27 December Friday

അനന്തരം അവർ: ഒരു പ്രണയദിനത്തിന്റെ കുശുമ്പോർമ്മയിൽ ആൻ പാലി എഴുതുന്നു

ആൻ പാലിUpdated: Friday Feb 14, 2020

ആൻ പാലി

ആൻ പാലി

'എന്നാലും അവര് കാണാതെ ഒന്ന് കൂടി ഞാൻ ആ ചുമന്ന മുഖങ്ങളിലേക്കു നോക്കി, വല്ലാത്ത കോരിത്തരിപ്പ്, സോറി, കോരുന്ന അല്ല, മോട്ടോർ വെച്ചടിക്കുന്ന രോമാഞ്ചം. ആദ്യമായാണേ ഒരു പ്രണയരംഗം മുന്നിൽ പ്രത്യക്ഷപ്പെടുന്നത്, അതും ഫെബ്രുവരി 14 എന്ന ശുഭദിനത്തിൽ. അന്ന് രാവിലെ കൂടി പത്രത്തിൽ ഒരു ലവ് സൈനും , 'വാലെന്റൈൻസ് ഡേ' എന്നാ വിശേഷവും ഒക്കെ ഞങ്ങൾ കണ്ണും മിഴിച്ചു വായിച്ചപ്പോൾ ഒരു മൈന്റില്ലാതെ നടന്നു പോയ ആളാണ്, ആ പുണ്യാളത്തിയാണ് ഷൈൻ ചേട്ടന്റെ കൂടെ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത്.'-വാലന്റൈൻസ് ദിനത്തിൽ ആൻ പാലി എഴുതുന്നു

ഫെബ്രുവരി പതിനാലാവുമ്പോൾ ഓർമ്മിക്കുന്ന ഒരു പേരുണ്ട്, ലിബി.
ലോകം മുഴുവൻ വാലന്റൈൻസ് ഡേ എന്ന മഹാസുദിനമാഘോഷിക്കുമ്പോൾ ചേച്ചിയെപ്പറ്റിത്തന്നെ പറയണം.

(ഇത് വായിച്ചിട്ട് അന്നാമ്മ ഇങ്ങനാരുന്നല്ലേ? ഇത്രോം കുശുമ്പോക്കെ ഉണ്ടാരുന്നോ എന്നൊന്നും ആരും ചോദിക്കണ്ട , ഞാനിങ്ങനൊക്കെത്തന്നെയായിരുന്നു, പിന്നെയാ മനസാന്തരപ്പെട്ടത്‌!)

ആ ബോർഡിങ്ങിൽ സിസ്റ്റർമാർക്ക് ഏറ്റോം ഇഷ്ടമാരുന്നതും എനിക്കേറ്റവും ഇഷ്ടമില്ലാതിരുന്നതും ലിബി ചേച്ചിയെ ആരുന്നു. അതിന് കാരണോമുണ്ട്! ഞാൻ ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ബോർഡിങ് സ്‌കൂളിൽ എന്റെ സീനിയറായിരുന്നു ഈ ലിബി ചേച്ചി, ഒരു പത്താംക്‌ളാസ്സുകാരി, ഒടുക്കത്തെ ഗമക്കാരി .

എന്നും രാവിലെ അഞ്ച് മണിക്കുള്ള മണിയടിക്കുന്നതിനും പത്തു മിനിട്ടു മുൻപേ ചേച്ചി എണീറ്റിരിക്കും ,എന്നിട്ടു നേരെ ബാത്റൂമിലോട്ടു വെച്ച് വിടും. ഞങ്ങള് പാവങ്ങള് 'ദേ, ഈ കാണുന്ന സ്വപ്നം ഒന്ന് ഫിനീഷ് ചെയ്തോട്ടെ' എന്ന എളിയ അഭ്യർത്ഥനയുമായി, പുതപ്പും ചുറ്റി തിരിഞ്ഞു കിടന്ന്, ഒടുക്കം ത്രേസ്യാമ്മച്ചി വന്ന് കുലുക്കി എണീപ്പിച്ച് , ഉറക്കപ്രാന്തിൽ 'തൊത്തോ പോത്തോ'ന്ന് ബാത്റൂമിന്റെ മുന്നിൽ ചെന്ന് കോട്ടുവായിടുമ്പോളേക്കും പല്ലു തേച്ച്, കുളിച്ച് , യൂണിഫോമൊക്കെയിട്ട് ചേച്ചി ഇങ്ങനെ 'ഐശ്വര്യത്തിന്റെ സൈറൺ മുഴക്കി' നിൽക്കുന്നുണ്ടാവും. അത് കാണുമ്പോളെക്കും ത്രേസ്യാമ്മച്ചിയുടെ( ഞങ്ങടെ ആയ ),കണ്ണ് നിറയും, "കണ്ടോ പെമ്പിള്ളേരായാൽ ഇങ്ങനെ വേണം, ബാക്കിയുള്ളതൊക്കെ വാർഡനെകൊണ്ടു എന്നെ വഴക്കു കേൾപ്പിക്കാൻ ഉണ്ടായതാ..."ലേശം ചട്ടുള്ള കാലും ഏന്തിവലിച്ചു നടക്കുന്നേനെടേൽ ത്രേസ്യാമ്മച്ചി വാത്സല്യത്തോടെ ലിബിച്ചേച്ചിയെ നോക്കും. ചേച്ചിയാണെങ്കിലോ , ഇതുപോലുള്ള പുകഴ്ത്തലുകളൊക്കെ തനിക്കവകാശപ്പെട്ടതാണെന്ന ഭാവത്തിൽ കൂളായി നിൽക്കും.

അങ്ങനെ ഒരുവിധം കുളിച്ചെന്നു വരുത്തി സ്റ്റഡി റൂമിൽ ചെല്ലുമ്പോളേക്കും അവിടെ കർത്താവിന്റെ മുന്നിൽ മെഴുകുതിരീം കത്തിച്ചു ലിബി ചേച്ചി പ്രാർത്ഥന തുടങ്ങീട്ടുണ്ടാവും. രാവിലെ കുർബാനയ്ക്കുള്ള ബെല്ലടിക്കുമ്പോൾ എല്ലാരും 'അയ്യോ തണുക്കുന്നേ' എന്ന് കരഞ്ഞോണ്ട് നിക്കുമ്പോളേക്കും ലിബി ചേച്ചി തലേൽ കൂടെ നെറ്റൊക്കെ ഇട്ട് കുർബാനപുസ്തകോം കയ്യിപിടിച്ച് നിക്കുന്നുണ്ടാവും. അത് കാണുമ്പോ ശാന്തി സിസ്റ്ററിന്റെ കണ്ണിലൊരു തിളക്കമുണ്ട്. ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ അലവലാതീസിനെ കുശുമ്പ് പിടിപ്പിക്കുന്ന നിപ്പ്. കഷ്ടകാലത്തിന് ഈ ലിബിച്ചേച്ചിയെ ആണ് ശാന്തി സിസ്റ്റർ ബോർഡിങ് ലീഡർ ആക്കിയത്. സാധാരണ ലീഡർമാർക്കു കൊടുക്കുന്ന 'കോഫീ ബൈറ്റ്', 'ലാക്ടോ കിംഗ്' മുതലായ കൈക്കൂലിയിലൊന്നും ലിബിച്ചേച്ചി വീഴില്ല എന്ന് മാത്രമല്ല, 'ഉല്ലാസം' കഴിഞ്ഞു 'സ്റ്റഡി ടൈം' തുടങ്ങുമ്പോൾ ആരെന്തു പതുക്കെ മിണ്ടിയാലും അവരുടെ ഒക്കെ പേരെഴുതി സിസ്റ്ററിനു കൊടുക്കുവേം ചെയ്യും.

ഞങ്ങൾ കുട്ടികളോട് വലിയ അനുഭാവമില്ലാത്തതിനാലും, അധികം സംസാരിക്കാത്തതിനാലും ചേച്ചിക്ക് ഞങ്ങളൊരു ഇരട്ടപ്പേരിട്ടിട്ടുണ്ടായിരുന്നു, 'വ്യാകുലമാതാവ്'. എന്ന് വെച്ചാൽ മുഖഭാവം കണ്ടാൽ ആ ബോർഡിങ്ങിന്റെ മൊത്തം ആകുലതകളും സ്വന്തം തലേൽ കൂടിയാണെന്ന ഭാവം.അല്ലാ, അതിപ്പോ ബോർഡിങ്ങിൽ മാത്രോല്ല ലിബി ചേച്ചി എല്ലാടത്തും സ്റ്റാറാ, സ്കൂളിലും പള്ളീലും ഒക്കെ. എന്ന് വെച്ചാൽ ഈ പറയുന്ന സ്ഥലത്തൊക്കെ ചേച്ചിയെ നോക്കി പഠിക്കാനാ ഞങ്ങളെ എല്ലാരും ഉപദേശിക്കുന്നത്. സിസ്റ്റർമാർക്കാണെങ്കിൽ പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞാലുടൻ കക്ഷിയെ മഠത്തിലോട്ടു എടുക്കാനും ഒരു പൊടി പ്ലാനുണ്ടായിരുന്നു.

ഇത്രേം പറഞ്ഞ സ്ഥിതിക്ക് അന്നത്തെ എന്നെപ്പറ്റിക്കൂടി പറയാം. അത്യാവശ്യം നന്നായി പഠിക്കും, മുട്ടായിപെറുക്കു മുതൽ അപ്പംകടി മത്സരത്തിന് വരെ പേര് കൊടുക്കും എന്നതൊക്കെ കൊണ്ടും സിസ്റ്ററിനു എന്നോട് ഇത്തിരി ഇഷ്ടം ഒക്കെ ഉണ്ടായിരുന്നെങ്കിലും, കയ്യിലിരുപ്പ് കൊണ്ട് അതൊക്കെ കുളമാക്കാനുള്ള പ്രത്യേക കഴിവുള്ള ഒരു ജീവിതമായിരുന്നു എന്റേത്. ഇമ്പോസിഷൻ എഴുതുന്ന പോലെ ദിവസോം എന്റെ പേരെഴുതി (അങ്ങനെ മിണ്ടിയിട്ടൊന്നുമല്ല, ഒന്ന് തിരിഞ്ഞു, ഒന്ന് നോക്കി, ഒന്ന് ചിരിച്ചു, അത്രേള്ളൂ,പാവം ഞാൻ...) സ്റ്റഡി ടൈമിൽ കൊടുക്കുന്നത് കാരണം പലപ്പോഴും പഠനം ഇരുന്നോണ്ടല്ല, നിന്നോണ്ടുമായിരിക്കും. കുറച്ചുകാലത്തിനുള്ളിൽ, അങ്ങനെ നേരിട്ട് മുട്ടാനുള്ള ശേഷിയൊന്നുമില്ലേലും ഈ ലിബിപ്പെണ്ണിനോടു എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടായി.

അങ്ങനെ ഒരു ജനുവരിയിൽ സ്‌കൂളിൽ ആനിവേഴ്സറിയെത്തി. രാവിലെ തൊട്ട് അതിന്റെ തിരക്കും ബഹളവുമൊക്കെയായി നടന്നു വൈകുന്നേരം ഒരു മൂന്നര ആയപ്പോളായിരിക്കും എനിക്കൊരു ഗംഭീര ഭൂതോദയം ഉണ്ടായി , തലയിൽ കെട്ടാനുള്ള റിബ്ബൺ ഇല്ല. സാധാരണ ദിവസങ്ങളിൽ റിബ്ബൺ ഇല്ലെങ്കിലും കുഴപ്പമില്ല, പറ്റെ വെട്ടിയ മത്തങ്ങാത്തലയാണ്, പക്ഷെ, ആനിവേഴ്സറിയുടെ ആദ്യത്തെ പ്രാർത്ഥനഗാനത്തിൽ ഞാനുമുണ്ട്, അതോണ്ട് റിബ്ബൺ ഉണ്ടായേ പറ്റൂ. തെണ്ടാൻ ഒരു മാന്യതക്കുറവുമില്ലാത്തതു കൊണ്ട് ഓരോരുത്തരുടെ അടുത്ത് പോയി ചോദിയ്ക്കാൻ തുടങ്ങി. (ആരും കയ്യിലെന്താ വൃത്തിയുള്ള ഒരു റിബ്ബൺ പോലുമില്ലാത്തത് എന്ന് ചോദിക്കരുത്. അന്നൊക്കെ ബോക്സ് ഉണ്ടെങ്കിൽ സ്കെയിൽ ഇല്ല, പേന ഉണ്ടെങ്കിൽ പെന്സിൽ ഇല്ല എന്ന ലെവൽ ഓഫ് സൂക്ഷിക്കൽ ഓഫ് അവനവന്റെ തിങ്ങ്സ് ആയിരുന്നു എനിക്ക്. പലപ്പോഴും സ്‌കൂൾ തുറക്കുമ്പോൾ മമ്മി ഒരു പാക്കറ്റ് പെൻസിൽ മേടിച്ചു എല്ലാം പകുതിയായി മുറിച്ചു വെക്കും. ദിവസവും ഓരോന്ന് കളഞ്ഞിട്ടു വരുന്ന സ്ഥിതിക്ക് പകുതിയാണേൽ നഷ്ടവും പകുതിയാവുമല്ലോ എന്ന സിമ്പിൾ ലോജിക്.ഒന്നും ഞാൻ അറിഞ്ഞോണ്ട് കളഞ്ഞിരുന്നതല്ല,എങ്ങനെയോ പോയിരുന്നതാ, അതുപോലെ ഒരു സാധനം കാണാതെ പോയാൽ 'അതെവിടെകൊണ്ടോയ് കളഞ്ഞു'എന്ന ചോദ്യത്തിന്റെ ലോജിക്കും എനിക്കൊരിക്കലും മനസ്സിലായിട്ടില്ല, എവിടെ കളഞ്ഞു എന്നറിഞ്ഞാൽ അവിടുന്ന് പോയി എടുത്തിട്ട് വന്നാൽ പോരേ? സില്ലി മലയാളീസ് ! )

എന്തായാലും എന്റെ ദാരിദ്ര്യം പറച്ചിൽ കണ്ടു പാവം തോന്നി ഒരു ചേച്ചി എനിക്ക് റിബ്ബൺ തന്നു.കഷ്ടിച്ച് തലയിൽ കെട്ടാം, പക്ഷെ പ്രശ്‌നം, സംഭവമാകെ ചുരുണ്ടു കൊരണ്ടിരിക്കുന്നു എന്നതാണ്. അതിനിപ്പോ എന്താ , ഇതല്ല , ഇതിനപ്പുറവും കണ്ടവളാണീ അന്നമ്മ എന്ന ഭാവത്തിൽ ഞാൻ അവിടെയിരുന്നു അയൺ ബോക്സ് എടുത്തു ആഞ്ഞൊന്നു തേച്ചു. 'പ്ശ്...' എന്നൊരു ശബ്ദം കേട്ട ഓർമ്മ മാത്രമുണ്ട്.നോക്കുമ്പോൾ റിബ്ബണും തേപ്പുപെട്ടിയും ആലിംഗബദ്ധരായി ഇരിക്കുന്നു, 'മൊത്തം ഉരുകിപ്പിടിച്ചല്ലോ , എന്നാ ചെയ്യുമെന്റെ കർത്താവേ...' എന്ന് നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിക്കുമ്പോൾ , ആണ്ടെ, മുന്നിൽ നമ്മുടെ വ്യാകുലമാതാവ്. പിന്നെ കാര്യങ്ങളൊക്കെ ശടാപടാന്നായിരുന്നു . സിസ്റ്ററിന്റെ കയ്യിൽ നിന്നും ചൂരല് കൊണ്ടുള്ള തല്ലും കിട്ടി മോങ്ങി സ്‌കൂളിലോട്ട്.അന്ന് ഞാൻ പ്രാർത്ഥന ഗാനം പാടിയപ്പോൾ ഭയങ്കര ഭാവമായിരുന്നു എന്ന് പലരും പറഞ്ഞു, സത്യമാ, നല്ലോണം നൊന്തു , 'ദൈവമേ...' എന്ന് വിളിച്ചോണ്ടാ പാടിയത്.

ആനിവേഴ്സറിയൊക്കെ കഴിഞ്ഞു ഒരു മാസമായപ്പോ സ്‌കൂളിൽ പരീക്ഷാത്തിരക്കു തുടങ്ങി. ഒരു ദിവസം സ്‌കൂളിന്റെ താഴെയുള്ള കടയിൽ നോട്ടുബുക് മേടിക്കാൻ കേറിയപ്പോ ഒരശരീരി ,കൂടെ ഒരു ചിരീം . ശബ്ദം കേട്ട് നല്ല പരിചയമുണ്ടല്ലോ എന്ന് കരുതി കടയുടെ വലതുവശത്തുള്ള ജ്യൂസ് കോർണറിലേക്കു നോക്കിയപ്പോ , നമ്മുടെ ആജന്മശത്രു , ലിബി സക്കറിയ വിത്ത് ഷൈൻ ചേട്ടൻ. കണ്ണ് തിരുമ്മി ഒന്ന് കൂടെ നോക്കി, അതേ, അവര് തന്നെ!

ചേട്ടൻ ഒരു കുഞ്ഞു കാർഡ് കൊടുക്കുന്നു , ചേച്ചിയത് വാങ്ങുന്നു. ചേട്ടൻ ചേച്ചിയുടെ വിരലിൽ തൊടുന്നു, ചേച്ചി, കൈ വലിക്കുന്നു, റസ്കിന്റെയും ബിസ്‌ക്കറ്റിന്റെയും ഭരണികൾക്കിടയിലൂടെ ഞാനത് നോക്കിക്കാണുന്നു, ആനന്ദിക്കുന്നു. ആനന്ദം എന്നൊക്കെ പറയുമ്പോ ദിവ്യപ്രേമത്തിന്റെ അപ്പസ്തോല ആണെന്നൊന്നും ആരും കരുതരുതേ , ഇത് പോയി സിസ്റ്ററിനോട് പറഞ്ഞു വഴക്കു മേടിച്ചു കൊടുക്കാമല്ലോ എന്നാ നല്ല 'കുത്തിത്തിരുപ്പാനന്ദം'.

എന്നാലും അവര് കാണാതെ ഒന്ന് കൂടി ഞാൻ ആ ചുമന്ന മുഖങ്ങളിലേക്കു നോക്കി, വല്ലാത്ത കോരിത്തരിപ്പ്, സോറി, കോരുന്ന അല്ല, മോട്ടോർ വെച്ചടിക്കുന്ന രോമാഞ്ചം. ആദ്യമായാണേ ഒരു പ്രണയരംഗം മുന്നിൽ പ്രത്യക്ഷപ്പെടുന്നത്, അതും ഫെബ്രുവരി 14 എന്ന ശുഭദിനത്തിൽ. അന്ന് രാവിലെ കൂടി പത്രത്തിൽ ഒരു ലവ് സൈനും , 'വാലെന്റൈൻസ് ഡേ' എന്നാ വിശേഷവും ഒക്കെ ഞങ്ങൾ കണ്ണും മിഴിച്ചു വായിച്ചപ്പോൾ ഒരു മൈന്റില്ലാതെ നടന്നു പോയ ആളാണ്, ആ പുണ്യാളത്തിയാണ് ഷൈൻ ചേട്ടന്റെ കൂടെ വാലന്റൈൻസ് ഡേയ് ആഘോഷിക്കുന്നത്.

പെട്ടെന്ന് എന്റെ തലേൽ ജ്ഞാനോദയമുണ്ടായി. ബോയ്സ് ഹോസ്റ്റലിലെ ഷൈൻ ചേട്ടനെ രാവിലെ കാണാനാണല്ലേ ഞങ്ങളെക്കാൾ മുന്നേ വ്യാകുലമാതാവ് ഒരുങ്ങിപ്പുറപ്പെടുന്നത്? ഷൈൻ ചേട്ടന്റെ അടുത്ത് ചേർന്ന് നിൽക്കാനാണല്ലേ ഭരണങ്ങാനത്തിന് ടൂർ പോയപ്പോ ഇരിക്കുന്നില്ല നിന്നോളാം സിസ്റ്ററെ എന്നും പറഞ്ഞു പിറകോട്ടു നീങ്ങി നിന്നത്‌? കള്ളി, ഭയങ്കരി, ആനക്കള്ളി...ഹോ , അതൊക്കെ കണ്ടു, 'ലിബി എന്നാ നല്ല കൊച്ചാ...' എന്ന് പറഞ്ഞ ശാന്തി സിസ്റ്ററിനു ഇത് തന്നെ വേണം, തലേൽ എടുത്തു വെച്ചേക്കുവാരുന്നല്ലോ ...ഞാൻ മനസ്സുകൊണ്ട് സിസ്റ്ററിനെ നാല് കൊഞ്ഞനം കുത്തി.

 അപ്രകാരം, ആത്മാർത്ഥമായി സന്തോഷിച്ചോണ്ടു ഞാൻ ബോർഡിങിലോട്ട് ഒരൊറ്റ ഓട്ടം  . കണ്ടതൊക്കെ വള്ളി, പുള്ളി, കടുംകെട്ട്,കൂട്ടികെട്ട് എന്നിവയൊന്നും ചോരാതെ ശാന്തി സിസ്റ്ററിനോട് പറഞ്ഞു കേൾപ്പിച്ചു. വിചാരിച്ച പോലെ തന്നെ ലിബി ചേച്ചി വന്നപ്പോ സിസ്റ്ററ് ബാഗ്‌ തെരഞ്ഞു. ആദ്യം കുറച്ചു നേരം കിട്ടാതിരുന്ന കാർഡ് മാത്‍സ് നോട്ട്ബുക്കിൽ നിന്നും പറന്നു വീണു. ലിബി ചേച്ചി തല കുനിച്ചു നിന്നതേ ഉള്ളൂ  , സിസ്റ്ററ് പക്ഷെ പ്രതീക്ഷിച്ച പോലെ വല്യ വഴക്കൊന്നും പറഞ്ഞില്ല. എന്നാലും സാരോല്ല, പിറ്റേദിവസം ഞാൻ വാക്ക് പറഞ്ഞ പോലെ എവുസേപ്പിതാവിനു മൂന്നു മെഴുകുതിരി കത്തിച്ചു. ഐ മീൻ, ഒരു മെഴുതിരി മേടിച്ചു മൂന്നായി മുറിച്ചു കത്തിച്ചു. (അത്രയൊക്കെ മതി, ചേച്ചിക്ക് തല്ലും കിട്ടിയില്ല, ചേച്ചി കരഞ്ഞുവില്ലല്ലോ!എന്നാലും മിഷ്ടർ പുണ്യാളൻ, അങ്ങനെ വാക്ക് മാറ്റുന്നവളൊന്നുമല്ല ഈ അന്നാമ്മ എന്ന ലൈൻ)

അവിടുന്ന് പിന്നങ്ങോട്ട് എന്റെ അഹങ്കാരം ഞാൻ കുറേശ്ശേയായി പുറത്തെടുത്തുകൊണ്ടിരുന്നു  . 'മിണ്ടാണ്ടിരി' എന്ന് കണ്ണ് കൊണ്ട് ലിബി ചേച്ചി വഴക്കു പറയുമ്പോ അടുത്ത് ചെന്ന്  ,' വല്യ ആളൊന്നുമാവണ്ട' എന്ന് പറയാനും,ചേച്ചീടെ മുന്നിൽ കൂടെ ഭക്ഷണം കൊണ്ടോയി കളയാനും ഒക്കെ ഒരു പ്രത്യേക താല്പര്യം. അങ്ങനെ മാർച്ച് മാസമെത്തി. പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞു. പക്ഷെ അത് കഴിഞ്ഞു ഞങ്ങൾക്ക് രണ്ടു പരീക്ഷ കൂടിയുണ്ട്. ലിബി ചേച്ചി പോവാനുള്ള പെട്ടിയൊക്കെ അടുക്കി വെച്ചു, ചെറിയ കള്ളികളുള്ള ബെഡ് ചുരുട്ടി ബക്കറ്റിനുള്ളിലാക്കി, കളർ ഡ്രസ്സൊക്കെ ഇട്ട്, കർചീഫ് കൊണ്ട് മുഖമൊക്കെ തുടച്ചു ഇരിപ്പായി. കുറച്ചു കഴിഞ്ഞപ്പോ താഴത്തെ നിലയിൽ നിന്നും ചേച്ചിയുടെ പേര് വിളിച്ചു.വീട്ടുകാര് വന്നെന്നു മനസ്സിലായ ചേച്ചി ബാഗും ബക്കറ്റുമൊക്കെയായി താഴേക്കിറങ്ങി. (താഴത്തെ നിലയിലാണ് കോൺവെന്റ്, മേലത്തെ നിലയിൽ ഞങ്ങളുടെ ബോർഡിങ്ങും). ഹും,ഞാൻ മുഖത്തേയ്ക്കു നോക്കാൻ പോലും പോയില്ല,എങ്ങോട്ടേലും പോട്ടെ, 'വ്യാകുലമാതാവ് 'ഞഞ്ഞഞ്ഞേ...' (കോക്രി കുത്തുന്നതിന്റെ സൗണ്ട് എഫക്ട് ആണ്)

കുറച്ചു കഴിഞ്ഞപ്പോ എനിക്ക് കലശലായ അന്തർദാഹം, എന്റെ വെള്ളക്കുപ്പിയുമായി ഞാൻ താഴെ ഡൈനിങ് റൂമിലെത്തി, അവിടെ നിന്ന് നോക്കിയാൽ സിസ്റ്ററ് ആളുകളുടെ അടുത്ത് മിണ്ടുന്നതു കാണാം.എന്തായാലും ലിബി ചേച്ചിയുടെ അമ്മയുടെ അടുത്ത് സിസ്റ്ററ് ഷൈൻ ചേട്ടന്റെ കാര്യം പറയുമെന്ന് എനിക്കുറപ്പായിരുന്നു, ഞാൻ ദൈവത്തോട് പ്രാത്ഥിച്ചു  , 'ഇപ്പോളെങ്കിലും ആ വ്യാകുലമാതാവ് ഒന്ന് കരയുന്നത് കാണാൻ പറ്റണെ...'

സൂക്ഷിച്ചു നോക്കിയപ്പോ ലിബി ചേച്ചിയുടെ അമ്മ വന്നിട്ടില്ല, അപ്പനാണ് വന്നേക്കുന്നത്. മഠത്തിന്റെ ഗ്രില്ലിൽ പിടിച്ചു നിക്കുവാണ്, അങ്ങോട്ടും ഇങ്ങോട്ടും ആടുന്നുണ്ട്. ദൈവമേ  , ചേച്ചിയുടെ അപ്പൻ കള്ളും കുടിച്ചുള്ള വരാവണല്ലോ, ഇനി പറയുന്നതൊന്നും അങ്ങേർക്കു മനസ്സിലാവില്ലല്ലോ എന്ന സങ്കടം എനിക്ക്. ശാന്തി സിസ്റ്റർ എന്തൊക്കെയോ പറയുന്നുണ്ട്  . അതിനെടേൽ ആ അപ്പൻ മകളുടെ ബോർഡിങ് ഫീസ് കൊടുക്കാനായി മടിക്കുത്തു തുറന്നു. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാനാ  , അതിനൊപ്പം അയാളുടെ മുണ്ട്‌ അഴിഞ്ഞു വീണു. ചേച്ചി 'പപ്പാ..' എന്നുറക്കെ പറയുന്നുമുണ്ട്. അയാൾ എങ്ങനെയൊക്കെയോ മുണ്ടെടുക്കാൻ നിലത്തേക്ക് കുനിഞ്ഞതും ഉറക്കെ ശർദ്ധിച്ചതും ഒരുമിച്ചായിരുന്നു.

നിലത്തു വീണു ചിതറിയ കുറെ നൂറു രൂപ നോട്ടുകളും അതിന്റെ മേലേയും ചുറ്റുമായും നാറിയ വൃത്തികേടും! ചേച്ചി വേഗം തന്നെ അപ്പനെ മുണ്ടെടുത്തു ഉടുപ്പിച്ചു. വൃത്തിയുള്ള നോട്ടുകൾ പെറുക്കി സിസ്റ്ററിന്റെ കയ്യിൽ ഏൽപ്പിച്ചു, ബാക്കി നോട്ടുകൾ എടുത്തു കയ്യിലെ കുപ്പിയിൽ നിന്നും വെള്ളമൊഴിച്ചു കഴുകിക്കുടഞ്ഞു  .അപ്പോളേക്കും ശാന്തി സിസ്റ്റർ ത്രേസ്യാമ്മച്ചിയെ വിളിച്ചു. കാര്യം മനസ്സിലായ ത്രേസ്യമ്മച്ചി ബക്കറ്റും വെള്ളവുമായി വന്നപ്പോളേക്കും ലിബി ചേച്ചി ചെമ്പരത്തിയും ജമന്തിയും ഒക്കെ പൂത്തു നിൽക്കുന്ന മുറ്റത്തു നിന്നും മണ്ണ് വാരി ആ വൃത്തികേടിനു മേലെ ഇട്ടു; ത്രേസ്യാമ്മച്ചി വന്നപ്പോ ചേച്ചി ബക്കറ്റും ചൂലും വാങ്ങി അവിടം വൃത്തിയാക്കാൻ നിന്നു, പക്ഷെ സിസ്റ്ററ് അത് വേണ്ട എന്ന് തീർത്തു പറഞ്ഞു. അത്കൂടി കേട്ടപ്പോളെക്കും ലിബി ചേച്ചി ഒരൊറ്റ കരച്ചിൽ  . സാധാരണ കാണുന്നത് പോലെ പതിഞ്ഞ ശബ്ദത്തിലൊന്നുമല്ല, വായ ഒക്കെ തുറന്ന്, ശ്വാസം മുട്ടിയുള്ള കരച്ചിൽ,മുഖവൊക്കെ പൊത്തി അവിടെ നിന്ന് കരയുന്ന മകളോട് അപ്പൻ, 'എന്നതാടീ, നിന്റെ തന്ത ചത്തോ? 'എന്ന് ചോദിച്ചു. അതും കൂടിയായപ്പോ ചേച്ചി പിന്നേം ഏങ്ങലടിച്ചു കരഞ്ഞു.

അപ്പോളേക്കും ശാന്തി സിസ്റ്റർ അവരെ തോളിൽ തട്ടി ആശ്വസിപ്പിച്ചു, ത്രേസ്യാമ്മച്ചി ലിബി ചേച്ചിയുടെ പപ്പാ കൊണ്ട് വന്ന ഓട്ടോയിൽ സാധനങ്ങളൊക്കെ എടുത്തു വെച്ചു. അന്തോം ബോധോം ഇല്ലാത്ത അയാളാവട്ടെ, ആടിക്കുഴഞ്ഞു ആ വണ്ടീലൊട്ടു കേറി, പിറകെ ചേച്ചിയും. ഒരു വട്ടമെങ്കിലും ഞാൻ നിൽക്കുന്ന ഡൈനിങ് ഹാളിലേക്ക് ചേച്ചി ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് അപ്പോൾ ഞാൻ മനസ്സ് കൊണ്ടാഗ്രഹിച്ചു. മറ്റൊന്നിനുമല്ല, ആത്മാർത്ഥമായിത്തന്നെ മാപ്പു പറയാൻ തയ്യാറായിരുന്നു, പക്ഷെ ചേച്ചി എന്നെ നോക്കിയുമില്ല, ആരോടും യാത്ര പറഞ്ഞുമില്ല. ആ ഓട്ടോയിൽ കുനിഞ്ഞു തന്നെയിരുന്നു.കറുത്ത പുക തുപ്പിക്കൊണ്ട് ഓട്ടോ മഠത്തിന്റെ മുന്നിലുള്ള കുന്നുകയറിപ്പോയി, അപ്രതീക്ഷിതമായ സങ്കടത്തിൽ, ഞാൻ കരഞ്ഞോണ്ട് പോയി കുറേ നേരം കട്ടിലിൽ കിടന്നു.

പരീക്ഷ കഴിഞ്ഞു, ബോർഡിങ് വിട്ടു, വീട്ടിലെത്തി, പിന്നെയും പഠിച്ചു, അപ്പോളൊക്കെയും അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ തലയിടരുതെന്നു നിർബന്ധപൂർവ്വം ഓർമ്മിച്ചു  .കാലങ്ങൾക്ക് ശേഷം ഞാൻ ദോഹയിൽ താമസവുമായി.
*******************************************
ഇതിപ്പോ ഇവിടെ പുലർച്ചെ രണ്ടര മണിയായിരുന്നു. സാവന്റെ പനി കുറഞ്ഞോ എന്നറിയാൻ എണീറ്റതാണ്. ഇന്ന് കൂടി ഹോസ്പിറ്റലിൽ പോയതേ ഉള്ളൂ. പക്ഷെ ഇവിടെ ഹെൽത്ത് സെന്റേഴ്‌സിൽ മരുന്ന് വാങ്ങുമ്പോൾ കാർഡ് ട്രാൻസാക്ഷൻ മാത്രമേ നടക്കൂ.

എന്റെ കയ്യിലുള്ള കാർഡാണെങ്കിൽ എത്ര തവണ ഉരച്ചിട്ടും റീഡ് ആവുന്നില്ല. കൗണ്ടറിൽ ഇരിക്കുന്ന ആളോട് എങ്ങനെയെങ്കിലും കാശ് വാങ്ങി മരുന്ന് തരുമോ എന്ന് ചോദിച്ചപ്പോ  , ആരെങ്കിലും അവരുടെ കാർഡ് തന്ന് സഹായിക്കുമോന്നു ചോദിക്കൂ എന്നായി  . പരിചയമുള്ള ആരുമില്ല, എന്നാൽപ്പിന്നെ വീട്ടിൽ പോയി വേറൊരു കാർഡ് എടുത്തിട്ട് വരാം എന്ന് തീരുമാനിച്ചപ്പോളേക്കും ഫാർമസിയിലെ തന്നെ ഒരാൾ അവരുടെ കാർഡ് ഉപയോഗിക്കാമെന്ന് പറഞ്ഞു.

നന്ദിയോടെ ചിരിച്ചു, പേര് ചോദിച്ചപ്പോ 'ലിബി സക്കറിയ'.
അത്രക്കൊന്നും മാറിയിട്ടില്ല,ആരും, ഒന്നും...
ആ ഫെബ്രുവരിയിൽ നിന്നും ഈ ഫെബ്രുവരിയിലേക്ക്‌ എത്ര ദൂരമുണ്ടെന്നു കണക്കുകൂട്ടി, പരിചയം പുതുക്കി. മടിച്ചു ചോദിച്ചു, 'ചേച്ചീടെ പപ്പാ?'
'എപ്പളെ പോയെടീ  ...'
ഒരു മര്യാദയ്ക്ക് ' അയ്യോ സോറി ' എന്ന് പറയുമ്പോളേക്കും  ,
' ഒരു സോറിയും വേണ്ട, മമ്മിക്കിപ്പോ എന്തൊരു സമാധാനമുണ്ടെന്നോ, നീയും അന്ന് കണ്ടതല്ലേ?'
ഞാൻ നിന്ന് ചമ്മി 'ഞാൻ അതൊക്കെ കണ്ടെന്നു ചേച്ചിക്കറിയാരുന്നോ?'
'പിന്നല്ലാതെ  , നിന്റെ സകല കള്ളലക്ഷണോം എല്ലാരേംകാൾ കണ്ടിരുന്നത് ഞാനല്ലെടീ  ?' ചേച്ചി ചിരിച്ചോണ്ട് എന്റെ മൂക്കത്തു നുള്ളി, ഫോണിൽ മക്കളുടെ ഫോട്ടോ കാണിച്ചു, ഭർത്താവ്‌ എനിക്ക് പരിചയമുള്ള ആള് തന്നെ  , ഷൈൻ ചേട്ടൻ.
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നാലും അത് മാത്രം പോരല്ലോ, പഴയൊരു കുത്തിത്തിരുപ്പിന്റെ ബാക്കിയിൽ ഞാൻ സോറി പറഞ്ഞു.
'ഒന്ന് പോടീ, അതൊക്കെ ഓർത്തോണ്ടിരിക്കുവാണോ? എനിക്കും നിങ്ങളെപ്പോലെ കളിച്ചോണ്ടു നടക്കാനൊക്കെ ഇഷ്ടവാരുന്നു. പക്ഷെ അങ്ങനെ ചെയ്യുമ്പോ പാവം എന്റെ മമ്മീനേം അനിയത്തിമാരേം ഓർമ്മ വരും, ഞാൻ പഠിച്ചില്ലേൽ അവർക്കു വേറെ ആരുണ്ടാവാരുന്നു?'
ചേച്ചി എന്റെ കൈ മുറുക്കെ പിടിച്ചു തന്നെ നിന്നു, പിന്നെയൊരു തുള്ളി കണ്ണീർ ആ നീളൻ മൂക്കിന്റെ ഓരോരത്തുകൂടി നനഞ്ഞിറങ്ങി. അല്ലെങ്കിലും ഈ നീർച്ചാൽ എന്ന് പറഞ്ഞാ, ഒരിടത്തു നിൽക്കില്ലല്ലോ, അതിങ്ങനെ ഒഴുകി തൊട്ടപ്പുറത്തേക്കെത്താൻ അധികനേരമൊന്നും വേണ്ടല്ലോ, അപ്പോളേക്കും അത് പുഴയാവുമല്ലോ, അതിൽ ഒന്ന് നനഞ്ഞു കുളിരിടാനുള്ള നോവല്ലേ എനിക്കുമുള്ളൂ  ...
എന്റെ ചേച്ചീ  , കെട്ടിപ്പിടിച്ചുമ്മ...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top