23 December Monday

ചികിത്സകന്റെ കരസ്‌പർശം

ഡോ. കെ രാജശേഖരൻ നായർ /എൻ ഇ സുധീർ Updated: Monday Jul 15, 2024

 

'അവസാന ഗണനത്തില്‍ ചികിത്സ എന്നത്‌ രോഗിയും ഡോക്ടറും തമ്മിലുള്ള ഒരു പാരസ്പര്യമാകണം. റോബോട്ടിക് സര്‍ജന്മാര്‍ അതികൃത്യമായി ചികിത്സിച്ചാലും കിട്ടാത്തതാണ് കരുണാപൂർണമായ വാക്കുകളുമായി ജ്ഞാനിയായ ഒരു ഡോക്ടര്‍ സദയം മെല്ലെ തൊടുമ്പോൾ മനസ്സിനുണ്ടാകുന്ന സുഖവും ആശ്വാസവും.'

ഡോ. കെ  രാജശേഖരൻ നായരുമായി എൻ ഇ സുധീർ നടത്തിയ അഭിമുഖത്തിൻ്റെ അവസാനഭാഗം.

കയ്യെഴുത്ത് നമ്മൾ നേടിയെടുത്ത ഒരു സാധ്യതയാണെന്നും അത് നഷ്ടമാകുന്നതിൽ ആശങ്കപ്പെടേണ്ടതാണെന്നും താങ്കൾ പറഞ്ഞിട്ടുണ്ട്. അതൊന്ന് വിശദീകരിക്കാമോ?

 മനുഷ്യന്റെ സാംസ്കാരിക ഉന്നതിയിലെ ഏറ്റവും വലിയ നേട്ടം ഭാഷണത്തോടൊപ്പം എഴുത്തും ഉണ്ടെന്നതാണ്. ഒരു ന്യൂറോളജിക്കാരനും ശ്രദ്ധ കൊടുക്കാത്ത ആ വിഷയം എന്റെ ഒരു ഇഷ്ട പഠനമേഖലയുമാണ്. അതിലെ മലയാളത്തിലെ ആദ്യത്തെ പഠനപ്രബന്ധം (കയ്യെഴുത്തുകളെക്കുറിച്ച് ഒരു കാര്യവിചാരം) എന്റെ കഴിഞ്ഞ പുസ്തകത്തില്‍‌ (ചിരിയും ചിന്തയും സർഗാത്മകതയും) ഉള്ളതാണ്.

വോള്‍‌ട്ടയറിന്റെ (Voltaire 1694-‐1778)  ഭാഷ്യത്തില്‍ ഭാഷണത്തിന്റെ ചിത്രകലയാണ് എഴുത്ത്  (Writing is painting of the voice). തുടക്കം മുതല്‍ അതങ്ങനെ തന്നെ ആയിരുന്നു. ആ ചിത്രം വരയലിന്‌ മുമ്പ് കൊച്ചു കൊച്ചു ബിംബങ്ങളായിരുന്നിരിക്കാം.

ഡോ. കെ രാജശേഖരൻ നായർ 

എണ്ണാനുള്ള കളിമണ്‍ കട്ടകളായിരുന്നിരിക്കാം. പിന്നെയത് ചിത്രങ്ങളായി, കളിമണ്ണിലും മരങ്ങളിലും ആനക്കൊമ്പുകളിലും. അങ്ങനെ  കൊത്തിയിടുന്നവയും വരഞ്ഞിടുന്നവയും സ്ഥായിയായിരിക്കാന്‍ പിന്നെയവ കരിങ്കല്ലിലാക്കി.

തറയിലിരുന്നു വെട്ടുളി കൊണ്ട് ചിത്രങ്ങള്‍ കോറുമ്പോള്‍ വലതു കൈയന്മാർക്ക്‌ സൗകര്യം വലതു നിന്ന് ഇടത്തോട്ട് കൊത്തിവരയാനായിരുന്നു. അതങ്ങനെ തന്നെയുണ്ട് ഇന്നും പല ഭാഷകളിലും. പിന്നെപ്പിന്നെ എഴുത്ത് തോലിലും ഈറകളില്‍ നിന്ന്‌ ഉരിഞ്ഞെടുത്ത പാടകളിലും ഇലകളിലും ഒക്കെയായി. പിന്നെ പേപ്പറിലായി.

സത്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് എഴുത്താണ് പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസമായ ബൗദ്ധികവൃത്തി. ഒരിക്കല്‍ പഠിച്ചെടുത്താല്‍ അതു ശ്രദ്ധാപൂർവം പരിചരിക്കണം. ഇവിടെയാണ് ഇന്നുള്ള പ്രശ്നം തുടങ്ങുന്നത്. കയ്യെഴുത്ത് എന്നത് ഇന്ന് ഏറെക്കുറെ അനാവശ്യമായ പ്രക്രിയ ആയി.

ടൈപ്പ് റൈറ്റിങ് ഉണ്ടായിരുന്ന കാലത്തുള്ളതിനെക്കാൾ വല്ലാത്ത സ്ഥിതിയാണുള്ളത്. ആദ്യ അക്ഷരം മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുമ്പോഴേക്കും അടുത്തുണ്ടാകേണ്ട അക്ഷരക്കൂട്ടങ്ങളുടെ സാമ്പിളുകള്‍ വാക്കുകളാക്കാന്‍ വന്നുകഴിഞ്ഞു. അക്ഷരമെഴുതുന്ന ആ കൈവഴക്കം മറക്കും, വാക്കുകളുടെ അക്ഷരവിന്യാസം – സ്പെല്ലിങ്‌ - മറക്കാം.

അഥവാ തെറ്റിയാല്‍ത്തന്നെ സ്പെല്‍ ചെക്കുണ്ടല്ലോ എന്ന്   ആശ്വസിക്കും. ഇതിലും കടുപ്പം എഴുത്തേ വേണ്ട എന്നതായതാണ്. വെറുതേ പറഞ്ഞുകൊടുത്താല്‍ ഏതു ഭാഷയിലാണെങ്കിലും എഴുത്തായി മാറ്റുന്ന സംവിധാനങ്ങളുമായി. എഴുത്ത് മറക്കരുതെന്ന് പറയാന്‍ പോലും അര്‍ഹതയില്ലാത്തവരായി മാറുന്നു നമ്മളൊക്കെ.     

ഡോക്ടർ കോഗ്നിറ്റീവ് ന്യൂറോളജിയിലാണ് പ്രാവീണ്യം നേടിയത്. എന്താണ് കോഗ്നിറ്റീവ് ന്യൂറോളജി?    

 ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ഞാന്‍ പരിശീലിച്ചതും പഠിച്ചതും പഠിപ്പിച്ചതുമെല്ലാം സാദാ ന്യൂറോളജി ആണ്. അതാണ് നിത്യനിദാനത്തിന്‌ ആവശ്യം. പക്ഷെ എന്റെ തൃഷ്ണയ്ക്കുവേണ്ടി പഠിച്ചെടുത്തതാണ് കോഗ്നിറ്റീവ് ന്യൂറോളജി‐ അറിവിന്റെ ന്യൂറോളജി. അറിവുകളെ മനസ്സിലാക്കുന്ന മസ്തിഷ്‌ക ഘടകങ്ങളെക്കുറിച്ചുള്ള പഠനം.

കൂടാതെ അതില്‍ മുഖ്യധാര ന്യൂറോളജിയിലില്ലാത്ത സൈക്കോളജിയും ബിഹേവിയറല്‍ സയന്‍സും ഒക്കെ വരും. ഭാഷയും ഭാഷണവും കാഴ്ചയുടെയും കേൾവിയുടെയും സംവേദന ജ്ഞാനത്തിന്റെയും ഉപരിമേഖലകളും വരും. കുറേ പഠിച്ചു കഴിയുമ്പോള്‍ അത് ചെന്നെത്തുന്നത് ഫിലോസഫിയുടേയും ഏസ്‌തെറ്റിക്‌സിന്റെയും ഒക്കെ മേഖലകളിലാണ്.

സാദാ ന്യൂറോളജി പഠിച്ചു പഠിപ്പിച്ചിരുന്ന, അത് പ്രാക്ടീസ്‌ ചെയ്തിരുന്ന ഒരു വൈദ്യാധ്യാപകനായ ഞാന്‍ ഇതു ചെന്നെടുത്തത് ന്യൂറോളജിക്ക്‌ പുറത്ത്‌ മറ്റു പല വിഷയങ്ങളിലും കൂടി ആസക്തിയുണ്ടായിരുന്നതിനാലാണ്. അത് ശരിക്ക്‌ മനസ്സിലാക്കാന്‍ ഫിലോസഫിയില്‍ താത്പര്യം വേണം. പഠിപ്പിക്കാന്‍ ഭാഷയുടെ മികവ് വേണം. സൗന്ദര്യം കാണാനുള്ള, കേള്‍ക്കാനുള്ള സാമാന്യമല്ലാത്ത കഴിവും വേണം.

ശാസ്ത്രത്തിനു പുറമെ ഹ്യുമാനിറ്റീസ് കൂടി മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണം എന്ന് ഡോക്ടര്‍ എഴുതിക്കണ്ടു. എന്താണ് ഇപ്പോഴത്തെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസ്ഥ?

ശാസ്ത്രം പഠിക്കുന്ന കുട്ടികള്‍ക്ക് വളരെ അരോചകമായ നിർദേശമാകും ഇത്. ഞങ്ങളുടെ വൈദ്യപഠനകാലത്ത് പാഠപുസ്തകങ്ങളല്ലാതെ വേറെ ഏതെങ്കിലും ഒന്നു വായിക്കുന്നവന്റെ കഥ കഴിക്കുന്ന രീതിയായിരുന്നു. ഞാന്‍ വായിച്ചിരുന്ന കവിതകളും നോവലുകളും മറ്റു കൃതികളും മറ്റാരും കാണാതിരിക്കാന്‍ അതിയായി ശ്രദ്ധിച്ചിരുന്നു.

ഡോ. കെ രാജശേഖരൻ നായർ (ഫോട്ടോ കടപ്പാട്‌: അജിത്‌കുമാർ ജി)

ഞാനെഴുതുമെന്നത് മഹാപരാധമായി കണക്കാക്കും എ ന്നുറപ്പുണ്ടായിരുന്നതിനാല്‍ അടുത്തകാലം വരെ എന്റെ സുഹൃത്തുക്കള്‍ക്കൊന്നും അതേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. പ്രഭാഷണങ്ങളില്‍ ഞാനറിയാതെ ചൊല്ലിപ്പോകുന്ന കവിതകളും കഥകളുമൊക്കെ കേട്ടിട്ട് അവരൊക്കെ കരുതിയത് അവര്‍ക്കു മനസ്സിലാകാത്ത ഏതോ ശാസ്ത്രകാര്യങ്ങളാണ്‌ അവയൊക്കെ എന്നാണ്‌.

ഇന്ന്‌ കാലം മാറി. എത്രയോ സർഗധനരായ, ചെറുപ്പക്കാരായ ഡോക്ടര്‍മാരുണ്ട്. അവരുടെ കൃതികളില്‍ സുന്ദരമായ ആശയാവിഷ്‌കാരമുണ്ട്. അവരുടെ കൂട്ടായ്മകളുണ്ട്. വായിച്ചവ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യാന്‍ ഇടങ്ങളുമുണ്ട്.
എന്നാലും ഏറിയ പങ്ക് വൈദ്യവിദ്യാർഥികളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും ഇതൊക്കെ ഏതോ നിഷിദ്ധസ്വഭാവമുള്ള കാര്യങ്ങളാണെന്നാണ് കരുതുന്നത്.

ഇവിടത്തെ കാര്യം രസമാണ്. സിനിമയില്‍ വന്നിട്ടുള്ള കഥകളും പാട്ടുകവിതകളും മാത്രമാണ് മിക്കവര്‍ക്കും പ്രിയം. ഭാഗ്യമെന്ന്‌ കരുതണം, ചെറുപ്പക്കാരായ പുതിയ ഡോക്ടര്‍മാര്‍ ഇതിന്‌ അപവാദമാണ്.

പക്ഷെ, അവര്‍ക്കു പോലും പാശ്ചാത്യ പൗരസ്ത്യ സാഹിത്യ കൃതികളെ പരിചയപ്പെടുത്തണം. വൈദ്യമെന്നത് വെറും മരുന്നു കൊടുക്കലും കീറിമുറിക്കലും എന്നതിലുപരി മനുഷ്യത്വത്തെ മനസ്സിലാക്കാനുള്ള ഒരു അസുലഭ കാര്യമാണെന്ന് പറഞ്ഞാല്‍ അവരില്‍ എത്ര പേര്‍ വിശ്വസിക്കും? വിശ്രുതരായ ഡോക്ടര്‍ എഴുത്തുകാരുണ്ടെന്ന്‌ പറഞ്ഞാല്‍ ആരു കേള്‍ക്കും? സോമര്‍സെറ്റ് മോമിനെയും ആന്റണ്‍ ചെക്കോവിനെയും ഒളിവര്‍ സാക്‌സിനെയും വില്യം കാർലോസ് വില്യംസിനെയും റിച്ചാര്‍ഡ് സെല്‍സറിനെയും ആരു കേട്ടിരിക്കുന്നു?

 പറഞ്ഞു പറഞ്ഞു മടുക്കാറായി. അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഞാന്‍ പലപ്പോഴും പറയുന്ന ഈ എഴുത്തുകാരെ ഗൂഗിള്‍ ചെയ്തു നോക്കി അതിലുള്ളവ വായിക്കുന്നവരുടേയും അതിനു  പിന്നെ അവരുടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നവരുടേയും എണ്ണം കൂടുന്നുണ്ട്. അത് ആശ്വാസം.

 ഈ മേഖലയിൽ ദീർഘകാലത്തെ പരിശീലനവും പരിചയവും നേടിയ ഒരാളെന്ന നിലയിൽ, ഇത്രയും കാലത്തിനിടയിൽ ന്യൂറോ സയൻസിൽ  ഡോക്ടർ കണ്ട സുപ്രധാന മാറ്റം എന്തായിരുന്നു.

 ഏറ്റവും മിതമായി പറഞ്ഞാൽ 1960കളുടെ അവസാനം മുതല്‍ ഞാന്‍ കണ്ടത് അത്യാശ്ചര്യകരമായ കാര്യങ്ങളായിരുന്നു. വൈദ്യം വെറുമൊരു കല എന്നതില്‍നിന്ന്‌ നൂതന ശാസ്ത്രത്തിന്റെ സകല വൈഭവങ്ങളോടും കൂടി വന്ന കാലം. അത് നിശ്ചലമായി കിടന്നുപോയ പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് എല്‍ ഡോപ മരുന്നുകൊണ്ട് പുനര്‍ജീവിതം നല്‍കിയതും ജീവിതം അനാഥമായി മനോരോഗാശുപത്രികളില്‍ പെട്ടുപോയ രോഗികള്‍ക്ക്‌ ആശ്വാസം കിട്ടുന്ന എത്രയോ മരുന്നുകളും  വിശ്വസിക്കാനാവാത്ത സി ടി സ്കാനും  (C T Scan) എം ആര്‍ ഐ സ്കാനുമെല്ലാം (M R I Scan)  നിത്യപരിചരണത്തിന്റെ ഭാഗമായതും ഒക്കെ ഈ കാലയളവില്‍ വന്നതാണ്.

മസ്തിഷ്കതരംഗങ്ങളെ ആലേഖനം ചെയ്യുന്നതുപോലെ അവയെ ഡിജിറ്റലൈസ് ചെയ്ത്‌ അവയിലെ ഓരോ ഘടകങ്ങളേയും വിലയിരുത്തുന്നതും ഒരു സംവേദനം കേട്ടാല്‍, കണ്ടാല്‍ അതു പോകുന്ന പാതകള്‍ അടയാളപ്പെടുത്തി അവ പോകുന്ന വേഗം അളക്കുന്നതും കണ്ണിനകത്തുള്ള ഞരമ്പു തടിപ്പുകള്‍ പണ്ട്‌ ഓഫ്‌താല്‍മോസ്കോപ്പ്‌ വച്ച് കണ്ടു നിഗമനങ്ങളിലെത്തുന്നതിന്‌ പകരം  വെറും മൊബൈല്‍ ആപ്പിലൂടെ ആലേഖനം ചെയ്യുന്നതുമൊക്കെ പഠിച്ചെടുക്കേണ്ടി വന്നു.

നിശ്ചയമായും മരിച്ചു പോകുമായിരുന്ന എത്രയോ രോഗികളെ രക്ഷിക്കാനായി. പുതിയ പുതിയ അറിവുകള്‍, കുട്ടികൃഷ്ണമാരാരുടെ ഭാഷയില്‍ വിളക്കു തെളിച്ച് അര്‍ധരാത്രിയിലും ഇരുന്നു പഠിക്കുന്നു. രന്തിദേവന്‍ പറഞ്ഞപോലെ  എനിക്കു രാജ്യം വേണ്ട, സ്വർഗവും വേണ്ട, പുനര്‍ഭവവും വേണ്ട. രുദിതാനുസാരിയായി, ദുഃഖത്തില്‍ മുഴുകിയ ജീവികളെ രക്ഷപ്പെടുത്താനുള്ള ആവത് കിട്ടണമെന്ന ആശയേ ഉള്ളൂ.

 (‘നത്വഹം കാമയേ രാജ്യം
 ന സ്വർഗം ന പുനർഭവം 
കാമയേ ദുഃഖതപ്താനാം 
പ്രാണിനാമാർതിനാശനം’)

 ഇതേ വിഷയത്തിൽ ഭാവിയിൽ പ്രതീക്ഷിക്കുന്ന പ്രധാന മുന്നേറ്റം എന്തായിരിക്കും? ന്യൂറോളജിയുടെ ശാസ്ത്രീയാന്വേഷണം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്...

ഇലോൺ മസ്‌ക്‌

= ഇത് ഇന്ന്‌ പ്രവചിക്കാനൊക്കാത്ത അവസ്ഥയാണ്. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തുടക്കകാലത്താണ്. അതേത്‌ തരത്തില്‍ വികസിക്കുമെന്നതിന്‌ ഒരു സൂചനയും ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ പുതിയ അറിവുകള്‍ വരുന്നതിന്‌ ഇടവേളകളുണ്ടായിരുന്നു, ആദ്യമൊക്കെ 50‐60 കൊല്ലം, പിന്നെയത്‌ ചുരുങ്ങി ദശകങ്ങളായി. 

2010‐2015ന്‌ ശേഷം അതു ആഴ്ചകളോ ദിനങ്ങളോ ആയി. പലതും വിശ്വസിക്കാനാവാത്ത പുതുജ്ഞാനങ്ങള്‍, സമ്പ്രദായങ്ങള്‍, ചിലത്‌ വെറും പൊട്ടക്കള്ളത്തരങ്ങള്‍. എന്നാലും ഇലോണ്‍ മസ്‌കും കൂട്ടരും തുടങ്ങിവയ്ക്കുന്ന മസ്തിഷ്‌കത്തിലെ ചിപ്സുകള്‍ തുറന്നുവിടുന്നത് സർവവും ദഹിപ്പിക്കുന്ന വേതാളങ്ങളെയാണോ, അതോ സർവവും ശരിയാക്കുന്ന മഹാജ്ഞാനികളായ വിശ്വകർമരെ ആണോ എന്നൊന്നും പറയാനാവാത്ത അവസ്ഥ.

ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ ആദ്യ മനുഷ്യപരീക്ഷണം പരാജയപ്പെട്ടുപോയെങ്കിലും അത്‌ തുടങ്ങിവച്ച ശുഭപ്രതീക്ഷകള്‍ സീമകളില്ലാത്തതാണ്. സുഷുമ്നാ നാഡി ഛേദിച്ചു പോയാലുണ്ടാകുന്ന കൈകാല്‍ തളര്‍ച്ചകളെ രക്ഷപ്പെടുത്താന്‍ ഇന്നത്തെ അറിവുകള്‍ കൊണ്ട്‌ സാധ്യമല്ല. ഈ പുതിയ പരീക്ഷണങ്ങള്‍ക്ക് അതു സാധ്യമാണെങ്കില്‍ പൂർണമനസ്സോടെ സ്വീകരിക്കപ്പെടും. തീര്‍ച്ചയാണ്, 

കമ്പ്യൂട്ടറുകളും പുതിയ ഉപകരണങ്ങളും ന്യൂറോളജിയുടെ പരിശോധനക്രമങ്ങളും രോഗനിർണയത്തേയും ചികിത്സാരീതികളേയും മിക്കവാറും മാറ്റിമറിക്കും. ഡോക്ടര്‍മാര്‍ക്ക്‌ പകരം എ ഐ സംവിധാനങ്ങളുള്ള റോബോട്ടുകള്‍ വരുമായിരിക്കും. പരിശോധനകള്‍ക്കും രോഗനിർണയത്തിനും ചികിത്സയ്‌ക്കും കുറെക്കൂടി കൃത്യത വരും

കമ്പ്യൂട്ടറുകളും പുതിയ ഉപകരണങ്ങളും ന്യൂറോളജിയുടെ പരിശോധനക്രമങ്ങളും രോഗനിർണയത്തേയും ചികിത്സാരീതികളേയും മിക്കവാറും മാറ്റിമറിക്കും. ഡോക്ടര്‍മാര്‍ക്ക്‌ പകരം എ ഐ സംവിധാനങ്ങളുള്ള റോബോട്ടുകള്‍ വരുമായിരിക്കും. പരിശോധനകള്‍ക്കും രോഗനിർണയത്തിനും ചികിത്സയ്‌ക്കും കുറെക്കൂടി കൃത്യത വരും. പക്ഷെ മനുഷ്യനെന്ന പരിഗണന രോഗിക്കോ, ചികിത്സകനെന്ന ഭാവം  ഡോക്ടര്‍ക്കോ ഇല്ലാതെ പോകും.

 സത്യത്തില്‍ ഏത്‌ വെല്ലുവിളികളേയും നിഷ്പ്രയാസം തരണം ചെയ്യുന്ന ബുദ്ധിയാവും പുതിയ സംവിധാനങ്ങള്‍ക്ക്. പക്ഷെ അവയും നിസ്സഹായമാകും. ജൈവപരിണാമങ്ങളില്‍ ജനനം, മരണം, വികാരങ്ങള്‍ എന്നിവയെ നിയന്ത്രിക്കാം. പക്ഷെ, 3500 മില്യണ്‍ കൊല്ലങ്ങള്‍ കൊണ്ട്‌ ഉരുത്തിരിഞ്ഞ പരിണാമരീതികളെ ഒരു പരിധി കഴിഞ്ഞ് മാറ്റാനുമാവില്ല. 

കേരളത്തിലെ മെഡിക്കൽ രംഗത്തിന്റെ ചരിത്രം പറയുന്ന Evolution of Modern Medicine in Kerala എന്ന  ഡോക്ടറുടെ പുസ്തകം ഏറെ പ്രസിദ്ധമാണല്ലോ. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച് ആഗോള ബെസ്റ്റ് സെല്ലറായി മാറിയ അമേരിക്കൻ ഡോക്ടർ  എബ്രഹാം വർഗീസിന്റെ The Covenant of Water എന്ന നോവലിലും ആ പുസ്തകത്തിന്റെ ഒരു റഫറൻസ് കാണാനിടയായി. അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും അതെഴുതാനിടയായ സാഹചര്യത്തെപ്പറ്റിയും ഒന്ന് പറയാമോ... 

 2001ലാണ് ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പക്ഷെ അതിനു വേണ്ട ശ്രമം തുടങ്ങുന്നത് 1988/89 കാലം മുതല്‍ക്കാണ്. എന്റെ അമ്മയുടെ കുടുംബത്തില്‍ അമ്മയുടെ മൂത്ത ചേട്ടനടക്കം കുറേ ഡോക്ടര്‍മാരുണ്ടായിരുന്നു. അവരുടെ കഥകള്‍ കുട്ടിയായിരുന്ന കാലം മുതല്‍ കേട്ടിട്ടുമുണ്ടായിരുന്നു.

അമ്മയുടെ അനിയത്തിയുടെ കലശലായ തീപ്പൊള്ളല്‍ ചികിത്സിച്ചു ശരിയാക്കിയ നെയ്യൂര്‍ ആശുപത്രിയിലെ ഡോ. ടി എച്ച് സോമർവെല്ലിനെക്കുറിച്ച് കേട്ടിരുന്ന കഥകള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോലും ഏറെക്കുറെ മാസ്മരികമായിരുന്നു.

ഡോ. കെ രാജശേഖരൻ നായരും എൻ ഇ സുധീറും അഭിമുഖത്തിനിടെ 

ഏതോ ഒരു സന്ദര്‍ഭത്തില്‍ ഡോ. സോമർവെല്ലിനെക്കുറിച്ച് എന്റെ ഒരു ബ്രിട്ടീഷ് സുഹൃത്ത്‌ തിരക്കിയപ്പോഴാണ്, കേട്ടിട്ടുള്ള അദ്ദേഹത്തിന്റെ ചികിത്സാപുരാണങ്ങളല്ലാതെ അദ്ദേഹത്തെക്കുറിച്ച് എനിക്ക്‌ അന്ന് ഒന്നും അറിയില്ലെന്ന് മനസ്സിലായത്. ആ സ്ഥാപനത്തിലും അതിനോട്‌ അനുബന്ധമായ ആള്‍ക്കാര്‍ക്കും സമമായിരുന്നു അറിവ്.

അതുകൊണ്ടാണ് ലണ്ടന്‍ മിഷന്‍ സൊസൈറ്റിക്ക് ഞാനൊരു കത്തയച്ചത്. അവരുടെ പക്കലുണ്ടായിരുന്ന രേഖകള്‍ വേണമെങ്കില്‍ ചെന്ന് എഴുതിയെടുക്കാമെന്നായി മറുപടി. സോമർവെല്ലിന്റെ ഒരു മകന്‍ ഡോക്ടറായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന (പിന്നെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി പ്രൊഫസറായ) ഡോ. കെ വി മത്തായിയാണ് ലണ്ടന്‍ അഡ്രസ് തന്നത്.

ഒന്നര രണ്ടു മാസം കഴിഞ്ഞപ്പോള്‍ മറുപടി വന്നു. ബ്രിട്ടീഷ് പോസ്റ്റല്‍ സർവീസിനു നന്ദി. അദ്ദേഹത്തിന്റെ പുതിയ അഡ്രസ് തിരക്കിയറിഞ്ഞ് ആ കത്ത്‌ കൊടുത്തു. അങ്ങനെ കിട്ടിയ വിവരങ്ങള്‍ കളയണ്ട എന്നു കരുതി ഒരു ദീര്‍ഘലേഖനം എഴുതി വച്ചു.

അപ്പോഴാണ് തോന്നിയത് കേരളത്തിലെ വൈദ്യവികാസത്തെത്തന്നെ പഠിച്ചാലോ എന്ന്. അക്കാലത്തൊക്കെ എനിക്ക്‌ വിശ്വസിക്കാനാവാത്ത പണിത്തിരക്കുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിലെ ജോലിയും തിരക്കുള്ള പ്രാക്ടീസും. എന്നാലും മൂന്ന്‌ ഭാഗങ്ങളായി ഒരു വലിയ പുസ്തകം പ്ലാന്‍ ചെയ്തു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന്.

ഒരു ചരിത്രാഖ്യാനം അല്ല, അതിലെ പഥികൃത്തുകളെ പരിചയപ്പെടുത്താനായിരുന്നു ഇച്ഛ. അതിനൊരു ലിസ്റ്റുമുണ്ടാക്കി. അവയ്ക്ക് ഒരു ആമുഖമായി തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഏത്‌ കാലത്താണ് ആധുനിക വൈദ്യം വന്നത്‌ എന്ന അന്വേഷണം കൊണ്ടുചെന്നെത്തിച്ചത് വേലുത്തമ്പി ദളവയിലും മൈലാടിയില്‍ വന്ന റിംഗില്‍ടാബോയിലും (William Tobias Ringeltaube) ലണ്ടന്‍ മിഷന്‍ സൊസൈറ്റിയിലുമൊക്കെയായി. വേണ്ട റഫറന്‍സുകള്‍ ഇല്ല. ഉള്ളത്‌ സ്വീകരിക്കാനാവാത്തതും. മുട്ടീടാതങ്ങു നടന്നതുകൊണ്ട് കിട്ടി.

രാജശേഖരൻ നായർ അച്ഛൻ ശൂരനാട്ട്‌ കുഞ്ഞൻ പിള്ളയോടൊപ്പം
(ആദ്യകാല ഫോട്ടോ)

അത്ഭുതമെന്നു തോന്നിയത് തിരുവനന്തപുരത്തു താമസിച്ചിരുന്ന കണ്ണുഡോക്ടറും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. എല്‍ എ രവിവര്‍മ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ കാനഡയില്‍ നിന്നും, ഡോ. ശങ്കരരാമനെക്കുറിച്ചുള്ള വിവരങ്ങള്‍ ബാംഗ്ലൂരില്‍ നിന്നുമൊക്കെ ആയിരുന്നു എന്നതാണ്.

പണ്ടുകാലത്തെ മെഡിക്കല്‍ ബിരുദങ്ങള്‍ തന്നെ ഒരു വകയായിരുന്നു, ഡ്രസ്സര്‍ (ദരസ്സരെന്നു നാട്ടുകാരും), കമ്പൗണ്ടര്‍, അപ്പോത്തിക്കരി, എല്‍എംപി, മിറാജില്‍ നിന്നും ലുധിയാനയില്‍ നിന്നും ഒക്കെ കൊടുത്തിരുന്ന വകകളും ഒക്കെ തപ്പിയെടുക്കാന്‍ പണിയായിരുന്നു.

പതിനൊന്നാം ക്ലാസ്‌ കഴിഞ്ഞ് (പണ്ടത്തെ എസ്എസ്എല്‍സി) മൂന്നുകൊല്ലം പഠിച്ചാല്‍ ‌കിട്ടുന്ന എല്‍എംപി ഡിപ്ലോമ വേറെ, എംബിബിഎസിന്‌ 50 ശതമാനം മാര്‍ക്കില്ലെങ്കില്‍ കൊടുത്തു പറഞ്ഞുവിടുന്ന എല്‍എംഎസ് വേറെ എന്നുള്ളതൊക്കെ തപ്പിയെടുത്തു. 

ഭാഗ്യമായത് ഇതൊക്കെ പറഞ്ഞുതരാന്‍ അറിവുള്ള ജനം അന്നു ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതാണ്‌. ഡോ. വലിയ കേശവന്‍ നായര്‍ സാറും അച്ഛനും ഗുപ്തന്‍ നായർ സാറും ഉത്രാടം തിരുനാള്‍ മാർത്താണ്ഡ വര്‍മ്മയും ഞങ്ങളുടെ സുബ്രഹ്‌മണ്യയ്യര്‍ സ്വാമിയുമൊക്കെ തന്ന വിവരങ്ങള്‍ ഗുണകരമായി.

പത്തു പന്ത്രണ്ടു കൊല്ലത്തെ ശ്രമം. എന്നിട്ടുപോലും തിരുവിതാംകൂര്‍ കഥകളേ ആയുള്ളൂ. അപ്പോഴും കൊച്ചി, മലബാര്‍ കഥകള്‍ പൂർണമായില്ല. സംഭരിച്ചത് മുഴുവന്‍ കുറിച്ചിട്ടു.

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് രണ്ടാം ലോകയുദ്ധകാലം കഷ്ടിച്ച് കഴിഞ്ഞ കാലത്ത് ബ്രീട്ടിഷുകാര്‍ കോഴിക്കോട്ട്‌ ഉണ്ടാക്കിയതാണെന്നും ഡോ. അയ്യത്താന്‍ ഗോപാലനാണ് കോഴിക്കോട് മാനസികരോഗാശുപത്രിയിലെആദ്യത്തെ നാട്ടുകാരന്‍ സൂപ്രണ്ടെന്നുമൊക്കെ വിവരങ്ങള്‍ ഇനിയും ക്രോഡീകരിച്ചിട്ടില്ല.

പക്ഷെ, തിരുവിതാംകൂറിലെ കഥ പ്രസിദ്ധീകരിച്ചു (The Evolution of Modern Medicine in Travancore. 2001). പബ്ലിഷ് ചെയ്യാനാളില്ല അന്ന്. പുസ്തകപ്രസിദ്ധീകരണവും വില്‍ക്കലും ഇത്ര ശ്രമകരമായതാണെന്ന് മനസ്സിലാക്കിയത് അന്നാണ്. കയ്യിൽനിന്ന്‌ കുറേ പൈസ പോയിക്കിട്ടി.

അപ്രതീക്ഷിതമായിരുന്നു ഡോ. ഏബ്രഹാം വർഗീസിന്റെ ‘കവനന്റ്‌ ഓഫ്‌ വാട്ടറി’ല്‍ ഈ പുസ്തകവും സൂചിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. എനിക്ക്‌ പ്രിയമുള്ള, വളരെ ജനപ്രിയനായ (ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല, പരിചയപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് എന്നെ അറിയുകയുമില്ല) എഴുത്തുകാരനായ ഏബ്രഹാം വർഗീസിന്റെ മൈ ഓണ്‍ കൺട്രിയും ടെന്നീസ് പാർട്‌ണറും എനിക്ക് ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹം എന്റെ പുസ്തകം ക്വോട്ട് ചെയ്തു എന്നത് നന്ന്. അതിനു നന്ദി.

 ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ കാണാനുണ്ട്. പുതിയകാല രീതിയിൽ Narrative Medicine  അപ്രസക്തമാവുമോ?

ഞാനൊരു വൃദ്ധനാണ്. പ്രായമായതിന്റെ പലതും സ്വാഭാവികമായി എന്നെയും അലട്ടുന്നുമുണ്ട്. സത്യത്തില്‍ പുതിയ വൈദ്യപരിചരണങ്ങളില്‍ ചെന്നുപെടാന്‍ എനിക്കും ലേശം പേടിയാണ്. ഡോക്ടറെ കാണുന്നതിന്‌ മുമ്പുതന്നെ

ഡോ. കെ രാജശേഖരൻ നായർ
(ഫോട്ടോ: മിഥുൻ അനില മിത്രൻ)

സുന്ദരികളായ നഴ്സ് കുട്ടികള്‍ ചോദിച്ചും ചോദിക്കാതെയും കമ്പ്യൂട്ടറുകളില്‍ എഴുതിക്കയറ്റിയ വിവരങ്ങളുമായി ഡോക്ടറെ കാണാന്‍ കയറുമ്പോള്‍, എനിക്ക്‌ പണ്ട്‌ പരിചിതമായ (ഞാന്‍ നിത്യവും ചെയ്തിരുന്ന) സാമ്പ്രദായികമായ പരിശോധനാക്രമം എന്നേ മാറി എന്നു മനസ്സിലാക്കുന്നു.

രോഗികള്‍ പറയുന്നവ വെറും പാഴ്വാക്കുകളല്ല, അവരുടെ  ആകുലതകളാണ്‌. സത്യത്തില്‍ ഒരു ഭാഷയിലും ദേഹത്തിന്റെ, രോഗങ്ങളുടെ കാര്യങ്ങള്‍ അതുപോലെ പറയാനാവില്ല. ഒരു സുന്ദരിക്ക്‌ കൊടുക്കാന്‍ ഒരു പൂ നുള്ളിയ നേരം മുറിഞ്ഞ ചൂണ്ടുവിരലിൽ ഇന്‍ഫെക്‌ഷന്‍ വന്നു സെപ്റ്റിസീമിയ ആയി കഷ്ടിച്ച് 51 വയസ്സു വരെ മാത്രം ജീവിച്ച, ലുക്കീമിക്കായിരുന്ന ആസ്ട്രിയന്‍ കവി റെനെ റില്‍ക്കയാണ് അതു പറഞ്ഞത്, ‘ദേഹികളുടെ വ്യഥകള്‍ ഭാഷകളുടെ സീമകള്‍ക്കു പുറത്താണ്’ എന്ന് (‘Events of the body lie outside the precincts of the language' (Rene Maria Rilke 1875- ‐ 1926).

ഇന്ന്‌ ഏതേതോ സ്കാനുകളില്‍ പതിയുന്നത് മനുഷ്യവിഭാവനകള്‍ക്ക് എത്രയോ മീതെയായ വിവരങ്ങളാവും. അവ ക്രോഡീകരിച്ചുണ്ടാക്കുന്ന രോഗങ്ങള്‍ തന്നെയാവും രോഗികൾക്ക്‌. എന്നാലും അവസാനഗണനത്തില്‍ ചികിത്സ എന്നത്‌ രോഗിയും ഡോക്ടറും തമ്മിലുള്ള ഒരു പാരസ്പര്യമാകണം.

റോബോട്ടിക് സര്‍ജന്മാര്‍ അതികൃത്യമായി ചികിത്സിച്ചാലും കിട്ടാത്തതാണ് കരുണാപൂർണമായ വാക്കുകളുമായി സദയം ജ്ഞാനിയായ ഒരു ഡോക്ടര്‍ മെല്ലെ തൊടുമ്പോൾ മനസ്സിനുണ്ടാകുന്ന സുഖവും ആശ്വാസവും. 

എന്നാലും ഒരു നല്ല പങ്ക് ചെറുപ്പക്കാരും മനസ്സില്‍ കരുണയുടെ കൈത്തിരി കെടാതെ സൂക്ഷിക്കുന്നവരാണെന്നു കാണുന്നത് പ്രീതിദം. പക്ഷെ കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടലില്‍ അവരുടെ കരുണ അലിഞ്ഞുപോകാതെ കാക്കുന്നത് പ്രയാസമാണ്.
(അവസാനിച്ചു)

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top