20 December Friday

നിപാ വൈറസ്: പകർച്ചയും പ്രതിരോധവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

നുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് ഹെനിപാവൈറസ് ജനുസ്സിൽ പെട്ട നിപാ വൈറസ് മൂലമുണ്ടാകുന്ന അണുബാധ. നിപാ വൈറസ് രോഗബാധിതരുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന മരണനിരക്ക് താരതമ്യേന ഉയർന്നതാണ്. മലേഷ്യയിലെ സുങകായ് നിപാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് ഈ പേരു നൽകിയത്. നിപാ വൈറസിൻ്റെ സ്വാഭാവിക ആതിഥേയർ (reservoir hosts) ടെറോപോഡിഡേ കുടുംബത്തിലെ ടെറോപസ് (Pteropus) ജനുസിൽ പെട്ട പഴംതീനി വവ്വാലുകളാണ്.

നിപാ വൈറസ് സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് 1999-ൽ മലേഷ്യയിലെ പന്നി കർഷകർക്കിടയിലാണ്. രോഗികളായ പന്നികളുമായോ അവയുടെ രോഗബാധയുള്ള ശരീരകോശങ്ങളുമായോ ഉണ്ടായിട്ടുള്ള നേരിട്ടുള്ള സമ്പർക്കത്തിൽ നിന്നാണ് ഈ അവസരത്തിൽ രോഗബാധ പടർന്നിരിക്കാൻ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ 1999നു ശേഷം മലേഷ്യയിൽ പുതിയ രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പക്ഷെ ബംഗ്ലാദേശിൽ 2001ൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലും ഇന്ത്യയിലും തുടർന്നുണ്ടായ രോഗബാധ പഴംതീനി വവ്വാലുകളിൽ നിന്നുള്ള ശരീര സ്രവങ്ങൾ (മൂത്രമോ ഉമിനീരോ) കലർന്ന പഴങ്ങൾ അല്ലെങ്കിൽ പഴവർഗങ്ങളുടെ (അസംസ്കൃത ഈന്തപ്പന ജ്യൂസ് പോലുള്ളവ) ഉപഭോഗം വഴിയായി കരുതുന്നു. രോഗബാധിതരായ രോഗികളുടെ കുടുംബത്തിലും പരിചരണം നൽകുന്നവരിലും നിപ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ 2001 മുതൽ 2008 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പകുതിയോളം രോഗബാധിതരായ രോഗികൾക്ക് പരിചരണം നൽകുന്നതിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രീതിയിലാണ്.

രോഗപ്പകർച്ച

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്: വവ്വാലുകളിൽ നിന്നും നേരിട്ടോ, അല്ലാതെയോ (വവ്വാൽ കടിച്ച പഴങ്ങൾ, അവയുടെ സ്രവങ്ങൾ വഴി മലിനമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ, വവ്വാലുകളിൽ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങൾ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരിൽ എത്തുക.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്: രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർച്ച കൂടുതലായും നടക്കുന്നത്. കഠിനമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടായിട്ടുള്ള രോഗികളിൽ നിന്നാണ് പലപ്പോഴും വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്. ചുമ, തുമ്മൽ തുടങ്ങിയവയിലൂടെ വൈറസ് വായുവിൽ കലരാം.

ഇവകൂടാതെ, സുരക്ഷിത മാർഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കുന്നതിലൂടെയോ, രോഗബാധിതരുടെ ശരീരസ്രവങ്ങളിൽ നിന്നോ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെയോ, രോഗബാധിതരെ സുരക്ഷിത മാർഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കുന്നതിലൂടെയോ, രോഗബാധമൂലം മരണപ്പെട്ടവരുടെ മൃതശരീരം സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ കൈകാര്യം ചെയ്യുന്നതിലൂടെയോ രോഗം പിടിപെടാം.

രോഗലക്ഷണങ്ങൾ

രോഗബാധ ഉണ്ടായാൽ രോഗലക്ഷണങ്ങൾ 5 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ പ്രകടമാക്കുവാൻ തുടങ്ങും. പനി, തലവേദന, പേശി വേദന, ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇതിനെത്തുടർന്ന് തലകറക്കം, ബോധക്ഷയം എന്നിവ ഉണ്ടാകാം. ചില ആളുകൾക്ക്  ന്യുമോണിയയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെടാം. ഗുരുതരമായ രോഗബാധയിൽ  മസ്തിഷ്ക ജ്വരം (encephalitis) സംഭവിക്കുന്നു.

രോഗനിർണ്ണയം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) വഴിയായി രോഗനിർണ്ണയം സാധ്യമാകും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ (ELISA) പരിശോധനയിലൂടെയും രോഗനിർണ്ണയം സാധ്യമാകും. എന്നാൽ രോഗനിർണ്ണയം നടത്താൻ എടുക്കുന്ന സമയം കണക്കിൽ എടുത്തുകൊണ്ട് നിപാ വൈറസ് അണുബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് ചെയ്യുന്നത്. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരകോശങ്ങളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധന നടത്തിയും രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കും.

ചികിത്സ

നിപാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. രോഗം ബാധിച്ചശേഷമുള്ള  മോണോക്ലോണൽ ആന്റിബോഡി ചികിത്സ ഉപയോഗത്തിലുണ്ട്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ

ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക. ഇടക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുക.

രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാൽ കടിച്ച പഴങ്ങൾ സ്പർശിക്കാനോ കഴിക്കാനോ പാടില്ല. വവ്വാൽ കടിച്ചതായി സംശയിക്കുന്ന പഴങ്ങൾ, അവയുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകൾ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറൽ ഉള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.

കിണറുകൾ തുടങ്ങിയ ജലസ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റു ശരീരസ്രവങ്ങൾ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.

രോഗലക്ഷണങ്ങൾ പ്രകടമാകുന്ന പക്ഷം വിദഗ്ധ ചികിത്സ ഉടനടി ഉറപ്പാക്കുക.   

സർക്കാർ വകുപ്പുകളിൽ നിന്നും നൽകിവരുന്ന നിർദേശങ്ങൾ യഥാവിധി പാലിക്കുക.  


(പൂക്കോട് വെറ്റിനറി സർവകലാശാല സെന്റർ ഫോർ വൺ ഹെൽത്ത് (COHEART), പൊതുജനാരോഗ്യ വിഭാഗം (Veterinary Public Health) എന്നിവയിലെ വിദഗ്‌ധ‌ർ ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top