27 December Friday

വയറിളക്കരോഗത്തെ കരുതിയിരിക്കുക

ഡോ. ബിനോയ്‌ എസ്‌ ബാബുUpdated: Sunday Jul 28, 2024


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്ത്‌ ഒന്നുമുതൽ 59 മാസംവരെ പ്രായമുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്‌ വയറിളക്കരോഗം. ഓരോ വർഷവും 5 വയസ്സിന് താഴെയുള്ള 4,43,832 കുട്ടികളും 5 മുതൽ 9 വയസ്സുവരെയുള്ള 50,851 കുട്ടികളും വയറിളക്കംമൂലം മരിക്കുന്നുവെന്നുള്ള കണക്ക്‌ അമ്പരപ്പിക്കുന്നതാണ്‌. ആഗോളതലത്തിൽ, ഓരോ വർഷവും ഏകദേശം 1.7 ബില്യൺ കുട്ടികൾക്ക്‌ വയറിളക്ക രോഗങ്ങളുണ്ടാകുന്നു. സാധാരണ കാണുന്ന   രോഗമായതിനാൽ വയറിളക്കം ജീവൻ അപഹരിക്കും എന്ന വസ്തുത നാം പലപ്പോഴും മറക്കാറുണ്ട്. ശരീരത്തിൽനിന്നും ദ്രാവകവും ലവണങ്ങളും നഷ്ടമാകുന്ന നിർജലീകരണത്തിനും തുടർന്ന് മരണത്തിനും കാരണമാകുമെന്നത് മനസ്സിലാക്കണം.  കൃത്യസമയത്ത് പാനീയ ചികിത്സ ലഭ്യമാക്കി തുടർചികിത്സ നൽകുന്നതിലൂടെ മരണം ഒഴിവാക്കാം. രോഗപ്രതിരോധത്തിനായി വ്യാപകമായ ബോധവൽക്കരണവും അനിവാര്യമാണ്‌. എല്ലാവർഷവും ജൂലൈ 29 ലോക ഒആർഎസ്‌ ദിനമായി ആചരിക്കുന്നതും ഇതിന്റെ ഭാഗമായാണ്‌.

ചരിത്രം
കോളറ ബാധിച്ച ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവൻ രക്ഷിച്ച ഓറൽ റീഹൈഡ്രേഷൻ തെറാപ്പിയുടെ പിന്നിൽ ഇന്ത്യാക്കാരനായ ഡോ. ദിലീപ് മഹലനോബിസ്‌ ആയിരുന്നു. അറുപതുകളിൽ കൊൽക്കത്തയിൽ ഗവേഷകനായെത്തിയ  ഡോ. ദിലീപും അദ്ദേഹം നയിച്ച ടീമുമാണ്‌ പാനീയ ചികിത്സയിൽ വഴിത്തിരിവായ ഒആർഎസ്‌ (Oral rehydration solutions) ആദ്യമായി വികസിപ്പിച്ചത്‌. 1971ൽ ബംഗ്ലാദേശ്‌ അഭയാർഥി ക്യാമ്പുകളിൽ കോളറ പടർന്നു പിടിച്ചപ്പോൾ രക്ഷയായത്‌ ഒആർഎസ്‌ ആയിരുന്നു. ഇതോടെ വയറിളക്കത്തിനുള്ള സാർവത്രിക ചികിത്സയായി ഓറൽ റീഹൈഡ്രേഷൻ തെറാപ്പി അംഗീകരിക്കപ്പെട്ടു.  ഇന്ത്യയിൽ ഓരോ വർഷവും വയറിളക്കംമൂലം ഏകദേശം 50,000 കുട്ടികൾ മരിക്കുന്നുവെന്നാണ് കണക്ക്‌.

വയറിളക്കം
മൂന്നോ അതിലധികമോ ദിവസങ്ങളിലായി അയഞ്ഞതോ ദ്രാവകരൂപത്തിലോ മലം പോകുന്നതിനെയാണ് വയറിളക്കമെന്ന് നിർവചിച്ചിരിക്കുന്നത്. ഒആർഎസും സിങ്ക് ഗുളികകളും കൊടുക്കുന്നതിലൂടെ നിർജലീകരണം തടയാനും വയറിളക്കംമൂലമുള്ള മരണങ്ങൾ ഒഴിവാക്കാനുമാവും. സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും, കൈകഴുകൽ, ശുചിത്വം, പ്രതിരോധ കുത്തിവയ്പ്‌ എന്നിവയും പ്രധാനം.

പാനീയ ചികിത്സ
വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുക വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് എന്നിവ ഇതിനായി ഉപയോഗിക്കാം. ഒആർഎസിനൊപ്പം സിങ്കും നൽകണം.  കാലാവധി കഴിഞ്ഞ ഒആർഎസ്‌ പാക്കറ്റ്‌ ഉപയോഗിക്കരുത്‌. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. സംശയങ്ങൾക്ക് അതത്‌ പ്രദേശത്തെ ജെപിഎച്ച്എൻ, ആശാ പ്രവർത്തക തുടങ്ങിയവരെ സമീപിക്കാം.

പ്രതിരോധിക്കാം
■ കുഞ്ഞുങ്ങൾക്ക് 6 മാസംവരെ മുലപ്പാൽമാത്രം നൽകുക.
■ അവർക്ക്‌ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുക.
■ പഴകിയ ഭക്ഷണം നൽകരുത്.
■ തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കാൻ ഉപയോഗിക്കുക.
■ വിസർജ്യവസ്‌തുക്കൾ തുറസായ സ്ഥലത്തോ വെള്ളത്തിലോ നിക്ഷേപിക്കരുത്‌.
■ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുമുമ്പ്‌ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
■ പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
■ മീസിൽസ്‌ വാക്‌സിനേഷൻ കൃത്യസമയത്ത്‌ നൽകുക.
■ പ്രതിരോധ ചികിത്സാപട്ടിക അനുസരിച്ച്‌ വൈറ്റമിൻ എ ഡോസുകൾ നൽകുക.

(ഹെൽത്ത്‌ ഡയറക്ടറേറ്റ്‌ ഒആർടി അസിസ്റ്റന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top