ഹൃദയങ്ങളിലെ ഉറപ്പാണ്‌ 
‘തവനൂരിന്റെ സുൽത്താൻ’

Wednesday Mar 24, 2021
സി പ്രജോഷ്‌ കുമാർ


തവനൂർ
ഓട്ടോയുടെ പിൻസീറ്റിൽ ചെങ്കൊടി ചേർത്തുപിടിച്ച്‌ കിടന്നാണ്‌ സ്വാലിഹ്‌ കെ ടി ജലീലിന്റെ റോഡ്‌ ഷോയിൽ പങ്കെടുത്തത്‌. ഇരുകാലിനും  ചലനശേഷിയില്ലാത്ത ഈ ഭിന്നശേഷിക്കാരൻ കഷ്‌ടപ്പെട്ടെത്തിയത്‌  ജലീലിനോടുള്ള അകമഴിഞ്ഞ ആരാധനയിൽ. ജനഹൃദയങ്ങളിൽ ആഴത്തിൽ കൈയൊപ്പ്‌ ചാർത്തിയാണ്‌ ‘തവനൂരിന്റെ സുൽത്താൻ’ വീണ്ടും അങ്കത്തിനിറങ്ങുന്നത്‌‌.  കോൺഗ്രസിന്‌ ലഭിച്ച സീറ്റിൽ ലീഗുകാരാനായ ഫിറോസ്‌ കുന്നംപറമ്പിലാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി.  ഉന്നത വിദ്യാഭ്യാസമന്ത്രിയായി തിളങ്ങിയ ജലീലിന്‌ മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളേറെ‌. വികസനം മുൻനിർത്തിയാണ്‌ പ്രചാരണം.

ഇല്ലാക്കഥകളുമായി രാഷ്‌ട്രീയ എതിരാളികൾ വേട്ടയാടിയപ്പോൾ സംശുദ്ധ പൊതുപ്രവർത്തനത്തിന്റെ തെളിമയിൽ കൂസാതെനിന്നു ജലീൽ.   ഖുർആൻ ഉൾപ്പെടെ വിവാദത്തിലേക്ക്‌ വലിച്ചിഴച്ച ലീഗിന്റെ രാഷ്‌ട്രീയ അധാർമികത മണ്ഡലത്തിൽ ചർച്ചയാണ്‌.

യൂത്ത്‌ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ്‌ ജലീൽ ലീഗ്‌ വിട്ടത്‌.  2006ൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ച്‌ നിയമസഭയിലേക്ക്‌. അന്നുമുതൽ ലീഗിന്റെ കണ്ണിലെ കരട്‌. 2011ൽ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. പുതുതായി രൂപീകരിച്ച തവനൂർ രണ്ടുതവണയും ജലീലിനൊപ്പം. 2011ൽ കോൺഗ്രസിലെ വി വി പ്രകാശിനെ 6804 വോട്ടിനും  2016ൽ ഇഫ്‌ത്തിക്കറുദ്ദീനെ  17,064 വോട്ടിനും തോൽപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ ആധിപത്യം വ്യക്തം. തവനൂർ, എടപ്പാൾ, തൃപ്രങ്ങോട്‌, പുറത്തൂർ പഞ്ചായത്തുകളിൽ എൽഡിഎഫ്‌ ഭരണമാണ്‌. കാലടി, വട്ടംകുളം, മംഗലം പഞ്ചായത്തുകളിൽ യുഡിഎഫും. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചരിത്രാധ്യാപകനായ ജലീൽ എംഫിൽ, പിഎച്ച്‌ഡി ബിരുദധാരിയാണ്‌. 

കോൺഗ്രസ്‌ സ്ഥാനാർഥിയായി ഫിറോസിന്റെ പേരുയർന്ന ഘട്ടത്തിൽ തന്നെ വലിയ പ്രതിഷേധമുണ്ടായി. ഡിസിസി ഓഫീസിലേക്ക്‌ യൂത്ത്‌കോൺഗ്രസുകാർ പ്രകടനം നടത്തി. മത്സരരംഗത്തുനിന്ന്‌ പിന്മാറുന്നതായി ഫിറോസും പ്രഖ്യാപിച്ചു. പിന്നീട്‌ നാടകീയ നീക്കങ്ങളാണ്‌ നടന്നത്‌. ഫിറോസിനു വേണ്ടി ലീഗ്‌ നേതൃത്വം ചെലുത്തിയ സമ്മർദ്ദം ഒടുവിൽ ഫലം കണ്ടു. സീറ്റ്‌ മോഹിച്ച യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ റിയാസ്‌ മുക്കോളിയെ പട്ടാമ്പിയിലേക്ക്‌ മാറ്റി.  എന്നിട്ടും കോൺഗ്രസിൽ പ്രതിസന്ധി അയഞ്ഞിട്ടില്ല. ഡിസിസി സെക്രട്ടറി തന്നെ പരസ്യ പ്രതിഷേധമുയർത്തി. പ്രചാരണ രംഗത്തും ഈ മരവിപ്പുണ്ട്‌.  നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്‌ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട നിരവധി കേസുകളുണ്ട്‌. ഇതും സജീവ ചർച്ചാ വിഷയമാണ്‌.  

പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി രമേശ് കോട്ടയപ്പുറത്താണ് തവനൂരിലെ എൻഡിഎ സ്ഥാനാർഥി. ഇത്തവണ ബിഡിജെഎസിനാണ് സീറ്റ്. ബിഡിജെഎസ് മലപ്പുറം ജില്ലാ സംഘടനാ ജനറൽ സെക്രട്ടറിയാണ്‌.