മലയാള മനോരമ ആഴ്‌ച്ചപതിപ്പില്‍ സാമാന്യബുദ്ധിക്ക് നിരക്കാത്ത വാദങ്ങള്‍ നിരത്തി ലേഖനമെഴുതിയ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന് സോഷ്യല്‍ മീഡിയയില്‍ 'പൊങ്കാല'. ' കുഞ്ഞിനെ എടുക്കുമ്പോള്‍ ഏതു സാരി ഉടുക്കണം' എന്ന തലക്കെട്ടോടെയാണ് ലേഖനം. നല്ല ബുദ്ധിശക്തിയുള്ള കുഞ്ഞുങ്ങളെ ലഭിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ എന്ന് പറഞ്ഞുതുടങ്ങുന്ന ലേഖനത്തില്‍, യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് അലക്‌സാണ്ടര്‍ ജേക്കബ് കണ്ടെത്തിയിരിക്കുന്നത്.
അധ്യാപകരെയും സഹപാഠികളെയും വെടിവയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ വയറുകീറി പുറത്തെടുത്തവരാണെന്ന് അമേരിക്കയിലും ഫ്രാന്‍സിലും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്. സിസേറിയനിലൂടെ പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തി പിടിച്ചു നില്‍ക്കുന്ന ഡോക്ടറെ ആണെന്നും അത് കാണുന്ന കുട്ടികള്‍ക്ക് രക്തം പേടി ഉണ്ടാവില്ലെന്നും ലേഖനത്തില്‍ വാദിക്കുന്നുണ്ട്.
ജനിക്കുമ്പോള്‍ കാണുന്നത് അനുസരിച്ചല്ല ഒരു മനുഷ്യന്റെ ചിന്തയും പെരുമാറ്റവും നിശ്ചയിക്കപ്പെടുന്നത്. അതിന് കാരണമാകുന്നത് മനുഷ്യന്റെ ജനിതകഘടകങ്ങളും ജീവിതസാഹചര്യവും എല്ലാമാണ് എന്നതാണ് ശാസ്ത്രീയവശം. തീര്‍ത്തും അബദ്ധങ്ങളും ശാസ്ത്രവിരുദ്ധതയും നിറഞ്ഞ ലേഖനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചില പ്രതികരണങ്ങള്‍ ചുവടെ.
ഡോ.ഷിംന അസീസ് എഴുതുന്നു
മലയാള മനോരമ ആഴ്ചപ്പതിപ്പ്- സാധാരണക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമാണ്. അതിനകത്ത് പേരിന് മുന്നില്‍ 'ഡോ.' എന്നെഴുതിയ ഏത് മനുഷ്യന്‍ ആരോഗ്യസംബന്ധമായി എന്ത് ഗമണ്ടന്‍ വിഡ്ഢിത്തം പറഞ്ഞാലും തൊണ്ട തൊടാതെ വായനക്കാര്‍ വിഴുങ്ങാന്‍ ഒരുപാട് പേരുണ്ടാവും.
അങ്ങനെ ഒരിടത്താണ് സിസേറിയന്‍ വഴി 'കീറിയെടുത്ത' കുഞ്ഞ് ആദ്യം കാണുന്നത് കത്തി പിടിച്ച ഡോക്ടറെയാണ്, അത് കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന് മുന്‍ ഡിജിപി മെഡിക്കല്‍ ഡോക്ടര്‍ അല്ലാത്ത ഡോ.അലക്സാണ്ടര്‍ ജേക്കബ് വിടുവായത്തരം പറഞ്ഞത് എഴുതി വെച്ചിരിക്കുന്നത്. ഈ വ്യക്തി പറഞ്ഞത് ഒന്ന് വെരിഫൈ ചെയ്ത് എഡിറ്റ് ചെയ്യുക എന്നൊരു കടമ കോളം നോക്കുന്ന ആള്‍ക്കില്ലേ? പ്രത്യേകിച്ച്, അമ്മയും കുഞ്ഞും മരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ എമര്‍ജന്‍സി സിസേറിയന്‍ പറഞ്ഞാല്‍ പോലും സമ്മതിക്കാന്‍ മടിക്കുന്ന ഒരു ജനതക്കിടയില്‍. എന്താണ് ഇങ്ങനെ പൈങ്കിളി എഴുതി വിടുന്നത്?
ഒന്നാമത്, സിസേറിയനായാലും പ്രസവമായാലും കുഞ്ഞ് പുറത്ത് വരുന്നത് ഡോക്ടര്‍ വലിച്ച് പുറത്തേക്കെടുക്കുമ്പോഴാണ്. അന്നേരം കത്തി ഡോക്ടറുടെ കൈയിലില്ല. (സാധാരണ രീതിയില്‍ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍ മാലയും ബൊക്കെയുമായി നില്‍ക്കുമെന്നാണോ 'തള്ള് ഡോക്ടറുടെ' ധാരണ?). രണ്ടാമത്, ജനിക്കുമ്പോള്‍ 'കണി' കാണുന്നത് അനുസരിച്ചല്ല ഒരു മനുഷ്യന്റെ ചിന്തയും പെരുമാറ്റവും നിശ്ചയിക്കപ്പെടുന്നത്. അതിന് ഹേതുവാകുന്നത് അയാളുടെ ജനിതകഘടകങ്ങളും ജീവിതസാഹചര്യവും എല്ലാമാണ്.
ദയവ് ചെയ്ത് ആരെന്ത് എഴുതി തന്നാലും ചാടി വീണ് പ്രസിദ്ധീകരിക്കരുത്. പ്രത്യേകിച്ച് മനുഷ്യന്റെ ജീവനെയും ജീവിതത്തേയും ബാധിക്കുന്ന കാര്യങ്ങള്‍. ഓരോ മെഡിക്കല്‍ സംശയങ്ങളും വിളിച്ച് ചോദിച്ച് വെരിഫൈ ചെയ്ത് എഴുതുന്ന ഇഷ്ടം പോലെ ജേര്‍ണലിസ്റ്റ് സുഹൃത്തുക്കളെ അറിയാം. ഒന്നൂല്ലേലും ഗൂഗിള്‍ ചെയ്തെങ്കിലും നോക്കാല്ലോ.
കഷ്ടമാണേ.
ഡോ.ജിനേഷ് പി എസ് എഴുതുന്നു
ഡിജിപി എന്നൊക്കെ കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് ഭയം കലര്‍ന്ന ഒരു ബഹുമാനമായിരുന്നു. ഇന്നിപ്പോള്‍ ചിരിയാണ് വരുന്നത്. പ്രത്യേകിച്ച് വിരമിച്ചവര്‍ പറയുന്ന പലകാര്യങ്ങളും കേള്‍ക്കുമ്പോള്‍...
അലക്‌സാണ്ടര്‍ ജേക്കബിനെ കുറിച്ചാണ്. അദ്ദേഹം പ്രേത വിദ്യയിലൂടെ കുറ്റാന്വേഷണം തെളിയിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ അയാളുടെ സകല വിശ്വാസ്യതയും നഷ്ടപ്പെട്ടിരുന്നു.
ഇന്നിപ്പോള്‍ ഒരു മാസികയുടെ കട്ടിങ് കണ്ടു. 'പ്രതിസന്ധികളെ നേരിടാന്‍' എന്നതാണ് തലക്കെട്ട്.
'അധ്യാപകരെയും സഹപാഠികളെയും വെടിവയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ വയറുകീറി പുറത്തെടുത്തവരാണെന്ന് അമേരിക്കയിലും ഫ്രാന്‍സിലും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി എന്നാണ് അയാള്‍ പറയുന്നത്.
സിസേറിയനിലൂടെ പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തി പിടിച്ചു നില്‍ക്കുന്ന ഡോക്ടറെ ആണ്. ആ കത്തില്‍ നിന്ന് അമ്മയുടെ രക്തം ഇറ്റു വീണു കൊണ്ടിരിക്കും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് രക്തം പേടി ഉണ്ടാവില്ല.'
നല്ല ബുദ്ധിശക്തി ഉള്ള കുട്ടികളെ ലഭിക്കാന്‍ വേണ്ടിയുള്ള ശാസ്ത്രീയമായ കാര്യങ്ങള്‍ എന്നുപറഞ്ഞാണ് ലേഖനം തുടങ്ങുന്നത് തന്നെ.
ഇയാള്‍ക്ക് സിസേറിയന്‍ എന്താണെന്നോ എന്തിനാണെന്നോ അതുമൂലം ഉണ്ടാകുന്ന പ്രയോജനങ്ങളോ അറിയില്ല. പ്രസവസമയത്ത് അമ്മയുടെയും കുട്ടിയുടെയും മരണം വലിയൊരളവുവരെ കുറഞ്ഞത് സിസേറിയന്‍ മൂലമാണെന്ന് ഇയാള്‍ക്ക് അറിയുമെന്ന് തോന്നുന്നില്ല.
ജനിച്ച കുട്ടിയുടെ കാഴ്ചയെ കുറിച്ചും മാനസിക വളര്‍ച്ചയെ കുറിച്ചും എന്തെങ്കിലും ധാരണയുണ്ട് എന്നും തോന്നുന്നില്ല.
സിസേറിയനിലൂടെ ജനിച്ച കുട്ടികളെ ഇങ്ങനെ അപമാനിക്കാന്‍ ഇയാള്‍ക്ക് ആരാണ് ലൈസന്‍സ് നല്‍കിയത് ? അതും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ട്...
ഒരു കാര്യം പറയുന്നതില്‍ ഒന്നും തോന്നരുത്.
ഇവരെപ്പോലുള്ളവരാണ് നിയമപരിപാലനം നടത്തിയിരുന്നത് എന്നത് ഭയവും അപമാനവും ഉണ്ടാക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..