ആരോഗ്യത്തോടെ ജീവിക്കുക ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. വൈദ്യശാസ്ത്രവും ചികിത്സാ സാങ്കേതികവിദ്യകളും വലിയ പുരോഗതി കൈവരിക്കുകയും പുതിയ മേഖലകളിലേക്ക് കടക്കുകയും ചെയ്യുന്നതിനാൽ രോഗങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്തി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനുള്ള വഴികൾ ഇന്ന് വളരെയേറെയുണ്ട്.
പക്ഷേ, മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിവരുന്ന പണച്ചെലവ് സാധാരണക്കാരന് വലിയ വെല്ലുവിളിയാകുന്നു. ഇവിടെയാണ് ഹെൽത്ത് അഥവാ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ തുണയാകുന്നത്. രോഗംമൂലമോ അപകടത്തിൽപ്പെട്ടോ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കേണ്ടിവന്നാൽ ചികിത്സാചെലവ് ലഭ്യമാക്കുകയാണ് ഈ പോളിസികൊണ്ട് ലക്ഷ്യമിടുന്നത്.
എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസിയിലും എല്ലാ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കണമെന്നില്ല. അതിനാൽ ഏതിനൊക്കെ ലഭിക്കും ഏതിന് ലഭിക്കില്ല എന്നത് കൃത്യമായി അന്വേഷിച്ച് അറിയണം. ഓരോ വ്യക്തിക്കും ചികിത്സയ്ക്ക് നിശ്ചിത തുക ലഭ്യമാകുന്ന വ്യക്തിഗത പോളിസിയും കുടുംബത്തിൽ എല്ലാവർക്കുംകൂടി പരിരക്ഷ നേടാവുന്ന ഫാമിലി ഫ്ലോട്ടർ പോളിസിയുമുണ്ട്.
ഏതെല്ലാം ചെലവുകൾ ലഭിക്കും
സാധാരണയായി മുറിവാടക, ശുശ്രൂഷാ ചെലവ്, ഡോക്ടറുടെ ഫീസ്, അനസ്തേഷ്യ, രക്തം, ഓക്സിജൻ, ഓപ്പറേഷൻ തിയറ്റർ ചാർജ്, സർജിക്കൽ അപ്ലയൻസസ്, മരുന്നുകൾ, ഡയഗ്നോസ്റ്റിക് മെറ്റീരിയൽ, എക്സ്റേ, ഡയാലിസിസ്, കീമോതെറാപ്പി, റേഡിയോ തെറാപ്പി, പേസ്‌മേക്കർ, കൃത്രിമ അവയവം, അവയവം മാറ്റിവയ്‌ക്കുന്നതിനുള്ള ചെലവ് ഇവയൊക്കെയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിലൂടെ ലഭിക്കുന്നത്. ഇപ്പോൾ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കേണ്ടിവന്നാൽ "കൺസ്യൂമബ്ൾസ്" ഉൾപ്പെടെ മുഴുവൻ ചെലവുകളും ലഭിക്കുന്ന വ്യത്യസ്തങ്ങളായ പോളിസികളുമുണ്ട്. അധിക പ്രീമിയം നൽകി ആഡ് ഓൺ കവറുകളും നേടാവുന്നതാണ്.
വ്യക്തിഗത പോളിസിയും
ഫാമിലി ഫ്ലോട്ടറും
ഓരോ വ്യക്തിക്കും നിശ്ചിത തുക ലഭ്യമാകുന്ന വ്യക്തിഗത പോളിസിയും കുടുംബത്തിൽ എല്ലാവർക്കുംകൂടി പരിരക്ഷ നേടാവുന്ന ഫാമിലി ഫ്ലോട്ടർ പോളിസിയുമുണ്ട്. ഫാമിലി ഫ്ലോട്ടറിൽ പറഞ്ഞിരിക്കുന്ന പരമാവധി തുക ഒരാളുടെ ചികിത്സയ്ക്കോ കുടുംബത്തിലെ എല്ലാവർക്കുംകൂടിയോ ലഭിക്കും. താരതമ്യേന കുറഞ്ഞ ചെലവിൽ കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കാവുന്നതാണ് ഫാമിലി ഫ്ലോട്ടർ പോളിസികൾ. കുടുംബാംഗങ്ങളുടെ എണ്ണം രണ്ടാണെങ്കിൽ അഞ്ച് ശതമാനവും മൂന്നാണെങ്കിൽ പത്ത് ശതമാനവും നാലോ അതിലധികമോ ആണെങ്കിൽ 15 ശതമാനവും പ്രീമിയത്തിൽ ഇളവും ലഭിക്കും.
പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙പോളിസിയും ഒപ്പമുള്ള രേഖകളും നന്നായി വായിച്ച് മനസ്സിലാക്കണം.
∙ഓരോരുത്തർക്കും അനുയോജ്യമായ, വരുമാനത്തിന് ഇണങ്ങുന്ന പോളിസി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
∙ഐആർഡിഎയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പോളിസിയായിരിക്കണം. അത് ലൈസൻസുള്ള ഏജന്റ്/ബ്രോക്കർമാരിൽനിന്ന് അല്ലെങ്കിൽ കമ്പനിയിൽനിന്ന് നേരിട്ട് എടുക്കുന്നതാണ് നല്ലത്.
∙എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും എല്ലാ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കണമെന്നില്ല. അതിനാൽ ഏതിനൊക്കെ ലഭിക്കും ഏതിന് ലഭിക്കില്ല എന്നത് കൃത്യമായി അന്വേഷിച്ച് അറിയണം.
∙ചികിത്സയ്ക്ക് നിശ്ചിത തുക പോളിസി ഉടമ വഹിക്കണം എന്ന നിബന്ധനയുള്ള പോളിസിയാണെങ്കിൽ അത് എത്ര ശതമാനമായിരിക്കുമെന്ന് ചോദിച്ചറിയണം.
∙മുറിവാടക പരമാവധി എത്രയാണ് അനുവദിച്ചിരിക്കുന്നത് എന്ന് നോക്കണം. അതിൽ കൂടുതലുള്ള മുറിയാണ് എടുക്കുന്നതെങ്കിൽ കിട്ടുന്ന ക്ലെയിമിൽ കുറവുവന്നേക്കാം.
പ്രായം പരിഗണിച്ചുള്ള
പോളിസികൾ
18 മുതൽ 65 വയസ്സുവരെ സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാം. മൂന്നുമാസംമുതൽ 25 വയസ്സുവരെയുള്ള ആശ്രിതരെയും പോളിസിയിൽ ഉൾപ്പെടുത്താം. 65 വയസ്സ് കഴിഞ്ഞവർക്ക് പ്രത്യേക പോളിസികൾ ലഭ്യമാണ്.
വ്യത്യസ്ത പ്രായപരിധിയിലുള്ളവർക്കായി പ്രത്യേകം പോളിസികളുമുണ്ട്. പെൺകുട്ടികൾക്കുള്ള ആശ കിരൺ, ചെറുപ്പക്കാർക്കുള്ള യങ് ഇന്ത്യ ഡിജി ഹെൽത്ത്, യുവഭാരത് ഹെൽത്ത്, ആരോഗ്യ സഞ്ജീവനി, സീനിയർ സിറ്റിസൺ, ക്യാൻസർ ഗാർഡ് എന്നിങ്ങനെ വിവിധ പേരുകളിൽ പലതരം പരിരക്ഷകളിൽ വിവിധ കമ്പനികൾ പോളിസി ലഭ്യമാക്കുന്നുണ്ട്.
പ്രീമിയവും ടോപ് അപ്പും
പോളിസി തുകയുടെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രീമിയം കണക്കാക്കുന്നത്. സാധാരണ മെഡി ക്ലെയിം പോളിസിയിൽ 35 വയസ്സുവരെയാണ് അടിസ്ഥാന പ്രീമിയം. അതിനുശേഷം ഓരോ അഞ്ച് വയസ്സുകഴിയുമ്പോഴും പ്രീമിയം വർധിക്കും (പട്ടിക നോക്കുക).
ഇൻഷുറൻസ് തുക കൂടുതൽ വേണമെങ്കിൽ ടോപ് അപ് പോളിസി എടുക്കാം. ആദ്യപോളിസി തുകയ്ക്ക് മുകളിൽ വരുന്ന ചികിത്സാചെലവാണ് ഇതിൽ കവർ ചെയ്യുന്നത്. ഉദാഹരണത്തിന് അഞ്ചുലക്ഷം രൂപയുടെ മെഡിക്ലെയിം പോളിസിയും അഞ്ചുലക്ഷം രൂപയുടെ ടോപ് അപ് പോളിസിയുമുള്ള വ്യക്തിക്ക് അഞ്ചുലക്ഷം രൂപയിൽ താഴെ ക്ലെയിം എത്ര ഉണ്ടായാലും ആദ്യ പോളിസിയിൽനിന്നാണ് തീർപ്പാക്കുക. അഞ്ചുലക്ഷത്തിന് മുകളിൽ ഒറ്റ ക്ലെയിം ഉണ്ടായാൽ കൂടുതൽ വരുന്ന തുക ടോപ് അപ് പോളിസിപ്രകാരം ക്ലെയിം ചെയ്യാം.
ആശുപത്രിയിൽ കിടക്കേണ്ട സമയം
ചികിത്സാചെലവ് കിട്ടാൻ കുറഞ്ഞത് 24 മണിക്കൂർ ആശുപത്രിയിൽ കിടക്കണമെന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പൊതു നിബന്ധന. എന്നാൽ, സാങ്കേതികവിദ്യ പുരോഗമിച്ചതിനാൽ ഇതിലും കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള ചികിൽസാചെലവുകൾക്കും ഇപ്പോൾ പരിരക്ഷ ലഭ്യമാകും. ആശുപത്രി അഡ്മിഷനുമുമ്പ് 30 ദിവസവും ഡിസ്ചാർജിനുശേഷം 60 ദിവസവും ചികിത്സിച്ചതിന്റെ ചെലവും ലഭിക്കും.
പ്രസവത്തിനും തിമിരത്തിനും പരിരക്ഷ
പുതിയ പോളിസിയിൽ പോളിസി എടുത്ത് 30 ദിവസം കഴിഞ്ഞുവരുന്ന രോഗത്തിനുമാത്രമേ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്നതിന് പരിരക്ഷ ലഭ്യമാകൂ. അതിനുമുമ്പുള്ള രോഗങ്ങൾക്ക് 48 മാസത്തിനുശേഷം പരിരക്ഷ കിട്ടും. എന്നാൽ, ഹെർണിയക്ക് 24 മാസത്തിനുശേഷം പരിരക്ഷ ലഭ്യമാകും. ക്യാൻസർ കെയർ പോളിസിയിൽ പുതിയ പോളിസി തുടങ്ങി 90 ദിവസത്തിനുശേഷം രോഗം കണ്ടുപിടിച്ചാൽമാത്രമാണ് പരിരക്ഷ.
അധിക പ്രീമിയം നൽകിയാൽ ചില പോളിസികളിൽ പ്രസവചികിത്സയ്‌ക്കുള്ള പരിരക്ഷയും കിട്ടും. പോളിസി ആരംഭിച്ചതിനുശേഷം ഗർഭം ധരിച്ചാൽ മാത്രമാണ് ഇതിന് അർഹത. തിമിരചികിത്സയ്ക്ക് (ഓരോ കണ്ണിനും) ഇൻഷുറൻസ് തുകയുടെ 20 ശതമാനം അല്ലെങ്കിൽ 50,000 രൂപ ഏതാണോ കുറവ് അത് ലഭിക്കും.
ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകൾക്കും പരിരക്ഷ കിട്ടും. അവയവം മറ്റിവയ്ക്കൽ ചെലവുകൾ, ഇൻഷുറൻസ് തുകയുടെ ഒരു ശതമാനംവരെ ആംബുലൻസ് കൂലി എന്നിവയും ലഭ്യമാകും. ആശുപത്രിയിൽ കിടക്കുന്ന ദിവസങ്ങളിൽ ഒരു നിശ്ചിത തുക (ക്യാഷ് ബെനിഫിറ്റ്) ലഭിക്കുന്ന പോളിസികളുമുണ്ട്. ആശുപത്രിവാസത്തോടൊപ്പം കൂടുതൽ ചെലവുകൾ ഉണ്ടാകുമ്പോൾ ഇത് ആശ്വാസമാണ്. പരമാവധി പത്തുദിവസംവരെയാണ് ഈ തുക ലഭിക്കുക.
രണ്ട് പോളിസിയും പരാതിയും
ഒരേ നിബന്ധനകളുള്ള ഒന്നിൽ കൂടുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉള്ളവർക്ക് കിടത്തിച്ചികിത്സയ്ക്കുള്ള ചെലവ് മുഴുവൻ ഒരു പോളിസിയിൽനിന്ന് ലഭിച്ചില്ലെങ്കിൽ ബാക്കി തുക രണ്ടാമത്തെ പോളിസിപ്രകാരം ക്ലെയിം ചെയ്യാവുന്നതാണ്. ക്ലെയിം സംബന്ധിച്ച പരാതികൾ കമ്പനിയുടെ പരാതി പരിഹാരസമിതി പരിഹരിച്ചില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാനെയോ ഉപഭോക്തൃ കോടതിയെയോ സമീപിക്കാം. ഐആർഡിഎയുടെ ഐജിഎംഎസ് പോർട്ടലിലും പരാതി നൽകാം.
എല്ലാ ക്ലെയിമും
ക്യാഷ്‌ലെസ്
ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) യുടെ പുതിയ നിർദേശമനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ എല്ലാ ക്ലെയിമും ക്യാഷ്‌ലെസായി തീർപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരാണ്. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി കരാറുള്ള ആശുപത്രിയാണെങ്കിലേ ക്യാഷ്‌ലെസ് സൗകര്യം ലഭ്യമാകൂ. ചെലവുകൾ പോളിസിപ്രകാരമുള്ള പരിധിയിൽ കൂടിയാൽ അധികമായ തുക പോളിസി ഉടമ കൊടുക്കണം.
ക്യാഷ്‌ലെസിന് തയ്യാറാണെന്ന് ആശുപത്രി സമ്മതപത്രം നൽകിയാൽ കരാറില്ലെങ്കിലും ക്യാഷ്‌ലെസ് സൗകര്യം നേടാൻ അവസരമുണ്ട്. മുൻകൂട്ടി നിശ്ചയിച്ച അഡ്മിഷനാണെങ്കിൽ 48 മണിക്കൂറിനുമുമ്പെങ്കിലും ഇ–-മെയിൽവഴി ടിപിഎയ്ക്ക് അറിയിപ്പ് നൽകണം. എമർജൻസി അഡ്മിഷനാണെങ്കിൽ അഡ്മിറ്റായി 48 മണിക്കൂറിനുള്ളിൽ അറിയിച്ചാൽ മതി. പോളിസിയിൽ പറയുന്ന മിനിമം സൗകര്യങ്ങളെങ്കിലുമുള്ള ആശുപത്രിയായിരിക്കണം.
(ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫെലോയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..