02 November Saturday

"കഴിക്കാതെയും ഉറങ്ങാതെയും ശരീരം തളരുന്നു, നാവിലെ തൊലിയിൽ പുണ്ണുകൾ പൊന്തി; തളർന്ന്‌ തുടങ്ങിയിരിക്കുന്നു, നമുക്കീ ചങ്ങലകൾ ഭേദിച്ചേ തീരൂ"

ഡോ. ഷിംന അസീസ്‌Updated: Saturday Mar 21, 2020

ഡോ. ഷിംന അസീസിന്റെ ഫെയസ്‌ബുക്ക്‌ കുറിപ്പ്‌:

നേരത്തിന്‌ കഴിക്കാതെയും ഉറങ്ങാതെയും ശരീരം തളരുന്നു. നാവിലെ തൊലിയിൽ പുണ്ണുകൾ പൊന്തി തുടങ്ങിയിരിക്കുന്നു. സ്‌ട്രെസ്‌ ആകുമോ കാരണം, അതോ വെള്ളം കുടിക്കാഞ്ഞിട്ട്‌, ഉറക്കം പോയിട്ട്‌? അതുമല്ലെങ്കിൽ വൈറ്റമിൻ കുറവ്‌? നാട്ടിൽ പടരുന്ന രോഗം സംബന്ധിച്ച വല്ലാത്ത ആശങ്കയും... ആകെ മൊത്തം അടിപൊളി ടൈം.

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതിയായിട്ട്‌ ഉമ്മയെ വിളിച്ച്‌ പറഞ്ഞപോൾ ഇന്നലെ ഉമ്മച്ചി നെയ്‌ച്ചോറും കറിയും കൊടുത്ത്‌ വിട്ടു. കോവിഡ്‌ സ്‌ക്രീനിങ്ങ്‌ ഓപിയിൽ കൂടി ഡ്യൂട്ടി ഉള്ളത്‌ കൊണ്ട്‌ മക്കളെ വീട്ടിൽ പറഞ്ഞ്‌ വിട്ടിട്ട്‌ ഒരാഴ്‌ചയിൽ ഏറെയായി. അവർ എന്നെ തൊടാതെ അവധിക്കാലം ആസ്വദിക്കട്ടെ, സന്തോഷമായിരിക്കട്ടെ. കുഞ്ഞുങ്ങളുടെ ഇടയിലുള്ള ഉറക്കം വല്ലാതെ മിസ്സ്‌ ചെയ്യുന്നു... രാക്കഥകളും കുഞ്ഞിച്ചിരികളും...

ഇന്നലെ രാത്രിയിലെ ചാനൽ ചർച്ച കഴിഞ്ഞ്‌ കഴിച്ച്‌ വേഗം കിടക്കാന്ന്‌ വെച്ചപ്പോൾ പോസിറ്റീവ്‌ കേസുള്ള രോഗിയുടെ ഒരു കോണ്ടാക്‌ടിന്‌ ചുമ, തൊണ്ടവേദന എന്ന്‌ പറഞ്ഞ്‌ കോൾ വന്നു. അതിന്‌ പിറകെ ഫോൺ ചെയ്‌ത്‌ കുത്തിയിരുന്നത്‌ വഴി പോയത്‌ മണിക്കൂറുകൾ. എപ്പോഴോ കുളിച്ച്‌ കഴിച്ചുറങ്ങി. നേരത്തേ ഉണരണം, ഏഴരക്ക്‌ ആശുപത്രിയിൽ എത്തണം....

മാസ്‌കും ഗൗണും രണ്ട്‌ ഗ്ലൗസും ഷൂ കവറും തലയിൽ ഹൂഡും എല്ലാമണിഞ്ഞ്‌ ഒരു തരി തൊലി പുറത്ത്‌ കാണിക്കാത്ത രൂപത്തിൽ ഓപിയിലേക്ക്‌. പുറത്ത്‌ അപ്പഴേക്കും രോഗികളുണ്ട്‌. കാത്തിരിക്കുന്നവരുടെ കണ്ണുകൾ എന്നെയും ഹൗസ്‌ സർജനെയും നോക്കുന്നത്‌ വല്ലാത്തൊരു ഭീതിയോടെയാണ്‌, എന്തോ ഭീകരജീവിയെ കാണുന്നത്‌ പോലെ. ആകെയൊരു മൂകതയുടെ മണം. ശരീരമാകെ പൊതിഞ്ഞതിന്റെ ചൂടും അസ്വസ്‌ഥതയും വേറെ. "പോസിറ്റീവ് കേസുള്ള ആശുപത്രിയല്ലേ, പേടിയില്ലേ ഡോക്‌ടറേ...?" എന്ന്‌ ചോദിച്ചവരോടും പറഞ്ഞത്‌ സ്വയം പറഞ്ഞ്‌ ബോധ്യപ്പെടുത്തിയ ആ ഉത്തരമാണ്‌- "ജോലിയല്ലേ ചേട്ടാ... ഞങ്ങൾ ഞങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്‌." ആകെ മൂടുന്ന PPEക്കകത്ത്‌ നെടുവീർപ്പയച്ചത്‌ മുന്നിലുള്ള പ്രവാസി കേട്ടില്ല. കേൾപ്പിക്കില്ല. അവരുടെ ധൈര്യം നശിച്ചൂടാ...

മുബൈ, പഞ്ചാബ്‌, ബഹ്‌റൈൻ, ദുബൈ, ഇന്തൊനേഷ്യ തുടങ്ങി എവിടുന്നൊക്കെയോ ഉള്ളവർ. പ്രായമായവർ പോലും ഫ്ലൈറ്റ്‌ നമ്പറും സീറ്റ്‌ നമ്പറുമെല്ലാം വ്യക്‌തമായി പറയുന്നുണ്ട്‌. ആവശ്യം വന്നാൽ ഇതെല്ലാം കോണ്ടാക്‌ട്‌ ട്രേസിങ്ങിനുള്ള ഏറ്റവും സഹായകമായ കാര്യങ്ങളാണ്‌. ആളുകൾ വിവരങ്ങൾ ഓർത്ത്‌ വെക്കാൻ ശ്രദ്ധിക്കുന്നുണ്ട്‌. നല്ല കാര്യം.

ലക്ഷണങ്ങളുള്ളവരെ മാത്രമാണ്‌ പരിശീലനം ലഭിച്ച മെഡിക്കൽ വിദ്യാർത്‌ഥികൾ ഇങ്ങോട്ട്‌ കടത്തി വിടുന്നത്‌. വിശദമായ ഹിസ്‌റ്ററി എടുപ്പും പരിശോധനയും കഴിഞ്ഞാണ്‌ അവരെ വീട്ടിൽ വിടണോ അഡ്‌മിറ്റ്‌ ചെയ്യണോ എന്ന കാര്യം പരിഗണിക്കുന്നത്‌. ഓരോ രോഗിയോടും 10-15 മിനിറ്റെടുത്ത്‌ സംസാരിക്കുന്നു. ഈ വസ്‌ത്രം ധരിച്ചാൽ വെള്ളം കുടിക്കാനോ കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും ഷിഫ്‌റ്റ്‌ കഴിയണം. ഇതൊന്നും പുതിയ കാര്യങ്ങളല്ല കേട്ടോ. എല്ലായിടത്തും എല്ലാ കാലത്തും പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന സാധാരണ മുൻകരുതലുകളാണിവയെല്ലാം.

ഓപി കഴിഞ്ഞാൽ കോണ്ടാക്‌ട്‌ ട്രേസ്‌ ചെയ്‌തതിന്റെ വിശദാംശങ്ങൾ ലാപ്‌ടോപ്പിൽ ഫീഡ്‌ ചെയ്യണം, ഓരോരുത്തരെയും വിളിക്കുമ്പോൾ അവർ പറയുന്ന നൂറ്‌ ആശങ്കകൾക്ക്‌ മറുപടി പറയണം, #breakthechain ക്യാംപെയിൻ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പ്‌, ഫേസ്‌ബുക്ക്, മീഡിയ...

കോവിഡ്‌ ഓപിയിൽ നിന്നും സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്‌ടറുടെ നിർദേശപ്രകാരം ആവശ്യമെങ്കിൽ ഞങ്ങൾ അഡ്‌മിറ്റ്‌ ചെയ്യുന്ന രോഗികളെ നേരിട്ട്‌ ചികിത്സിക്കുന്ന ഡോക്‌ടർമാരുടെ കാര്യം പറയാതിരിക്കുകയാണ്‌ ഭേദം. സഹിക്ക വയ്യാത്ത പ്രഷറിലാണവർ. ഇനിയെത്ര നാൾ കൂടി ഞങ്ങൾ ഈ രീതിയിലോ ഇതിനപ്പുറമോ തുടരേണ്ടി വരുമെന്നറിയില്ല...

തളർന്ന്‌ തുടങ്ങിയിരിക്കുന്നു...

ഇതിനെല്ലാമിടയിലും എങ്ങു നിന്നൊക്കെയോ തെളിയുന്നു, ആയിരവും ആയിരത്തഞ്ഞൂറും പേരെ തൊട്ടും മുട്ടിയും നടന്ന കോവിഡ്‌ കേസുകൾ... സമ്പർക്കവിലക്ക്‌ മറികടന്ന്‌ നാട്ടിലിറങ്ങുന്നവർ...

ഓപിയിൽ വന്നിരുന്ന്‌ കരയുന്നവർ...

ഫോണിൽ നിറയുന്ന പരാതികൾ... പരിഭവങ്ങൾ.

ഉള്ളിൽ നിറയുന്ന ആധി, ഒറ്റപ്പെടൽ.

ആരുടെയൊക്കെയോ അലംഭാവം തകർക്കുന്നത്‌ ഞങ്ങൾ ആരോഗ്യപ്രവർത്തകരുടേത്‌ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനശേഷി കൂടിയാണ്‌. സമൂഹത്തിന്റെ മൊത്തം ആരോഗ്യത്തെയാണ്...

ലൊട്ടുലൊടുക്കു വിദ്യകൾ കൊണ്ടോ, ഗിമ്മിക്കുകൾ കൊണ്ടോ കോവിഡിനെ നേരിടാനാവില്ല. തുടക്കത്തിൽ അമിതമായി ആത്മവിശ്വാസം കാണിച്ച രാജ്യങ്ങളെല്ലാം ഇപ്പോൾ ചക്രശ്വാസം വലിക്കുന്ന കാഴ്ച നമ്മൾ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു.

നമ്മളോരോരുത്തരും യോദ്ധാക്കളായി പ്രതിരോധപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി, ആ മുന്നേറ്റം ദിവസങ്ങളോളം, ആഴ്ചകളോളം നിലനിർത്താതെ ഈ മഹാമാരിയെ സമൂഹത്തിൽ നിന്നും തൂത്തുകളയാനാവില്ല.

ചങ്ങലകൾ ഭേദിച്ചേ തീരൂ....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top