28 December Saturday

കൊറോണ രോഗബാധിത പ്രദേശങ്ങളിൽനിന്ന്‌ വരുന്നവർ 28 ദിവസവും വീടുകളിൽതന്നെ കഴിയണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

തിരുവനന്തപുരം> കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുമെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ  മന്ത്രി കെ കെ ശൈലജ  അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരില്‍ കൊറോണ വൈറസ്ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടതാണ്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

വീടുകളില്‍ കഴിയുമ്പോള്‍ പ്രത്യേക മുറിയും പ്രത്യേക ടോയ്‌ലറ്റും ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായി ഇടപെടുമ്പോള്‍ ഒരു മീറ്റര്‍ അകലം എങ്കിലും പാലിക്കണം.  വീട്ടില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ മറ്റ്‌ പരിപാടികളിൽ പങ്കെടുക്കുകയോ പാടില്ല.

വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, തുണി, മാസ്‌ക് എന്നിവയേതെങ്കിലും ഉപയോഗിച്ച് മറയ്ക്കണം. കൈ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം. ധാരാളം വെള്ളം കുടിക്കണം. തങ്ങള്‍ വീട്ടില്‍ ഉള്ള വിവരം ജില്ല കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വൈദ്യ സഹായം ആവശ്യപ്പെടണം.

ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. നമുക്ക് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി നാടിന് വേണ്ടി എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top