05 November Tuesday

മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമം; ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല- കെ ടി ജലീല്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

kt jaleel

 'കേരളത്തിന്റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നില്‍. കേരളത്തിന്റെ മതേതര ബോധത്തില്‍ വര്‍ഗ്ഗീയ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ ഉത്തരവാദപ്പെട്ടവര്‍ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്. കേരളത്തില്‍ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതക്ക് അനുസൃതമായേ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികള്‍ കരസ്ഥമാക്കിയിട്ടുള്ളൂ'ഡോ.കെ ടി ജലീല്‍ എഴുതുന്നു

കുറിപ്പ്

കേരള ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിലെ ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ സമുദായ പ്രാതിനിധ്യം സര്‍ക്കാര്‍ പുറത്തുവിടുന്നത്. ഓരോ സമുദായ-ജാതി വിഭാഗത്തിന്റെയും മൊത്തം ജനസംഖ്യയും അവരുടെ ഉദ്യോഗ പ്രാതിനിധ്യവുമാണ് ഇ.സി ഡസ്‌ക് (e-CDESK, Electronic Caste Database of Employees in Service Kerala) നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. പി ഉബൈദുല്ല എം.എല്‍.എയുടെ വിശദമായ ചോദ്യത്തിനുള്ള മറുപടിയായാണ് രണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയത്.  എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നവരുടേതടക്കമുള്ള മുഴുവന്‍ ജീവനക്കാരുടെയും ജാതിയും സമുദായവും തിരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രാതിനിധ്യം ഔദ്യോഗികമായി രേഖാമൂലം വെളിപ്പെടുത്തിയിരിക്കുന്നത്.

316 സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍-എയ്ഡഡ്-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 5,45,423 (അഞ്ചുലക്ഷത്തി നാല്‍പ്പത്തിഅയ്യായിരത്തി നാനൂറ്റി ഇരുപത്തി മൂന്ന്) ജീവനക്കാരുടെയും 238 ജാതികളില്‍ പെടുന്ന ജീവനക്കാരുടെയും സമുദായവും ജാതിയും തിരിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് സാമാന്യം സുദീര്‍ഘമായ മറുപടിയാണ് മന്ത്രി നല്‍കിയത്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം വരുന്ന അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും.

വിവിധ മത-സമുദായ-ജാതി വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വിദ്വേഷവും ഉണ്ടാക്കാനും ബി.ജെ.പിയിലേക്ക് കാര്യമറിയാത്ത നിഷ്‌കളങ്കരെ റിക്രൂട്ട് ചെയ്യാനും ചില കേന്ദ്രങ്ങള്‍  ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ഏറെ പ്രസക്തമാണ്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണ് തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ പലരും നടത്താറ്. ചില സമുദായങ്ങള്‍ അനര്‍ഹമായത് നേടുന്നു എന്ന തരത്തില്‍ നടത്തപ്പെടുന്ന കുപ്രചരണങ്ങളുടെ പൊള്ളത്തരം എത്രമാത്രമുണ്ടെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഔദ്യോഗികമായി നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക്, 5,45,423 സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍, 73,774 ഉദ്യോഗസ്ഥ പദവികളാണ് ഇതുവരെയായി ലഭിച്ചത് (13.51%). സംവരണ പട്ടിക അനുസരിച്ച് നിര്‍ബന്ധമായും അവര്‍ക്ക് കിട്ടേണ്ടത് 12 ശതമാനമാണ്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന അദ്ധ്യാപക അനദ്ധ്യാപക തസ്തികകളില്‍ പണിയെടുക്കുന്നവര്‍ അടക്കമാണ് ഈ 13.5%.

ഈഴവര്‍ ജനസംഖ്യയുടെ 22.05% വരും. അവര്‍ക്ക് 1,15,075 ഉദ്യോഗപദവികള്‍ ലഭിച്ചിട്ടുണ്ട്(21.09%). സംവരണ പട്ടികയില്‍ നിര്‍ബന്ധമായും അവര്‍ക്ക് ലഭിക്കേണ്ടത് 14 ശതമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ 21.09 ശതമാനത്തില്‍ അടങ്ങും.

മുന്നോക്ക ജാതിക്കാരായ നായര്‍-പിള്ള-തമ്പി-അനുബന്ധ വിഭാഗങ്ങള്‍ ജനസംഖ്യയുടെ 15.02 ശതമാനം വരും. അവരുടെ ഉദ്യോഗ പ്രാതിനിധ്യം 1,08012 ആണ് (19.8%). സംവരണാനുകൂല്യം ലഭിക്കാത്ത ഇവര്‍ക്ക് ജനറല്‍ മെറിറ്റിലും എയ്ഡഡ് സ്ഥാപനങ്ങളിലുമായി ഇത്രയും ഉദ്യോഗ പദവികള്‍ ലഭിച്ചത്. 

ബ്രാഹ്‌മണരും നമ്പൂതിരിമാരും ഉള്‍പ്പടെയുള്ളവര്‍ മൊത്തം കേരളീയ ജനസംഖ്യയുടെ 2.01 ശതമാനം വരും. അവരുടെ സര്‍ക്കാര്‍ സര്‍വീസ് പ്രതിനിദ്ധ്യം 7112 (I.30%) ആണ്. സംവരണം ഇല്ലാത്തതിനാല്‍ യോഗ്യതാ ക്വോട്ടയിലും എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നതാണിത്.

ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ ഉദ്യോഗ  പ്രാതിനിധ്യം 62,296 (11.41%)ആണ്.  നിര്‍ബന്ധമായും ഇരുകൂട്ടര്‍ക്കുമായി സംവരണപ്രകാരം ലഭിക്കേണ്ടത് 10 ശതമാനമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ നാമമാത്രമായ പ്രാതിനിധ്യവും ഇതില്‍ പെടുന്നു.

ജനസംഖ്യയുടെ രണ്ട് ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ ഉദ്യോഗ പ്രാതിനിധ്യം 22,542 (4.13%) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു ലഭിക്കേണ്ടത് 4% ആണ്.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ക്രൈസ്തവ (എസ്.ഐ.യു.സി) നാടാര്‍ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 7589 (1.39 %) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു ലഭിക്കേണ്ടത് ഒരു ശതമാനവും.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന വിശ്വകര്‍മ്മ വിഭാഗത്തിനുള്ള ഉദ്യോഗ പ്രാതിനിധ്യം 16,564 (3.03%) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു ലഭിക്കേണ്ടത് 3 ശതമാനമാണ്.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ധീവര വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 6,818 (1.25 %) ആണ്. സംവരണ നിയമ പ്രകാരം നിശ്ചയമായും അവര്‍ക്കു കിട്ടേണ്ടത് ഒരു ശതമാനവും.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഹിന്ദു നാടാര്‍ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 5,089 (0.93 %) ആണ്. സംവരണ നിയമ പ്രകാരം നിശ്ചയമായും അവര്‍ക്കു ലഭിക്കേണ്ടത് ഒരു ശതമാനമത്രെ.

ജനസംഖ്യയുടെ  രണ്ടു ശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ ഉദ്യോഗ പ്രാതിനിധ്യം 2399 (0.43 %) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു നിര്‍ബന്ധമായും ലഭിക്കേണ്ടത് ഒരു ശതമാനമാണ്.

9.84 ശതമാനം വരുന്ന മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 73,713(13.51%) ആണ്. സംവരണാനുകൂല്യം ലഭിക്കാത്ത ഇവര്‍ക്ക് ജനറല്‍ മെറിറ്റിലും എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങളും ഉള്‍പ്പെടെയാണ് 13.51%.

കേരളത്തിന്റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നില്‍. കേരളത്തിന്റെ മതേതര ബോധത്തില്‍ വര്‍ഗ്ഗീയ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ ഉത്തരവാദപ്പെട്ടവര്‍ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്. കേരളത്തില്‍ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതക്ക് അനുസൃതമായേ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികള്‍ കരസ്ഥമാക്കിയിട്ടുള്ളൂ. മുന്നോക്ക സമുദായങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന് അവര്‍ കുറ്റക്കാരല്ല. വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം പണ്ടേക്കുപണ്ടേ അവര്‍ മനസ്സിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ മുന്നോട്ടു വന്നു. പി.എസ്.സി പരീക്ഷകളില്‍ സജീവമായി പങ്കെടുത്തു. സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് ജനറല്‍ മെറിറ്റ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു. മുന്നോക്ക സമുദായക്കാരും പിന്നോക്ക സമുദായങ്ങളിലെ വിദ്യാസമ്പന്നരും അങ്ങിനെ നേടിയതാണ് സര്‍ക്കാര്‍ ജോലികള്‍. അല്ലാതെ ഓട് പൊളിച്ച് അകത്ത് കടന്ന് ജോലി കരസ്ഥമാക്കിയവരല്ല അവരാരും.

ഓരോ മതജാതി സമൂഹങ്ങള്‍ക്കും ഓരോ സാമൂഹ്യ-സാമ്പത്തിക പശ്ചാതലമുണ്ട്. ഹൈന്ദവ സമുദായത്തിലെ വിവിധ ജാതികള്‍ക്ക് വിവിധങ്ങളായ ജോലികളാണ് പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിരുന്നത്. പൊതുവെ അധ്വാനവും കായബലവും ആവശ്യമായി വരുന്ന ജോലികള്‍ താഴ്ന്ന ജാതിയില്‍ പെടുന്നവര്‍ക്കായി നീക്കിവെക്കപ്പെട്ടു. ജാതിശ്രേണിയില്‍ മുകളിലേക്ക് പോകുന്തോറും ജോലിയുടെ ഭാരം കുറഞ്ഞുവന്നു. അങ്ങിനെയാണ് ഭരണ നിര്‍വ്വഹണ ജോലികളും ഓഫീസ് ജോലികളും മേല്‍ജാതിക്കാരുടേതായി മാറിയത്. ഉയര്‍ന്ന ജോലികള്‍ കിട്ടാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമായിരുന്നു. കായികശേഷി വേണ്ട ജോലികള്‍ ചെയ്യാന്‍ വിജ്ഞാനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഹൈന്ദവ സമൂഹത്തിലെ മേല്‍ജാതിക്കാരും മറ്റു മത വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നില്‍ നിന്നവരും ഉന്നത വിദ്യാഭ്യാസം നേടാന്‍ ഉല്‍സാഹം കാണിച്ചു. താഴ്ന്ന ജാതിയില്‍ പെട്ടവരും ഇതര മതസമുദായങ്ങളിലെ ശേഷി കുറഞ്ഞവരും സ്‌കൂളിലും കോളേജിലും പോകാന്‍ മടിച്ചു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും ഡോ: പല്‍പ്പുവും നവോത്ഥാനത്തിന്റെ കൈത്തിരി അവരവരുടെ സമുദായങ്ങളില്‍ കത്തിച്ചു വെച്ചതോടെ പതുക്കെപ്പതുക്കെ ബന്ധപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്ന് ഇരുട്ട് അകലാന്‍ തുടങ്ങി. ഈഴവരും പട്ടികജാതിക്കാരും അറിവിന്റെ കവാടങ്ങള്‍ തേടി സഞ്ചാരം തുടങ്ങി. ജാതിയുടെ പാരമ്പര്യജോലി വൃത്തങ്ങള്‍ തകര്‍ത്ത് പിന്നോക്ക ജാതിയില്‍ പെടുന്ന മിടുക്കര്‍ മുന്നേറി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഏറ്റെടുത്ത്, തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാമൂഹ്യമായും സാമ്പത്തികമായും പിറകില്‍ നിന്നവരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടര്‍ച്ച നല്‍കി. പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് സഖാവ് ഇ.എം.എസ് നേതൃത്വം നല്‍കിയ 1958-ല്‍, സമൂഹത്തിന്റെ എല്ല തലത്തിലുമുള്ള മത-സമുദായ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിദ്ധ്യം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം കൊണ്ടുവന്ന് പാസ്സാക്കി. അതോടെ അറിവിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പുറപ്പെട്ട പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്ന വിദ്യാസമ്പന്നര്‍ക്ക് സംവരണാനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചു. കാലചക്രം പിന്നിട്ടപ്പോള്‍ ജനറല്‍ മെറിറ്റിലും അവര്‍ സ്ഥാനം പിടിച്ചു തുടങ്ങി.

പടിക്കു പുറത്ത് നിര്‍ത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങള്‍ അതോടെ അധികാരികളായി മാറി. ഐത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ മറ്റുള്ളവരുടെ തോളോടു ചേര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പണിയെടുക്കാന്‍ കളമൊരുങ്ങി. കേരളം ജാതീയതയുടെ ദുര്‍ഭൂതങ്ങളെ പടിയടച്ച് പിണ്ഠം വെച്ചു.  കാലത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും പരമ്പരാഗത ധാരണകളും കീഴ്‌മേല്‍ മറിഞ്ഞു. കുലത്തൊഴിലുകളുടെ വളയം ഭേദിച്ച് മുന്നോട്ട് നടക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ക്ക് കരുത്ത് പകര്‍ന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ ഇടം നേടിയ രാഷ്ട്രീയ പാര്‍ട്ടി എന്ന സ്ഥാനം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഹൈന്ദവ സമുദായത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെയും മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവരുടെയും മുസ്ലിങ്ങളാതി പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങളുടെയും പുരോഗതിയുടെ വഴികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര നാള്‍വഴികള്‍ കൂടിയാണ്. പിന്നോക്ക അധ:സ്ഥിത സമൂഹങ്ങളുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് സര്‍വീസ് &  സബോഡിനേറ്റ് റൂള്‍സ് അഥവാ കെ.എസ്.എസ്.ആര്‍ (KSSR), സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് നടപ്പിലാക്കിയത്. അതോടെയാണ് ഹൈന്ദവ സമുദായത്തിലെ പട്ടികകജാതി-പട്ടികവര്‍ഗ്ഗ-ഈഴവ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പിന്നോക്കക്കാരും, ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യശ്രേണിയില്‍ പിന്നിലായ മുസ്ലിങ്ങളും, ക്രൈസ്തവ സമൂഹത്തില്‍ പിന്നിലേക്ക് തള്ളപ്പെട്ടവരും ഭരണനിര്‍വ്വഹണത്തില്‍ പങ്കാളികളായിത്തുടങ്ങിയത്. അങ്ങിനെയാണ് സര്‍ക്കാര്‍ ജോലികളില്‍ നിന്ന് തീണ്ടാപ്പാടകലെ അകറ്റി നിര്‍ത്തപ്പെട്ട ജനതതികള്‍ സാര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി മാറിയത്.  

ക്രൈസ്തവ സമൂഹം ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്ന കാര്യത്തിലും ജോലി കരസ്ഥമാക്കുന്നതിലും മുന്നില്‍ നിന്നവരാണ്. വ്യത്യസ്ത മിഷനറിമാര്‍ തിരുകൊച്ചിയില്‍ മഹാരാജാക്കന്‍മാരുടെ പിന്തുണയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിതു. താന്താങ്ങളുടെ ഭരണ പ്രദേശങ്ങളില്‍ പ്രജകള്‍ക്ക് വിജ്ഞാനം നല്‍കാന്‍ മഹാരാജാക്കന്‍മാരും ശ്രദ്ധ ചെലുത്തി. ക്രൈസ്തവ സമുദായത്തില്‍ നന്നായി പഠിച്ചവര്‍ ഭരണസിരാകേന്ദ്രങ്ങളില്‍ എത്തിപ്പെട്ടു. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും മറ്റു തൊഴില്‍ രംഗങ്ങളിലും ശോഭിക്കാന്‍ ഉതകുന്ന വിജ്ഞാന ശാഖകളിലേക്ക് യുവതലമുറയെ പറഞ്ഞയക്കാന്‍ ക്രൈസ്തവ സഭകളും പുരോഹിതരും പ്രകടിപ്പിച്ച താല്‍പര്യം കൃസ്ത്യന്‍ സമൂഹത്തിന്റെ കുതിപ്പിന് ആക്കംകൂട്ടി. ലോകത്തിന്റെ നാനാഭാഗത്തേക്കും നഴ്‌സുമാരെ സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എക്കാലവും അഭിമാനിക്കാം. കാലത്തിനുമുന്നേ സഞ്ചരിക്കാന്‍ ഓരോ സഭയും അതിന്റെ അനുയായികളെ പഠിപ്പിച്ചു. 

മുസ്ലിങ്ങളാകട്ടെ സാമ്രാജ്യത്വ വിരോധത്താല്‍ ഇംഗ്ലീഷുകാരുടെ ഭാഷയോടും അവര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞ് നിന്നു. പെണ്‍കുട്ടികളെ സ്‌കൂളുകളിലയക്കാന്‍ മലബാറിലെ ഭൂരിഭാഗം മുസ്ലിം കുടുംബങ്ങളും വിമുഖത കാണിച്ചു. പഠനത്തെക്കാള്‍ കച്ചവടത്തിലായിരുന്നു പരമ്പരാഗതമായി അവര്‍ക്ക് താല്‍പര്യം. പോര്‍ച്ചുഗീസുകാരോടും ബ്രിട്ടീഷുകാരോടും ഇഞ്ചോടിഞ്ച് പൊരുതി നിന്നത് മുസ്ലിങ്ങളുടെ സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. മഹാഭൂരിഭാഗം മാപ്പിളമാരും കുടിയാന്‍മാരോ കര്‍ഷക തൊഴിലാളികളോ ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് അരുചേര്‍ന്നു നിന്ന കുബേര മുസ്ലിങ്ങളായ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഭൂജന്മിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്. 1921-ലെ മലബാര്‍ കലാപം മാപ്പിളമാരുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകളെ അന്തമാനിലേക്ക് നാടുകടത്തി. അനവധി പേര്‍ ബെല്ലാരിയിലും കോയമ്പത്തൂരിലുമെല്ലാമുള്ള ജയിലുകളില്‍ അടക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ച് സാമ്പത്തിക ശേഷിയുള്ള മുസ്ലിം സമുദായത്തിലെ പ്രമാണിമാര്‍ പോലും വേണ്ടത്ര ആലോചിച്ചില്ല. സ്വാതന്ത്ര്യാനന്തരം മുസ്ലിങ്ങളുടെ പരിതാപകരമായ സാമൂഹ്യാവസ്ഥ ഒച്ചിന്റെ വേഗതയില്‍ മാറിത്തുടങ്ങി. നവോത്ഥാനത്തിന്റെ വെളിച്ചം സഹോദര സമുദായങ്ങളെ അപേക്ഷിച്ച് വൈകിയാണ് മുസ്ലിങ്ങളില്‍ എത്തിയത്. മതനേതാക്കളും സംഘടനകളുമാണ് അതിന് ചുക്കാണ്‍ പിടിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്‍മ്മികത്വത്തില്‍ നിലവില്‍ വന്ന കുടിയൊഴിപ്പിക്കല്‍ നിരോധന നിയമവും ഭൂപരിഷ്‌കരണ നിയമവും മലബാറിലെ മാപ്പിളമാരെ ഭൂമിയുടെ കൈവശാവകാശികളാക്കി. പ്രാരാപ്തവും കഷ്ടപ്പാടുകളും  എണ്‍പതുകള്‍ക്ക് ശേഷം അവരെ ഗള്‍ഫ് കുടിയേറ്റത്തിന് പ്രേരിപ്പിച്ചു. അതോടെ മലബാറിലെ മുസ്ലിം ജനവിഭാഗത്തിന്റെ തലവര മാറ്റിയെഴുതപ്പെട്ടു. 

1967-ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്-ലീഗ് മന്ത്രിസഭ മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സ്ഥായിയായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. മലപ്പുറം ജില്ല വന്നതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായതും ജില്ലയുടെ നാനാഭാഗങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആരംഭിച്ചതും മുസ്ലിങ്ങളുടെ വിദ്യാഭ്യാസ-സാമൂഹ്യ ഉന്നതിക്ക് ആക്കംകൂട്ടി. ഇ.എം.എസും സി.എച്ചും കൈകോര്‍ത്തതോടെ അസാദ്ധ്യമെന്ന് കരുതിയ പലതും സാദ്ധ്യമായി. മുസ്ലിം സംവരണ ക്വോട്ടയില്‍ പോലും യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്തത് കാരണം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റാന്‍ അറുപതുകളിലും എഴുപതുകളിലും അവര്‍ക്ക് സാധിച്ചില്ല. പേരിനെങ്കിലും കയറിയവരാകട്ടെ ഏറിയകൂറും തിരുകൊച്ചിയിലെ മുസ്ലിങ്ങളും കണ്ണൂര്‍-തലശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളുമായിരുന്നു. എയ്ഡഡ് സ്‌കൂളുകളും കോളേജുകളും സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വെച്ചുകെട്ടി കൊടുത്തിട്ട് പോലും ഏറ്റെടുക്കാന്‍ തയ്യാറായത് വിരലിലെണ്ണാവുന്ന സംഘടനകളും വ്യക്തികളും മാത്രം.  മുസ്ലിങ്ങള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംഘടന എന്ന നിലയില്‍ മുന്നിട്ടു നിന്നത് എം.ഇ.എസ്സാണ്. ബാഫഖി തങ്ങളും, കെ.എം സീതിസാഹിബും സി.എച്ചും അബ്ദുസ്സലാം മൗലവിയും അബുസ്സബാഹ് മൗലവിയും ഡോ: ഗഫൂര്‍ സാഹിബും തങ്ങള്‍കുഞ്ഞ് മുസ്ല്യാരും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിച്ചു. അതോടെ ചിത്രം മാറിത്തുടങ്ങി. പതിനെട്ട് വയസ്സായ മുസ്ലിം ചെറുപ്പക്കാര്‍ ഗള്‍ഫ് നാടുകള്‍ സ്വപ്നം കണ്ട് ജീവിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പ്രാതിനിധ്യക്കുറവിന് വഴിയൊരുക്കി. കടല്‍കടന്നുപോയ മാപ്പിളമാര്‍ ലോകം കണ്ടതോടെ പുതുതലമുറയെ വിദ്യാഭ്യാസം ആര്‍ജ്ജിക്കാന്‍ പ്രേരിപ്പിച്ചു. വിവിധ മത സംഘടനകള്‍ മല്‍സരിച്ച് സ്ഥാപനങ്ങള്‍ തുടങ്ങി. മത-മതേതര വിദ്യാഭ്യാസം ഒരുമിച്ച് നല്‍കുന്ന വേറിട്ട ശൈലിയാണ് ഭൂരിഭാഗം മുസ്ലിം സംഘടനകളും അവലംബിച്ചത്. പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന കാലം പൊയ്മറഞ്ഞു. മുസ്ലിം പെണ്‍കുട്ടികള്‍ മല്‍സരപ്പരീക്ഷകളില്‍ തിളങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അവര്‍ പറന്നു. ഒരിക്കലും എത്തില്ലെന്ന് കരുതിയ പദവികളില്‍ അവരെത്തി.  കേരളത്തിന് പുറത്തുള്ള എണ്ണംപറഞ്ഞ സര്‍വകലാശാലകളിലടക്കം മലപ്പുറത്ത് നിന്നുള്ള പെണ്‍കുട്ടികള്‍ സ്ഥാനം പിടിച്ചു. നിശ്ചയിക്കപ്പെട്ട സംവരണ ക്വോട്ട തികക്കാനായത് രണ്ടായിരത്തിന് ശേഷമുണ്ടായ വിദ്യാഭ്യാസക്കുതിപ്പിനെ തുടര്‍ന്നാണ്.

മുസ്ലിം സമുദായത്തിനുള്ള സംവരണമാണ് 12%. ജനറല്‍ മെറിറ്റിലുള്ള 50%-ത്തിലേക്ക് മുസ്ലിങ്ങള്‍ക്ക് മല്‍സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റേങ്ക് നേടി ഉള്‍പ്പെടാനാകും. അതിനു നില്‍ക്കാതെ വിദേശത്ത് ഉയര്‍ന്ന ശമ്പളത്തിന് ജോലിക്ക് പോകാനാണ് വലിയൊരു ശതമാനം അഭ്യസ്തവിദ്യരായ മുസ്ലിങ്ങള്‍ക്കും താല്‍പര്യം. സംവരണ ആനുകൂല്യമില്ലാത്ത ഉയര്‍ന്ന ശ്രേണിയില്‍ പെടുന്നവര്‍, വിദേശത്ത് 2 ലക്ഷം ശമ്പളം കിട്ടുന്നതിനെക്കാള്‍ സ്വന്തം നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ 25000 രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ ചേരാനാണ് മുന്‍ഗണന നല്‍കുക. ഒരുപക്ഷെ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി ലീവെടുത്ത് വിദേശത്ത് പോകുന്നവരില്‍ നല്ലൊരു ശതമാനവും മുസ്ലിം ജീവനക്കാരാണ്. ഇവര്‍ ദീര്‍ഘലീവെടുത്ത് പോകുന്നത് കൊണ്ട് അവരുടെ തസ്തികയില്‍ പി.എസ്.സിക്ക് സ്ഥിര നിയമനം നടത്താനും കഴിയില്ല. എന്തുകൊണ്ടെന്നാല്‍ ഏത് സമയത്ത് തിരിച്ചു വന്നാലും അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള താല്‍ക്കാലിക നിയമനമേ ദീര്‍ഘലീവെടുത്ത് പോകുന്നവരുടെ തസ്തികകളില്‍ സാധാരണ നടക്കാറ്. 

ഓരോ ജനതയുടെയും വിധി നിര്‍ണ്ണയിക്കുന്നതില്‍ ബന്ധപ്പെട്ട ജനവിഭാഗത്തിനും പങ്കുണ്ട്. ജനസംഖ്യാനുപാതിക സംവരണം SC-STക്ക് മാത്രമേ കേരളത്തിലുള്ളൂ. ഈഴവര്‍ ഉള്‍പ്പടെ സംവരണ രേഖക്ക് അപ്പുറത്ത് സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയത് 50% പൊതു ക്വോട്ടയിലാണ്. മുന്നോക്ക സമുദായക്കാരും അവരുടെ ജനസംഖ്യാ അനുപാതത്തിന് അപ്പുറം കടന്നത് ഒരു സംവരണവും ഇല്ലാതെ യോഗ്യതാ പരീക്ഷയില്‍ പൊതുവിഭാഗത്തില്‍ ഉയര്‍ന്ന റേങ്ക് നേടിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടിയ മുസ്ലിം സമുദായത്തില്‍ പെടുന്നവര്‍ ദീര്‍ഘലീവെടുത്ത് വിദേശത്ത് ഉയര്‍ന്ന ശമ്പളത്തിന് പണിയെടുക്കാന്‍ പോകുന്നത് അവസാനിപ്പിക്കുക. അതോടൊപ്പം മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പോലെ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് സംവരണക്വോട്ടക്ക് അപ്പുറം ഉയര്‍ന്ന റേങ്ക് നേടി 50% വരുന്ന യോഗ്യതാ പട്ടികയില്‍ ഇടം നേടാന്‍ പരിശ്രമിക്കുക. സമുദായ സംഘടനകളും നേതാക്കളും ഇക്കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് കിട്ടി, ഞങ്ങള്‍ക്ക് കിട്ടിയില്ല എന്ന് പരിതപിച്ച് നെഞ്ചത്തടിച്ച് കരയുകയല്ല ചെയ്യേണ്ടത്. ഒരു ജനതയുടെ പരിവര്‍ത്തനത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് എത്ര പ്രസക്തമാണ്: 'ഒരു സമൂഹത്തെയും ദൈവം മാറ്റുകയില്ല. അവര്‍ സ്വയം മാറാന്‍ സന്നദ്ധമാകുന്നതുവരെ'.

അനര്‍ഹമായി യാതൊന്നും മുസ്ലിങ്ങള്‍ നേടിയിട്ടില്ല. നേടിയെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. അന്യരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് വിശ്വാസപരമായിത്തന്നെ നിഷിദ്ധമാണ്. അങ്ങിനെ വല്ലതും ചൂണ്ടിക്കാണിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് തിരിച്ചു നല്‍കാന്‍ അവര്‍ സന്നദ്ധരാകും. നാട്ടില്‍ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകള്‍ മെനയരുത്. മദ്രസ്സാദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നത് ഉള്‍പ്പടെ എന്തൊക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ഒരു മദ്രസ്സാദ്ധ്യാപകനും ശമ്പളമോ പെന്‍ഷനോ സര്‍ക്കാര്‍ നല്‍കുന്നില്ല. അവരുടെ ക്ഷേമനിധിയിലേക്ക് അറുപത് വയസ്സുവരെ മാസാമാസം അവരും മദ്രസ്സാ മാനേജ്‌മെന്റും അടക്കുന്ന അംശാദായത്തില്‍ നിന്ന് നല്‍കുന്ന സഹായം മാത്രമാണ് മദ്രസ്സാദ്ധ്യാപകര്‍ക്ക് തിരിച്ചു ലഭിക്കുന്നത്. അടച്ച സംഖ്യയുടെ തോതനുസരിച്ച് ലഭിക്കുന്ന സംഖ്യയിലും മാറ്റം കാണാനാകും.  ക്ഷേത്രജീവനക്കാര്‍ക്കും സമാനമായ ക്ഷേമനിധിയുണ്ട്. അതും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുന്നതല്ല. ജീവനക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും അടക്കുന്ന അംശാദായത്തില്‍ നിന്നാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയില്‍ നമുക്ക് സന്തോഷിക്കാം. അസൂയയോ പകയോ കൂടാതെ ചങ്ങാതിമാരായി ജീവിക്കാം. ആരും ആരുടെയും മുന്നോട്ടുള്ള വഴിയില്‍ പ്രതിബന്ധങ്ങളല്ല. ഒരാള്‍ വിചാരിച്ചാലും മറ്റൊരാളുടെ പുരോഗതിയെ തടയാനാവില്ല. ഒരു കവാടം അടഞ്ഞാല്‍ വേറൊരു കവാടം നമുക്ക് മുന്നില്‍ തുറക്കപ്പെടും. ഈ ഭൂമുഖത്ത് എത്രകോടി മനുഷ്യരുണ്ടോ അത്രയും അവസരങ്ങളുമുണ്ട്. അത് അന്വേഷിച്ച് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ജയ് ഹിന്ദ്. ജയ് കേരള.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top