ഇന്ന് ലോക ഒആർഎസ് ദിനമാണ്. ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്ന പ്രശ്നങ്ങളെകുറിച്ചും അത് തടയുന്നതിലുള്ള ഒആർഎസിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്നതിനും ഒആർഎസ് ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് ജൂലൈ 29 ഒആർഎസ് ദിനമായി ആചരിക്കുന്നത്.
ലോകത്ത് അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണം വയറിളക്ക രോഗങ്ങളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾ മൂലമുള്ള മരണം തടയാൻ ഒആർഎസ് തക്കസമയം നൽകുന്നതിലൂടെ സാധിക്കുന്നതാണ്. ഒപ്പം ചികിത്സ ഉറപ്പാക്കുകയും വേണം.
1960-കളിൽ കൊൽക്കത്തയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസേർച്ച് ആന്റ് ട്രെയ്‌നിങ്ങിൽ ഗവേഷകനായിരുന്ന ഡോ. ദിലീപ് മഹലനാബിസാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ) വികസിപ്പിച്ചത്. 71ൽ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാർഥി ക്യാമ്പിൽ കോളറയും ഡയറിയയും പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷയായത് മഹലനോബിസിന്റെ ഒആർഎസ് ആയിരുന്നു.
കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണന്ന് ഇന്ത്യയിൽ അഭയം തേടി എത്തിയത്. ശുചിത്വമില്ലാത്ത അന്തരീക്ഷം അഭയാർഥി ക്യാമ്പുകളെ രോഗത്തിന്റെ പിടിയിലാക്കി. പശ്ചിമ ബംഗാൾ ബോങ്കോണിലെ അഭയാർഥി ക്യാമ്പിൽ സ്വമേധയ സേവനമനുഷ്‌ഠിക്കാനെത്തിയതായിരുന്നു ശിശുരോഗ വിദഗ്ധനായ മഹലനോബിസ്. അവിടെ അദ്ദേഹത്തിന്റെ ഒആർഎസ് ചികിത്സ നൂറികണക്കിനാളുകളുടെ ജീവൻ രക്ഷിച്ചു. മിക്ക ക്യാമ്പുകളിലും 20-30 ശതമാനം വരെയുണ്ടായിരുന്ന മരണനിരക്ക് മഹലനോബിസിന്റെ ക്യാമ്പിൽ മൂന്ന് ശതമാനം മാത്രമായിരുന്നു. തുടക്കത്തിൽ പ്രചാരം ലഭിച്ചില്ലിങ്കിലും പിന്നീട് ലോകാരോഗ്യസംഘടന തന്നെ ഈ ചികിത്സാരീതി ഏറ്റെടുത്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സാണ് ലോക ഒആർഎസ് ദിനം ആചരിക്കാനാരംഭിച്ചത്.
വയറിളക്കം പോലുള്ള അവസ്ഥകളിൽ കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും ആരോഗ്യവും നൽകാൻ ഒആർഎസ് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ കുറവ് നികത്തുകയാണ് ഒആർഎസ് ലായനി ചെയ്യുന്നത്. ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ ഒആർഎസിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു.
ഡോക്ടറുടെയോ ആരോഗ്യപ്രവർത്തകരുടേയോ നിർദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും രോഗിക്ക് ഒആർഎസ് ലായനി കൊടുക്കേണ്ടതാണ്. ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ലായനി നൽകണം. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒആർഎസ് പാക്കറ്റുകൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ് സൗജന്യമായി ലഭിക്കും. വയറിളക്കമുള്ളപ്പോൾ ഒആർഎസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകുന്നതും ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാൻ സഹായിക്കും.
ഒആർഎസ് തയ്യാറാക്കേണ്ട വിധം
● കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
● വൃത്തിയുള്ള പാത്രത്തിൽ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
● ഒരു പാക്കറ്റ് ഒആർഎസ് വെള്ളത്തിലിട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കുക.
● വയറിളക്ക രോഗമുള്ള രോഗികൾക്ക് ഈ ലായനി നൽകേണ്ടതാണ്.
● കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നൽകുക.
● ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിന് ശേഷം ഉപയോഗിക്കാൻ പാടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..