അപരനല്ല; ചങ്ക് ബ്രോ
Wednesday Mar 24, 2021
സതീഷ് ഗോപി
കണ്ണൂർ
തൂവെള്ളവസ്‌ത്രമണിഞ്ഞ് സജിയും ബിജുവും കയറി വരുമ്പോൾ വീടുകളിലുള്ളവർ ആശയക്കുഴപ്പത്തിലാകും. ഇവരിൽ ആരാണ് സ്ഥാനാർഥി? തെരഞ്ഞെടുപ്പിന് അപരനെ നിർത്തുന്നതുപോലെ രൂപത്തിലും യഥാർഥ ആളെ വെല്ലുന്ന അനുഭവം. ഇത് കണ്ണൂർ ഇരിക്കൂറിലെ എൽഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ സജി കുറ്റ്യാനിമറ്റവും സഹോദരൻ ബിജുവും. ഇരട്ടകളായ ഇരുവരെയും ഒരുമിച്ചു കാണുമ്പോൾ ചിരപരിചിതർക്കുപോലും തിരിച്ചറിയുക ബുദ്ധിമുട്ടാകും. അടുത്തു പരിചയമില്ലാത്തവരുടെ കാര്യം പറയാനുമില്ല.
ഇരിക്കൂറിലെ ഈ ഇരട്ട സഹോദരന്മാർ പ്രചാരണത്തിൽ തോളോട് തോൾ ചേർന്നു മുന്നേറുമ്പോൾ ഭൂരിപക്ഷവും ഇരട്ടിയാകണമെന്ന മോഹം മാത്രമാണ് എൽഡിഎഫ് പ്രവർത്തകർക്ക്. കുറ്റ്യാനിമറ്റം ജോസഫിന്റെ മക്കൾക്ക് പ്രായം അമ്പത്തൊന്നായി. സജി ചെറുപ്പത്തിലേ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. ബിജു പ്രീഡി ഗ്രി കഴിഞ്ഞതോടെ മലയോരത്തെ സാധാരണ ചെറുപ്പക്കാരെപ്പോലെ കൃഷിയിലേക്ക് തിരിഞ്ഞു. റബറും കവുങ്ങും പച്ചക്കറിയുമൊക്കെയുണ്ട്. പറമ്പിലെ പണിക്കിടെ സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിന് സമയമില്ല. എന്നാൽ, ജില്ലാ പഞ്ചായത്തംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമൊക്കെയായ കൂടപ്പിറപ്പ് മത്സരക്കളത്തിലിറങ്ങിയപ്പോൾ ബിജു കൃഷിക്കും വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ ബേക്കറിക്കും അവധി നൽകി. കേരള കോൺഗ്രസിന്റെ സംസ്ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗമായ സജി കുറ്റ്യാനിമറ്റത്തിന്റെ പ്രചാരണങ്ങളുടെ ‘സ്‌റ്റിയറിങ്’ ഇപ്പോൾ ബിജുവിന്റെ കൈയിലാണ്.
തിരിച്ചറിയാൻ സാധിക്കാത്ത സാദൃശ്യം കുടുംബത്തിലും നാട്ടിൻപുറത്തും സൃഷ്ടിച്ച തമാശകളുടെ ആവർത്തനം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലുമുണ്ട്. പേരുമാറി വിളിക്കുന്നതും ഹസ്‌തദാനവും പൂമാലയും ലഭിക്കുന്നതുമെല്ലാം കൂടെയുള്ളവരിൽ ചിരിയുടെ അകമ്പടിയിൽ വേനൽച്ചൂടിന്റെ കാഠിന്യം അകറ്റുന്നു. സജിയുടെ ഭാര്യ പ്രിൻസി. മൂന്ന് മക്കളുണ്ട്. ആശയാണ് ബിജുവിന്റെ ഭാര്യ. രണ്ട് മക്കൾ.