വൈറൽ രോഗമായ മുണ്ടിനീര് (Mumps) ഇപ്പോൾ പലയിടങ്ങളിലും വീണ്ടും കണ്ടുതുടങ്ങിയിട്ടുണ്ട്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് കാരണം. മുണ്ടിവീക്കം, താടിവീക്കം എന്നിങ്ങനെയും ഈ രോഗത്തിന് പേരുണ്ട്. ഉമിനീർ ഗ്രന്ഥികളെ (parotid glands) ബാധിക്കുന്ന ഈ രോഗം ചെവിക്കുതാഴെയുള്ള ഉമിനീർഗ്രന്ഥിയിൽ വീക്കം ഉണ്ടാക്കുന്നു. കവിൾത്തടങ്ങൾ വീർക്കുന്നതിന് ഇത് കാരണമാകും. രണ്ടുമുതൽ 12 വയസ്സുവരെയുള്ള കുട്ടികളിലാണ് മുണ്ടിനീര് കൂടുതലായി കാണുന്നത്.
കാരണങ്ങൾ
വായുവിലൂടെയാണ് മുണ്ടിനീര് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വായുവിൽ കലരും. രോഗബാധിതനായ വ്യക്തി, രോഗിയുടെ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്പർശനം, അവർ ഉപയോഗിച്ച വസ്‌തുക്കൾ, വസ്‌ത്രം തുടങ്ങിയവയുമായുള്ള സമ്പർക്കം എന്നിവയെല്ലാം രോഗം പകരാൻ കാരണമാകും. പ്രതിരോധശേഷി കുറവുള്ളവരോ പ്രതിരോധവാക്സിൻ എടുക്കാത്തവരോ ആയ ആളുകൾക്ക് രോഗസാധ്യത ഏറെയാണ്.
ലക്ഷണങ്ങൾ
സാധാരണ അണുബാധയേറ്റ് 2 മുതൽ 4 ആഴ്ചകൾക്കുശേഷം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുള്ള ഉയർന്നപനി, വിശപ്പില്ലായ്മ, തലവേദന എന്നിവ പ്രധാനലക്ഷണങ്ങൾ. കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയോ ബാധിക്കാം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള ബുദ്ധിമുട്ട്, വീർത്ത കവിളുകളും താടിയെല്ലുകളും, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ചെവിവേദന, പേശിവേദന, ഛർദി, ക്ഷീണം, വയറുവേദന എന്നിവയും ലക്ഷണങ്ങളാവാം. പുറംവേദന, മയക്കം, വീർത്ത വൃഷണങ്ങൾ എന്നിവയെല്ലാം രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. തൊണ്ടവേദനയാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ തേടാൻ വൈകരുത്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം മതിയായ ചികിത്സ തേടണം.
പ്രതിരോധമാർഗങ്ങൾ
രോഗം ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുകയും സ്വയം മാറുകയും ചെയ്യും. ലക്ഷണങ്ങൾ അനുസരിച്ച് അവ നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകുന്ന ചികിത്സാരീതിയാണ് സ്വീകരിക്കുന്നത്. ധാരാളം വെള്ളം കുടിക്കുക, ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക, മൃദുവായതും ചവയ്ക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണം കഴിക്കുക, അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക, ശരിയായി വിശ്രമിക്കുക എന്നിവ പ്രധാനം. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വയ്ക്കുന്നതും ഐസ് വയ്ക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകും.
കുട്ടികളിൽ സാധാരണ ഒന്നോ രണ്ടോ ആഴ്ചകൊണ്ടോ രോഗം മാറുന്നതായി കാണാം. മുതിർന്നവർ കൂടുതൽ ശ്രദ്ധിക്കണം. പാർശ്വഫലമായി സന്ധിവാതം, പ്രത്യുൽപ്പാദനശേഷി കുറയൽ, വൃക്ഷണങ്ങളിൽ വീക്കം, അണ്ഡാശയങ്ങളിൽ വീക്കം, ഗർഭം അലസൽ, കേൾവിക്കുറവ്, മസ്തിഷ്കജ്വരം, മെനിഞ്ചൈറ്റിസ്, പാൻക്രിയാറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. കുഞ്ഞുങ്ങൾക്ക് മീസിൽസ്, -മംസ്, -റുബെല്ല (എംഎംആർ) പ്രതിരോധ വാക്‌സിൻ എടുക്കണം. ഒമ്പതാം മാസത്തിലാണ് ആദ്യത്തെ ഡോസെടുക്കേണ്ടത്. രണ്ടാമത്തെ ഡോസ് പതിനഞ്ചാം മാസത്തിലും നാലര വയസ്സാകുമ്പോൾ മൂന്നാമത്തെ ഡോസും എടുക്കണം.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഇന്റേണൽ മെഡിസിൻ അസോ. കൺസൾട്ടന്റാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..