19 December Thursday
കോടതിയലക്ഷ്യം കണ്ടെത്തി

ബുൾഡോസർ രാജ് വീണ്ടും; അസം സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ന്യൂഡല്‍ഹി> സുപ്രീം കോടതി ഉത്തരവ് മറികടന്ന് ബുള്‍ഡോസർ നീതിന്യായം തുടരുന്ന അസം സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. പതിറ്റാണ്ടുകളായി താമസിച്ചു വരുന്ന തങ്ങളുടെ വീടുകൾ പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് 47 പേർ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി.

സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും അടുത്ത വാദം കേള്‍ക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

കാംരൂപ് ജില്ലയിലെ കചുടോലി പതര്‍ ഗ്രാമത്തിനും പരിസരത്തുമുള്ള 47 വീടുകള്‍ പൊളിച്ചുനീക്കിയതാണ് ഏറ്റവും പുതിയ സംഭവം. സ്ഥലത്തിന്റെ യഥാര്‍ഥ ഉടമസ്ഥരുമായി കരാറില്‍ ഏര്‍പ്പെട്ട് പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വരുന്നവരുടെ വീടുകളാണ് പൊളിച്ച് നീക്കിയത്. ഗോത്രവര്‍ഗക്കാരുടെ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചെന്നാണ് സർക്കാർ ആരോപണം.

ഈ പ്രദേശം ഉൾപ്പെടുന്ന സോനാപൂർ സർക്കിളിലെ 145 ൽ 122 ഗ്രാമങ്ങളും ഗോത്രവർഗ്ഗ മേഖലയായി പ്രഖ്യാപിച്ചവയാണ്.  കചുടോലി പതർ, ചമത പതർ ഗ്രാമങ്ങളിൽ കുടിൽ കെട്ടി താമസിച്ചിരുന്നവരാണ് നടപടിക്ക് ഇരയായത്. വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം ഉപജീവനവും വീടും നഷ്ടപ്പെട്ട നദീതടവാസികളാണ്.  മതപരമായ വേർതിരിവും സർക്കാർ നടപടിയിൽ ആരോപിക്കപ്പെടുന്നു.

സെപ്തംബർ 13 ന് കചുടോലി പതറിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു പതിനെട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. 140 വീടുകളാണ് പൊളിച്ച് നീക്കിയത്. ഇതിന് മുന്നോടിയായി കുടിയേറ്റം ആരോപിച്ച് വലിയ റാലികളും പ്രതിഷേധ സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു.

കോടതികളുടെ മുന്‍കൂര്‍ അനുമതി കൂടാതെ പൊളിക്കല്‍ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാണ് അസം സർക്കാർ പൊളിക്കൽ നടപടിയിലേക്ക് കടന്നത്.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതിക്കാരുടെ ഹരജി പരിഗണിച്ചത്. ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അസം അഡ്വക്കേറ്റ് ജനറല്‍ ഗുവാഹത്തി ഹൈക്കാടതിയില്‍ പറഞ്ഞത് നടപ്പായില്ലെന്നും വീട് നഷ്ടപ്പെട്ടവർ കോടതിയെ അറിയിച്ചിരുന്നു.

താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒരുമാസത്തെ സമയം അനുവദിക്കാതെയും ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കാതെയുമാണ് സര്‍ക്കാര്‍ പൊളിച്ചുനീക്കല്‍ നടത്തിയത്. ഇക്കാര്യവും ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടി. പൊതുവഴി, നടപ്പാത, റെയില്‍വേലൈനുകള്‍, ജലാശയങ്ങള്‍ എന്നിവ കയ്യേറിയത് ഒഴികെയുള്ള നിര്‍മാണങ്ങള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊളിച്ചുനീക്കരുതെന്ന സുപ്രധാന വിധി സെപ്റ്റംബര്‍ 17-നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top