27 December Friday

ഇന്ന്‌ ലോക ഹെപ്പറ്റൈറ്റിസ്‌ ദിനം; കരുതിയിരിക്കാം, പ്രതിരോധിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ഇന്ന്‌ ലോക ഹെപ്പറ്റൈറ്റിസ്‌ ദിനമാണ്. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിന്റെ കോശങ്ങൾക്കുണ്ടാകുന്ന വീക്കം. വൈറൽ അണുബാധകൾ മൂലവും മദ്യപാനം, ചില മരുന്നുകൾ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ എന്നിവ മൂലവുമാണ് പ്രധാനമായും കരൾ വീക്കം ഉണ്ടാകുന്നത്. ഇതിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുവിഭാഗത്തിൽപ്പെട്ട വൈറസുകളാണ്. ഓരോന്നും ബാധിക്കുന്ന രീതിയും ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളും വ്യത്യസ്തമാണ്.

1965 ൽ ആദ്യമായി ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിഞ്ഞ ബ്ലുംബെർഗിന്റെ ജന്മദിനമായതിനാലാണ് ജൂലൈ 28 ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. 67ൽ ആദ്യ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധകുത്തിവയപ്പ് കണ്ടുപിടിച്ചതും ഇദ്ദേഹം തന്നെയാണ്. വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധം, പരിശോധന, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുക, രോഗത്തെ ചെറുക്കുന്നതിന് മെച്ചപ്പെട്ട പൊതുജനാരോഗ്യ നയങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഹെപ്പറ്റൈറ്റിസ് ദിനം വർഷം തോറും ആചരിക്കുന്നത്. 'ഇത് പ്രവർത്തിക്കാനുള്ള സമയമാണ്' എന്നതാണ് 2024ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ സന്ദേശം.

ഹെപ്പറ്റൈറ്റിസ് എന്ന ഭീകരൻ

ലോകത്താകമാനം വൈറസ് മൂലമുള്ള കരൾവീക്കം ബാധിച്ചിരിക്കുന്നത് 30 കോടിയിലധികം ആളുകളെ ആണെന്നാണ് കണക്കുകൾ. 13 ലക്ഷം മരണങ്ങൾ ഒരു വർഷം സംഭവിക്കുന്നു. എ, ഇ വൈറസുകൾ അത്ര ഭീകരരല്ല. ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കുന്നില്ല. ബി, സി വൈറസുകളാണ് ദീർഘകാലം നിലനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധക്ക് കാരണമാകുന്നതും ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കുന്നതും .
 
എ, ഇ വൈറസ് അണുബാധക്കു കാരണമാകുന്നത് മലിനമായ ഭക്ഷണത്തിന്റെയും ജലത്തിന്റെയും ഉപയോഗമാണ്. ബി, സി, ഡി എന്നീ വൈറസുകൾ രോഗബാധയുള്ളവരുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. രോഗിയായാളിൽ നിന്ന് രക്തം സ്വീകരിക്കുക,  ലൈംഗികബന്ധം പുലർത്തുക എന്നിവയെല്ലാം വൈറസുകൾ പകരുന്ന വഴികളാണ്. രോ​ഗിയായ അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞിനും രോഗം പകരാം. അണുവിമുക്തമാക്കാത്ത ശസ്ത്രക്രിയാ ഉപകരണങ്ങൾ, ബാർബർഷോപ്പുകളിലും ടാറ്റു സ്റ്റുഡിയോകളിലും മറ്റും ഉപയോഗിക്കുന്ന മൂർച്ചയേറിയ ഉപകരണങ്ങൾ, ബ്ലേഡുകൾ എന്നിവയും ചിലപ്പോൾ രോഗവ്യാപനത്തിന് ഇടയാക്കാറുണ്ട്.

ലക്ഷണം ചികിത്സ

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. ബി, സി അണുബാധയുളളവരിൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും രോ​ഗം കണ്ടാത്താൻ വെകാറുണ്ട്. ഇത് സിറോസിസ്, ലിവർ കാൻസകർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളിലേക്ക് വരെ കൊണ്ടെത്തിച്ചേക്കാം.

സങ്കീർണതകൾ ഒഴിവാക്കുന്നതിനും  വൈറസ് പകരുന്നത് തടയുന്നതിനും കൃത്യമായ രോഗ നിർണയവും ചികിത്സയും അനിവാര്യമാണ്. സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെയാണ് രോ​ഗം കണ്ടെത്താനാകുക. രോഗസാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവരും ലക്ഷണങ്ങൾ ഉള്ളവരും  കൃത്യമായി പരിശോധനകൾക്ക് വിധേയരാകണം.

എ, ഇ വിഭാഗത്തിൽപെട്ട വൈറസ് ബാധകൾ തീവ്രമല്ലാത്തതിനാൽ വൈറസിനെതിരെയുള്ള മരുന്നുകൾ ആവശ്യമില്ല. ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും പരിചരണവുമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് കാര്യക്ഷമമായ ആന്റി വയറൽ  മരുന്നുകളും ചികിത്സയും ലഭ്യമാണ്.  ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്ക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്.

പ്രതിരോധം

ശുചിത്വമുള്ള ആഹാരം തിളപ്പിച്ചാറ്റിയ വെള്ളം എന്നിവയൊക്കെ ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകളെ അകറ്റി നിർത്തും.

ഹെപ്പറ്റൈറ്റിസ് ബി, സി ഒഴിവാക്കുന്നതിനായി,

•സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ ഒരിക്കൽ മാത്രം ഉപയോഗിക്കുക. ശസ്ത്രക്രീയ ഉപകരണങ്ങൾ കൃത്യമായി അണുവിമുക്തമാക്കുക.

•ഷേവിംഗ് സെറ്റ്, ബ്ലേഡ് തുടങ്ങിയവ പങ്കുവയ്ക്കാതിരിക്കുക.

• സുരക്ഷിതമായ ഇടങ്ങളിൽ നിന്നുമാത്രം ടാറ്റു ചെയ്യുക.

•സുരക്ഷിതമായ ലൈംഗിക ബന്ധം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top