25 November Monday

വിട്ടുമാറാതെ ക്ഷയരോഗം; പോരാടാൻ പുതിയ ഔഷധ സംയുക്ത പദ്ധതിക്ക് വഴങ്ങി ഇന്ത്യ

സാമജ കൃഷ്ണUpdated: Saturday Aug 10, 2024

ക്ഷയരോഗ ചികിത്സയിൽ ആഗോളതലത്തിൽ പിന്തുടരുന്ന പുതിയ ചികിത്സാ പദ്ധതി പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോ​ഗത്തിന്റെ നിരക്ക് രാജ്യത്ത് വർധിച്ചു വരുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് നീക്കം.

ലോകത്തിൽ ഏറ്റവുമധികം ക്ഷയരോ​ഗികളുള്ള രാജ്യമാണ് ഇന്ത്യ. റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 27 ശതമാനം കേസുകളും ഇന്ത്യയിലാണെന്ന് ​ആ​ഗോള ടിബി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതു പ്രകാരം മരുന്നുകളോട് പ്രതികരിക്കാത്ത ടിബി കേസുകളിലും മുന്നിൽ ഇന്ത്യയാണ്.

ഓരോ വർഷവും 1,10,000 കേസുകളാണ് ഇന്ത്യയിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ഡൽഹി, ​ഗുജറാത്ത്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ഏറ്റവുമധികം രോ​ഗികളുള്ളത്. ആരോ​ഗ്യസംവിധാനങ്ങളുടെ നിരീക്ഷണപരിധിക്കുപുറത്ത് കൂടുതൽ പേരുണ്ടാവുമെന്നും വിലയിരുത്തുന്നു.

ബിപാൽ പദ്ധതിയിലെ പ്രതീക്ഷകൾ

ഈ സാഹചര്യത്തിൽ മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോ​ഗത്തെ നിയന്ത്രിക്കാൻ ഹ്രസ്വകാലചികിത്സാപദ്ധതി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ലോകാരോ​ഗ്യസംഘടനയുടെ നിർദ്ദേശം വന്ന് 20 മാസങ്ങൾക്കുശേഷമാണിത്. ബിപാൽ (BPaL) എന്നറിയപ്പെടുന്ന പുതിയ ചികിത്സാരീതിയിൽ Bedaquiline, Pretomanid and Linezolid എന്നീ മൂന്നു മരുന്നുകളാണുള്ളത്. ആറുമാസത്തിനുള്ളിൽ 89 ശതമാനം രോ​ഗമുക്തിയാണ് ഇവ വാ​ഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ നിലവിലുള്ള ചികിത്സാരീതി 18 മാസം നീണ്ടുനിൽക്കുന്നതാണ്. 52 ശതമാനം രോ​ഗമുക്തി മാത്രമാണ് ഇതിൽ ലഭിക്കുന്നത്.

എല്ലാ  MDR , XDR-TB (Multi-Drug Resistant TB, Extensively Drug Resistant TB) രോ​ഗികൾക്കും BPaL ചികിത്സ ലഭ്യമാക്കും. ഇതിനായി ആരോ​ഗ്യപ്രവർത്തകരുടെ പരിശീലനം ഈ മാസം തുടങ്ങും. MDR , XDR-TB രോ​ഗികളെ കണ്ടെത്താൻ നൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് (NAAT) സൗകര്യം വ്യാപിപ്പിക്കുന്നത് പ്രധാനമാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ ക്ഷയരോ​ഗനിവാരണ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടകയായ സൗമ്യ സ്വാമിനാഥൻ സാമൂഹ്യമാധ്യമപോസ്റ്റിൽ പറയുന്നു.

എഴുപത് രാജ്യങ്ങൾ പരീക്ഷിച്ച മാതൃക ഏറ്റുപിടിച്ച് ഇന്ത്യ

അമേരിക്കയുടെ ഭക്ഷ്യ - മരുന്ന് വിഭാ​ഗം (US Food and Drug Administration) 2019 ലും ലോകാരോ​ഗ്യസംഘടന 2022ലും BPaL ചികിത്സാരീതി മുന്നോട്ടുവച്ചിരുന്നു.  തെക്കേ ആഫ്രിക്ക, യുക്രൈൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം ഉൾപ്പെടെ 70 രാജ്യങ്ങളിൽ നിലവിൽ ഈ BPaL നടപ്പിലാക്കി. ഇതോടെ പാകിസ്ഥാൻ, ഫിലിപ്പീൻസ്, തെക്കേ ആഫ്രിക്ക, യുക്രൈൻ എന്നീരാജ്യങ്ങളിൽ ഓരോ രോ​ഗിയുടെയുടെയും ചികിത്സാ ചിലവുകളിൽ യഥാക്രമം 746 ഡോളർ, 478 ഡോളർ,  757 ഡോളർ, 2,636 ഡോളർ എന്നിങ്ങനെ ചിലവുകളിൽ കുറവ് രേഖപ്പെടുത്തി.

ആരോ​ഗ്യപ്രവർത്തകർ ദീർഘകാലമായി BPaL ചികിത്സാരീതി ഇന്ത്യയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.  BPaL സംവിധാനം വരുന്നതോടെ ഒരുവർഷം 7,400 ലക്ഷം ഡോളർ ലാഭം ആ​ഗോളതലത്തിലുണ്ടാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. MDR/RR-TB രോ​ഗികളുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യയ്ക്ക് 2,500 ലക്ഷം ഡോളർ പ്രതിവർഷം നേട്ടമുണ്ടാക്കാമെന്നാണ് കരുതുന്നത്.

ഭേദമാക്കാം, പക്ഷെ ചികിത്സ നിർത്തിയാൽ മാരകമാവും

മൈക്കോ ബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോ​ഗമുണ്ടാക്കുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തേയും ക്ഷയരോഗം ബാധിക്കാമെങ്കിലും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. രോ​ഗം ബാധിച്ചയാൾ ചുമയ്ക്കുന്നതിലൂടെയും തുമ്മലിലൂടെയും വായുവിലാണ് രോ​ഗാണുക്കൾ പകരുന്നത്. മുതിർന്നവരെയാണ് കൂടുതലായി ബാധിക്കാറുള്ളത് എങ്കിലും കുട്ടികളെയും ബാധിക്കാറുണ്ട്. ക്ഷയരോ​ഗം പൂർണമായി ഭേ​ദപ്പെടുത്താം. എന്നാൽ, നല്ല ചികിത്സ ലഭിക്കാത്തതും കൃത്യമായി ഡോസ് കഴിയുന്നതുവരെ മരുന്ന് കഴിക്കാത്തതും, ശരിയായ ഇടവേളകളിൽ കഴിക്കാത്തതും മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോ​ഗത്തിന് കാരണമാകുന്നു.

ഗ്രാമങ്ങളെ കാർന്നു തിന്നുന്ന രോഗം

ഇന്ത്യയിലെ ​ഗ്രാമങ്ങളിലാണ് ക്ഷയരോ​ഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് ​ദേശീയ കുടുംബാരോ​ഗ്യ സർവ്വേ റിപ്പോർട്ട് (2019-2021) വ്യക്തമാക്കുന്നു. വൃത്തിയില്ലാത്ത ജീവിതസാഹചര്യങ്ങളും, ഒരു റൂമിൽത്തന്നെ ഒരുപാ‌ട് പേർ തിങ്ങിക്കിടക്കേണ്ടിവരുന്നതും, പുകയടുപ്പുകളും, പാചകം ചെയ്യുന്ന അതേ മുറിയിൽ തന്നെ ഉറങ്ങേണ്ടി വരുന്നതും ക്ഷയരോ​ഗ സാധ്യത വർധിപ്പിക്കുന്നു. രോഗത്തെക്കുറിച്ച് തെറ്റിദ്ധാരണകളും അവബോധമില്ലായ്മയും ഇന്നും വലിയ പ്രശ്നമാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിൽ രോ​ഗാണുക്കൾ പകരുമെന്ന് അറിയാത്തവർ ഏറെയാണ്. രോ​ഗം സ്ഥിരീകരിക്കപ്പെട്ടവർ അത് മറച്ചുവയ്ക്കുന്ന കേസുകൾ വലിയ വെല്ലുവിളിയാണ്.

കൃത്യമായി മരുന്ന് കഴിക്കണമെന്നോ, രോ​ഗത്തിന് താല്കാലിക ആശ്വാസം ലഭിച്ചാലും ഡോസ് കഴിയുന്നതുവരെ മരുന്ന് കഴിക്കണമെന്നോ അറിയാത്തതാണ് രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top