26 December Thursday

'സതീശൻ ടീമിന്റെ ഭരണിയാണ് ഇവരുടെ മെയിൻ, ലൈംഗിക അതിക്രമം നടത്തുമെന്നൊക്കെയാണ് വെല്ലുവിളി'; കോൺഗ്രസ് സൈബർ ആക്രമണത്തിനെതിരെ വീണ്ടും ഹനാൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കൊച്ചി > കൊറോണക്കാലത്തെ കോൺഗ്രസിന്റെയും പ്രതിപക്ഷനേതാവിന്റെയും പരിഹാസ്യമായ ഇടപെടലിനെ ഫെയ്‌സ്‌ബുക്ക് വീഡിയോയിൽ വിമർശിച്ച പെൺകുട്ടിക്കെതിരെ കോൺഗ്രസുകാരുടെ സൈബർ ആക്രമണം തുടരുകയാണ്. സ്‌കൂൾ യൂണിഫോമിൽ മീൻവിറ്റ് വാർത്തകളിൽ ഇടംനേടിയ കൊച്ചിയിലെ ഹനാനെതിരെയാണ് കോൺഗ്രസുകാർ ചീത്തവിളിയുമായി എത്തിയത്. എന്നാൽ നീചമായ ഭാഷയിലുള്ള സൈബർ ആക്രമണത്തോടും രൂക്ഷപ്രതികരണവുമായി ഹനാൻ രംഗത്തെത്തി.

'ജീവന് വേണ്ടി സർക്കാരും, അധികാരത്തിനുവേണ്ടി പ്രതിപക്ഷവും ഏറ്റുമുട്ടുമ്പോൾ സമൂഹത്തിലിറങ്ങി ഒരു പെൺകുട്ടി പ്രതികരിച്ചു പോയാൽ പ്രതിപക്ഷ നേതാവിന് പിന്നെ ഉസ്‌മാനെ വിളിക്കാനൊന്നും നേരം കാണില്ല. സതീശൻ ടീമിന്റെ ഭരണിയാണ് സാറേ ഇവരുടെ മെയിൻ ഐറ്റം. സ്വീകരിക്കാത്ത വീടിന്റെ കടപ്പാട് തലയിൽകെട്ടിവെച്ച് തെറിയഭിഷേകം നടത്തിയതും പോരാഞ്ഞിട്ട് ശരീര അവയവങ്ങളുടെ കണക്കെടുപ്പ് നടത്തി ബോഡി ഷെയ്‌മിംഗിന് വിധേയയാക്കുന്നു. പരസ്യമായി ലൈംഗിക അതിക്രമം നടത്താനുള്ള അണികളുടെ ആഗ്രഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വെല്ലുവിളിക്കുക. ഇവരോടൊക്കെ ഒന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ വീട്ടിലെ അമ്മയ്ക്കും പെങ്ങൾക്കും ഉള്ളതിൽ നിന്നും എന്താണ് എനിക്കും വ്യത്യാസം? എന്നെപ്പോലെ പത്ത് പെൺകുട്ടികൾ നാളെ എതിർത്ത് സംസാരിക്കാൻ തുടങ്ങിയാൽ പൊതുജനം ചിന്തിക്കുക, അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭരണത്തിലിരുന്നാൽ സംസ്ഥാനത്തെ പെൺകുട്ടികളുടെ അവസ്ഥ'- ഫെയ്‌‌സ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഹനാൻ പറഞ്ഞു.



എന്റെ ടിക് ടോക്ക് രാഷ്‌ട്രീയം എന്ന അടിക്കുറിപ്പോടെയാണ് ഹനാൻ വീഡിയോകൾ പോസ്റ്റ് ചെയ്‌തത്. 'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ. അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം, കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം'. ഇങ്ങനെയാണ് ഹനാൻ ആദ്യ വീഡിയോയിൽ പറഞ്ഞത്. ഇതിനുപിന്നാലെ ഹനാനെതിരെ  അശ്ലീലവും സ്ത്രീവിരുദ്ധവുമായ കമന്റുകളുമായി കോൺഗ്രസ് ഐടി സെൽ രംഗത്തെത്തി.

പ്രതിപക്ഷനേതാവ് നിർമിച്ച് നൽകിയ വീ്ട്ടിലിരുന്നാണ് ഹനാൻ വീഡിയോ ചെയ്യുന്നുവെന്നും കമൻറുകൾ വന്നു. ഇതിന് മറുപടിയുമായി എൻറെ ടിക് ടോക് രാഷ്‌‌ട്രീയം പാർട്ട് 2 എന്ന പേരിൽ പുതിയ വീഡിയോയാണ് ഹനാൻ പങ്കുവെച്ചു. പ്രതിപക്ഷ നേതാവ് വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനം താൻ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നുവെന്ന് ഹനാൻ വ്യക്തമാക്കി. പഠിച്ച് നല്ല നിലയിൽ എത്തുമ്പോൾ ഒരു വീട് വയ്ക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും ഹനാൻ പറഞ്ഞു. ഒരു സാധാരണക്കാരി എന്ന നിലയിൽ തൻറെ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുമ്പോൾ നിങ്ങൾക്ക് യോജിക്കാം അല്ലെങ്കിൽ വിയോജിക്കാമെന്നും ഹനാൻ വീഡിയോയിൽ പറഞ്ഞു. ഇതിനും കോൺഗ്രസുകാരുടെ അസഭ്യവർഷം തുടരുന്നതിനിടെയാണ് ഹനാൻ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top