19 September Thursday

‘പാർലമെന്റിലെ ബ്രെഹ്തി’നെപ്പോലെ സീതാറാം തൊഴിലാളി രാഷ്ട്രീയത്തെ ഒരനശ്വര കവിതയാക്കി

ജെയ്ക് സി തോമസ്Updated: Sunday Sep 15, 2024

രണം നമ്മളെ അനാഥരാക്കുമോ ..?
ചിത്രങ്ങളിൽ ഇന്ന് സീതാറാം യെച്ചൂരി മാത്രം ചിരിക്കുകയും നമുക്കൊക്കെ ഉള്ളു വെന്തു പോവുകയും ചെയ്യുന്ന ഈ നിമിഷത്തിലെങ്കിലും നമ്മൾ അനാഥരാണ്‌ !

പാതിരാമധ്യത്തിൽ കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് ദില്ലിയിലേക്കുമുള്ള യാത്രയിൽ എത്ര തവണ പഴയ ആ പ്രഭാഷണങ്ങൾ, കവിത പോലെയുള്ളവ, ഈ നിമിഷമെങ്കിലും നമ്മളെ അനാഥരാക്കുന്നവ, കേട്ടിരുന്നു.!
ഒരു പതിറ്റാണ്ടിനു മേലെ നീണ്ട തന്റെ പാർലമെന്ററി ജീവതത്തിന്റെ വിട വാങ്ങലിൽ അദ്ദേഹം നന്ദി പ്രകടിപ്പിക്കുന്ന പേരുകൾ മാത്രം മതിയാവും ഇന്ത്യയിൽ സീതാറാം ഉയർത്തിപ്പിടിച്ച ഒരിക്കലും  തോറ്റു പോവാത്ത രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രത്യേകതയും മനസ്സിലാവാൻ.

സീതാറാം പറയുന്നു...

‘ബഹുമാനപെട്ട സഭാനാഥനു നന്ദി. പക്ഷെ, അങ്ങേയ്ക്കു മാത്രമല്ല, നമ്മുടെ സഭയെ പൂർണമാക്കുന്ന അങ്ങയുടെ പിന്നിലെ തലപ്പാവുള്ള അങ്ങയുടെ പാറാവുകാരനു നന്ദി, സഭാംഗങ്ങൾക്കു നന്ദി. പക്ഷെ, നമ്മളെയൊക്കെ പൂർണരാക്കുന്ന സ്‌റ്റെനോഗ്രാഫർമാർ, സഹായികളായി ഇപ്പോഴും നമുക്ക് ചുറ്റും ഓടിയെത്തുന്ന ഇവിടുത്തെ സഹപ്രവർത്തകരായ തൊഴിലാളികൾ, അവർക്കു നന്ദി.’

സീതാറാം തുടരുന്നുണ്ട്, തനിക്കു മാത്രം വശമുള്ള ലളിതമായ, എന്നാൽ സൗന്ദര്യം ഒട്ടുമേ ചോരാത്ത പ്രഭാഷണ ചാരുതയിൽ.

നമ്മൾ നോക്കുമ്പോൾ കടലാസ്സും രേഖകളുമായി ഓടിയെത്തുന്നവർ, വെള്ളവും ചായയും എത്തിക്കുന്നവർ.. നിങ്ങളോടു നന്ദി!
ബെർതോൾഡ് ബ്രെഹ്തിനെ, 'ഒരു തൊഴിലാളിയുടെ ചരിത്ര വായന' എന്ന ബ്രെഹ്ത്തിന്റെ കവിവാക്യങ്ങളെ വരച്ചിട്ടു, സീതാറാം.
‘തീബ്‌സി‌ന്റെ ഏഴ് ഗോപുരങ്ങളെ പണിതതാരാണ്, ബാബിലോണിനെ പണിതതാരാണ്, ചരിത്ര ഏടുകളിലെ രാജാക്കന്മാരുടെ പേരുകളാണ് നിറയെ, പക്ഷെ അവരല്ല, തൊഴിലാളികളാണ്’ ബ്രെഹ്ത് എഴുതിയത്.

‘പാർലമെന്റിലെ ബ്രെഹ്തി’നെപ്പോലെ സീതാറാം തൊഴിലാളി രാഷ്ട്രീയത്തെ ഒരനശ്വര കവിതയാക്കി.

ഇന്ത്യയുടെ എണ്ണമന്യമായ ഗ്രാമനഗരാന്തങ്ങളിൽ തൊഴിലുറപ്പു പണിക്കിറങ്ങി വിശപ്പകറ്റുന്ന പരശ്ശതം മനുഷ്യരുടെ ചെറുചിരിയിൽ തെളിഞ്ഞു നിന്നത്  ഒരിക്കൽ പോലും പിന്നിലാവാത്ത സീതാറാമിന്റെ രാഷ്ട്രീയ ചിന്തയായിരുന്നു.
ലോകത്തിന്റെ മുന്നിൽ ഇന്ത്യൻ യശസ്സുയർത്തിയ വിവരാവകാശ നിയമത്തെ സാധ്യമാക്കിയതിൽ, വനാവകാശ നിയമത്തെ ഉറപ്പു വരുത്തിയതിൽ ഇതിനെയൊക്കെ ഉറപ്പുവരുത്തിയ ഇടതുപക്ഷ പിന്തുണയുടെ മാഗ്നാകാർട്ട ആയ കോമൺ മിനിമം പ്രോഗ്രാം രൂപം നല്കിയതിലൊക്കെ ഇന്ത്യൻ ധൈഷണികതയുടെ പ്രതീകമായ സീതാറാം തന്നെയായിരുന്നു ഉണ്ടായിരുന്നത്.

ഹൃദയങ്ങളിൽ മാത്രമല്ല, ഒരു നിമിഷം പോലും ജൈവികത ചോർന്നു പോവാത്ത ആ ജീവിതമത്രയും പ്രണയാർദ്രമായിരുന്നു. ആർദ്രതയോടെ ഉടനീളം പ്രണയിക്കാനും പോരടിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്കാരന്റെ പ്രതീകം.

എ കെ ജി ഭവന്റെ പടികളിറങ്ങുമ്പോൾ
‘പ്യാർ കാ രാഗ് സുനോ’ എന്ന് നമ്മുടെ മുഹമ്മദ് റാഫിയെ, വരികളെഴുതിയ ഹസ്രത് ജയ്‌പുരിയെ ഓർമിപ്പിച്ചു കൊണ്ട് ഇറങ്ങി വരുന്ന പാർട്ടി ജനറൽ സെക്രട്ടറി. ബർഖാ ദത് ഇന്നലെ മോജോ സ്റ്റോറിയിൽ ചെയ്ത ദൃശ്യങ്ങൾക്ക് നൽകിയ തലവാചകം ഇൻക്യൂറബിൾ റൊമാന്റിക് എന്നായിരുന്നു.
ദിലീപ് കുമാറിന്റെയും നർഗീസിന്റെയും രാജ് കപൂറിന്റെയും ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ‘അന്ദാസ്’ ന്റെ പോസ്റ്റർ പ്രൊജക്‌ഷനുള്ള ചിത്രത്തിനു താഴെ ലെനിന്റെയും ബുദ്ധന്റെയും പ്രതിമകൾക്കരികെ ജീവിതപങ്കാളിയോടൊപ്പമുള്ള സീതാറാം, എക്കാലവും അപരിഹാര്യമായ പ്രണയാർദ്രത നമ്മെളെയും കൊതിപ്പിക്കും, മരണത്തിലും അങ്ങനെ തന്നെ ആയിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് അങ്ങ്!

ആർദ്രതയോടെ പ്രണയത്തിനും പോർമുഖങ്ങൾക്കും ഇടവേള നൽകാത്ത ഞങ്ങളുടെ പാർട്ടി സെക്രട്ടറി ഒരു ഭൗതിക അസാന്നിധ്യമായ ആദ്യ സൂര്യാസ്തമയം ദില്ലിക്കു മുകളിൽ പിറവി കൊള്ളുകയാണ്..!
ഞങ്ങളുടെ വഴിനടത്തങ്ങളെ അങ്ങയുടെ വെളിച്ചം ആർദ്രമാക്കും. സമരോത്സുകമാക്കും തീർച്ച !!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top