"എന്താടോ ഈ കേള്‍ക്കുന്നത്?" "ആരാടോ ഫ്രാങ്കി?" "താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?"
ചോദ്യങ്ങള്‍ സഖാവ് നായനാരുടേതായിരുന്നു. ജനകീയാസൂത്രണ വിവാദം കത്തി നില്‍ക്കുന്ന കാലം. ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെയുള്ള ആരോപണങ്ങളുന്നയിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ എന്നെ വ്യക്തിപരമായി വേട്ടയാടിയ സമയം. അദ്ദേഹം എന്നെ എകെജി സെന്‍ററിലേയ്ക്കു വിളിപ്പിച്ചു. എന്നെ വരവേറ്റത് സ്വതസിദ്ധമായ ശൈലിയില്‍ മേല്‍പ്പറഞ്ഞ കുറേ ചോദ്യങ്ങള്‍.
രണ്ടു മണിക്കൂറോളം എന്നെപ്പിടിച്ചിരുത്തി കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കി. വിവാദത്തിന്‍റെ എല്ലാ വശങ്ങളും കേട്ടു. ആവര്‍ത്തിച്ചു വിശദീകരിപ്പിച്ച് സംശയങ്ങള്‍ ദുരീകരിച്ചു. ആ രണ്ടു മണിക്കൂര്‍ കൊണ്ട് അദ്ദേഹം എന്നില്‍ നിറച്ച ആത്മവിശ്വാസവും ധൈര്യവും ഇന്നും പുളകത്തോടു കൂടിയേ ഓര്‍ക്കാനാവൂ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ മാധ്യമങ്ങള്‍ പടര്‍ത്തിയ അപവാദ വാര്‍ത്തകള്‍ക്ക് കഴിഞ്ഞില്ല.
സഖാവ് നായനാര്‍ അദ്ദേഹം നേതൃത്വം നല്‍കിയ മന്ത്രിസഭയുടെ സംഭാവനയാണല്ലോ ജനകീയാസൂത്രണം. അദ്ദേഹത്തിനറിയാത്തതൊന്നും എവിടെയും നടന്നിട്ടുമില്ല. അധികാരവികേന്ദ്രീകരണം എന്ന ആശയം നടപ്പാക്കുന്നതില്‍ നേരിട്ട വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്തത് അദ്ദേഹത്തിന്‍റെ നേതൃപരമായ ഇടപെടലിലൂടെയായിരുന്നു. നര്‍മ്മവും കാര്‍ക്കശ്യവും ഇരുത്തം വന്ന രാഷ്ട്രീയനേതാവിന്‍റെ നയചാതുരിയുമൊക്കെ തരാതരംപോലെ പുറത്തെടുത്താണ് അദ്ദേഹം പ്രതിബന്ധങ്ങള്‍ മറികടന്നത്. അധികാരവും പണവും ഭരണസംവിധാനത്തിന്‍റെ താഴേത്തട്ടിലേയ്ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പും ആശങ്കയും പിടിവാശിയുമൊക്കെ നേരിടും. മുന്നണി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിസഭയാകുമ്പോള്‍, അവ പരിഹരിക്കണമെങ്കില്‍ രാഷ്ട്രീയനേതൃത്വത്തിന്‍റെ നിരന്തരമായ ഇടപെടലുകളുണ്ടാകണം. സഖാവ് നായനാരുടെ നേതൃശേഷി തന്നെയായിരുന്നു പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മുന്നോട്ടുള്ള യാത്ര എളുപ്പത്തിലാക്കിയത്. അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കേണ്ട രാഷ്ട്രീയഉത്തരവാദിത്തം ഇടതുപക്ഷ മന്ത്രിസഭയ്ക്കുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ ആശയവ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു.
പാര്‍ടി സഖാക്കളുടെ കാരണവരായിരുന്നു അദ്ദേഹം എന്നും. സഖാവും സഖാക്കളും ആ പദവി നന്നായി ആസ്വദിച്ചിരുന്നു. സഖാവ് നായനാര്‍ പ്രസംഗിക്കാനെത്തിയാല്‍ കേരളത്തിന്‍റെ ഏതു മുക്കും മൂലയും ജനസാഗരമായി ഇരമ്പി മറിയുമായിരുന്നു. അതിനു കാരണം, ജനങ്ങളുമായി അദ്ദേഹം നിര്‍ബന്ധബുദ്ധിയോടെ പരിപാലിച്ച ഹൃദയബന്ധമായിരുന്നു. ആര്‍ദ്രമായ മനസും അലിവുള്ള ഹൃദയവും അദ്ദേഹത്തെ രാഷ്ട്രീയത്തിനതീതമായി കേരളത്തിനു പ്രിയങ്കരനാക്കി.
ഈ ഡിസംബര്‍ ഒമ്പതിന് സഖാവ് നായനാരുടെ നൂറാം ജന്മദിനം. നവകേരള സൃഷ്ടിയെന്ന ബൃഹദ് യജ്ഞത്തിന് അദ്ദേഹത്തിന്‍റെ സ്മരണകള്‍ ഉശിരും ഊര്‍ജവും നിറയ്ക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..