ഓട്ടിസം വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരൊറ്റ രോഗമല്ല. രോഗം എന്നു പറയുമ്പോള്‍തന്നെയും ഇത് ചികിത്സിച്ചുമാറ്റാവുന്ന രോഗം എന്ന ഗണത്തില്‍പെടുന്നുമില്ല. വളര്‍ച്ചയുടെ ഭാഗമായി തലച്ചോറിന്റെ സവിശേഷതകള്‍കൊണ്ട് ഉണ്ടാകുന്ന ഒരുതരം പ്രത്യേക വ്യക്തിത്വ അവസ്ഥയാണ് ഓട്ടിസം. ഈ അവസ്ഥകൊണ്ട് ഇതുള്ള കുട്ടികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം പൊതുവായ രീതിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. അവരുടെ ചുറ്റുപാടുള്ളവര്‍ക്കും ഇവരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുന്നു.
പല കാരണങ്ങള്‍ ഓട്ടിസം ഉണ്ടാക്കുന്നതായി ശാസ്ത്രം അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആധികാരികതയുള്ള കാരണം ജനിതകമാണ്. അതില്‍തന്നെയും പല ജീനുകളുടെ പലവിധ കുഴപ്പങ്ങള്‍കൊണ്ട് ഉണ്ടാകാമെന്നാണ് കണ്ടുപിടിത്തങ്ങള്‍. ഈ വൈവിധ്യത്തിന്റെ മൂലകാരണം ഓട്ടിസം ഉള്ളവരുടെ അവസ്ഥയുടെ വൈവിധ്യങ്ങളാണ്. പലതരത്തിലെ മറ്റു കുഴപ്പങ്ങളും ഇവരില്‍ ഉണ്ടാകാറുണ്ട്. സാധാരണമായി എന്ന പോലെ സംസാരിക്കുന്നവരും ഒരു വാക്കുപോലും സംസാരിക്കാത്തവരും എന്നതില്‍തുടങ്ങി ബുദ്ധിമാന്ദ്യം ഉള്ളവരും സാധാരണയില്‍ക്കവിഞ്ഞ ബുദ്ധിശക്തി ഉള്ളവരും എന്നതുവരെ ഇതിന്റെ വൈവിധ്യങ്ങളാണ്.
തിരിച്ചറിയുക, മൂന്ന് മേഖലകള്‍
ഓട്ടിസം രോഗനിര്‍ണയം നടത്താന്‍ മൂന്ന് പ്രധാനപ്പെട്ട മേഖലകളാണുള്ളത്, സമൂഹമായും വ്യക്തികളുമായും പരസ്പരം ഇടപഴകുന്നതിനുള്ള കഴിവുകളിലെ അപാകം, പെരുമാറ്റത്തിലെ ആവര്‍ത്തനങ്ങള്‍, ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍. ഇത് മൂന്നും ഏറിയും കുറഞ്ഞും ഒരുമാതിരിപ്പെട്ട എല്ലാ ഓട്ടിസം കുട്ടികളും കാണിക്കുന്നുണ്ട്. ഇതിനുപുറമെയാണ് മറ്റ് അവസ്ഥകളുള്ളത്. ഇത് മൂന്നിനുംഒരു സ്പീച്ച് തെറാപ്പിസ്റ്റ് തെറാപ്പി കൊടുക്കുന്നവയും ആണ്. സ്പീച്ച് തെറാപ്പി എന്നതിനുപകരം ഓട്ടിസത്തിന് ആശയവിനിമയ തെറാപ്പി എന്നതാണ് കൂടുതല്‍ ചേരുന്ന പേര്. (ഓട്ടിസം ആണെന്ന് രോഗനിര്‍ണയം നടത്തുന്നതിലും സ്പീച്ച് തെറാപ്പിസ്റ്റിന് സുപ്രധാന പങ്കുണ്ട്).
അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ പബ്ളിക് സ്കൂളില്‍ മറ്റ് കുട്ടികളോടൊപ്പംതന്നെയാണ് ഓട്ടിസം കുട്ടികളും പഠിക്കുന്നത്. മുഖ്യധാരയിലെ സ്കൂളുകളില്‍തന്നെ അവരും പഠിക്കണമെന്നത് അവരുടെ അവകാശമായി അംഗീകരിച്ച് നടത്തുന്ന ഒരു പോളിസിയാണിത്. ഒട്ടുമിക്ക പബ്ളിക് സ്കൂളുകളിലും സ്പീച്ച് തെറാപ്പിസ്റ്റ് ഉണ്ട്. ഓരോ കുട്ടിക്കും അവരുടെ ആവശ്യങ്ങളനുസരിച്ചാണ് തെറാപ്പി തീരുമാനിക്കുക. ഇതിനായി ക്ളാസ് ടീച്ചര്‍, മാതാപിതാക്കള്‍, സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നിവര്‍ ചേര്‍ന്നൊരു ടീംതന്നെ ഉണ്ടാകും. കുട്ടികളെല്ലാം ലക്ഷണങ്ങള്‍ ഒരേ അളവിലല്ല പ്രകടമാക്കുന്നത്. കൂടാതെ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇന്ദ്രിയാനുഭവ (sensory) വിഷയങ്ങളും ഉണ്ടാകും. ഇന്ദ്രിയസംബന്ധമായ അനുഭവങ്ങളില്‍ ഇവര്‍ക്ക് നേരിടുന്ന വ്യതിയാനങ്ങള്‍, ചിലര്‍ ശബ്ദങ്ങള്‍ക്ക് ഹൈപ്പര്‍സെന്‍സിറ്റീവ് (hyper sensitive) അല്ലെങ്കില്‍ ഹൈപ്പോസെന്‍സിറ്റീവ് (hypo sensitive) ആകും, ചിലര്‍ കാഴ്ചയ്ക്ക്, ചിലര്‍ സ്പര്‍ശനത്തില്‍. തെറാപ്പി എടുക്കുന്നവര്‍ ഇതില്‍ പ്രത്യേകം ശ്രദ്ധ ഊന്നേണ്ട ആവശ്യമുണ്ട്. കാരണം ഇത്തരത്തില്‍ ഒരു അസൌകര്യം സ്ഥിരമായി ഇവര്‍ അനുഭവിക്കുന്നതുകൊണ്ട് തെറാപ്പി കൊടുക്കുന്നത് ഫലവത്താകാന്‍ ബുദ്ധിമുട്ടാകും. ഏതെങ്കിലും കാര്യംകൊണ്ട് അലോസരപ്പെട്ടിരിക്കുന്ന മുതിര്‍ന്നവരോട് ജീവിതത്തിന്റെ തത്വശാസ്ത്രം ചര്‍ച്ചചെയ്യാന്‍ ചെല്ലുന്നപോലെ അനൌചിത്യവും അപ്രായോഗികവുമാണിത്?
സ്പീച്ച് തെറാപ്പി എന്തിന്?
ഓട്ടിസംകുട്ടികള്‍ക്ക് ആശയവിനിമയം നടത്താനുള്ള കഴിവുകള്‍ കഴിയുന്നത്ര പുനഃസ്ഥാപിക്കാനാണ് സ്പീച്ച് തെറാപ്പി ഏറ്റവും ഫലവത്തായി നടത്താന്‍ കഴിയുക. ഇത് സംസാരഭാഷ ഉപയോഗിച്ചുതന്നെ ആകണമെന്നില്ല. ആംഗ്യങ്ങള്‍, കമ്യൂണിക്കേഷന്‍ ബോര്‍ഡുകള്‍, ഐപാഡ്/ടാബ്ലെറ്റ് പോലുള്ള ഉപകരണങ്ങള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. വിശക്കുന്നതിനും, വേദനിക്കുന്നതിനും തുടങ്ങി അവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ ആശയവിനിമയം നടത്താന്‍തന്നെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇത് പുനഃസ്ഥാപിക്കുന്നത് ആദ്യപടിയാണ്. അവരില്‍ ചിലര്‍ക്കെങ്കിലും ബാക്കിയാവുന്ന കുറച്ച് സംസാരം വിപുലീകരിക്കാനും പ്രായോഗികമായി ഉപയോഗിക്കാനും സ്പീച്ച് തെറാപ്പി കൊടുക്കാറുണ്ട്. ആംഗ്യങ്ങള്‍ പഠിപ്പിക്കുക പ്രധാനമായും ചൂണ്ടിക്കാണിക്കുക, തലയോ കൈയോ ഉപയോഗിച്ച് വേണ്ട, വേണം എന്നിവ കൃത്യമായൊരു ഉപയോഗരീതിയാക്കുക, അവരുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പ്രകടമായി ഒരു മാധ്യമം ഉണ്ടാക്കുക എന്നീ വഴികളിലാണ്. കമ്യൂണിക്കേഷന്‍ ബോര്‍ഡ് എന്നത് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന പാകത്തിന് ഒരു ബോര്‍ഡിലോ ഒരു പുസ്തകത്തിലോ ചിത്രങ്ങള്‍ ഒട്ടിച്ചുവച്ചിരിക്കുന്നത് എന്നതിനുള്ള പേരാണ്. അവരുടെ കുടുംബാംഗങ്ങളുടെ, അധ്യാപകരുടെ മുതല്‍ അവര്‍ക്ക് കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള കളിപ്പാട്ടം, പോകാറുള്ള ഇടങ്ങള്‍വരെ നിത്യജീവിതത്തില്‍ വേണ്ടിവരുന്ന സകലതും ചിത്രങ്ങളെടുത്ത്, അവര്‍ക്ക് സൌകര്യമുള്ള രീതിയില്‍ ഒരു പേജിലോ ബോര്‍ഡിലോ ആയി നിരത്തി ഇവരെ അത് ഉപയോഗിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഈ രീതികൊണ്ട് സാധ്യമാകുന്നത്. ഇത് ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് പേപ്പറിലും പുസ്തകത്തിലും നടപ്പാക്കുന്നതുപോലെയാണ് വികസിത രാജ്യങ്ങളില്‍ ഐപാഡിലും ടാബ്ലെറ്റ്കളിലും അപ്ളിക്കേഷനുകള്‍ വഴി നടപ്പാക്കുന്നത്. ഏത് മാധ്യമം ഉപയോഗിച്ചും ഓട്ടിസം കുട്ടികളുടെ ആശയവിനിമയം കഴിയാവുന്നയത്ര പുനഃസ്ഥാപിക്കണം എന്നതാണ് ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ പ്രാഥമിക ദൌത്യം.
കുടുംബത്തിന്റെ പങ്ക്
ഓട്ടിസംകുട്ടികളുള്ള കുടുംബാംഗങ്ങള്‍ക്ക് അവരെ എങ്ങനെ ഫലപ്രദമായി പെരുമാറാന്‍ പഠിപ്പിക്കാം, അവരോട് എങ്ങനെ ഫലപ്രദമായി ഇടപഴകാം എന്നതിനുള്ള കൌണ്‍സലിങ്ങും സ്പീച്ച് തെറാപ്പിസ്റ്റിന്റെ ദൌത്യമാണ്. അവര്‍ക്ക് ഒരു സാധാരണജീവിതം എത്രത്തോളം ലഭ്യമാക്കാമോ അത് ചെയ്യാനാണ് തെറാപ്പി സര്‍വീസുകള്‍.
ഓട്ടിസംകുട്ടികള്‍ക്ക് പൊതുവായി ഭാഷ മനസ്സിലാക്കാന്‍ കഴിവുകേടുകള്‍ ഇല്ല, അവര്‍ക്ക് ഭാഷ ഉപയോഗിക്കാനാണ് ബുദ്ധിമുട്ടുള്ളത്. അതുകൊണ്ടുതന്നെ അവരെ ഇരുത്തിക്കൊണ്ട് അവര്‍ക്കുള്ള അവസ്ഥയെക്കുറിച്ച് മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാതിരിക്കുക. സാധാരണ കുട്ടികള്‍ക്ക് വേണ്ടതിലും കൂടുതല്‍ മാനസികവും വൈകാരികവും ആയ പിന്തുണയും കരുതലും ഈ കുട്ടികള്‍ക്ക് അത്യാവശ്യമാണ്. പ്രസവിച്ച കുഞ്ഞിന് ഓട്ടിസം ഉണ്ടായത് അമ്മയുടെ കുഴപ്പമാണെന്നാരോപിച്ച് കുടുംബ ബന്ധങ്ങള്‍ തകരുന്നതായാണ് പലപ്പോഴും കണ്ടിട്ടുള്ളത്, കുടുംബത്തിനകത്ത് നടക്കുന്ന ഇത്തരം വടംവലികളും ഈ കുഞ്ഞുങ്ങളെ ബാധിക്കും. അമ്മയുടെ ശ്രദ്ധക്കുറവോ അമ്മയുടേതു മാത്രമായ എന്തെങ്കിലും കാരണംകൊണ്ടോ അല്ല ഓട്ടിസം ഉണ്ടാകുന്നത്. ഇത് പറഞ്ഞു മനസ്സിലാക്കിക്കാനും സ്പീച്ച് തെറാപ്പിസ്റ്റിന് ബാധ്യതയുണ്ട്.
സാധാരണ കുട്ടികളില്‍നിന്നു വ്യത്യസ്തമായി വാശിയും പെരുമാറ്റ വൈവിധ്യങ്ങളുമുള്ള ഓട്ടിസംകുട്ടികളെക്കുറിച്ച് നാട്ടുകാരും അവബോധരാകണം. ഇത്തരം കുട്ടികളെ കാണുമ്പോള്‍ അവരെയും കൂടെയുള്ളവരെയും ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ഉപദേശിക്കുകയും മറ്റും ചെയ്യാന്‍ തുനിയരുത്. എല്ലാവര്‍ക്കും ഒരേ തരത്തിലല്ല തലച്ചോറ് വളര്‍ച്ച. വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലേ ഈ കുട്ടികള്‍ക്ക് പുനരധിവാസം സാധ്യമാവുകയുള്ളൂ.
വിദ്യാഭ്യാസം ശ്രദ്ധയോടെ
ഈ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം പൊതുവായി ഇന്ത്യയില്‍ അവഗണിക്കപ്പെടുന്നു. വേണ്ടത്ര ആള്‍ബലം ഇല്ലാതെ സ്കൂളുകളില്‍ ഇവരെ പ്രവേശിപ്പിക്കാന്‍ കഴിയുകയില്ല എന്നു പറഞ്ഞ് അവരുടെ വിദ്യാഭ്യാസമെന്ന അടിസ്ഥാന അവകാശം നിഷേധിക്കുകയാണ്. സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സ്പെഷ്യല്‍ സ്കൂള്‍ എന്ന ഒരേയൊരു ആശ്രയം മാത്രമല്ലാതെ മുഖ്യധാരാ സ്കൂളുകളിലെങ്കിലും ഇവര്‍ക്ക് പഠിക്കാനും ഇവരുടെ പുനരധിവാസത്തിനും വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കണം. ഓരോ ജില്ലയിലും ഇത്ര സ്കൂളുകള്‍ എന്ന കണക്കിലെങ്കിലും പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി സുസജ്ജമാക്കണം. സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണം.
(സ്പെയിനില്‍ ഭാഷാശാസ്ത്ര ഗവേഷകയാണ് ലേഖിക)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..