ശ്രദ്ധ വിടാതെ നേമം
Tuesday Mar 23, 2021
ജി രാജേഷ് കുമാർ
മാർച്ചിന്റെ ചൂടിനെ കടത്തിവെട്ടി പൊടി പടർത്തുന്ന പ്രചാരണം മുക്കും മൂലയും പിടിച്ചുകുലുക്കുന്ന നേമം ഇക്കുറിയും ദേശീയ ശ്രദ്ധയിലുണ്ട്. ബിജെപിക്ക് സംസ്ഥാനത്ത് ആദ്യ അക്കൗണ്ട് തുറക്കാൻ സഹായിച്ച മണ്ഡലത്തിൽ പക്ഷെ ഇക്കുറി ചർച്ച മുഖ്യമായും രണ്ട് കാര്യങ്ങളിലാണ്. ഒന്നാമത് രണ്ട് മുൻ തെരഞ്ഞെടുപ്പുകളിലെ മുന്നണികളുടെ വോട്ട്. രണ്ട്, സാങ്കേതിക പരാജയത്തിന് മണ്ഡലത്തിൽനിന്ന് അകറ്റാൻ കഴിയാത്ത ജനങ്ങളുടെ ‘എംഎൽഎ’ യുടെ സാന്നിധ്യം.
2011 ലും 2016 ലും സ്വന്തം വോട്ടുകൾ എവിടെപ്പോയി എന്ന ചോദ്യത്തിന് യുഡിഎഫിനൊഴികെ ബാക്കിയുള്ളവർക്കെല്ലാം ഉത്തരമുണ്ട്. 2011–-നേക്കാൾ 9066 വോട്ട് എൽഡിഎഫ് അധികം നേടിയിട്ടും, കോൺഗ്രസ്–-ബിജെപി കൂട്ടുകച്ചവടത്തിൽ 2016 ൽ ഒ രാജഗോപാലിന് വിജയിക്കാനായി. ഇന്ന് നേമത്തെ എൽഡിഎഫ് സ്വീകരണകേന്ദ്രങ്ങളും വീട്ടകങ്ങളും തുറന്നുപറയുന്നു; ‘ഈ കച്ചവടത്തിന് ഇനി ഞങ്ങളില്ല ’ എന്ന്.
വോട്ട്‌കച്ചവട ജാള്യത മറയ്‌ക്കാനുള്ള ശ്രമമായിരുന്നു യുഡിഎഫിന്റെ ‘നേമത്ത് ശക്തൻ’ ക്യാമ്പയിൻ. എന്നാൽ, കോൺഗ്രസിലെ യഥാർഥ ‘ശക്തന്മാർ’ വലിഞ്ഞു. ഒടുവിൽ എംപി സ്ഥാനമെന്ന സുരക്ഷിത വലയമുള്ള കെ മുരളീധരൻ നേമത്തേക്ക്. മണ്ഡലങ്ങൾ മാറിമാറി നടക്കുന്നയാളെന്ന പ്രതിച്ഛായ പക്ഷെ, മുരളിക്ക് ക്ഷീണവും.
ഒ രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരനെ ഭാഗ്യപരീക്ഷണത്തിന് നിയോഗിച്ചിരിക്കുന്നു ബിജെപി. സിറ്റിങ് എംഎൽഎയായ രാജഗോപാൽ തന്നെ ആദ്യം വെടിപൊട്ടിച്ചു. തന്റെയത്ര ജനപിന്തുണ കുമ്മനത്തിനില്ലെന്ന്. . നേമത്തെ ഗുജറാത്താക്കുമെന്ന് പറഞ്ഞത് തുപ്പാനും ഇറക്കാനുമാകാത്ത പ്രതിസന്ധിയിലാണ് കുമ്മനം.
തിരുവനന്തപുരം മേയർ, ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ഭരണ മികവ് തെളിയിച്ചയാളാണ് ശിവൻകുട്ടി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയും, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ്. കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ്. ഒട്ടേറെ ട്രേഡ്‌യൂണിയനുകളുടെയും കായിക സംഘടനകളുടെയും ഭാരവാഹി.