03 November Sunday

"അച്ഛന്റെ കയ്യിൽ പണമില്ല, അപ്പോഴാണ് സ്വർണമോതിരത്തെ കുറിച്ച് ഓർത്തത് '; വയനാടിനെ ചേർത്തുപിടിച്ച് കുഞ്ഞുമനസ്സ്

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കണ്ണൂർ> കുഞ്ഞു നീരവിന്റെ സ്വർണമോതിരത്തിന് പത്തരമാറ്റ് തിളക്കം. വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാനായി തന്റെ സ്വർണമോതിരമാണ് ചുഴലി ഈസ്റ്റ് എഎൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരൻ കൈമാറിയത്. മൂന്നാം ക്ലാസുകാരന്‍ നീരവ് കൃഷ്‌ണയും ഏട്ടന്‍ നിശാല്‍ കൃഷ്‌‌ണയും ചേര്‍ന്ന് നാല് സ്വര്‍ണ മോതിരമാണ് ദുരിതബാധിതര്‍ക്കായി കൈമാറിയത്.

"രാവിലെ അച്ഛനോട് വയനാട്ടില്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചു. എനിക്കും അവരെ സഹായിക്കണമെന്നു പറഞ്ഞു. എന്താണ് ചെയ്യുക. അച്ഛന് പണിയില്ല. അപ്പോഴാണ് ഷെല്‍ഫിലുള്ള സ്വര്‍ണമോതിരത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അവര്‍ക്ക് പൂര്‍ണ്ണസമ്മതം. എനിക്ക് സന്തോഷമായി. ഏട്ടനും അമ്മയും എന്റെ കൂടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മോതിരം നല്‍കി. എന്റെയും ഏട്ടന്റെയും മൂന്ന് മോതിരവും അമ്മയുടെ ഒന്നും"-  നീരവ് കൃഷ്‌ണ ഡയറിയിൽ കുറിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് കുഞ്ഞുമനസിലെ കരുതൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.  അച്ഛന്റെ കൈയിൽ പണമില്ലാത്തതിനാൽ സ്വർണ മോതിരം നൽകാനാണ് ഈ കുഞ്ഞു മനസിലെ നന്മ തീരുമാനിച്ചത്. നീരവും ചുഴലി ഗവ. ഹയർ സെക്കൻഡറി ഏഴാം ക്ലാസിൽ പഠിക്കുന്ന ഏട്ടൻ നിശാൽ കൃഷ്ണയും ചേർന്ന് നാല് സ്വർണ മോതിരമാണ് നൽകിയത്. നമ്മൾ അതിജീവിക്കും- സനോജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top