തൊഴിൽ, ഉത്തരവാദിത്തങ്ങൾ, സാമൂഹിക സമ്മർദ്ദങ്ങൾ കുടുംബം, കുട്ടികൾ, എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നത് ഒരു മാജിക്കാണ് . അണുകുടുംബങ്ങളിലേക്കു മാറിയതോടെ വ്യക്തികൾ ഇക്കാര്യത്തിൽ കൂടുതൽ ഒറ്റയ്ക്കായി. മാനസികാരോഗ്യവും വലിയ വെല്ലവിളിയിലാണ് നിരന്തരം നേരിടുന്നത്. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് ഏറ്റെടുക്കുമ്പോൾ നമ്മുടെ ശരീരവും മനസ്സും ഒരുപോലെ പരിക്ഷീണമായിത്തീരും. മനസ്സിനെ ഉത്കണ്ഠകളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാനുള്ള സാധ്യത തുറന്നു കൊടുക്കാതിരിക്കേണ്ടതുണ്ട്.
നമുക്ക് വയ്യാതെയാവുമ്പോൾ ശരീരം വ്യത്യസ്തമായ രീതികളിൽ അത് നമ്മെ അറിയിക്കുന്നുണ്ട്. ആ ലക്ഷണങ്ങളെ പിടിച്ചെടുക്കാൻ കഴിയണം. നമ്മുടെ ശരീരം നൽകുന്ന ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കുക, പരിചരിക്കുക. വിഷാദവും ഉത്കണ്ഠയും എല്ലാം നമുക്ക് മറികടക്കേണ്ടതുണ്ട്. അതിന് ചില മനസിലാക്കലുകളും ആവശ്യമാണ്
ലക്ഷണങ്ങൾ പ്രതിവിധികൾ
ശാരീരികമായും വൈകാരികമായും പെരുമാറ്റങ്ങളിലൂടെയും നമുക്ക് വിശ്രമം ആവശ്യമാണെന്ന് ശരീരം നമ്മോട് പറയാതെ പറയാറുണ്ട്.
ശാരീരികമായ ലക്ഷണങ്ങൾ
വിട്ടുമാറാത്ത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയാണ് സാധാരണയായി ശരീരം നൽകുന്ന ഏറ്റവും പ്രധാന ലക്ഷണങ്ങൾ. ഇതുകൂടാതെ, തുടരെത്തുടരെയുണ്ടാവുന്ന തലവേദന. രോഗപ്രതിരോധശേഷി കുറയുന്നത്
പേശികളിൽ വേദന,ദഹനസംബന്ധിയായ പ്രശ്നങ്ങൾ ഇങ്ങനെ ശരീരത്തിൽ തുടങ്ങു.
വൈകാരികമായ ലക്ഷണങ്ങൾ
പെട്ടെന്ന് ദേഷ്യം വരുന്നവരാണോ നിങ്ങൾ ? വളരെ ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് അസ്വസ്ഥമാവാറുണ്ടോ ? സാധാരണഗതിയിൽ നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ പോലും ചെയ്യാൻ താല്പര്യം ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ?
എല്ലാത്തിനോടും ഒരു വിരക്തി തോന്നി തുടങ്ങിയോ ? ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടി തോന്നുന്നുവോ ? ഇതെല്ലാം വെറുതെയല്ല! നാം ക്ഷീണിതരാണ്, നമുക്ക് വിശ്രമം വേണം എന്ന് ശരീരം നമ്മോട് പറയാതെ പറയുന്നതാണ്.
നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നത് ഈ വൈകാരികമായ ലക്ഷണങ്ങളാണ്. എന്നാൽ നാം ഏറ്റവുമധികം ശ്രദ്ധിക്കാതെ പോകുന്നതും ഇതാണ്. എന്നാൽ അങ്ങനെ ശ്രദ്ധിക്കാതെ വിട്ടുകളയരുത്. ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് എന്നാണ്.
പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ശരീരത്തിന്റെ ക്ഷീണം നമ്മുടെ പെരുമാറ്റത്തെയും ശീലങ്ങളെയും ബാധിക്കും. അമിതമായി ഭക്ഷണം കഴിക്കുക, മദ്യപിക്കുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക ഇതെല്ലാം വളരെ പ്രത്യക്ഷമായ, പ്രാഥമികമായ ലക്ഷണങ്ങളാണ്. ഇതിനു പുറമേ,
ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ മാറ്റിവെയ്ക്കുക. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കാൻ താല്പര്യം കാണിക്കുക. ജോലിയിലും ചെയ്യുന്ന പ്രവർത്തികളിലും ഉത്പാദനക്ഷമത കുറയുക. വിരക്തി തോന്നുക. വിട്ടുനിൽക്കാനുള്ള പ്രവണത. ഇതെല്ലാം നിങ്ങളനുഭവിക്കുന്ന സംഘർഷങ്ങളുടെ ഫലമാണ്.
എന്തൊക്കെയാണ് പ്രതിവിധികൾ
ഈ ലക്ഷണങ്ങൾ എല്ലാം തന്നെ മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് മറ്റ് രോഗങ്ങൾ ഒന്നുമില്ല എന്ന് ആദ്യം തന്നെ ഉറപ്പാക്കുക.
അങ്ങനെ ഉറപ്പാക്കിക്കഴിഞ്ഞാൽ, നിലവിൽ നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിങ്ങൾക്ക് താങ്ങാവുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നു എന്നാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നത്. നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. നിങ്ങൾ നിങ്ങളെ തന്നെ ഒരു സ്വയംപരിചരണത്തിന് വിധേയമാക്കണം. ജോലിഭാരം കുറച്ച് സ്വന്തമായി കുറച്ചുസമയം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി.
ദിവസവും വ്യായാമം ചെയ്യുക, ശാരീരിക അദ്ധ്വാനം ആവശ്യമായ പ്രവർത്തികളിൽ ഏർപ്പെടുക. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുക. പുതിയ വിനോദങ്ങൾ കണ്ടെത്തുക. മാനസികമായി സന്തോഷമ നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക. ധ്യാനം ശീലമുള്ളവർ ഇത്തരം സമയങ്ങൾ കണ്ടെത്തുക. ഇതെല്ലാം ചെയ്തുനോക്കാവുന്നതാണ്. ശരീരത്തെയും മനസ്സിനെയും അവഗണിക്കാതെയിരിക്കുക. ഇടയ്ക്ക് കുറച്ച് നേരം നിങ്ങൾക്കുവേണ്ടി കൂടി മാറ്റിവെച്ച് പരീക്ഷിക്കുക. ഉത്തരവാദിത്തങ്ങളും മുൻഗണനകളും മാറ്റേണ്ടി വരാം. എന്നാൽ പൂർണ്ണമായും തകരുന്നതിന് മുന്നേ സ്വയം രക്ഷിക്കാൻ കഴിയേണ്ടതുണ്ട്.
നേരത്തെ നമുക്ക് ഇതിനെല്ലാം സമയമുണ്ടായിരുന്നു. ബാല്യത്തിലും കൗമാരത്തിലും പാട്ട് കേട്ടും, സിനിമകൾ കണ്ടും, ഇഷ്ടമായ യാത്രകൾ ചെയ്തു. നല്ല കൂട്ടുകാർക്ക് ഒപ്പം ചേർന്നു ചിലവഴിച്ച സമയങ്ങൾ ഉണ്ടാവും. ഇവ തിരിച്ചു പിടിക്കാം. നല്ല ചങ്ങാത്ത ഗ്രൂപ്പുകളിൽ സജീവമാവാം. ഒരു കായിക വിനോദത്തിൽ ഏർപ്പെടാം. ഇപ്പോൾ ഇത്തരം ഗ്രൂപ്പുകൾ നാട്ടിൽ യഥേഷ്ടമാണ്. ടർഫുകളും ഇൻഡോർ കോർട്ടുകളും ജിംനേഷ്യങ്ങളും നൃത്തശാലകളും വരെ ചുറ്റുമുണ്ട്. ഇതോടൊപ്പം കൃഷി പാചകം റൈഡുകൾ എന്നിങ്ങനെയും പരീക്ഷിക്കാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..