പുതിയ ‘സ്‌റ്റാർട്ടപ്പി’ന് കളമശേരി
Wednesday Mar 24, 2021
എം എസ് അശോകൻ
തൊഴിൽശാലകൾ ചൂളം വിളിക്കുന്ന വ്യവസായകേന്ദ്രമായ കളമശേരി പറയുന്നത് കേൾക്കാൻ കാതോർക്കുകയാണ് കേരളം. ഫാക്ടും അപ്പോളോയുമടക്കം പഴയതലമുറ വ്യവസായങ്ങൾക്കൊപ്പം ആധുനിക ലോകത്തെ ചലിപ്പിക്കുന്ന സ്‌റ്റാർട്ടപ്പുകളുടെയും വിവരസാങ്കേതിക സ്ഥാപനങ്ങളുടെയും നാട്. പുതിയ കാലം മുന്നിൽ കണ്ടുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളും കളമശേരിക്ക് സ്വന്തം. സമൃദ്ധിയിലേക്ക് കുതിക്കാൻ വലിയ സാധ്യതയുള്ള ഈ മണ്ഡലത്തിൽ സജീവ ചർച്ച കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കൊടിയ അഴിമതി !
കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് സർക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ആർക്കും ഉന്നയിക്കാനായില്ല. അതിനുമുമ്പുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാരിനെ ജനം തൂത്തെറിഞ്ഞെങ്കിലും അക്കാലത്തെ വമ്പൻ അഴിമതികൾ ഇന്നും ചർച്ച ചെയ്യേണ്ടിവരുന്ന ഗതികേടിലാണ് മണ്ഡലം. ഈ പശ്ചാത്തലം മാത്രം മതി ആര് നിയമസഭയിലേക്ക് പോകണമെന്ന് ജനത്തിന് ഉറച്ച് തീരുമാനമെടുക്കാൻ.
പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിലെ പ്രധാനി വി കെ ഇബ്രാഹിംകുഞ്ഞ് തുടർച്ചയായി രണ്ടുവട്ടം വിജയിച്ച മണ്ഡലം. വിജിലൻസ് കേസിൽ പ്രതിയായതിനാൽ ഇക്കുറി മത്സരരംഗത്തില്ല. പകരം മകൻ അഡ്വ. വി ഇ അബ്‌ദുൾ ഗഫൂർ യുഡിഎഫ് സ്ഥാനാർഥി. എന്നാൽ, അഴിമതിയുടെ കുടുംബവാഴ്‌ചയ്‌ക്ക് മണ്ഡലം വേദിയാകില്ലെന്ന് പ്രചാരണരംഗം വ്യക്തമായ സൂചന നൽകുന്നു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായാണ് വി ഇ അബ്‌ദുൾ ഗഫൂറിന്റെ രാഷ്‌ട്രീയപ്രവേശം. നിലവിൽ മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി. അഴിമതിയുടെ പേരിൽ യുഡിഎഫിനാകെ കളങ്കമുണ്ടാക്കിയ ഇബ്രാഹിംകുഞ്ഞിന്റെ മകനു തന്നെ അവസരം കൊടുത്തതിനെതിരായ പ്രതിഷേധത്തിന്റെ കനലണയ്‌ക്കാൻ കഴിഞ്ഞിട്ടില്ല.
എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി പി എസ് ജയരാജ് മത്സരിക്കുന്നു. എൻഡിഎ ജില്ലാ കമ്മിറ്റി അംഗവുമാണ്. കളമശേരി, ഏലൂർ മുനിസിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലം 2011ലാണ് രൂപീകൃതമായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർന്നത് യുഡിഎഫിന് വെല്ലുവിളിയാണ്. കടുങ്ങല്ലൂർ ഒഴികെ മൂന്നു പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എൽഡിഎഫിനാണ് ലീഡ്. കടുങ്ങല്ലൂരിൽ യുഡിഎഫിനുള്ളത് ഒമ്പത് വോട്ടിന്റെ മുൻകൈ. ആലങ്ങാട്, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളും ഏലൂർ നഗരസഭയും നിലവിൽ എൽഡിഎഫ് ഭരണത്തിൽ. കളമശേരി നഗരസഭ ഒരു സീറ്റ് വ്യത്യാസത്തിലും കടുങ്ങല്ലൂരിൽ നറുക്കിലൂടെയും യുഡിഎഫ് ഭരണം.