26 December Thursday
നവംബർ 26 ദേശീയ വിര വിമുക്ത ദിനം

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

തിരുവനന്തപുരം> വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒന്ന് മുതൽ 14 വയസ് വരെയുളള 64 ശതമാനം കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്.

ഒരു വർഷത്തിൽ ആറു മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നൽകേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നവംബർ 26നാണ് ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്നേദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും വിദ്യാലയങ്ങളിൽ എത്താത്ത ഒന്നു മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26-ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഡിസംബർ മൂന്നിന് ഗുളിക നൽകുന്നതാണ്. ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികൾ ഗുളിക കഴിച്ചിട്ടില്ലെങ്കിൽ അവർക്ക് ഗുളിക നൽകേണ്ടതാണ്.

ഒന്ന് മുതൽ രണ്ടു വയസുവരെ അര ഗുളികയും (200 മില്ലിഗ്രാം), രണ്ടു മുതൽ 19 വയസുവരെ ഒരു ഗുളികയും (400 മില്ലിഗ്രാം) നൽകണം. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെളളത്തിൽ ഗുളിക അലിയിച്ചു കൊടുക്കണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. അസുഖമുളള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നൽകാവുന്നതാണ്. ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരബാധ കൂടുതലുളള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായോക്കാം.

വിരബാധ ഏറെ ശ്രദ്ധിക്കണം

വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. സാധാരണ കുടലിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ.

വിരബാധയുളള ആളുകളിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരകളുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാധ്യതയുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവരുമായി സംയോജിച്ചാണ് ജില്ലകളിൽ പരിപാടി നടപ്പിലാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top