12 December Thursday

സന്ധി വേദന കുറയ്ക്കാം ഈ 5 ആയുർവേദ മൂലികകളിലൂടെ

ഡോ. ജെ ഹരീന്ദ്രൻ നായർ, ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ, പങ്കജകസ്തുരി ഹെർബെൽസ്Updated: Wednesday Dec 4, 2024

സാധാരണക്കാരുടെ വാക്കുകളിൽ, സന്ധിവാതം എന്നാൽ സന്ധികളുടെ വീക്കമാണ്. ആയുർവേദ ശാസ്ത്രപ്രകാരം തണുപ്പ്, വരൾച്ച, പരുക്കൻ സ്വഭാവം എന്നീ പ്രത്യേകതകൾ കാരണം വാതദോഷം, സന്ധിരോഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വരൾച്ചയും തണുപ്പും അമിതമായ ഉപയോഗവും വാതത്തിന്റെ വിനാശകരമായ സ്വഭാവത്തെ വർദ്ധിപ്പിക്കുന്നു. ഇത് സന്ധികളിൽ കാഠിന്യത്തിനും ആയാസത്തിനും വേദനയ്ക്കും കാരണമാകും. സന്ധിവേദനയുടെ സാധാരണ ലക്ഷണങ്ങളിൽ വേദന, കാഠിന്യം, വീക്കം എന്നിവ ഉൾപ്പെടുന്നു.

സന്ധി വേദനയ്ക്കു ഏറ്റവും ഫലപ്രദമായ 5 ആയുർവേദ മൂലികകളും അവയുടെ പ്രവർത്തനരീതികളും പരിചയപ്പെടാം.

1. കരിനൊച്ചി (Vitus negundo)

കരിനൊച്ചിയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾക്ക് വേദനസംഹാരി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് സന്ധി പ്രശ്നങ്ങൾ, സ്പോണ്ടിലൈറ്റിസ്, സയാറ്റിക്ക എന്നിവയുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാൻ സഹായിക്കും.ഫ്ലേവനോയ്ഡുകൾ, ലിമോണോയിഡുകൾ തുടങ്ങിയ സംയുക്തങ്ങൾ കരിനൊച്ചിയുടെ ആന്റി ഇൻഫ്ളമേറ്ററി  ഗുണങ്ങൾക്ക് കാരണമാകുന്നു. ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾക്ക് പേരുകേട്ട പ്രകൃതിദത്ത സംയുക്തങ്ങളാണ് ഇവ. സ്പോണ്ടിലൈറ്റിസ് പോലുള്ള അവസ്ഥകളിൽ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കുന്നതിന് ഇത് ഗുണം ചെയ്യും. പരമ്പരാഗതമായി ആയുർവേദ ചികിത്സയിൽ മസിൽറിലാക്സേഷനായി കരിനൊച്ചി ഉപയോഗിക്കുന്നു. പേശികളുടെ പിരിമുറുക്കം ലക്ഷണങ്ങളെ വഷളാക്കുന്ന സയാറ്റിക്ക പോലുള്ള അവസ്ഥകൾക്ക് ഇത് പ്രത്യേകിച്ചും സഹായകമാകും.

മലബന്ധത്തോടുകൂടിയ  നടുവേദനയിൽ കരിനൊച്ചിയില നീരിൽ സമം ആവണക്കെണ്ണ ചേർത്ത് 10 ml വീതം രാത്രി കിടക്കുന്നതിനുമുമ്പ് കഴിക്കുന്നത് നല്ലതാണു.

2. ചിറ്റരത്ത (Alpinia galanga)

സന്ധി വേദനയിൽ നിന്ന് ആശ്വാസം നൽകുന്ന മറ്റൊരു ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഔഷധമാണ് ചിറ്റരത്ത. ഇത് സന്ധികളുടെ ചലനം  മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും സഹായിക്കുന്നു. രാസ്‌നാ എന്ന സംസ്‌കൃത നാമത്തിലറിയപ്പെടുന്ന ഈ മരുന്ന്, വാത രോഗങ്ങൾക്കുപയോഗിക്കുന്ന നിരവധി ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. 'വേദനാസ്ഥാപനം' എന്ന ആയുർവേദ ഗുണമുള്ള ഈ സസ്യം സന്ധികളിലും പേശികളിലും നാഡികളിലും ഉണ്ടാകുന്ന നീർക്കെട്ട് കുറച്ച വേദനയ്ക്ക് ആശ്വാസമേകുന്നു.

3. തഴുതാമ (Boerhavia diffusa)

തഴുതാമ അതിൻ്റെ ഡൈയൂററ്റിക് അഥവാ മൂത്ര വർദ്ധകഗുണം കാരണം മൂത്രത്തിൻ്റെ ഒഴുക്ക് വർദ്ധിപ്പിച്ച് ശരീരത്തിൽ നിന്ന് നീർക്കെട്ടും മാലിന്യങ്ങളും നീക്കംചെയ്യുന്നു. അതിനാൽത്തന്നെ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള വാത രോഗങ്ങളിൽ വേദനയും വീക്കവും കുറയ്ക്കാൻ തഴുതാമ നല്ലതാണ്. ദീപന പാചന ഗുണങ്ങളോടൊപ്പം മൂത്രളവും വാതശമനവുമായ തഴുതാമയുടെ പ്രവർത്തനം സന്ധി വാത രോഗ ചികിത്സയിൽ ഗുണകരമായി മാറുന്നു.

4. അശ്വഗന്ധ (Withania somnifera)

പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ ഔഷധസസ്യമാണ് അമുക്കുരം. രസായന ഗുണങ്ങളുള്ള അമുക്കുരത്തിന് പ്രായാധിക്യത്താലുണ്ടാകുന്ന തേയ്മാനത്തെ നിയന്ത്രിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് സന്ധികൾക്കുള്ളിലെ കാർട്ടിലേജ്, സൈനോവിയം എന്നിവയ്ക്ക് സംരക്ഷണമേകുന്നു. ഇതിലുള്ള വിത്തനോലൈഡുകൾ എന്ന സജീവ സംയുക്തങ്ങൾ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. വിത്തനോലൈഡുകൾ അവയുടെ അഡാപ്റ്റോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്.ഇത്തരം ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യം രോഗപ്രതിരോധ സംവിധാനത്തെ മോഡുലേറ്റ് ചെയ്യാൻ സഹായിക്കുന്നു .ശരീരത്തെ വിവിധതരം സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടാനും സമഗ്ര ക്ഷേമത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കും.അശ്വഗന്ധ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അശ്വഗന്ധ പരമ്പരാഗതമായി ഒരു അഡാപ്റ്റോജൻ ആയി ഉപയോഗിക്കുന്നതിനാൽ, സമ്മർദ്ദവുമായി ബന്ധപ്പെട്ട പല അവസ്ഥകൾക്കും ഇത് ഉപയോഗിക്കുന്നു.

5. കരിംകുറിഞ്ഞി (Barleria prionitis)

സന്ധിവാതത്തിനുള്ള ആയുർവേദ ഔഷധങ്ങളിലെ ഒരു പ്രധാന ചേരുവയാണ് കരിംകുറിഞ്ഞി. സന്ധികളിൽ ആവശ്യമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാൻ ഈ മരുന്നിനു കഴിവുണ്ട്. അങ്ങനെ നാശമുണ്ടായ കലകൾക്ക് പുനരുജ്ജീവനത്തിനാവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നതിലൂടെ സന്ധികളുടെ പ്രവർത്തനം ആയാസ രഹിതമാക്കാൻ സഹായിക്കുന്നു. ഇങ്ങനെ കേടുപാടുകൾ പരിഹരിക്കുന്നതിനിടൊപ്പം അനായാസമായ ചലനങ്ങൾക്ക് ആവശ്യമായ ലൂബ്രിക്കേഷൻ നൽകുന്ന സൈനോവിയൽ ദ്രാവകത്തിന്റെ നിർമാണത്തിന് ഉദ്ദീപനം നൽകാനും കരിംകുറിഞ്ഞി ഉപയോഗകരമാണ്. വാത ദോഷത്തിന്റെ അടിസ്ഥാന സ്വഭാവമായ രൂക്ഷതയെ ഇല്ലാതാക്കി സ്നിഗ്ദ്ധമാക്കുന്നതോടെ അനായാസമായ ചലനം ഉറപ്പു വരുത്താനാകുന്നു.

പുതുതായി വികസിപ്പിച്ചെടുക്കുന്ന ആയുർവേദ ഔഷധങ്ങളിൽ വിവിധതരം ചേരുവകളുടെ തിരഞ്ഞെടുപ്പും സംയോജനവും ശാസ്ത്രീയമായ രീതിയിൽ നിർവഹിക്കുന്നതിനാൽ വിവിധ ഗുണങ്ങളുടെ സംയോജിതമായ പ്രവർത്തനഫലം രോഗികളിൽ കാണാനാകും. കൂടാതെ ഔഷധങ്ങൾ, പഞ്ചകർമ്മ ചികിത്സ, ജീവിത രീതിയിൽ ആവശ്യമായ മാറ്റങ്ങൾ തുടങ്ങിയവ വഴി സന്ധി വാത രോഗികളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ചികിത്സാ പദ്ധതി തയ്യാറാക്കാൻ യോഗ്യതയുള്ള ഒരു ആയുർവേദ പ്രാക്‌ടീഷണറെ സമീപിക്കുന്നത് നന്നായിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top