ടർവരെ കൃഷിചെയ്യാം.