13 September Friday

പ്രതിവർഷം ലക്ഷത്തിൽ രണ്ട് പേർക്ക്: അപൂർവ കാൻസറായ സർക്കോമ; അറിയേണ്ടതെല്ലാം

ഡോ. ഫിലിപ്പ് ജോർജ് കുറ്റിക്കാട്ട്Updated: Tuesday Aug 20, 2024

പൂർവമായ ഒരു തരം കാൻസർ രോഗമാണ് സർക്കോമ. മറ്റ് കാൻസർ രോഗങ്ങൾ പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് സർക്കോമയും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സർക്കോമ രോഗബാധയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വലിയ തോതിലുണ്ട്. മുതിർന്നവരിലുണ്ടാകുന്ന കാൻസറിൽ ഏകദേശം ഒരു ശതമാനത്തോളവും കുട്ടികളിലെ കാൻസറുകളിൽ ഏകദേശം 15 ശതമാനത്തോളവും അസ്ഥികളിലും, പേശികൾ, ഫാറ്റ്, രക്ഷക്കുഴലുകൾ, കണക്ടീവ് ടിഷ്യൂസ് ഉൾപ്പെടെയുള്ള സോഫ്റ്റ് ടിഷ്യൂകളിലും സർക്കോമകൾ രൂപപ്പെടാറുണ്ട്.

പ്രതിവർഷം ഒരു ലക്ഷം പേരിൽ രണ്ട് - മൂന്ന് എന്ന തോതിലാണ് ഇന്ത്യയിൽ സോഫ്റ്റ് ടിഷ്യൂസ് സർക്കോമാസിന്റെ നിരക്ക് കണക്കാക്കപ്പെടുന്നത്. ലിപോസർക്കോമ, ലീയോമയോസർക്കോമ, ആൻജിയോസർക്കോമ എന്നിവ ഉൾപ്പെടെയുള്ള സോഫ്റ്റ് ടിഷ്യൂസ് സർക്കോമകളാണ് പൊതുവേ അസ്ഥികളിലെ സർക്കോമകളേക്കാളും കൂടുതലായി കാണപ്പെടുന്നത്. അതേ സമയം, ഓസ്റ്റിയോസർക്കോമ, ഇവിംഗ്സ് സർക്കോമ പോലുള്ള അസ്ഥി സർക്കോമകൾ കുട്ടികളിലും യുവാക്കളിലും അധികമായി കണ്ടുവരുന്നുണ്ട്.

മിക്ക സർക്കോമകളും കാരണങ്ങൾ കണ്ടെത്താനാകാത്തവയാണ്. കുട്ടികളിലായാലും മുതിർന്നവരിലായാലും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ സർക്കോമകൾ രൂപപ്പെടാം. നേരത്തേയുണ്ടായിട്ടുള്ള റേഡിയേഷൻ, ചില രാസവസ്തുക്കളുടെ സാമീപ്യം, വൈറസുകൾ തുടങ്ങിയവ ചില സാഹചര്യങ്ങളിൽ സർക്കോമ രോഗബാധയുമായി ബന്ധപ്പെട്ടേക്കാം.

സർക്കോമ പാരമ്പര്യ രോഗമാണോ

ഇതേപ്പറ്റി കൂടുതൽ വ്യക്തത നമുക്കറിവുള്ളതല്ല. എന്നാൽ, പാരമ്പര്യമായി സർക്കോമ രൂപപ്പെടാൻ സാധ്യതയുള്ള ജീനുകൾ ഒരു വ്യക്തിയ്ക്ക് പകർന്ന് കിട്ടാനുള്ള സാധ്യതകൾ തള്ളിക്കളയാനാകുന്നതല്ല. ഉദാഹരണത്തിന്, ഫാമിലിയിൽ റെറ്റിനോബ്ലാസ്റ്റോമ സിൻഡ്രോം ഉള്ള ഒരു കുട്ടിയിൽ ഓസ്റ്റിയോസർക്കോമയിലേക്ക് നയിക്കുന്ന ജീൻ മ്യൂട്ടേഷനുണ്ടാകാം.

സർക്കോമ ചികിത്സ

ഒരു ഓർത്തോപീഡിക് ഓങ്കോളജിസ്റ്റിനെയോ അല്ലെങ്കിൽ ഒരു ഓങ്കോളജിസ്റ്റിനെയോയാകും രോഗബാധിതർ ചികിത്സയ്ക്കായി സമീപിക്കുക. വിദഗ്ധ പരിശോധനയിൽ ട്യൂമറിന്റെ സ്ഥാനവും വലിപ്പവും വിലയിരുത്തുകയും, മെറ്റാസ്റ്റേസസ് പരിശോധിക്കുകയും ചെയ്യും. ബയോപ്സി, എംആർഐ, സിടി സ്‌കാൻ തുടങ്ങിയ വിവിധ പരിശോധനകളിലൂടെ രോഗബാധയുടെ പൂർണചിത്രം നമുക്ക് മനസിലാവുകയും ചെയ്യും.

ഓരോ സർക്കോമ രോഗിയുടേയും ചികിത്സാരീതികൾ വ്യത്യസ്തമായിരിക്കും. മൾട്ടി ഡിസിപ്ലിനറി രീതിയാണ് സർക്കോമ ചികിത്സയിലുള്ളത്. ഇതിൽ ഉൾപ്പെടുന്ന ആരോഗ്യവിദഗ്ധരുടെ സംഘമായിരിക്കും രോഗിക്ക് ഏറ്റവും മികച്ച ചികിത്സ തെരഞ്ഞെടുക്കുന്നത്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, സർജറി എന്നിവ സർക്കോമ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഓസ്റ്റിയോസർക്കോമ ചികിത്സയിൽ ഒൻപത് ആഴ്ച നീളുന്ന കീമോതെറാപ്പി, ട്യൂമർ നീക്കം ചെയ്യുവാനും അസ്ഥി പുനർനിർമിക്കുന്നതിനുള്ള ശസ്ത്രക്രിയയും അഞ്ചു മാസത്തെ കീമോതെറാപ്പിയും ഉൾപ്പെടുന്നു. എന്നാൽ രോഗികൾക്കനുസരിച്ച് ഇതിൽ മാറ്റമുണ്ടാകാം.

മിക്ക സർക്കോമകൾക്കും, ട്യൂമർ പൂർണമായും നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയാണ് ആദ്യത്തെ ചികിത്സാ മാർഗം. ശസ്ത്രക്രിയ സാധ്യമാകാത്ത സാഹചര്യങ്ങളിലോ, രോഗം വലിയ രീതിയിൽ വ്യാപിച്ചിരിക്കുമ്പോഴോ റേഡിയേഷൻ ട്രീറ്റ്മെന്റും കീമോ തെറാപ്പിയുമാണ് ഉപയോഗിക്കുന്നത്. സമീപകാലത്തെ നൂതന ചികിത്സാരീതികളും ഇമ്മ്യൂണോതെറാപ്പികളും സർക്കോമ ഉപവിഭാഗങ്ങളുടെ ചികിത്സയിൽ മികച്ച ഫലപ്രാപ്തി നൽകുന്നത് രോഗികളിൽ പ്രതീക്ഷ ഉണർത്തുന്നുണ്ട്.

ചികിത്സയ്ക്ക് ശേഷം  

മറ്റെല്ലാ ക്യാൻസറുകളേയും പോലെ സർക്കോമയും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. അപകടകരമായ കോശങ്ങളെ സാധ്യമായത്രയും പരമാവധി ഇല്ലാതാക്കുവാൻ ട്യൂമറും സമീപ ടിഷ്യൂകളും നീക്കം ചെയ്യുകയാണിവിടെ. ഇതിനുശേഷവും സർക്കോമ കോശങ്ങൾ അവശേഷിക്കുന്നുവെങ്കിൽ റേഡിയോ, കീമോതെറാപ്പിയിലൂടെ അവയേയും ഇല്ലാതാക്കാം.

രോഗിയുടെ അതിജീവനവും ജീവിതദൈർഘ്യവും ഈ ചികിത്സാരീതികൾ ഉറപ്പുനൽകുമ്പോഴും സർക്കോമ വീണ്ടും കടന്നുവരുവാനുള്ള സാധ്യതയും അവഗണിക്കാനാവില്ല. ചില സർക്കോമകൾ അതേ സ്ഥലത്ത് തന്നെ വീണ്ടും വരുവാനുള്ള സാധ്യതകളുള്ളപ്പോൾ മറ്റുള്ളവ ചിലപ്പോൾ വേറെ ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടാവും വീണ്ടും തങ്ങളുടെ വരവ് അറിയിക്കുന്നത്. ശസ്ത്രക്രിയയുടെ ആദ്യ രണ്ട് വർഷങ്ങളിലോ, ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചു വർഷങ്ങൾക്ക് ശേഷമോ ആണ് സർക്കോമ വീണ്ടും വരുവാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്.

ലക്ഷണങ്ങൾ

1. കൈ കാലുകളിലോ, വയറിലോ വേദനയില്ലാത്ത ചെറിയ മുഴയും വീക്കവും
2. അസ്ഥികളിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വേദന  
3. നടക്കുവാനുള്ള ബുദ്ധിമുട്ട്, കാരണമില്ലാത്ത തളർച്ച, മറ്റ് ചലന ബുദ്ധിമുട്ടുകൾ

എന്നിങ്ങനെ ഏതെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻതന്നെ സർക്കോമ വിദഗ്ധനെ കാണേണ്ടതുണ്ട്.

പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും സർക്കോമയെക്കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണ്. ഏറ്റവും നേരത്തേ ചികിത്സ ആരംഭിക്കുന്നതിലൂടെ മികച്ച ഫലപ്രാപ്തിയും പ്രതീക്ഷിക്കുവാനാകും. രോഗത്തെക്കുറിച്ചുള്ള അറിവും, കൃത്യസമയത്തുള്ള പരിശോധനകളും പ്രധാനമാണ്.  അപൂർവ്വമായ ക്യാൻസറുകളിലൊന്നായ സർക്കോമ രോഗികളിലും രാജ്യത്തെ ആരോഗ്യമേഖലയിലുമുണ്ടാക്കുന്ന ആഘാതം ശക്തമാണ്. ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെയും, നേരത്തേയുള്ള രോഗ നിർണയം, നൂതന ചികിത്സാരീതികൾ എന്നിവ സർക്കോമ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള സാധ്യതകൾ ഉയർത്തുകയും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു.

(അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top