രാഘവൻ ഉറപ്പിച്ച് പറയുന്നു; ജീവശ്വാസമാണ് ഈ സർക്കാർ
Tuesday Mar 23, 2021
സുപ്രിയ സുധാകർ
കണ്ണൂർ
നേർത്തുപോകുന്ന ശ്വാസഗതി... ലോക്ക്‌ഡൗണിൽ പണിമുടക്കിയ കൃത്രിമശ്വാസം നൽകുന്ന ഉപകരണം... ജീവിതം തന്നെ നൂൽപാലത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിലായതോടെയാണ് മാനന്തേരിയിലെ വി കെ രാഘവൻ സാന്ത്വന സ്‌പർശം അദാലത്തിൽ അപേക്ഷ നൽകിയത്. അഞ്ച് ദിവസത്തിനുള്ളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ടെത്തി കൃത്രിമശ്വാസം ഉറപ്പാക്കാനായി ഓക്‌സിജൻ കോൺസൻട്രേറ്റർ കൈമാറി.
കൂലിപ്പണി ചെയ്‌ത് ജീവിക്കുന്നതിനിടെയാണ് അറുപത്തഞ്ചുകാരനായ കണിയാന്റവളപ്പിൽ വി കെ രാഘവൻ രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്ന ബ്രോങ്കിയക്‌റ്റേസിസ് എന്ന അപൂർവരോഗം ബാധിച്ച് 2019 ജനുവരിയിലാണ് കിടപ്പിലായത്. ഓക്‌സിജൻ സിലിണ്ടർ 40 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും നിറച്ചുകൊണ്ടുവരികയെന്നത് ബുദ്ധിമുട്ടായി. ഇതിനിടെ ഡോക്ടറാണ് ഓക്‌സിജൻ കോൺസൻട്രേറ്ററെ കുറിച്ച് പറഞ്ഞത്. 50,000 രൂപ വിലയുള്ള ഉപകരണം വാങ്ങാൻ കഴിയാത്തതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പഴയൊരു കോൺസൻട്രേറ്റർ വാങ്ങിനൽകി. എന്നാൽ, ലോക്ക്‌ഡൗൺ കാലത്ത് ഇത് പണിമുടക്കിയെങ്കിലും പുതിയഉപകരണം കമ്പനിക്കാർ നൽകി. പഴയത് നന്നാക്കി തിരിച്ചുകിട്ടിയപ്പോൾ പുതിയത് തിരിച്ചേൽപിച്ചു.
ഇതിനിടെയാണ് കണ്ണൂരിലെ സാന്ത്വന സ്‌പർശം അദാലത്തിൽ മകൻ അപേക്ഷ നൽകിയത്. അഞ്ച് ദിവസത്തിനുശേഷം ആരോഗ്യമന്ത്രിയുടെ കൈയിൽനിന്ന് നേരിട്ട് ഓക്സിജൻ കോൺസൻട്രേറ്റർ ലഭിച്ചു.‘ദിവസവും 16 മണിക്കൂർ കൃത്രിമമായി ശ്വാസം എടുക്കണം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രമായതിനാൽ വൈദ്യുതിബില്ലിൽ ഇളവ് ലഭിക്കുന്നു. കർഷകത്തൊഴിലാളി ക്ഷേമപെൻഷനും ലഭിക്കുന്നതിനാൽ മരുന്ന് വാങ്ങാനും സാധിക്കുന്നുണ്ട്. വലിയ ആശ്വാസമാണ് സർക്കാർ സഹായത്താൽ ഉണ്ടായത് ’ രാഘവൻ പറഞ്ഞു.