24 November Sunday
വാക്കുരുക്കം

ശാസ്ത്രവും പൈതൃകവും കണ്ടുമുട്ടിയപ്പോൾ

എൻ ഇ സുധീർUpdated: Friday Aug 9, 2024

ഡോ.എം എസ് വല്യത്താൻ

 

ശസ്ത്രക്രിയാ ദൗത്യത്തിനൊപ്പം വലിയൊരു ലക്ഷ്യം കൂടി ശ്രീചിത്രയിൽ വല്യത്താൻ ഏറ്റെടുത്തു. കൃത്രിമ ഹൃദയവാൽവ് വികസിപ്പിക്കുക. ഹൃദയവാൽവിന് പ്രശ്നമുള്ള ധാരാളം രോഗികൾ ആദ്യകാലത്തു തന്നെ ശ്രീചിത്രയിൽ എത്തിക്കൊണ്ടിരുന്നു.

പ്രസിദ്ധ കാർഡിയോ തൊറാസിക് സർജനായ ഡോ. എം എസ് വല്യത്താന്റെ ജീവിതത്തിന് തൊണ്ണൂറാം വയസിൽ  തിരശ്ശീല വീണു. ആയുർവേദത്തിലെ സിദ്ധാന്തങ്ങളെയും പ്രക്രിയകളെയും ആധുനിക ജീവശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ നോക്കിക്കണ്ട് അതിനെ ശാസ്ത്രീയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കവേയാണ് ഡോ. വല്യത്താൻ വിടപറഞ്ഞത്. തൊണ്ണൂറാമത്തെ വയസ്സിലും കർമനിരതനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ആയുർവേദ ഗവേഷണ രംഗത്തിനാണ് വലിയ  നഷ്ടമായി മാറുക.

ആയുർവേദിക് ബയോളജി എന്ന ശാസ്ത്രശാഖയെ വിപുലമാക്കുന്നതിലും ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നതിലുമാണ് വല്യത്താൻ എന്ന ഹൃദയശസ്ത്രക്രിയാ വിദഗ്‌ധൻ അദ്ദേഹത്തിന്റെ ജീവിതാസ്തമയ കാലത്ത് വിശ്രമമില്ലാതെ ശ്രമിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ആയുർവേദ ചികിത്സാരംഗത്തിന് വലിയ ഊർജം നൽകിയിരുന്നു.

അറുപതാമത്തെ വയസ്സിൽ ശ്രീചി‌‌ത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഡയറക്ടർ പദവിയിൽ നിന്നു വിരമിച്ചപ്പോൾ ആധുനികവൈദ്യശാസ്ത്രത്തിനോടും മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ ഗുഡ് ബൈ പറഞ്ഞിരുന്നു.

തുടർന്നാണ് അദ്ദേഹം ആയുർവേദ ഗവേഷണത്തിലേക്ക് തിരിഞ്ഞത്. ആധുനിക കേരളത്തിന്റെ നിർമാണത്തിൽ ഈ ഡോക്ടർക്ക് ‌‌ഒരു പങ്കുണ്ട്. അതുകൊണ്ടുതന്നെ പുതിയ തലമുറ അദ്ദേഹത്തെ അടുത്തറിയേണ്ടതുണ്ട്.

ആരാണ് ഡോ. വല്യത്താൻ?

ലോകത്താദ്യമായി ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തിയ അമേരിക്കയിലെ ഡോ. ജോൺ ഹെയ്‌ഷാം ഗിബ്ബണിന്റെ കീഴിലാണ് ഹാർട്ട് ശസ്ത്രക്രിയയിൽ മാവേലിക്കരക്കാരനായ എം എസ് വല്യത്താൻ പരിശീലനം നേടിയത്. കൃത്രിമ ഹൃദയവാൽവ് വികസിപ്പിച്ച ഡോ. ചാൾസ് ഹഫ്‌നഗലിൽ നിന്ന് ഹൃദയവാൽവ് ശസ്ത്രക്രിയയിലും പരിശീലനം നേടി.

അറുപതാം വയസ്സിൽ സർജറിയുടെ കത്തി മടക്കി വയ്ക്കുമ്പോഴേക്കും അദ്ദേഹം എത്ര ഹൃദയങ്ങൾ തുറന്നു എന്നതിന് കൃത്യമായ കണക്കുകളൊന്നുമില്ല. ശ്രീ ചിത്രയിലാണ് കൂടുതലും ചെയ്തത്. 1976 ലാണ്  ശ്രീചിത്രയിലെ ആദ്യത്തെ ഹൃദയ ശസ്ത്രക്രിയ അദ്ദേഹം  നടത്തുന്നത്.

1994ൽ തന്റെ സേവന കാലാവധി പൂർത്തിയാക്കി അവിടെ നിന്നു മടങ്ങും വരെ അദ്ദേഹം ഹൃദയ ശസ്ത്രക്രിയകൾ നിരന്തരം നടത്തിക്കൊണ്ടിരുന്നു.
1974ലാണ് നാൽപ്പതുകാരനായ വല്യത്താൻ അന്നത്തെ കേരളത്തിലെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് കേരളത്തിലേക്ക് വരുന്നത്.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ്‌ ടെക്‌നോളജി എന്ന മെഡിക്കൽ ഗവേഷണ സ്ഥാപനത്തിന്  തുടക്കം കുറിക്കുകയായിരുന്നു ലക്ഷ്യം. തികച്ചും വ്യത്യസ്തവും ആധുനികവുമായ ഒരു ഇൻസ്റ്റിറ്റ്യൂട്ടായാണ് അദ്ദേഹം അതിനെ വിഭാവനം ചെയ്തത്. ലോകനിലവാരമുള്ള ഒരു ചികിത്സാലയവും ഗവേഷണ കേന്ദ്രവും. തുടക്കം മുതൽ അതൊരു പൂർണ റഫറൽ ആശുപത്രിയായിരുന്നു. രോഗികളോടൊപ്പം കഴിയാൻ മറ്റാരെയും അവിടെ അനുവദിച്ചില്ല.

ശ്രീ ചിത്രയിലെ ഡോക്ടർമാരാകട്ടെ അവിടെയല്ലാതെ മറ്റൊരിടത്തും ചികിത്സിച്ചതുമില്ല. കർശനമായ ചിട്ടകളോടെ പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ മെഡിക്കൽ സ്ഥാപനം. അതുവഴി കേരളത്തിൽ പുതിയൊരു ചികിത്സാലയ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു വല്യത്താൻ. അധികാരികൾക്കു മുന്നിലും ചട്ടങ്ങൾ വിധേയപ്പെട്ടില്ല. ശ്രീ ചിത്ര എല്ലാ തലത്തിലും വേറിട്ടു നിന്നു.

ശസ്ത്രക്രിയാ ദൗത്യത്തിനൊപ്പം വലിയൊരു ലക്ഷ്യം കൂടി ശ്രീ ചിത്രയിൽ  വല്യത്താൻ ഏറ്റെടുത്തു. കൃത്രിമ ഹൃദയവാൽവ് വികസിപ്പിക്കുക. ഹൃദയവാൽവിന് പ്രശ്നമുള്ള ധാരാളം രോഗികൾ ആദ്യകാലത്തു തന്നെ ശ്രീ ചിത്രയിൽ എത്തിക്കൊണ്ടിരുന്നു.

അക്കാലത്ത് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഹൃദയവാൽവുകളാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. പന്നികളെ കൊന്ന് അതിന്റെ ഹൃദയവാൽവ് സംസ്‌കരിച്ച് ഉണ്ടാക്കുന്നവ. വിലയാകട്ടെ സാധാരണക്കാർക്ക് താങ്ങാനാവാത്തതും.

ഈ അവസരത്തിലാണ്  കൃത്രിമ ഹൃദയവാൽവ് എന്ന ആശയം വല്യത്താന്റെ മനസ്സിൽ  ഉദിക്കുന്നത്. 1982ൽ അതിനുള്ള ശ്രമം അദ്ദേഹം ശ്രീ ചിത്രയിൽ തുടങ്ങി. ഹൃദയവാൽവ് നിർമാണത്തിന്റെ നേതൃത്വം അദ്ദേഹം തന്നെ ഏറ്റെടുത്തു. ബയോമെഡിക്കൽ റിസർച്ചുകൾക്കായി  ഒരു ടെക്‌നോളജി ഗവേഷണസ്ഥാപനം തന്നെ പൂജപ്പുരയിൽ തുടങ്ങി.

വലിയ പരീക്ഷണങ്ങൾക്കും നിരന്തരമായ പരാജയങ്ങൾക്കും ശേഷം 1990ൽ അത് വിജയം കണ്ടു. അങ്ങനെ നിർമിച്ചെടുത്ത ശ്രീ ചിത്ര ഹൃദയ വാൽവ് 1990ൽ ഒരു രോഗിയിൽ പ്രവർത്തിച്ചു തുടങ്ങി. ഇന്നത് ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേർ ഇന്നിപ്പോൾ ഈ വാൽവുമായി ആശങ്കയില്ലാതെ ജീവിക്കുന്നുണ്ട്.

ആദ്യ വാൽവ് പിടിപ്പിച്ച ചെറുപ്പക്കാരന്റെ കഥ വല്യത്താൻ അനുസ്മരിച്ചിട്ടുണ്ട്. “തൃശൂർ സ്വദേശിയായ മുരളീധരൻ എന്ന ചെറുപ്പക്കാരനാണ് ശ്രീചിത്രയിൽ ആദ്യമായി വാൽവ് ഘടിപ്പിക്കുന്നത്. 1990 ഡിസംബർ ആറിനായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ 30 വർഷമാകുന്നു. എല്ലാ ഡിസംബർ ആറിനും മുരളിധരൻ എന്നെ ഫോൺ വിളിക്കും. താൻ സുഖമായി ജീവിച്ചിരിക്കുന്നു എന്നറിയിക്കാൻ എന്നോണം!”

വല്യത്താൻ തുടങ്ങി വെച്ച മറ്റൊരു പദ്ധതിയാണ് ശ്രീചിത്ര ബ്ലഡ് ബാഗ്. അക്കാലത്ത് കുപ്പികളിലാണ് ആശുപത്രികളിൽ രക്തം ശേഖരിച്ചു സൂക്ഷിച്ചത്. അത് സുരക്ഷിതമായിരുന്നില്ല. അപൂർവം ചില ആശുപത്രികൾ മാത്രം വിദേശ നിർമിത ബ്ലഡ് ബാഗുകൾ ഇറക്കുമതി ചെയ്തു പോന്നു. അതിനാകട്ടെ വലിയ വിലയും. ഈ സാഹചര്യത്തിലാണ് ചെലവു കുറഞ്ഞ ബ്ലഡ് ബാഗുകൾ നിർമിക്കുന്നതിനെപ്പറ്റി വല്യത്താൻ ചിന്തിച്ചത്.

അതിന്റെ ഫലമായാണ് ശ്രീചിത്രയിൽ രൂപം കൊടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പെൻപോൾ ബ്ലഡ് ബാഗുകൾ നിർമിച്ചെടുത്തത്. അത് മറ്റൊരു വിപ്ലവമായിരുന്നു. അങ്ങനെ ശ്രീചിത്രയിൽ വൈദ്യശാസ്ത്രവും സാങ്കേതിക വിദ്യയും കൈകോർത്ത് വലിയ മുന്നേറ്റങ്ങൾ നടത്തി.

ഇങ്ങനെ വിപ്ലവകരമായ പലതും ചെയ്ത് ശ്രീചിത്രയെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാക്കി മാറ്റി. എന്നിട്ടും തന്റെ കാലാവധി പൂർത്തിയായ 1994ൽ തന്നെ വല്യത്താനെന്ന സ്ഥാപക ഡയറക്ടർ ശ്രീചിത്ര വിട്ടു. സർജറി എന്നന്നേക്കുമായി ഉപേക്ഷിച്ചു. ഒരു ദൗത്യം തുടങ്ങുന്നതുപോലെ പ്രധാനമാണ് അത് അവസാനിപ്പിക്കുന്നതും എന്നതായിരുന്നു വല്യത്താന്റെ വിശദീകരണം.

പടിയിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു: “ശ്രീചിത്ര ഒരു വെല്ലുവിളിയായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു സ്ഥാപനം കെട്ടിപ്പടുക്കുക. ആ ദൗത്യം പൂർത്തിയായി.’’

ശ്രീചിത്രയിൽ നിന്ന് മണിപ്പാലിലേക്ക്

ശ്രീചിത്രയിൽ നിന്നു വിരമിച്ച വല്യത്താൻ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷന്റെ ആദ്യ വൈസ് ചാൻസലർ സ്ഥാനമാണ് ഏറ്റെടുത്തത്. അവിടെയും അദ്ദേഹം പല പുതിയ അധ്യായങ്ങൾക്കും തുടക്കം കുറിച്ചു. പുതിയ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി.

അതിനെ ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഉയർത്തി. ഈ സ്ഥാപനത്തിന്റെ സമഗ്ര മേഖലയിലും ഇടപെട്ട് പ്രവർത്തിക്കുകയാണ് ഈ കർമയോഗി ചെയ്തത്. ലോകോത്തര നിലവാരമായിരുന്നു അവിടെയും അദ്ദേഹം ലക്ഷ്യമിട്ടത്.

ഇതെങ്ങനെ സാധിച്ചു എന്നതിന് ശാസ്ത്രീയമായ ഒരു വിശദീകരണം വല്യത്താനുണ്ടായിരുന്നു. ഡോക്ടർ പെൻഫീൽഡിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:   “നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ തലച്ചോറിൽ പുതിയ ഒരു വയറിങ്‌ നടക്കുകയാണ്. അറിവ്‌ സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ തലച്ചോറിലെ വയറിങ്‌ സ്വയം മാറുന്നു. പരമ്പരാഗതമായി ചെയ്തുവരുന്ന കാര്യത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നു ചെയ്യുമ്പോഴാണ് പുതിയ വയറിങ്‌ തലച്ചോറിൽ ഉടലെടുക്കുന്നത്.’’

സ്വന്തം  മസ്തിഷ്‌കത്തിലെ വയറിങ്ങിനെ അദ്ദേഹം നിരന്തരം പുതുക്കിക്കൊണ്ടിരുന്നു. അറിവിന്റെ വേറിട്ട മേഖലകളിൽ പ്രവർത്തിച്ച ഡോക്ടർക്ക്‌ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നത് ഒരു ഹരമായിരുന്നു. അഞ്ചു വർഷം അദ്ദേഹം മണിപ്പാലിലെ വൈസ് ചാൻസലർ പദവിയിൽ തുടർന്നു. 1999ൽ കാലാവധി തീർന്നപ്പോൾ അദ്ദേഹം അവിടെ നിന്നു വിട പറഞ്ഞു.

2002ൽ കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹമതിനെ ‘സ്റ്റേറ്റ് കൗൺസിൽ  ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയേൺമെന്റ്‌’ ആക്കി മാറ്റി. കേരളത്തിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മുന്നേറുക എന്ന ലക്ഷ്യത്തിനാണ് അദ്ദേഹം അവിടെ തുടക്കമിട്ടത്.

അക്കാലത്ത് തിരുവനന്തപുരത്തെ ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി അദ്ദേഹം ഗവേഷണങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു. അതിനുള്ള സ്നേഹസമ്മാനമായി അവർ വികസിപ്പിച്ചെടുത്ത ഒരു ഓർക്കിഡിന് വല്യത്താന്റെ പേരു നൽകുകയുണ്ടായി.

അഗസ്ത്യമലയിൽ വംശനാശം നേരിടുന്ന ഓർക്കിഡായ ‘പാഫിയോ പെഡിലം ഡ്രൂറിയ’, ‘പാഫിയോപെഡിലം എക്‌സുൾ’ എന്നിവ സങ്കരണം നടത്തി വികസിപ്പിച്ച ഓർക്കിഡിന് ‘പാഫിയോപെഡിലം എം എസ് വല്യത്താൻ’ എന്ന പേരിട്ടു. ഇതിനെ തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി വല്യത്താൻ കണക്കിലാക്കുകയും ചെയ്തു.  

സുശ്രുതൻ, ചരകൻ, വാഗ്‌ഭടൻ


എ ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചരകസംഹിതയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു കാർഡിയാക് തൊറാസിക് സർജൻ പുതിയ ഭാഷ്യം രചിക്കുക! അതെ, മണിപ്പാൽ സർവകലാശാല വിട്ട വല്യത്താൻ അറുപത്തിയഞ്ചാം വയസിൽ ആയുർവേദം പഠിച്ച് സുശ്രുതനും ചരകനും വാഗ്‌ഭടനും പുതിയ ഭാഷ്യങ്ങൾ രചിച്ചു.
ആയുർവേദത്തിലെ ഈ അടിസ്ഥാന ഗ്രന്ഥങ്ങളുടെ ലോക സഞ്ചാരങ്ങൾക്ക്  ഈ ഭാഷ്യങ്ങൾ വഴിയൊരുക്കുക തന്നെ ചെയ്യും. പ്രസിദ്ധ ആയുർവേദ പണ്ഡിതൻ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ  കീഴിൽ രണ്ടുവർഷത്തിലേറെ പഠിച്ചാണ് വല്യത്താൻ ആയുർവേദത്തിന്റെ ലോകത്തിലേക്ക് പ്രവേശിച്ചത്. 

ഒരു ഇന്റലക്‌ച്വൽ ചാലഞ്ച് എന്ന നിലയിലാണ് അതിന് തുടക്കം കുറിച്ചത്. ആദ്യം സംസ്കൃതം പഠിച്ചു. തുടർന്ന് ആയുർവേദവും. ആയുർവേദത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി:

“ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് ആയുർവേദം പറയുന്നു. വിശപ്പു മാറ്റാൻ മാത്രമുള്ളതല്ല, ആസ്വദിക്കാനുള്ളതാണ് ആഹാരം. എവിടെ നിന്നെങ്കിലും എന്തെങ്കിലും കഴിച്ചാൽ പോര, ആസ്വാദ്യത വേണം. അതുപോലെ രതിയും ആസ്വദിക്കാനുള്ളതാണ്, സന്താനോല്പാദത്തിന് മാത്രമുള്ളതല്ല.

വിരുന്നുവേളയിൽ വീഞ്ഞു വിളമ്പുന്നതിനെപ്പറ്റി വാഗ്‌ഭടൻ വിവരിക്കുന്നുണ്ട്. ഇന്ദ്രിയാനുഭവം പ്രധാനമാണെന്ന് ആയുർവേദം പറയുമ്പോൾത്തന്നെ എല്ലാവിഷയത്തിലും മിതത്വം പാലിക്കേണ്ടതും ചൂണ്ടിക്കാട്ടുന്നു. തൃപ്തിയുള്ള സന്തുഷ്ടമായ ജീവിതമാണ് പ്രധാനം.”

സൂക്ഷ്മതലത്തിൽ ആയുർവേദം എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണത്തിലേക്ക് വല്യത്താൻ കടന്നു. അങ്ങനെ ഉരുത്തിരിഞ്ഞു വന്നതാണ് ആയുർവേദിക് ബയോളജി. വല്യത്താന്റെ ഇടപെടലിലൂടെ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക കൗൺസിൽ ഇതിനായി ഒരു സംയോജിത ഗവേഷണ പദ്ധതിയുണ്ടാക്കി. ‘എ സയന്റിഫിക് ഇനീഷ്യേറ്റീവ് ഇൻ ആയുർവേദ’ എന്ന സംരംഭത്തിന് വല്യത്താൻ തുടക്കം കുറിച്ചു.

ഇന്ത്യയിലെ പല ഗവേഷണ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളായി. ഇതിൽ നിന്നുള്ള ഗവേഷണ പ്രബന്ധങ്ങൾ പലതും അന്താരാഷ്ട്ര ജേണലുകളിൽ ഇടം നേടി. ഇത്തരം ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയിലെ ഐഐടികളിൽ വല്യത്താൻ പ്രഭാഷണങ്ങൾ നടത്തി. ഇതൊക്കെ തുടരുന്നതിനിടയിലാണ് ഡോ. എം എസ് വല്യത്താൻ എന്ന കർമയോഗി വിടപറയുന്നത്.

 

കേരളത്തിന്റെ ശാസ്ത്രീയ യശസ്സ് പല തലത്തിൽ ഉയർത്താൻ ശ്രമിച്ച ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഉന്നത മൂല്യമുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സ്ഥാപകൻ എന്ന നിലയിലും അദ്ദേഹം ഓർമിക്കപ്പെടും. ഇത്രയൊക്കെ ചെയ്തിട്ടും അവകാശവാദങ്ങളൊന്നും മുന്നോട്ടുവെക്കാതെ  തൃപ്തിയോടെ സ്വന്തം ജീവിത സഞ്ചാരം അദ്ദേഹം പൂർത്തിയാക്കി.

കേരളത്തിന്റെ ശാസ്ത്രീയ യശസ്സ് പല തലത്തിൽ ഉയർത്താൻ ശ്രമിച്ച ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഉന്നത മൂല്യമുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സ്ഥാപകൻ എന്ന നിലയിലും അദ്ദേഹം ഓർമിക്കപ്പെടും. ഇത്രയൊക്കെ ചെയ്തിട്ടും അവകാശവാദങ്ങളൊന്നും മുന്നോട്ടുവെക്കാതെ  തൃപ്തിയോടെ സ്വന്തം ജീവിത സഞ്ചാരം അദ്ദേഹം പൂർത്തിയാക്കി.

‘കേരളം തൃപ്തിയുള്ളവരുടെ നാടായി കാണാൻ ആഗ്രഹിക്കുന്നു’  എന്നാണ് ലോകം ചുറ്റി കേരളത്തിലേക്ക് തിരിച്ചു വന്ന ഈ വലിയ മനുഷ്യൻ പറഞ്ഞു കൊണ്ടിരുന്നത്. തന്റെ ജീവിതകാലമത്രയും അദ്ദേഹം അതിനായി ചിന്തിക്കുകയും പ്രവർത്തിക്കുകയും  ചെയ്തു.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top