22 December Sunday

തിരുത്താൻ ശ്രമിച്ചത് ബാബ രാംദേവിനെ കുരുക്കിയ നിയമം; തടയിട്ട് സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ന്യൂഡൽഹി> പാരമ്പര്യത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്ന കച്ചവടതന്ത്രങ്ങൾക്ക് തടയിടാനുള്ള കോടതി വിധി മറികടക്കാനായി  കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് പുറത്തിറക്കിയ വിഞ്ജാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, മയക്കുമരുന്ന്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിഞ്ജാപനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.  

ഇത്തരം പരസ്യങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യവസ്ഥ ചെയ്തിരുന്നു. ഇത് മറിക്കാനുള്ള ആയുഷ് മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്കാണ് കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്.

 ശ്രമിച്ചത് നിയന്ത്രണ ചട്ടം ഒഴിവാക്കാൻ

 ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ പേരിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കുന്ന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ്, 1945 ലെ ചട്ടം 170 ഒഴിവാക്കിയാണ് ആയുഷ് മന്ത്രാലയം വിഞ്ജാപനം പുറത്തിറക്കിയത്. ഈ വിഞ്ജാപനം 2024 മെയ് ഏഴിന് കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായാണ് ഇരിക്കുന്നതെന്ന് സുപ്രീം കോടതി കണ്ടെത്തി.

 ഉത്തരവിന്റെ ലംഘനമാണ് ആയുഷ് മന്ത്രാലയം നടത്തിയിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ചൂണ്ടികാട്ടി.

സംസ്ഥാനങ്ങളെ കൂട്ടുപിടിച്ചു

ചട്ടം 170 പ്രകാരം ആയുഷ് വകുപ്പിന് കീഴിൽ വരുന്ന ഇത്തരം സ്ഥാപനങ്ങൾക്കും ഉല്പന്ന വിപണനത്തിനും എതിരെ നടപടി പാടില്ലെന്ന് കാണിച്ച് ആയുഷ് മന്ത്രാലയം 2023 ഓഗസ്റ്റിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. പരാതി ഉയർന്നതോടെ ഇത് പിൻവലിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

 എന്നാൽ, കത്ത് പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു എങ്കിലും ഉണ്ടായില്ല. പകരം കഴിഞ്ഞ ജൂലായ് ഒന്നിന് ചട്ടം 170 ഒഴിവാക്കി ഉത്തരവ് ഇറക്കുകയും ചെയ്തു. ഇവ മറച്ച് വെച്ച് കോടതി ഉത്തരവ് പ്രകാരം നടപടി എടുത്തതായി സുപീം കോടതി മുൻപാകെ സത്യവാങ്മൂലവും സമർപ്പിച്ചു.

പറയാത്ത കാര്യം ചെയ്തിട്ട് അതിന് മറയിടാൻ സത്യവാങ്മൂലവും സമർപ്പിച്ച സർക്കാർ നിലപാടിൽ സുപ്രീം കോടതി അതിശയം പ്രകടിപ്പിച്ചു.

 ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ ഉത്പന്നത്തിന് കൊവിഡ്-19 ഭേദമാക്കാന്‍ കഴിയുമെന്ന് കമ്പനി പരസ്യങ്ങളില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാത്തതിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 പതഞ്ജലിയുടെ ഉല്‍പന്നങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ചും അലോപ്പതിയെ വിമര്‍ശിക്കുന്നതിനെ കുറിച്ചും, പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും കേന്ദ്രം നടപടിയെടുക്കാത്തതിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യങ്ങൾ എല്ലാം നിലനിൽക്കുമ്പോഴാണ് ഉത്തരവ് മറികടക്കാൻ വീണ്ടും ശ്രമിച്ചത്.

 ബാബ രാംദേവിന്റെ കച്ചവടം തടഞ്ഞ ചട്ടം

 തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്ത്രീയത പ്രചരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകിയതിന് ബാബ രാംദേവിന്റെ പതഞ്ജലിക്ക് എതിരെ സുപ്രീം കോടതി കടുത്ത നിലപാടെടുത്തിരുന്നു. തുടർന്ന് പരസ്യമായി മാപ്പ് പറയേണ്ടി വന്നു. പരസ്യങ്ങളും ചില ഉല്പന്നങ്ങളും പിൻവലിക്കയും ചെയ്യേണ്ടി വന്നു.

 1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍ പ്രകാരമാണ് ഒരു പരസ്യത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് പരസ്യദാതാക്കളില്‍ നിന്ന് സ്വയം പ്രഖ്യാപനം വാങ്ങണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പരസ്യത്തില്‍ ഇല്ലെന്നും ഒഴിവാക്കാനുമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.

 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിന് രാംദേവിനും പതഞ്ജലിക്കുമെതിരെ കേസ് നടത്തിയ വിവരാവകാശ പ്രവർത്തകനായ ഡോ.ബാബു കെവി, സുപ്രീം കോടതി ഉത്തരവിനെ അഭിനന്ദിച്ചു. "നമ്മുടെ രാജ്യത്ത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ ഫലപ്രദമായ നിയമം ഉള്ളതിനാൽ ഈ വ്യവസ്ഥ ഒഴിവാക്കരുതെന്ന് ഡോ ബാബു പ്രതികരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top