'ഇന്നിപ്പോൾ ഒരു ബട്ടണമർത്തിയാൽ രതിയുടെ സർവ്വവിധഭാവങ്ങളും മുന്നിലെത്തും, അതും സങ്കല്പങ്ങൾക്കോ ഭാവനകൾക്കോ യാതൊരു ഇടവുമില്ലാത്തവിധം!അതിനിടയിലാണ് പണ്ടഭിനയിച്ച ചിത്രങ്ങളുടെ കണക്കെടുത്തും പാപഭാരം തലയിൽ ചുമത്തിയുമൊക്കെ അവരെ കുരിശിൽ തറയ്ക്കാൻ ശ്രമിക്കുന്നത്'....എഴുത്തുകാരിയും ടി വി അവതാരകയുമായ ആന്‍ പാലി എഴുതുന്നു.
നേരിട്ട് പരിചയമില്ല, ഇനിയൊട്ട് പരിചയപ്പെടാൻ അവസരമുണ്ടാവുമോ എന്നും അറിയില്ല, പക്ഷെ അവതാരകയായി ചാനലിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ സമയത്ത് അവരുടെ ചിത്രങ്ങൾ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പാലായിൽ നിന്നും തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കിടയിൽ പലതവണ ആ മുഖം പോസ്റ്ററുകളിൽ ശ്രദ്ധിച്ചിട്ടുമുണ്ട്.
എപ്പോഴോ ഒരിയ്ക്കൽ, ഓണപ്പരിപാടിയിലേക്ക് ക്ഷണിക്കാൻ അവരെ ഫോൺ ചെയ്ത പുരുഷസുഹൃത്തിന് അല്പം കൂടി ധൈര്യം വന്ന നിമിഷം, ഒന്ന് കാണാൻ വരട്ടെ എന്നവന്റെവക ചോദ്യം. "എന്നെ നേരിൽ കാണാൻ നിങ്ങളുദ്ദേശിക്കുന്നപോലെയല്ല, നിങ്ങൾക്കെന്നെ ഇഷ്ടമാവില്ല" ഉത്തരം പറയാൻ അവർക്കധികം ആലോചിക്കേണ്ടിവന്നില്ല. കൈരളിയുടെ പഴയ ഓഫിസിൽ ഇരുന്ന് ഈ കഥ കേൾക്കുമ്പോൾ അവരോട് ചെറുതല്ലാത്ത ബഹുമാനവും തോന്നി.
ഏറിവന്നാൽ ഒരഞ്ചുമിനിട്ടെ ഷക്കീല അഭിനയിച്ച ചിത്രം കണ്ടിട്ടുള്ളൂ. ചിത്രത്തിന്റെ പേരോട്ടോർമ്മയുമില്ല.അതിനൊരു കാരണമുണ്ട്, മമ്മിയുടെ ചേച്ചി വീട്ടില് വന്ന ദിവസമായിരുന്നു ആ സിനിമ ടീവിയിൽ വന്നത്. ആന്റിക്ക് രാത്രി ഏറെ വൈകിയും കൊന്ത ചൊല്ലുന്ന പതിവുണ്ട്, അത് കഴിഞ്ഞാൽ സകല പുണ്യവാന്മാരുടെയും ലുത്തീനിയായും കൂടെ കരുണകൊന്തയും എവുസേപ്പിതാവിന്റ നൊവേനയും. ഉറക്കം തൂങ്ങിയും ആന്റിയുടെ കൂടെ ഇതെല്ലാമിരുന്നു ചൊല്ലി, ആന്റി ബാത്റൂമിലേക്കു പോകുന്നേനെടേല് ആകാംഷയോടെ ടീവി വെച്ച ഒരഞ്ചു മിനിട്ട്, ഭിത്തി തേക്കാത്ത ഏതോ വീടിന്റെ ഉമ്മറത്ത് നിന്ന് അവർ സംസാരിക്കുന്ന രംഗം.അത്രേ കണ്ടുള്ളൂ (കാണാൻ പറ്റിയുള്ളൂ ) വായും പൊളിച്ചൊന്നു നോക്കിയിരുന്നപ്പോളേക്കും ആന്റി തിരികെയെത്തി. എന്തിനോ വേണ്ടി തിളച്ച എന്റെ കൗമാരം പിന്നെയും ഒന്നരമണിക്കൂർ കൂടി പുണ്യാളന്മാരേം വിളിച്ചോണ്ട് മുട്ടേൽ നിൽക്കേണ്ടിവന്നുവെന്നും ചരിത്രം !
വർഷങ്ങളുടെ ഇടവേളയിൽ ഒരിയ്ക്കൽ ദുബായിൽ ചെന്നപ്പോൾ അന്നവിടെ ഏതോ നിശാക്ലബ്ബിൽ ഷക്കീല ജോലി ചെയ്യുന്നുവെന്ന് അറിഞ്ഞു. ലാസ്യഭാവങ്ങളോ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ശരീരവടിവുകളോ ഒന്നുമില്ലാത്ത ഒരു സ്ത്രീയുടെ ചലനങ്ങളിൽ ആരൊക്കെയാണ് ആകൃഷ്ടരാവുക എന്നും ചിന്തിച്ചു. വിഡിയോയിൽ മദ്യലഹരിയിൽ ആർപ്പു വിളിക്കുന്ന കുറേ മനുഷ്യരെക്കണ്ടപ്പോൾ ആ തെറ്റിദ്ധാരണ മാറിക്കിട്ടി.
ഇഷ്ടമുള്ള നായകനാരാ സംവിധായകനാരാ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു ഉത്തരമൊന്നും പറയാതെ മധുരമായ് ചിരിച്ചു PR experts ആയി ജീവിക്കുന്ന നായികമാരെ കണ്ടു ശീലിച്ച നമുക്ക് അവരുടെ ശരീരഭാഷയും ശബ്ദത്തിലെ കൂസലില്ലായ്മയും അത്രക്കൊന്നും ശീലമായിരിക്കില്ല. ഇന്നിപ്പോൾ ഒരു ബട്ടണമർത്തിയാൽ രതിയുടെ സർവ്വവിധഭാവങ്ങളും മുന്നിലെത്തും, അതും സങ്കല്പങ്ങൾക്കോ ഭാവനകൾക്കോ യാതൊരു ഇടവുമില്ലാത്തവിധം!അതിനിടയിലാണ് പണ്ടഭിനയിച്ച ചിത്രങ്ങളുടെ കണക്കെടുത്തും പാപഭാരം തലയിൽ ചുമത്തിയുമൊക്കെ അവരെ കുരിശിൽ തറയ്ക്കാൻ ശ്രമിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ വിരണ്ടു നിൽക്കുന്നവർ പണ്ടെന്നോ നനഞ്ഞ ഒരു ചാറ്റല്‍മഴയിൽ വീട്ടിലെ കാരണോർക്ക് ജലദോഷപ്പനി വരേണ്ടതായിരുന്നു എന്നൊക്കെ പറയുംപോലുണ്ടത്...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..