മലപ്പുറം> മലപ്പുറത്ത് വെട്ടത്തൂരിലെ സായന്തനയുടെ വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. സായന്തന ആളൊരു ബഹുമുഖ പ്രതിഭയാണെന്ന് അധ്യാപകരും പൊതുപ്രവർത്തകരും ഒരേസ്വരത്തിൽ പറയും. പാഠ്യേതര വിഷയങ്ങളിൽ ബഹുമിടുക്കി. എസ്എസ്എൽസിയ്ക്ക് ഫുൾ എ പ്ലസ്. കൈരളി ചാനലിൽ അതിഥിയായെത്തി വാർത്ത വായിച്ചിട്ടുണ്ട്. ദേശാഭിമാനി അറിവരങ്ങ് മത്സത്തിൽ സംസ്ഥാനതലത്തിൽ കവിതാലാപനത്തിലും വാർത്താവതരണത്തിലും തിളങ്ങി. വായനാമത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
എന്നാൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാണ് സായന്തനക്ക്. സായന്തനയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മന്ത്രി എ കെ ബാലനോട് വിവരം പറഞ്ഞു. എസ് സി എസ്ടി വകുപ്പിൽ നിന്ന് നാലു ലക്ഷം രൂപ അനുവദിച്ചു. പിന്നൊരു അഞ്ചുലക്ഷം രൂപ നാട്ടുകാരുടെ കൂട്ടായ്മ പിരിച്ചുണ്ടാക്കി. പിടിഎയും അധ്യാപകരും രക്ഷിതാക്കളും പാർടി സഖാക്കളും ഒറ്റ ലക്ഷ്യത്തോടെ കൈകോർത്തു. എല്ലാത്തിനും മുൻകൈയെടുക്കാൻ സ്കൂളിലെ സുനിൽകുമാർ എന്ന അധ്യാപകന്റെ സജീവമായ ഇടപെടൽ. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്..
ഡോ. ടി എം തോമസ് ഐസക് എഴുതുന്നു..
വീടില്ലാത്തവർക്ക് ആയിരക്കണക്കിന് വീടുകളാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ പണിതുയർത്തുന്നത്. താക്കോൽദാന ചടങ്ങുകളുടെ ബാഹുല്യം പ്രകടം. എന്നാൽ മലപ്പുറത്ത് വെട്ടത്തൂരിലെ സായന്തനയുടെ വീടിന്റെ താക്കോൽദാന ചടങ്ങ് വേറിട്ടൊരു അനുഭവമായി മനസിലെന്നും നിറഞ്ഞു നിൽക്കുന്ന ഓർമ്മയായി. ഈ കുറിപ്പു വായിച്ചു കഴിയുമ്പോൾ ചടങ്ങും സായന്തന എന്ന മിടുക്കിയും നിങ്ങളുടെ മനസിലും പ്രിയങ്കരമായ സാന്നിധ്യമായി ചേക്കേറും. അതുറപ്പാണ്.
സായന്തനയെ പരിചയപ്പെടുത്താം. മലപ്പുറം വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി. ഈ മിടുക്കിയെ ഞാൻ പരിചയപ്പെടുന്നത് 2018 ഫെബ്രുവരിയിലാണ്. പിടിഎയുടെ മുൻകൈയിൽ പൂർത്തീകരിച്ച സ്മാർട്ട് റൂമുകൾ തുറന്നുകൊടുക്കുന്നതിനാണ് ഞാനെത്തിയത്. യോഗത്തിന്റെ ആങ്കറിംഗ് അതിമനോഹരമായിരുന്നു. ആരുടെയും ശ്രദ്ധ കവരുന്ന മികവ്. ആളെ കാണാനില്ല, വേദിയ്ക്കു പുറകിൽ നിന്നായിരുന്നു കൃത്യനിർവഹണം. ചടങ്ങു കഴിഞ്ഞ് ആളെ പരിചയപ്പെട്ടു. ആ കുട്ടിയാണ് സായന്തന.
ആളൊരു ബഹുമുഖ പ്രതിഭയാണെന്ന് അധ്യാപകരും പൊതുപ്രവർത്തകരും ഒരേസ്വരത്തിൽ. പഠിക്കാൻ മിടുമിടുക്കി. പാഠ്യേതര വിഷയങ്ങളിൽ ബഹുമിടുക്കി. എസ്എസ്എൽസിയ്ക്ക് ഫുൾ എ പ്ലസ്. കൈരളി ചാനലിൽ അതിഥിയായെത്തി വാർത്ത വായിച്ചിട്ടുണ്ട്. ദേശാഭിമാനി അറിവരങ്ങ് മത്സത്തിൽ സംസ്ഥാനതലത്തിൽ കവിതാലാപനത്തിലും വാർത്താവതരണത്തിലും തിളങ്ങി. വായനാമത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
എന്നാൽ മിടുമിടുക്കിയായ ഈ കുട്ടിയുടെ വീട്ടിലെ അവസ്ഥ അതിദയനീയമായിരുന്നു. സൗകര്യങ്ങൾ തീരെ പരിമിതമായ ഒരു കൊച്ചുവീട്ടിലാണ് താമസം. അതാകട്ടെ പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായതും. അവിടെയാണ് അച്ഛനമ്മമാരും സഹോദരിമാരും മുത്തശിയുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സായന്തനയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആ വേദിയിൽ വെച്ചു ഞങ്ങൾ തീരുമാനിച്ചു. മന്ത്രി എ കെ ബാലനോട് വിവരം പറഞ്ഞു. എസ് സി എസ്ടി വകുപ്പിൽ നിന്ന് നാലു ലക്ഷം രൂപ അനുവദിച്ചു. പിന്നൊരു അഞ്ചുലക്ഷം രൂപ നാട്ടുകാരുടെ കൂട്ടായ്മ പിരിച്ചുണ്ടാക്കി. പിടിഎയും അധ്യാപകരും രക്ഷിതാക്കളും പാർടി സഖാക്കളും ഒറ്റ ലക്ഷ്യത്തോടെ കൈകോർത്തു. എല്ലാത്തിനും മുൻകൈയെടുക്കാൻ സ്കൂളിലെ സുനിൽകുമാർ എന്ന അധ്യാപകന്റെ സജീവമായ ഇടപെടൽ.
അങ്ങനെ വീട് യാഥാർത്ഥ്യമായി. ആ വീടിന്റെ താക്കോൽദാനമാണ് ഞായറാഴ്ച ഞാൻ നിർവഹിച്ചത്. തിങ്ങി നിറഞ്ഞ സദസ്. നാടാകെ ചടങ്ങിലേയ്ക്കൊഴുകിയെത്തി. സായന്തന നാടിന് എത്രത്തോളം പ്രിയങ്കരിയാണെന്ന് സാക്ഷ്യപ്പെടുത്തിയ നിമിഷങ്ങൾ. നൂറുകണക്കിന് മിഴികൾ സന്തോഷാശ്രു പൊഴിക്കവെ, സായന്തനയ്ക്കു ഞാൻ താക്കോൽ കൈമാറി. എന്റെ അടുത്ത ചടങ്ങ് ഇഎംസ് ലോകം സെമിനാറായിരുന്നു. സമയവും വൈകിയിരുന്നു. ധൃതിയിൽ അവിടേയ്ക്ക് പോകാനിറങ്ങിയപ്പോഴാണ് സായന്തനയുടെ മറുപടി പ്രസംഗം. ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന ഊർജവും പ്രതീക്ഷയും സന്തോഷവും എന്ന സദസു വിട്ടുപോകാൻ അനുവദിച്ചില്ല. സദസിൽ നിന്നു തന്നെ തീരുവോളം പ്രസംഗം കേട്ടു.
അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടിയുള്ള സായന്തനയുടെ ഹൃദയമിടിപ്പാണ് അവളുടെ പ്രസംഗത്തിൽ സദസ് ശ്രവിച്ചത്. പാർടി സഖാക്കളും അനുഭാവികളും മറ്റു സുമനസുകളും നിറഞ്ഞു കവിഞ്ഞ ആ സദസിൽ സഹാനുഭൂതിയെ മാനുഷികഭാവത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച വാക്കുകൾ. ഒറ്റയ്ക്കല്ലെന്നും ഒരു നാടുമുഴുവൻ ഒപ്പമുണ്ടെന്നുമുള്ള ആത്മവിശ്വാസം സായന്തനയെപ്പോലുള്ളവരിൽ നിറയ്ക്കുന്ന ഊർജവും പ്രതീക്ഷയും എത്രയുണ്ടെന്ന് വാക്കുകളിൽ പകർത്താനാവില്ല.
ഐഎഎസാണ് സായന്തനയുടെ സ്വപ്നം. അതും യാഥാർത്ഥ്യമാകും. സായന്തനയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..