23 December Monday

ചെള്ളുപനിക്കെതിരെ ജാഗ്രത

ഡോ. എം മുഹമ്മദ് ആസിഫ്Updated: Sunday Sep 1, 2024

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലും  തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും സൈനികരെ വലച്ച രോഗമായിരുന്നു ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. ഇന്നും പ്രദേശങ്ങൾ ചെള്ളുപനിയുടെ തീവ്രമേഖലയാണ്. ഇന്ത്യയിൽ പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് അധികം ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ  ചെള്ളുപനി  റിപ്പോർട്ട് ചെയ്യുന്നുണ്ട്‌.
രോഗം പരത്തുന്നത്

ചിഗ്ഗർ മൈറ്റുകൾ

മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന ജന്തുജന്യരോഗങ്ങളുടെ പട്ടികയിലാണ്‌ ചെള്ളുപനി. ഓറിയൻഷ്യ സുസുഗാമുഷി എന്നയിനം ബാക്ടീരിയകളാണ്  രോഗമുണ്ടാക്കുന്നത്. എലിവർഗത്തിൽപ്പെട്ട ജീവികളുടെ ശരീരത്തിൽ കാണുന്ന  ബാക്ടീരിയയാണിത്‌. രോഗകാരണമായ ബാക്ടീരിയ അണുക്കളെ നേരിട്ട് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കുമെല്ലാം പടർത്തുന്നത് 0.01 ഇഞ്ച് മാത്രം വലിപ്പമുള്ള ചെറുപ്രാണികളായ മൈറ്റ് അഥവാ
ചിഗ്ഗർ മൈറ്റുകളാണ്.

ചിഗ്ഗർ മൈറ്റുകൾ എലി, പെരുച്ചാഴി, അണ്ണാൻ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ ശരീരത്തിലും പുല്ലിലുമെല്ലാമാണ് പൊതുവെ കാണുന്നത്‌. മൈറ്റുകളുടെ കടിയേൽക്കുമ്പോൾ എലിവർഗത്തിൽപ്പെട്ട ജീവികളിൽ ബാക്ടീരിയകൾ എത്തി പെരുകും. എലികളിൽനിന്ന്‌ പുതിയ മൈറ്റുകളിലേക്ക്‌ ബാക്ടീരിയകൾ പകരും. അണുവാഹകരായ പെൺ മൈറ്റുകളിൽനിന്ന് അവയിടുന്ന മുട്ടകളിലേക്കും മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാർവകളിലേക്കും ലാർവകൾ വലുതായുണ്ടാകുന്ന മുതിർന്ന മൈറ്റുകളിലേയ്ക്കുമെല്ലാം അണുവിന്റെ സ്വാഭാവിക വ്യാപനം നടക്കും.

ചിഗ്ഗർ മൈറ്റുകളുടെ കടിയേൽക്കുമ്പോൾ രോഗകാരിയായ ഓറിയൻഷ്യ സുസുഗാമുഷി ബാക്ടീരിയകൾ മനുഷ്യരിലുമെത്തും. മഴക്കാലത്തെ  നനവുള്ള സാഹചര്യത്തിൽ എലികളിൽ കൂടുതലായി ഇത്തരം മൈറ്റ് പരാദങ്ങൾ കാണുന്നതിനാൽ രോഗ വ്യാപനത്തിന്‌  സാധ്യത കൂടുതലാണ്. മൈറ്റ് അഥവാ മണ്ഡരി ലാർവകൾ വഴി പകരുന്നതിനാൽ മൈറ്റ് ഫീവർ എന്നും രോഗം അറിയപ്പെടുന്നു. ഓസ്ട്രേലിയൻ ബാക്ടീരിയോളജിസ്റ്റായിരുന്ന  ഡോറ മേരി ലഷ് മരിച്ചത്‌ ചെള്ളുപനി രോഗത്തിന് വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു. 1943 ഏപ്രിൽ 27 ന്  പരീക്ഷണത്തിനിടെ ഓറിയൻഷ്യ സുസുഗാമുഷി
അണുക്കളുള്ള സൂചി അബദ്ധത്തിൽ വിരലിൽ കുത്തിയതിനെ തുടർന്നാണ് രോഗബാധയുണ്ടായത്‌.

 എങ്ങനെ തിരിച്ചറിയാം


മൈറ്റുകളുടെ കടിയേറ്റാൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കടിയേറ്റ ശരീരഭാഗത്ത് തുടക്കത്തിൽ  ചെറിയ ചുവന്ന തടിച്ച പാട് കാണും. പിന്നീട് സിഗരറ്റുകൊണ്ട് പൊള്ളിച്ചതുപോലെ കറുത്ത വ്രണമായി  മാറുകയും ചെയ്യുന്നതാണ്  പ്രധാന സൂചന.  എല്ലാവരിലും ഈ ലക്ഷണം കാണണമെന്നുമില്ല. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റ് പ്രധാന രോഗലക്ഷണങ്ങൾ. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി സമാന ലക്ഷണങ്ങളുള്ള രോഗങ്ങളിൽനിന്നെല്ലാം ചെള്ളുപനിയെ വേർതിരിച്ചറിഞ്ഞ് ചികിത്സ നൽകേണ്ടതുണ്ട്. ലക്ഷണം നീണ്ടുനിൽക്കുകയും മതിയായ ചികിത്സ ഉറപ്പുവരുത്താതെയുമിരുന്നാൽ  രോഗം തീവ്രമാകും. കർഷകർ, കർഷകത്തൊഴിലാളികൾ,  കാടുമായി ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ എന്നിവരിലായിരുന്നു മുമ്പ്‌  പൊതുവെ കണ്ടിരുന്നതെങ്കിൽ  നഗരമേഖലകളിൽ ജീവിക്കുന്നവരിലും രോഗം  ഇപ്പോൾ കാണുന്നുണ്ട്.  

 പ്രതിരോധം

വനപ്രദേശങ്ങളിലും പുൽമേടുകളിലുമെല്ലാം പോകുന്നവർ  മൈറ്റ് ലാർവകളുടെ കടിയേൽക്കാതിരിക്കാൻ  നീണ്ടവസ്ത്രങ്ങളും കൈയുറയും ഗംബൂട്ടുകളും ധരിക്കണം. മൈറ്റുകളെ അകറ്റി നിർത്തുന്ന ബെൻസൈൽ ബെൻസോയേറ്റ് പോലുള്ള ലേപനങ്ങൾ ശരീരത്തിൽ പുരട്ടുന്നത് ഉചിതം. മടങ്ങിവന്നാലുടൻ ചൂടുവെള്ളത്തിൽ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും വേണം. വനപ്രദേശങ്ങളിൽ ജോലിക്കു പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. എലി നശീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ചെള്ളുപനി പ്രതിരോധത്തിൽ വലിയ പങ്കുണ്ട്.

(മൃഗസംരക്ഷണവകുപ്പിൽ  
വെറ്ററിനറി സർജനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top