23 December Monday
Jeevan Masai in Arogyaniketan

ആരോഗ്യനികേതനത്തിലെ ജീവന്‍ മശായി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

"എൻ്റെ മാനസഗുരുവായി ഞാന്‍ സങ്കല്‍പ്പിക്കുന്നത് താരാശങ്കറിന്റെ ആരോഗ്യനികേതനത്തിലെ ജീവന്‍ മശായിയെ ആണ്. എത്ര തവണ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. എന്നാലും  അദ്ദേഹത്തിൻ്റെ ആ മരണപ്രവചന സിദ്ധി എനിക്കു വേണ്ടേ വേണ്ട എന്നാശിക്കുന്ന ഒരാളാണ് ഞാന്‍."

പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായരുമായി എൻ  ഇ സുധീർ നടത്തുന്ന സംഭാഷണം തുടരുന്നു...

ഓട്ടിസം ഇഷ്ടവിഷയമാണെന്ന് പറഞ്ഞിട്ടുണ്ട്. അത് എന്നു തൊട്ടാണ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇന്നത് കൂടി വരുന്നുണ്ടോ?

 ഓട്ടിസം ആദ്യം നിർവചിച്ചത് ലിയോ കാനര്‍ ആണെന്നാണ് വയ്പെങ്കിലും (1943) ജർമന്‍കാരനായ ഹാന്‍സ് അസ്‌പെര്‍ഗര്‍ക്കാണ് (1938) ഇതിനുള്ള ക്രെഡിറ്റ് കൊടുക്കേണ്ടത്. ഇക്കാലത്ത് ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണം കൂടി വരുന്നു എന്നത്‌ സത്യമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ബോധമാണ് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും അതിലും കൂടിവരുന്നത്.

ഹാൻസ്‌
ആസ്‌പെർഗർ

 ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏകദേശം പത്തു ശതമാനം പേര്‍ക്ക് അവിശ്വസനീയമായ തരത്തിലുള്ള വൈഭവങ്ങളുണ്ടാവാം. ഓട്ടിസ്റ്റിക് സവാങുകള്‍. അത് ഓർമയാകാം, കണക്കാകാം, ചിത്രരചനയാവാം, മറ്റു സർഗാത്മക സിദ്ധികളുമാകാം.
1973 മുതല്‍ ഇത്തരം അപാര കഴിവുകളുള്ള എത്രയോ  മിടുക്കന്മാരെയും മിടുക്കികളെയും  ഞാൻ കണ്ടിട്ടുണ്ട്! ഒറ്റനോട്ടം കൊണ്ട് മുന്നിലെ മരത്തിൽ എത്ര ഇലകളുണ്ടെന്ന് കൃത്യമായി പറയാൻ സാധിക്കുന്നവർ.

ഒരു വലിയ പാടം നോക്കി ഇതിൽ എത്ര നെൽക്കതിരുകളുണ്ടെന്ന് പറയുന്നവർ. ഒരു പുഴുവിന്റെ സഞ്ചാരവേഗം കണക്കു കൂട്ടുന്നവർ. ഇങ്ങനെ പലതും. ഇതൊക്കെ രോഗാവസ്ഥകളാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ഞാനിപ്പോൾ പറയും. നമുക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമുള്ള കഴിവുകൾ എന്നതാണ് യാഥാർഥ്യം.

എന്നാൽ ചില മസ്തിഷ്‌ക രോഗാവസ്ഥകളിലും ഇത്തരം ചില സിദ്ധികൾ വന്നുപെടാം.

 ഫ്രോണ്ടോ ടെംപറൽ ഡെമൻഷ്യ പിടിപ്പെട്ട ചിലർ പെട്ടെന്ന് ചിത്രകാരന്മാരായി മാറുന്നതും കണ്ടിട്ടുണ്ട്.  ജീവിതത്തിൽ അതുവരെ ഒന്നും വരയ്ക്കാത്തവർ, ചിത്രങ്ങൾ കാണുക പോലും ചെയ്യാത്തവർ! ഈ അത്ഭുതങ്ങളെയൊന്നും തള്ളിക്കളയുക വയ്യ. 

ഓട്ടിസം പോലെ തോന്നുന്ന ചിലതു കൂടി സൂചിപ്പിക്കാനുണ്ട്. അത്യസാധാരണമായ സംഗീതവൈദഗ്‌ധ്യം ഉള്ള വില്യംസ് സിന്‍ഡ്രോം ഒരുദാഹരണം. ഇതേക്കുറിച്ചൊക്കെ ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്.

മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രധാന രോഗാവസ്ഥകളെപ്പറ്റി ഒന്നു പറയാമോ?

സാധാരണ തലവേദന (കൊടിഞ്ഞി അടക്കമുള്ളവ), അപസ്മാരം, മസ്തിഷ്ക രക്തക്കുഴല്‍ രോഗങ്ങള്‍, സ്ട്രോക്കുകള്‍ (Vascular Occlusive Strokes), മസ്തിഷ്ക രക്തസ്രാവം  (Brain Hemorrhages),  രക്തക്കുഴലുകളുടെ ജന്മനായുള്ള

ഡോ. കെ രാജശേഖരൻ നായർ

വൈകല്യങ്ങള്‍ (Brain Arteriovenous Malformation), രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന ധമനിവീക്കം, അന്യൂറിസങ്ങള്‍, മസ്തിഷ്കാവരണത്തിലുമുണ്ടാകുന്ന രോഗാണുബാധ (മെനിഞ്ചൈറ്റിസ്), മസ്തിഷ്ക രോഗാണുബാധ (എന്‍സഫലൈറ്റിസ്), മസ്തിഷ്കത്തിലെ മാംസവളര്‍ച്ചകള്‍ (അര്‍ബുദമോ, അതല്ലാത്തതോ ആയവ), പ്രായമാകുമ്പോഴോ അല്ലാതെയോ വരുന്ന ബുദ്ധിക്ഷയം, ഡിമെന്‍ഷ്യകള്‍...

നമ്മുടെ ജീവിതരീതികളുമായി ബന്ധപ്പെടുത്താവുന്നവയാണ് മസ്തിഷ്കത്തിലെ മിക്ക രക്തക്കുഴല്‍ പ്രശ്നങ്ങളും. ഉയര്‍ന്ന രക്തസമ്മർദം, അനിയന്ത്രിതമായ പ്രമേഹം, അതിയായ മാനസിക പിരിമുറുക്കങ്ങള്‍ എന്നിങ്ങനെ പലതും മസ്തിഷ്കഘടനയുടെ വൈകല്യങ്ങളായി വരുന്നവയാണ്.

ജന്മനാ ഉണ്ടാവുന്ന രക്തക്കുഴല്‍ പിണഞ്ഞുകൂടി വരുന്ന എ വി എമ്മുകള്‍ (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷനുകള്‍), മസ്തിഷ്കവികസന സമയത്തുണ്ടാകുന്ന നൂറു നൂറു വൈകല്യങ്ങള്‍ വേറെയുമുണ്ട്. ഇവ പലതും കുഞ്ഞുങ്ങളിലുണ്ടാവുന്ന മസ്തിഷ്കവികസന വൈകല്യങ്ങളാണ്, ന്യൂറോണല്‍ മൈഗ്രേഷന്‍ സിന്‍ഡ്രോമുകള്‍ അടക്കം.

മസ്തിഷ്കത്തിലെ അർബുദം വലിയൊരു പ്രഹേളികയാണോ?

 മസ്തിഷ്കമുഴകള്‍ അര്‍ബുദവളര്‍ച്ചകളും അല്ലാത്തവയും ആകാം. അല്ലാത്തവയാണ് കൂടുതല്‍. അര്‍ബുദ വളര്‍ച്ചകളില്‍ ഏറ്റവും സാധാരണ ഗ്ലയല്‍ കോശങ്ങളില്‍ നിന്നു വരുന്ന ഗ്ലയോമകളാണ് (Gliomas). അവയുടെ അര്‍ബുദരീതികള്‍ക്ക്‌ ഒന്നു തൊട്ടു നാലു വരെ തരങ്ങളുണ്ട്. അതിലെ നാലാം തരം കടുത്ത അര്‍ബുദമാണ്. അതിനു വേറെയും പേരുണ്ട്. ഗ്രേഡ് ഒന്ന് സര്‍ജറി ചെയ്താല്‍ താരതമ്യേന പൂർണ സുഖം കിട്ടുന്നതാണ്.  

മനുഷ്യാവസ്ഥയിലെ ഏറ്റവും ദുരിതപൂര്‍ണമായ രോഗാവസ്ഥ എന്തായിരിക്കും?

 ഏതു രോഗവും ഏതു ജീവിയുടേയും സത്ത കെടുത്തുന്ന ഒന്നാണ്. എല്ലാ ചലനങ്ങളും സ്തംഭിച്ച് പൂർണ നിസ്സഹായാവസ്ഥയില്‍ സകലതും മറ്റുള്ളവരെക്കൊണ്ട്‌ ചെയ്യിക്കേണ്ട അവസ്ഥയാണ് ഏറ്റവും ദുരിതപൂർണ്ണം. 

 Locked in Syndrome, Persistent Vegetative State എന്നിങ്ങനെ. മരിച്ചിട്ടില്ല, എന്നാലും മരിച്ചതിനെക്കാള്‍ കഷ്ടമായ രീതികള്‍. ‘ജീവിക്കുന്ന പിണങ്ങള്‍’. ഈ സ്ഥിതിയില്‍ കിടക്കുമ്പോള്‍ പോലും വെറും കണ്ണാട്ടം കൊണ്ടോ, കമ്പ്യൂട്ടറുകളുടെ സഹായത്തോടെയോ ആശയവിനിമയം നടത്തിയവരുമുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ ഴാങ് ഡോമിനിക് ബാബിയുടെ ‘The Diving Bell and the Butterfly’ എന്ന പുസ്തകം ഒരുദാഹരണമാണ്.

സംഗീതം  മസ്തിഷ്ക പ്രവർത്തനത്തിൽ എന്തെങ്കിലും ചലനമുണ്ടാക്കുന്നുണ്ടോ? മ്യൂസിക്‌ തെറാപ്പി എന്നൊക്കെ പറയുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?

നാമൊക്കെ അറിയാതെ അനുഭവിക്കുന്ന ശ്രവണസുഖമാണ് സംഗീതം. സംഗീതജ്ഞര്‍ക്ക്‌ മാത്രമല്ല, വള്ളം തുഴയുന്നവനും മരം വെട്ടുന്നവനും ചുമട് ചുമക്കുന്നവനും പാഠങ്ങള്‍ പഠിക്കുന്നവനും അടുക്കളയില്‍ പാകം ചെയ്യുന്നവർക്കും വല്ലാതെ മനസു വിഷമിക്കുന്നവനുമൊക്കെ സംഗീതം ആനന്ദവും സുഖവും തരുന്നു.

സ്റ്റീവന്‍ പിങ്കറെ പോലുള്ളവര്‍ സംഗീതത്തിനു പരിണാമപരമോ ജൈവികമായോ ഉള്ള  ഒരു പ്രാധാന്യവും ഇല്ല എന്നാണ് സ്ഥാപിക്കുന്നതെങ്കിലും സംഗീതത്തിനുള്ള കഴിവുകള്‍ നിസ്തുലമാണ്. അത് രോഗങ്ങള്‍ക്കുവരെ ശമനമുണ്ടാക്കും. ഡോ. സോമർവെല്‍ എന്ന മഹാശാസ്ത്രജ്ഞന്‍ താന്‍ ഓപ്പറേറ്റ്‌ ചെയ്ത രോഗികളുടെ അടുത്തിരുന്നു പാടുമ്പോള്‍, സംഗീതോപകരണങ്ങള്‍ വായിക്കുമ്പോള്‍ കണ്ടുനിന്ന വൈലോപ്പിള്ളി ശ്രീധര മേനോന്‍ എഴുതിയതാണ് ശരി:

വൈലോപ്പിള്ളി

‘കത്തിയാല്‍ മരുന്നിനാല്‍
മാറാത്ത നോവും, മാറ്റാ
നൊത്തിടാമൊരു നേര്‍ത്ത
ഭാവഹര്‍ഷത്താല്‍ മാത്രം’   
വേദനകളെ, വികാരങ്ങളെ ശമിപ്പിക്കുന്ന, അറിവുകളെ ഉജ്വലിപ്പിക്കുന്ന, ചലനതാളങ്ങള്‍ക്ക്‌ മികവു നല്‍കുന്ന സംഗീതത്തിന് മസ്തിഷ്കതരംഗങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് അധികമാരും മലയാളത്തില്‍ എഴുതിക്കണ്ടിട്ടില്ല. സാമാന്യം ദീര്‍ഘമായിത്തന്നെ ഇത്‌ ഞാന്‍ പുതിയ പുസ്തകത്തില്‍ (ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും പാര്‍ക്കിന്‍സണും ജീവന്‍ മശായിമാരും) വിശദീകരിക്കുന്നുണ്ട് (സ്വല്‍പം സംഗീതവിചാരം).

ആത്മീയത എന്നൊരവസ്ഥയെ കീറിമുറിച്ച് പരിശോധിച്ചപ്പോൾ പല രോഗാവസ്ഥകളെയും കണ്ടെത്തിയ ഒരാളാണല്ലോ. സത്യത്തിൽ മനുഷ്യന് ഒരു ആത്മീയ തലമുണ്ടോ?

ഇതൊരു കുഴയ്‌ക്കുന്ന ചോദ്യമാണ്. ഒരു പുരുഷായുസ്‌ മുഴുവന്‍ ഏകദേശം ആയിരത്തോളം മസ്തിഷ്ക സര്‍ജറി ചെയ്ത്‌ ഓർമകളുടേയും ഓർമക്കേടുകളുടേയും വാക്കുകളുടേയും ചൊല്ലുകളുടേയും സ്ഥാനം കണ്ട വില്‍ഡര്‍ പെന്‍ഫീല്‍ഡ് മരണത്തിന്‌ തൊട്ടുമുമ്പെഴുതിയ ആത്മകഥയില്‍പ്പോലും (No Man Alone by Wilder Penfield. 1891 ‐ 1976) സമ്മതിക്കുന്ന ഒന്നാണ് താന്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും പിടിതരാതെ പോയതാണല്ലോ ഇതിനുള്ള ഉത്തരമെന്ന്. സമാനമായിരുന്നു ഐന്‍സ്റ്റീന്റെയും അനുഭവം.

ആന്‍ഡ്രൂ ന്യൂബെർഗും കൂട്ടരും സമർഥിക്കുന്നതാണ് ശരിയെന്നു തോന്നിപ്പോകും, പുതിയ പരീക്ഷണങ്ങളുടെ റിസള്‍ട്ടുകള്‍ കാണുമ്പോള്‍. അവരുടെ ഒരു പുസ്തകത്തിന്റെ പേരു തന്നെ പ്രകോപിപ്പിക്കുന്നതാണ് (Why God Won't Go Away: Brain Science and the Biology of Belief). പുതിയ പരീക്ഷണങ്ങള്‍ തരുന്ന സൂചനകള്‍ അവരുടെ വാദങ്ങളെ ശക്തിപ്പെടുത്തുന്നതേയുള്ളൂ.

വിൽഡർ 
പെൻഫീൽഡ്‌

എംആര്‍ഐയും (MRI - Magentic Resonance Imaging), എഫ്എംആര്‍ഐയും  (Functional Magnetic Resonance Imaging) പി ഇ ടി യും  (Positron Emission Tomography) ഒക്കെ പ്രാർഥനയിലും ധ്യാനത്തിലും‍ മസ്തിഷ്കത്തിലെ വിവിധ മേഖലകള്‍ ഉത്തേജിക്കപ്പെടുന്നതാണ് കാട്ടുന്നത്.

ഓർമകളുടെ ചെപ്പായ ടെമ്പറല്‍ ലോബും സ്വയം മനസ്സിലാക്കുന്ന പ്രീ ഫ്രോണ്ടല്‍ ലോബും വികാരങ്ങളുടെ ഈറ്റില്ലമായ ലിംബിക് ലോബും ഒക്കെ അതില്‍പ്പെടുന്നു. ഏതോ ഒരു ദ്വീപില്‍ ഒരൊറ്റയാള്‍ മാത്രമായി താമസിക്കുന്ന ഇടത്തും വലിയ വലിയ നഗരങ്ങളില്‍ താമസിക്കുന്നവനും ഒരേ രീതി. സുഖം തരുന്ന എന്‍ഡോര്‍ഫിനുകളും ശാന്തത തരുന്ന സീറോടോണിനും ഉത്തേജിപ്പിക്കുന്ന ഡോപമിനും ഒക്കെ സമകാലത്ത് വരും.

ഈ ആത്മീയത വെറുമൊരു സാംസ്കാരിക പ്രതിഭാസമെന്നു കരുതുന്നവരും കുറവല്ല. ദൈവവും പ്രപഞ്ചശക്തിയുമെല്ലാം നിരർഥകമാണെന്നു വാദിക്കുന്നവരോട്‌ എനിക്ക്‌ പരാതിയൊന്നുമില്ല. പക്ഷെ സർവവും ശിഥിലമാകുന്നു എന്ന തോന്നല്‍ വരുമ്പോള്‍ പോലും ദൈവസങ്കൽപം തരുന്ന ആശ്വാസം, സുഖം അനുഭവിച്ചറിയേണ്ടതാണ്.  

തിരുവനന്തപുരത്ത് ജീവിച്ചിരുന്ന ഒരു ആത്മാനന്ദനെപ്പറ്റി ഡോക്ടറുടെ ഒരു പുസ്തകത്തിൽ പരാമർശിച്ചു കണ്ടു. സോമർസെറ്റ് മോം ഒക്കെ അദ്ദേഹത്തെ കാണാൻ വന്ന കാര്യവും പറയുന്നുണ്ട്. ഞാനും ആർതർ കോസ്റ്റ്ലറുടെ ഒരു പുസ്തകത്തിൽ ഇദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ട്. എം കൃഷ്ണൻ നായരും പരാമർശിച്ചു കണ്ടിട്ടുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ട്. 

എനിക്കും കേട്ടറിവേയുള്ളൂ. പി കൃഷ്ണമേനോൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ശരിയായ പേര്. ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു (ഡിഎസ്‌പി). ആധ്യാത്മികമായ തലത്തിൽ അക്കാലത്ത് ഏറെ അറിയപ്പെട്ടിരുന്നു. വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ നല്ല പ്രാവീണ്യമുണ്ടായിരുന്നു. ഇന്ത്യയിലും പുറത്തുമായി ധാരാളം ശിഷ്യരുണ്ടായിരുന്നു.

ഡോക്ടർ കൂടിയായ പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് സോമർസെറ്റ് മോം അദ്ദേഹത്തെ കാണാൻ വന്നതായി അറിയാം. അദ്ദേഹം രചിച്ച ആത്മദർശൻ,  ആത്മനിർവൃതി, രാധാമാധവം എന്നീ പുസ്തകങ്ങൾ എന്റെ ശേഖരത്തിലുണ്ട്. എന്തായാലും പാശ്ചാത്യ ലോകത്തു പോലും അക്കാലത്ത് ആത്മാനന്ദൻ നന്നായി അറിയപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് പുളിമൂട്ടിനടുത്തായിരുന്നു  താമസിച്ചിരുന്നത്. 

ഒരു ന്യൂറോ സയന്റിസ്റ്റിന് ദൈവവിശ്വാസിയാവാൻ ബുദ്ധിമുട്ടുണ്ടോ?

 ഒരു ബുദ്ധിമുട്ടുമില്ല. നമ്മുടെ അറിവുകളുടെ പരിധികള്‍ക്ക്‌ എത്രയോ മേലെ പ്രപഞ്ചമാകെ പരന്നുകിടക്കുന്ന ഒരു ശക്തിയുണ്ടെന്നും അതാണ് സർവതിനേയും നിയന്ത്രിക്കുന്നതെന്നുമുള്ള സത്യം അംഗീകരിക്കാന്‍ ഞാന്‍ എന്തിനു മടിക്കണം? അത് അദൃശ്യമാണ്, അഗ്രാഹ്യമാണ്, ശാന്തമാണ്, ശിവമാണ്, അദ്വൈതമാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍‍.

അതു നിരാകരിക്കുന്നവരുണ്ട്. അത് അവരുടെ യുക്തി. അവരോടു മല്ലിടാനോ വാദിക്കാനോ ഞാനില്ല. ഒരു ഘട്ടം കഴിയുമ്പോള്‍, വിവേകം വന്നുദിക്കുമ്പോള്‍ അവരും മറിച്ചു ചിന്തിക്കും.

ഐൻസ്‌റ്റീൻ

കുട്ടിക്കാലത്ത് കടുത്ത ദൈവവിശ്വാസിയായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ഫിസിക്‌സിലെ ഔന്നത്യങ്ങളില്‍ എത്തിയപ്പോള്‍ ആ വിശ്വാസങ്ങളുടെ നിരർഥതകളെ ക്കുറിച്ചായി ചിന്ത. ഏകദേശം 70 വയസിൽ വയറിലുണ്ടായ വലിയ അയോര്‍ട്ടിക് അന്യൂറിസം ഒരുതരത്തില്‍ ചികിത്സിച്ച് രക്ഷപ്പെട്ടതിനു ശേഷം താന്‍ നേടിയ നേട്ടങ്ങളുടെ പുനർവിചാരമായി.

അവസാനം എഴുപത്തിയാറാം വയസ്സില്‍ ആ അന്യൂറിസം വീണ്ടും പൊട്ടിത്തുടങ്ങിയപ്പോള്‍ ആശുപത്രിയിലായി. 1955 ഏപ്രില്‍ 15 ന് വീല്‍ച്ചെയറില്‍ ആല്‍ബര്‍ട്ടിനെ ആശുപത്രിയുടെ പൂന്തോട്ടത്തിലേക്കു കൊണ്ടുപോയ ഒരു നഴ്സുകുട്ടി ചോദിച്ചു ‘എന്തു സുന്ദരമായാണ് ദൈവം തമ്പുരാന്‍ ഈ പൂന്തോട്ടം ഒരുക്കിയത്. അല്ലേ, പ്രൊഫസര്‍?’ ക്ഷീണിതനായിരുന്നെങ്കിലും ആല്‍ബര്‍ട്ടിന്റെ മറുപടി വ്യക്തമായിരുന്നു. ‘പൂന്തോട്ടം മാത്രമല്ല, അതുണ്ടാക്കിയ പൂന്തോട്ടക്കാരനേയും സുന്ദരമായി സൃഷ്ടിച്ച ശക്തിയെ ആണ് ഞാനെന്നും തെരഞ്ഞിരുന്നത്. എന്തൊക്കെയോ വേറെ പല അത്യസാധാരണ സത്യങ്ങളെനിക്ക്‌ ദൃശ്യമായെങ്കിലും‌ അത്‌, അതുമാത്രം എന്നും എനിക്ക് അദൃശ്യമായിരുന്നു. ഇനി അതു തെരയാന്‍ എനിക്ക്‌ ആയുസ്സുമില്ല എന്നും അറിയാം.’ ആ ശക്തിയെ എന്തിനു ഞാന്‍ നിഷേധിക്കണം? അതിനെ എന്തിനു പൂജിക്കാതിരിക്കണം?

സ്നേഹം എന്നതിന് ഒരു ശാസ്ത്രീയ വിശകലനം തരാമോ?

 മറ്റു പലതും പോലെ സ്നേഹമെന്നതും ശാസ്ത്രങ്ങളുടെ നിയതമായ പരിധിയില്‍ വരുന്നില്ല. സങ്കീർണമായ ഒരു വികാരം. വികാരങ്ങളെ  നിയന്ത്രിക്കുന്ന ലിംബിക് ലോബ് മാത്രമല്ല, സ്വാർഥമായ ആനന്ദങ്ങളുടേയും പ്രചോദനങ്ങളുടേയും കേന്ദ്രങ്ങളായ ഡോപമിന്‍ മസ്തിഷ്കഭാഗങ്ങളും ഒക്കെ സ്നേഹജന്യങ്ങളായ ഇടങ്ങളാണ്.

റെനെ മാഗ്രിറ്റിന്റെ പെയിന്റിങ്‌

താഹിതി ദ്വീപില്‍ ശീമപ്ലാവുകളുടെ തൈകള്‍ ശേഖരിക്കാന്‍ ഇറങ്ങിയ ഫ്ലെച്ചര്‍ ‌ക്രിസ്റ്റ്യനും (Fletcher Christian) കൂട്ടുകാരും അവിടത്തെ സുന്ദരികളുമായി നാലഞ്ചുമാസം കഴിഞ്ഞപ്പോള്‍ അവരെ വിട്ടുപോകാനാവാത്ത അവസ്ഥ വന്ന്, കപ്പിത്താന്‍ വില്യം ബ്ലൈയ്‌ക്കെതിരെ ലഹള നടത്തി അയാളെ കടലില്‍ തള്ളുന്ന കഥയാണ് ‘മ്യൂട്ടിണി ഓണ്‍ ദ് ബൗണ്ടി’ (Mutiny on the Bounty). 

1789 ല്‍ നടന്ന ആ കഥയുടെ രാസലീല മസ്തിഷ്കം ഉൽപ്പാദിപ്പിക്കുന്ന ഓക്സിടോസിന്‍ (Oxytocin) എന്ന കെമിക്കലിന്റെ കളിയാണ്. കൂട്ടത്തില്‍ വാസോപ്രെസിനും (Vasopressin). അവയുടെ ലീലകള്‍ ഇന്നും സത്യം.

സ്ത്രീ പുരുഷബന്ധങ്ങളുടെ, സ്നേഹബന്ധങ്ങളുടെ കെമിക്കലാണ് ഓക്സിടോസിന്‍. ഒരിക്കല്‍ ആ കെമിക്കലുകളുടെ കളി തുടങ്ങിയാല്‍ ആ ബന്ധങ്ങള്‍ മുറിച്ചുകളയാന്‍ ഒരു വില്യം ബ്ലൈയ്‌ക്കും ആവില്ല. ഓക്സിടോസിന്‍ പോലെ ശാന്തത നല്‍കുന്ന സീറോടോണിനും ആനന്ദം നല്‍കുന്ന ഡോപമിനും ഒക്കെ ഈ സ്നേഹപ്രക്രിയയിലെ ഘടകങ്ങളാണ്.

മനുഷ്യബന്ധങ്ങളില്‍ ഏറ്റവും സുന്ദരം സ്നേഹബന്ധങ്ങളാണ്. അച്ഛനോട്, അമ്മയോട്, സഹോദരന്മാരോട്, സഹോദരികളോട്‌, ഇണയോട്‌, കുഞ്ഞുങ്ങളോട്, സുഹൃത്തുക്കളോട്, അന്യരോട് ഒക്കെ ആവാം അത്.

സ്വപ്നങ്ങൾ ന്യൂറോളജിക്കലായി വിശദീകരിക്കാവുന്ന ഒന്നാണോ?

 ഉറക്കമെന്നതു തന്നെ കിടന്നാലുടന്‍ ചത്തതുപോലെ പുലരും വരെ കിടക്കുന്ന ഒരു പ്രക്രിയ അല്ല എന്നുള്ളത് പാശ്ചാത്യശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത് 1950‐ 51 കാലത്താണ്. നതാനിയല്‍ ക്ലീറ്റ്മാന്‍ എന്ന നിദ്രാവിദഗ്‌ധന്റെ ലാബില്‍ പണിയെടുക്കാന്‍ ചെന്ന യൂജീന്‍ അസിറെൻസ്‌കി വെറും അടിമപ്പണി ചെയ്യുന്ന ഒരു വിദേശ ഗ്രാജ്വേറ്റ് വിദ്യാർഥിയായിരുന്നു.

പറയുന്ന പണിയെല്ലാം രാപകല്‍ ചെയ്യണം. ബോസിനെ തൃപ്തിപ്പെടുത്തണം. അല്ലെങ്കില്‍ ജോലി പോയതു തന്നെ. അസിറൻസ്‌കിക്ക്‌ കിട്ടിയ പണി ഉറങ്ങുന്ന കുഞ്ഞുങ്ങളെ നിരീക്ഷിക്കുകയായിരുന്നു. അമ്മയുടെ മടിയിലോ തൊട്ടിലിലോ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ ഒന്നൊന്നര മണിക്കൂര്‍ ഇടവിട്ട് ഉറക്കത്തില്‍ത്തന്നെ ഞെട്ടും, കണ്ണുകള്‍ ധൃതിയില്‍ വെട്ടിക്കും, പേശികള്‍ മയങ്ങും, ശ്വാസവും ചങ്കിടിപ്പും കൂടും, ആണ്‍ കുഞ്ഞുങ്ങളാണെങ്കില്‍ ലിംഗം ഉയരും, ഞെട്ടും.

തനിക്കു തോന്നിയതാണെന്നു കരുതി വിടാനാണ് തീരുമാനിച്ചതെങ്കിലും കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല അവരുടെ അമ്മമാര്‍ക്കും ഇതേ രീതിയാണെന്ന്‌ കണ്ടപ്പോള്‍ പേടിച്ചാണ് കുറെ ദിവസം കഴിഞ്ഞു ക്ലീറ്റ്മാനെ വിവരം അറിയിക്കുന്നത്.

ഡോ. കെ രാജശേഖരൻ നായർക്ക്‌  ഇന്ത്യന്‍ ന്യൂറോളജി അക്കാദമിയുടെ സമഗ്രസംഭാവനയ്‌ക്കുള്ള
പുരസ്കാരം  ഡോ. വേലുമുരുഗേന്ദ്രന്‍ സമ്മാനിക്കുന്നു

ഉറക്കത്തിന്‌ പല ഘട്ടങ്ങളുണ്ടെന്നും അതിലൊന്നാണ് അസിറെൻസ്‌കി കണ്ട ഞെട്ടല്‍ നിദ്ര (REM Sleep- Rapid Eye Movement Sleep) എന്നുമൊക്കെ വിവരിച്ചത് ക്ലീറ്റ്മാനാണ്. നിദ്ര തുടങ്ങി 60‐90 മിനിട്ടിനകം വരുന്ന, വീണ്ടും ചാക്രികമായി  ആവർത്തിക്കുന്ന ഒന്ന്‌. അഞ്ചു പത്തു മിനിട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ നീളും ഓരോന്നും. അപ്പോഴാണ് സ്വപ്നങ്ങള്‍ കാണുക (Dreaming Sleep).

മസ്തിഷ്കകാണ്ഡത്തിലെ പോണ്‍സിലാണ് ഈ തരംഗങ്ങള്‍ തുടങ്ങുക. അവിടെ നിന്നു തുടങ്ങുന്ന നിഷേധതരംഗങ്ങളാണ് ശരീരത്തിലെ പേശികളെ തളര്‍ത്തുക (അല്ലെങ്കില്‍ മെനക്കേടാണ്. കാണുന്ന സ്വപ്നങ്ങള്‍ക്കനുസരിച്ച് എണീക്കും, പയറ്റും, ഇടിച്ചു തൊഴിക്കും, നടക്കും, ഓടും, കരയും, ചിരിക്കും). അത്തരം രോഗങ്ങളെക്കുറിച്ചുള്ള കഥകളെഴുതിയിട്ടുള്ളവര്‍ കുറവാണ്. മോപ്പസാങ്ങിന്റെ ‘ഹോർല’(Horla) കഥയും ഹാരോള്‍ഡ് ക്ലാവാന്‍സിന്റെ കഥകളുമാണ് ഓർമയില്‍ വരുന്നത്.

പോണ്‍സില്‍ നിന്ന്‌  തുടങ്ങുന്ന ഉത്തേജക തരംഗങ്ങളാണ് ഓർമയുടെയും വികാരങ്ങളുടേയും ചെപ്പായ ടെമ്പറല്‍ ലോബിലും ലിംബിക് ലോബിലും ചെല്ലുന്നത്. പോണ്‍സില്‍ നിന്നു തുടങ്ങുന്ന മറ്റു വീചികള്‍ നേരിട്ട് കാഴ്ചയുടെ കേന്ദ്രങ്ങളിലേക്കു പോകും (Ponto-geniculate- Occipital pathway‐ PGO). ഓർമകളെ ദ്യശ്യവികാരഭാവങ്ങളാക്കി മാറ്റുന്ന മനോഹര ക്രിയ, അതില്‍ പണ്ടു കണ്ട അനുഭവങ്ങള്‍ ഉയിര്‍കൊണ്ടുയരും.

ആലോചിച്ച്‌ അന്തമില്ലാതെ കിടന്നവ മനസ്സിൻ്റെ അഗാധകോണുകളിലുണ്ടായിരുന്ന അറിവു കഷണങ്ങളുമായി ചേര്‍ത്ത് പുതിയ ഉത്തരങ്ങളാവും. മുമ്പ്‌ കണ്ട സുന്ദരികളേയും സുന്ദരന്മാരേയും വീണ്ടും കൊണ്ടുവരും. ചിലപ്പോള്‍ ഇവയ്‌ക്കു പകരം ഭീതിദമായ കാര്യങ്ങളും വരാന്‍ പോകുന്നെന്നു തോന്നുന്ന ദുഃഖങ്ങളുമൊക്കെ ആവും.

അവ പേടിപ്പെടുത്തും, ഉറക്കത്തെത്തന്നെ ഹനിക്കും. കണ്ടവ ഓർമയില്‍ ഒതുക്കാന്‍ പോന്ന ഫ്രോണ്ടല്‍ ലോബ്‌ ഭാഗങ്ങള്‍ മങ്ങി ഏറെക്കുറെ നിഷ്ക്രിയമാകും. അതാണ് കാണുന്ന സ്വപ്നങ്ങള്‍ ഉണര്‍ന്നു കഴിയുമ്പോള്‍ ഓര്‍ക്കാതെ പോകുന്നത്.

ജീവിക്കുന്നവരുടെ മരണം മുന്‍കൂട്ടി കാണാന്‍ കഴിയുമോ?  നാഡിചികിത്സയിലൂടെ ജീവൻ മശായിക്ക്‌ അത് സാധിച്ചു എന്ന് ആരോഗ്യനികേതനം നമുക്ക് പറഞ്ഞു തന്നു. ആധുനിക വൈദ്യശാസ്ത്രത്തിനു മുന്നില്‍ അതൊരു സാധ്യതയായി നിലനില്‍ക്കുന്നുണ്ടോ?  

 എന്റെ മാനസഗുരുവായി ഞാന്‍ സങ്കല്‍പ്പിക്കുന്നത് താരാശങ്കറിന്റെ ആരോഗ്യനികേതനത്തിലെ ജീവന്‍ മശായിയെയാണ്. എത്ര തവണ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. എന്നാലും  അദ്ദേഹത്തിന്റെ ആ മരണപ്രവചന സിദ്ധി എനിക്കു വേണ്ടേ വേണ്ട എന്ന്‌ ആശിക്കുന്ന ഒരാളാണ് ഞാന്‍.   

ആ സിദ്ധി മാറിപ്പോകേണമേ എന്നു പ്രാർഥിച്ച് അതില്‍നിന്നു മുക്തി നേടിയ ഒരു വൈദ്യനെക്കുറിച്ചു കൂടി ഞാന്‍ എഴുതിയിട്ടുണ്ട്. നോവ ഗോര്‍ഡന്‍ എഴുതിയ ‘വൈദ്യന്‍’ എന്ന നോവലിലെ (Noah Gordon.The Physician) ജൂതച്ചെക്കന്‍ റോബര്‍ട്ട് ജെറീമി കോളിന് എങ്ങനെ ആ സിദ്ധി കിട്ടി എന്ന് അവനും അറിഞ്ഞുകൂടായിരുന്നു. അവന്‍ അവിസെന്നയുടെ അടുക്കല്‍ വൈദ്യം പഠിക്കാന്‍ പോകുന്നതിനു മുമ്പ് വല്ലാതെ ശ്രമിച്ചു മറന്നുകളഞ്ഞ സിദ്ധിയായിരുന്നു മരണപ്രവചനം.

 അത്‌ ഒരു പ്രാക്ടീസിങ് ഡോക്ടര്‍ക്കും വേണ്ട. ആശ കൊടുക്കുക, ആശ  നിരാകരിക്കാതിരിക്കുക എന്നത് വൈദ്യത്തിന്റെ ഒരാവശ്യം കൂടിയാണ്. സമ്മതിക്കുന്നു, ജ‌ീവന്‍ മശായി ആവര്‍ത്തിച്ചു സൂചിപ്പിക്കുന്ന നിത്യാത്ഭുതം ശരി തന്നെ. ‘അഹന്യഹനി ഭൂതാനി ഗച്ഛന്തി യമമന്ദിരം / ശേഷസ്ഥിരത്വം ഇച്ഛന്തി കിമാശ്ചര്യമതഃപരം!

മൃത്യു കൃത്യമായി പ്രവചിക്കാന്‍ ഇന്നു  സാധ്യമല്ലെങ്കിലും, നല്ലൊരു പരിധി വരെ അനുമാനിക്കാനാവും, അവ ഞങ്ങളാരും പറയാറില്ലെങ്കിലും. ചികിത്സകൊണ്ട് മരണമുഖത്തുനിന്നു തിരിച്ചുകയറ്റിയവരെത്ര! ചികിത്സ ഫലിക്കാന്‍ രോഗികളുടെ എല്ലാം ശരിയാവുമെന്ന ആശ അവസാനം വരെ വേണം.

നമ്മുടെ അറിവുകള്‍ മരണത്തോടെ പൂര്‍ണമായും നഷ്ടമാവുന്നു. അതിന്റെ സംരക്ഷണം ആധുനിക ശാസ്ത്രത്തിന്റെ മുന്നിലെ വലിയൊരു  വെല്ലുവിളിയല്ലേ?

ജീവന്‍ മശായിയോട് പിതാവ് ജഗദ് ബന്ധു മശായി  മരണത്തോടടുത്ത നിമിഷത്തിൽ  അവസാനമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജീവന്‍, നിനക്ക് ഇനി എന്നില്‍നിന്ന് എന്തെങ്കിലും അറിയുവാനുണ്ടോ? ഈ ചോദ്യം ഓരോ മനുഷ്യന്റെയും മുന്നിലുണ്ട്. നമ്മള്‍ ജീവിതകാലം കൊണ്ട് നേടിയ അറിവ് ഒരു നിമിഷം കൊണ്ട് മരണം എന്നെന്നേക്കുമായി തകര്‍ത്തുകളയുന്നു. ശരീരം ഇല്ലാതാവുന്നതിനേക്കാൾ വലിയ നഷ്ടമല്ലേ ഇത്.

രാജശേഖരൻ നായരും എൻ ഇ സുധീറും 

ഇന്നത്തെ ശാസ്ത്രത്തിന്റെ പരിമിതിക്കുള്ളില്‍ വച്ച് മരണത്തോടൊപ്പം അറിവുകള്‍ നശിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ജഗദ് ബന്ധു മശായിയുടെ ആ നിസ്സഹായമായ ചോദ്യം ഓരോ അക്കാദമിഷ്യനും  (എന്തിന്, വെറും സാധാരണക്കാര്‍ പോലും) മനസാ ആവര്‍ത്തിക്കുന്നതാണ്. ശങ്കരാചാര്യര്‍ പറഞ്ഞതുപോലെ എല്ലാം മരിക്കും, എല്ലാ ഒരുക്കുകൂട്ടിവയ്‌ക്കലും നശിക്കും, ജനിച്ചാല്‍ മരണം മാത്രം നിശ്ചയം.

അത് ഇന്നുവരെയുള്ള സത്യം. നാളെയെന്താവുമെന്ന് ആര്‍ക്കു പറയാനാവും? ഭാവിയില്‍ നമ്മുടെ മസ്തിഷ്കങ്ങളിലെ സകല വിവരങ്ങളും അതുപോലെ കോപ്പി ചെയ്ത്‌ വേറെ എവിടെയെങ്കിലും പേസ്റ്റ് ചെയ്ത്‌ അത്‌ ഉപയോഗപ്പെടുത്താനാവില്ല എന്ന്‌ എങ്ങനെ പ്രവചിക്കാനാവും?

 ചുക്ക് ചേരാത്ത കഷായമില്ലെന്ന പോലെ ന്യൂറോളജി ഇല്ലാത്ത വൈദ്യവിഷയമില്ല എന്ന് താങ്കള്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. നമ്മൾ  മസ്‌തിഷ്‌ക്കത്തിന്റെ അടിമകളാണോ. അതോ തടവുകാരോ?

 ജീവന്റെ സകല പ്രവര്‍ത്തനങ്ങള്‍ക്കും ഒരു നിയന്ത്രണം വേണം. അത് ഏത്‌ അവയവത്തിനും വേണം. ആ നിയന്ത്രണം നല്‍കുന്നത് മസ്തിഷ്കവും ‌ഞരമ്പുകളുമാണ്. ആ നിയന്ത്രണമങ്ങു വിട്ടാല്‍, താളം പിഴച്ചാല്‍ പിന്നെ ജീവിതമേ ഇല്ല. അതുകൊണ്ടാണ് ന്യൂറോളജി ഇല്ലാത്ത വൈദ്യവിഷയമില്ല എന്ന് പറയുന്നത്. ഒരു തരത്തില്‍ ആലോചിച്ചാല്‍ ജീവന്റെ സകലധർമങ്ങളും പരസ്പരപൂരകങ്ങളാണ്. ഒന്നിനുമാത്രം ഒറ്റയ്‌ക്കുനിന്ന് ഒന്നും ചെയ്യാനും ആവില്ല.

അറിവിനെ സ്വതന്ത്രമാക്കുന്ന ഒന്നാണോ താങ്കള്‍ക്ക് എഴുത്ത്?  എഴുത്തും വൈദ്യവിജ്ഞാനവും കൂടിച്ചേര്‍ന്ന ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു?

 ആണ്. വൈദ്യത്തില്‍ നിയതമായ കാര്യങ്ങള്‍ നിയതമായ രീതിയിലേ പറയാനാവൂ. പല തവണ പരീക്ഷണങ്ങള്‍ ചെയ്ത് തെറ്റുകളൊന്നുമില്ല എന്ന് നിജപ്പെടുത്തിയ കാര്യങ്ങളേ പഠിപ്പിക്കാനുമാകൂ. വെറും തോന്നലുകള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊന്നും ഒരു സ്ഥാനവുമില്ല. ഒരു പുരുഷായുസ്സു മുഴുവന്‍ ആ കൃത്യമായ ചട്ടക്കൂടില്‍ തന്നെ ജീവിച്ച എനിക്ക്‌ ആ നിയന്ത്രിതമേഖലയില്‍ നിന്നു പുറത്തിറങ്ങാനായത് എഴുത്തിലൂടെ ആണ്.

ഇന്ന് ഈ രണ്ടു മേഖലകളിലും ഒരേ സമയം നില്‍ക്കുന്നതിന്റെ സുഖവുമുണ്ട്. എന്റെ ശാസ്ത്രമേഖലയിലുള്ളവര്‍ക്ക് എന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുകയുമില്ല. അതും നന്ന്. അവര്‍ക്കൊക്കെ ഞാന്‍ ന്യൂറോളജി അധ്യാപകന്‍ മാത്രം. അങ്ങനെ തന്നെ നില്‍ക്കട്ടെ അത്.

     
നമ്മുടെ സാമാന്യബോധ്യങ്ങളെയും യുക്തിയേയും റദ്ദു ചെയ്യുന്ന പലതും മസ്തിഷ്കപഠനത്തിലൂടെ സംഭവിക്കുന്നുണ്ടല്ലോ. ഡോക്ടറുടെ ബോധ്യങ്ങളിൽ ഈ പഠനം മൂലം എന്തെല്ലാം സുപ്രധാന ചിന്താവ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്?  ശാസ്ത്രം മസ്തിഷ്‌കത്തെപ്പറ്റി കൂടുതൽ അറിവു നേടുമ്പോൾ എന്തൊക്കെ ധാരണകളാവും ഭാവിയിൽ മാറ്റേണ്ടി വരിക?

 പ്രവചിക്കാന്‍ പറ്റാത്തവയാണ് ഭാവിയിലുണ്ടാവുക. ഏതോ ഒരു കാലത്ത് ഏതോ ഒരു ശാസ്‌ത്രലേഖകന്‍ വിഭാവനം ചെയ്ത  ഒരു അസാധ്യമായ കഥയാണ് വലിയ പഠിപ്പിസ്റ്റൊന്നുമല്ലായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‌ പ്രചോദനമായത്.

ടെലിഗ്രാഫ് കമ്പിയിലൂടെ ഒഴുകിപ്പോകുന്ന വൈദ്യുതതരംഗങ്ങളോടൊപ്പം ഒഴുകാനും അവിശ്വസനീയമായ വേഗത്തില്‍ പായുന്ന പ്രകാശതരംഗങ്ങളെ നിമിഷനേരത്തേക്കെങ്കിലും നിശ്ചലമാക്കാനുമൊക്കെ സൂചിപ്പിച്ചിരുന്ന ആ കഥകള്‍ യുക്തിഭദ്രമേ അല്ലായിരുന്നു. പക്ഷെ അവയുടെ പിന്നാലെ പോയതുകൊണ്ടാണ് ലോകമെന്നും ആദരിക്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തിയറികള്‍ വരുന്നത്.

ഏകദേശം രണ്ടു രണ്ടര ദശകങ്ങള്‍ക്കു മുമ്പു വരെ മസ്തിഷ്കത്തിലേക്കു പോകുന്ന രക്തക്കുഴലുകള്‍ അടഞ്ഞാല്‍ നിസ്സഹായമായി നോക്കിനില്‍ക്കാനേ ആകുമായിരുന്നുള്ളൂ. ഇന്ന് അടവ് അലിയിച്ചുകളയാം. ചൂണ്ടയിട്ടെടുക്കുന്നതു പോലെ നീക്കം ചെയ്യാം. ആര്‍ക്കറിയാം, നാളെ അല്‍ഷൈമര്‍ രോഗത്തിന്റെ കരടുകള്‍ വരുന്നതിനു മുമ്പു തന്നെ അവ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കാനാവുകയില്ലെന്ന്. 

കേടായ അവയവങ്ങള്‍ ട്രാൻസ്‌പ്ലാന്റ്‌ ചെയ്യുക എന്നതിനു പകരം അവ രോഗിയുടെ ശരീരത്തില്‍ത്തന്നെ പുനര്‍നിർമിക്കില്ല എന്ന് ആര്‍ക്കറിയാം. ഇന്നത്തെ അറിവുകളുടെ ലക്ഷോപലക്ഷം മടങ്ങാവും മസ്തിഷ്കങ്ങള്‍ക്കു നേടാനാവുക, അവ ചിപ്സുകള്‍ വഴി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തുമ്പോള്‍.

എന്റെ കണ്‍മുന്നില്‍ നടന്ന, എന്റെ സാമ്പ്രദായികമായ പഠനത്തിനു ശേഷം വീണ്ടും പഠിച്ചെടുത്ത് പഠിപ്പിച്ചവ എന്നെ പഠിപ്പിച്ചത് അസാധ്യമായത് എന്ന് ഒന്നിനേയും കരുതണ്ട എന്നാണ്. അത്രകണ്ട് വിസ്‌ഫോടകങ്ങളായ അത്ഭുതങ്ങളാണ് 1970 ന്‌ ശേഷം വൈദ്യത്തിലുണ്ടായത്. കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മാറ്റങ്ങള്‍ കഴി‍ഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടിലുണ്ടായതിനെക്കാള്‍ ആശ്ചര്യമുള്ളവയാണ്.

(തുടരും)

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top