തൊടുപുഴ> ലോകം ആയുർവേദ ദിനം ആചരിക്കുമ്പോൾ ആയുർവേദവും അത് നൽകുന്ന ചിട്ടയ്‍ക്കും പരിരക്ഷയ്‍ക്കും ജീവിതത്തിലുള്ള പ്രാധാന്യവും വർധിക്കുകയാണ്. ആധുനിക മനുഷ്യരുടെ ജീവിതശൈലി, ആഹാര രീതി, തൊഴിലുകളുടെ പ്രത്യേകത, കാലാവസ്ഥ വ്യതിയാനം എന്നിവയിലൂടെ പലതരം അസുഖങ്ങളാണുണ്ടാകുന്നത്. മാലിന്യം അടിഞ്ഞുകൂടി പ്രതിരോധശേഷി നശിക്കും. തിരക്കേറിയ ജീവിതത്തിനിടയിലും ആയുർവേദത്തിന്റെ പ്രാധാന്യവും ഗുണവും ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ടെന്ന് ജില്ലാ ആയുർവേദ ആശുപത്രിയിൽനിന്ന് ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ച ഡോ. സി കെ ഷൈലജ പറയുന്നു.
പ്രസവരക്ഷ ആയുർവേദത്തിലൂടെ
പ്രസവരക്ഷയ്‌ക്കും സുഖചികിത്സയ്‍ക്കും ആയുർവേദത്തിൽ പ്രസക്തിയേറുകയാണ്. അമ്മമാർക്ക് ലഭിക്കുന്ന നല്ല പരിചരണമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യരഹസ്യം. നല്ല ബുദ്ധിയും ആരോഗ്യവുമുള്ള കുഞ്ഞുങ്ങൾക്ക് അമ്മമാർക്ക് ഗർഭകാലത്ത് ലഭിക്കുന്ന മാനസിക ഉല്ലാസവും ഭക്ഷണക്രമവും ഔഷധക്കൂട്ടുകളും ആവശ്യമാണ്. സ്‌ത്രീകളുടെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ പ്രസവാനന്തര ചികിത്സയിലൂടെ സാധിക്കും. ഔഷധക്കൂട്ടുകൾ ചേർത്ത എണ്ണതേച്ചുള്ള കുളിക്ക് വേദുകുളിയെന്നാണ് പേര്. ഇതുകൂടാതെ ഏഴുമുതൽ 41ദിവസം വരെയുള്ള മരുന്ന് കഞ്ഞിയും അങ്ങാടിമരുന്ന് പ്രയോഗവും സ്‌ത്രീകൾക്ക് പ്രസവശേഷം ഉണ്ടാകുന്ന നടുവേദന, ക്ഷീണം എന്നിവ അകറ്റും. ശരീരത്തിലെ മാലിന്യം പുറത്തെത്തിച്ച് ശുദ്ധിയാക്കാൻ പഞ്ചകർമ ചികിത്സ അനുയോജ്യമാണ്. വിരേചനം, വമനം, നസ്യം, വസ്‍തി (തൈലം, കിഴി) എന്നിവയാണ് പഞ്ചകർമം.
തിരികെവരാം ആയുർവേദത്തിലേക്ക്
അധ്വാനവും വിശ്രമവും കുറഞ്ഞതും മനസിന്റെ ചാഞ്ചാട്ടവും വ്യായാമക്കുറവുമാണ് പലവിധ രോഗങ്ങൾക്ക് കാരണം. ജീവിതശൈലിയിലും മാറ്റംവേണം. രോഗങ്ങൾ കുറവായിരുന്ന പഴയകാലത്തേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം ആയുർവേദത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ഔഷധ സസ്യങ്ങളുടെ ഗുണഫലവും തിരിച്ചറിയുന്നു. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കാനാണ് തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ ആയുർവേദ വിഭാഗം തുടങ്ങിയത്. ഡോ. സി കെ ഷൈലജയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സേവനം ലഭ്യമാണ്. പ്രസവാനന്തര ചികിത്സയ്‍ക്കൊപ്പം കുഞ്ഞുങ്ങൾക്കുള്ള പരിപാലനം സൗജന്യമാണ്. യോഗ, കൗൺസിലിങ് എന്നിവയ്‌ക്കും സൗകര്യമുണ്ട്. ആയുർവേദ ചികിത്സ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാരും മികച്ച ഇടപെടലുകളാണ് നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..