വിയർപ്പ് മൂലം നമ്മുടെ വസ്ത്രങ്ങളിലുണ്ടാകുന്ന കറകൾ പലപ്പോഴും ഒരു ശല്യമാണ്. പ്രത്യേകിച്ചും വെള്ളവസ്ത്രങ്ങളിൽ. സാധാരണ വസ്ത്രങ്ങൾ കഴുകുന്നത് പോലെ കഴുകിയാലൊന്നും ഈ കറ പോവില്ല. വസ്ത്രങ്ങളുടെ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ ഇത്തരം കറകളെ അകറ്റിയേ പറ്റൂ.
എന്ത്കൊണ്ടാണ് വിയർപ്പ് കറകളുണ്ടാകുന്നത്
വിയർപ്പിൽ കാണപ്പെടുന്ന വെള്ളം, കൊഴുപ്പ്, പ്രോട്ടീൻ, ഉപ്പിന്റെ അംശം എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് വിയർപ്പ് കറ ഉണ്ടാകുന്നത്. അതോടൊപ്പം അലുമിനിയം, സിർക്കോണിയം തുടങ്ങിയവ അടങ്ങിയ ഡിയോഡ്രന്റുകളും ശരീരത്തിലെ എണ്ണമയവും എല്ലാം നിറവ്യത്യാസത്തിന് കാരണമാകുന്നു. കാലക്രമേണ, ഇവ അടിഞ്ഞുകൂടി വിയർപ്പുമായി കലർന്ന് വസ്ത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മഞ്ഞ കറകളായി മാറുന്നു.
ഈ കറകൾ ശാശ്വതമാണോ
ഇത്തരം കറകൾ നീക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും അസാധ്യമായ ഒന്നല്ല. ഉടനടി പ്രവർത്തിക്കുകയെന്നതാണ് പ്രധാനം. ഇല്ലെങ്കിൽ കറകൾ കൂടുതൽ വഷളാകും. പ്രത്യേകിച്ചും ഉണക്കുന്ന സമയത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതും കറകൾ കട്ടിയുള്ളതാക്കും.
കറകൾ കളയാൻ എങ്ങനെയാണ് ആസിഡുകൾ സഹായിക്കുക
സാധാരണയായി ഈ കറകളുണ്ടാക്കുന്ന ഘടകങ്ങളെ വേർതിരിക്കാനുള്ള കഴിവ് ആസിഡുകൾക്കുണ്ട്. അതുകൊണ്ട് തന്നെ വിയർപ്പ്കറ നീക്കം ചെയ്യാൻ ആസിഡുകൾ സഹായിക്കും.
പലപ്പോഴും പ്രോട്ടീനുകളും ശരീരത്തിൻ്റെ സ്വാഭാവിക എണ്ണകളും ചേർന്നാണ് വിയർപ്പ് കറകളുണ്ടാവുന്നത്. ഇതിൽ ആസിഡുകളുടെ കട്ടി പിടിക്കുന്ന മിശ്രതിമുണ്ട്. വിനാഗിരി പോലെയുള്ള ശക്തമായ ആസിഡ് ഈ പ്രോട്ടീനുകളും എണ്ണകളും വേർതിരിക്കാൻ സഹായിക്കുന്നു. അങ്ങനെ ഇവയെ വിഘടിപ്പിച്ച് കഴുകുമ്പോൾ കറ നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്നു.
വിനാഗിരിയിലുള്ള ആസിഡിന്റെ അളവ് വിയർപ്പിലെ സ്വാഭാവിക ആസിഡുകളേക്കാൾ ശക്തമായതിനാലാണിത്. വിയർപ്പിലൂടെ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളെ ഫലപ്രദമായി നിർവീര്യമാക്കാൻ ഇതിന് കഴിയും. അങ്ങനെ വൃത്തിയുള്ളതും കറയില്ലാത്തതുമായ വസ്ത്രം നമുക്ക് വീണ്ടെടുക്കാനാകും.
ആസിഡുകൾ ഉപയോഗിച്ച് എങ്ങനെ കറ കളയാം?
എങ്ങനെയാണ് ആസിഡുകൾ ഉപയോഗിച്ച് കറകൾ കളയുന്നതെന്ന് നോക്കാം.
1. അതിനായി ആദ്യം മിശ്രിതം തയ്യാറാക്കണം.
- വിനാഗിരി - 1 കപ്പ്
- വെള്ളം - 2 കപ്പ്
വിയർപ്പ് പുരണ്ട വസ്ത്രം ഈ മിശ്രിതത്തിൽ 30 മിനിറ്റ് മുക്കിവയ്ക്കുക. വിനാഗിരിയുടെ അസിഡിറ്റി ഫാബ്രിക്കിൽ പതിഞ്ഞിരിക്കുന്ന വിയർപ്പിനെയും ഡിയോഡറൻ്റിനെയും വേർതിരിക്കാൻ സഹായിക്കുന്നു.
2. ഇനി വസ്ത്രത്തിൽ നിന്ന് അധിക വെള്ളം പിഴിഞ്ഞെടുത്ത്, വൃത്തിയുള്ള ഒരു പ്രതലത്തിൽ വിരിച്ചുവെക്കണം.
3. അടുത്തതായി കറ കളയാനുള്ള പേസ്റ്റ് തയ്യാറാക്കണം
- ബേക്കിംഗ് സോഡ - അരക്കപ്പ്
- ഉപ്പ് - 1 ടേബിൾസ്പൂൺ
- ഹൈഡ്രജൻ പെരോക്സൈഡ് - 1 ടേബിൾസ്പൂൺ
ഇവ മൂന്നും ചേർത്ത് പേസ്റ്റ് രൂപത്തിലാവുന്നത് വരെ നന്നായി ഇളക്കുക. ഒരു പഴയ ടൂത്ത് ബ്രഷ് അല്ലെങ്കിൽ ഒരു സ്പൂൺ ഉപയോഗിച്ച്, പേസ്റ്റ് കറയുള്ള ഭാഗങ്ങളിൽ പുരട്ടുക. തുണിനാരുകളിലേക്ക് പേസ്റ്റ് എത്തിക്കുന്നതിനായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറ പുരണ്ട ഭാഗത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. 20 മിനിറ്റ് വെക്കണം.
4. ഇനി ഇത് ചൂടുവെള്ളത്തിൽ കഴുകിയെടുക്കാം. കറ പോയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഡ്രയർ ഉപയോഗിക്കുക. കാരണം ചൂട് തട്ടുമ്പോൾ ബാക്കിയാവുന്ന കറകൾ വസ്ത്രത്തിൽ തന്നെ നിൽക്കാൻ സാധ്യതയുണ്ട്.
കറയിൽ നിന്നും രക്ഷ നേടാനുള്ള ചില പൊടിക്കൈകൾ:
- അലുമിനിയം ഇല്ലാത്ത ഡിയോഡ്രന്റുകൾ ഉപയോഗിക്കുക.
- വിയർപ്പ് വലിച്ചെടുക്കുന്ന മറ്റൊരു വസ്ത്രം (അടിവസ്ത്രം) ധരിക്കുക
- കറകൾ കട്ടിയാവാതിരിക്കാൻ പെട്ടെന്ന് തന്നെ കഴുകുക
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..