മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സുപ്രീംകോടതി; മാധ്യമപ്രവർത്തകർ പൗരന്മാർ മാത്രം
Sunday Nov 1, 2020
മാധ്യമസ്വാതന്ത്ര്യം പ്രധാനമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാൽ, റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം . ചില വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തണം. ചില ആളുകളെ മാത്രം ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾ ശരിയല്ല. മാധ്യമപ്രവർത്തകൻ ആയത് കൊണ്ട് മാത്രം ആരും ഒന്നും ചോദിക്കാൻ പാടില്ലെന്ന് അവകാശപ്പെടുന്നത് ശരിയല്ല. ആരും നിയമത്തിന് അതീതരല്ലെന്ന വസ്‌തുത മറക്കരുത്. ഈ രീതിയിൽ റിപ്പോർട്ടിങ് ചെയ്യണമെന്ന് നിഷ്‌കർഷിക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. എന്നാൽ, ഉത്തരവാദിത്തത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ടിങ് നടത്തുന്നതെന്ന ഉറപ്പ് ഞങ്ങൾക്ക് ലഭിക്കണം.
(റിപ്പബ്ലിക് ടിവി കേസിൽ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ് എസ് എ ബോബ്‌ഡെ )
ഏതെങ്കിലും സമുദായത്തെ ആസൂത്രിതമായി അപകീർത്തിപ്പെടുത്തുന്ന മാധ്യമപ്രവർത്തനം ഈ കോടതിക്ക് അംഗീകരിക്കാനാകില്ല. മനുഷ്യരുടെ അന്തസ്സ് സംരക്ഷിക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം കോടതിക്കുണ്ട്. ഒരു സമുദായത്തെ മുഴുവൻ കരിവാരി ത്തേച്ചശേഷം അത് അഭിപ്രായസ്വാതന്ത്ര്യമാണെന്ന് വാദിച്ചാൽ അംഗീകരിക്കാൻ കഴിയില്ല. മുമ്പ് മാധ്യമങ്ങൾക്ക് സ്വന്തം രീതിയിൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അത് നഷ്ടമായത് കൊണ്ടാണ് വിദ്വേഷപ്രചാരണങ്ങൾ ഉണ്ടാകുന്നത്.
(സുദർശൻ ടിവി കേസിൽ ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്)
മാധ്യമങ്ങൾ സ്വന്തം നിലവാരത്തിൽനിന്ന്‌് താഴോട്ടുപോകുന്നത് ദൗർഭാഗ്യകരമാണ്. ഉദാഹരണത്തിന് നമ്മുടെ ടിവി ചർച്ചകൾ തന്നെ എടുക്കാം. ഒാരോ ചർച്ചയിലും ഭൂരിഭാഗം സമയവും അപഹരിക്കുന്നത് അവതാരകൻ തന്നെ. തന്റെ വീക്ഷണവുമായി യോജിക്കാത്ത അതിഥികൾക്കുനേരെ അവതാരകൻ അപകീർത്തികരമായ പരാമർശം നടത്തുന്നു. അതിഥികൾക്ക് പ്രതികരിക്കാൻ സമയം നൽകില്ല. ചില അവസരങ്ങളിൽ അതിഥികളുടെ മൈക്കുകൾ മ്യൂട്ട് ആക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
(സുദർശൻ ടിവി കേസിൽ ജസ്റ്റിസ് കെ എം ജോസഫ്)
കോടതിയുടെ പരിഗണനയിലുള്ള കേസിലെ മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണ്. ബ്രേക്കിങ് ന്യൂസും ചർച്ചയും നടത്തുന്ന മാധ്യമങ്ങൾ തെളിവുനിയമം എന്താണെന്ന് അറിയാൻ ശ്രമിക്കണം. തെളിവുനിയമത്തിലെ വകുപ്പ് 24 പ്രകാരം പ്രതി പൊലീസിനു നൽകുന്ന കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കാറില്ല. പൊലീസിനും മാധ്യമങ്ങൾക്കും ഇക്കാര്യം മനസ്സിലായിട്ടില്ലേ. കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരം ഉദ്യോഗസ്ഥർ പുറത്തുവിടുന്നത് കോടതിയലക്ഷ്യമാണ്. നിലവിലുള്ള മാർഗനിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും.
(കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ്
പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്)
മാധ്യമപ്രവർത്തകർ പൗരന്മാർ മാത്രം
രാജ്യത്തെ സാധാരണ പൗരന്മാർക്കുള്ള അവകാശങ്ങൾ മാത്രമേ മാധ്യമ പ്രവർത്തകർക്കുമുള്ളൂ. തൊഴിലിന്റെ പേരിൽ മാധ്യമങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ ഒന്നുമില്ല. വ്യക്തികളുടെ അന്തസ്സ് ഹനിക്കുംവിധമുള്ള നടപടികൾ ഉണ്ടായാൽ അപകീർത്തി നിയമത്തിന്റെ പരിധിയിൽ വരും. ഉത്തരവാദിത്തത്തിൽനിന്ന് പ്രതികൾക്ക് ഒഴിവാകാനാകില്ല.
(മുൻ എംഎൽഎ പി രാജു നൽകിയ അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ മാതൃഭൂമി പത്രം നൽകിയ ഹർജി തള്ളി 2020 സെപ്‌തംബർ 17ന് ജസ്റ്റിസ് ടി വി അനിൽകുമാർ പറഞ്ഞത്. വി ഡി സതീശൻ എംഎൽഎയ്‌ക്കും മാതൃഭൂമി, സായാഹ്ന കൈരളി പത്രങ്ങൾക്കുമെതിരെ മുൻ എംഎൽഎ പി രാജു സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കാനാകില്ലെന്ന് ഉത്തരവിട്ടു.)
"പിന്നെ ഞങ്ങൾ എന്തിനാണ് ?’
മാധ്യമങ്ങൾതന്നെ അന്വേഷകരും പ്രോസിക്യൂട്ടറും ജഡ്‌ജിയുമായാൽ പിന്നെ ഞങ്ങൾ എന്തിനാണ്? സത്യം പുറത്തുകൊണ്ടുവരാനാണ് മാധ്യമങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അത് നിയമങ്ങൾകൂടി പരിഗണിച്ചാകണം. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒഴിവുകഴിവല്ല. ഒരു കേസിൽ ആരെ അറസ്റ്റ് ചെയ്യണമെന്ന് ജനങ്ങളോട് ചോദിക്കുന്നത് എങ്ങനെ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ വരും. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുമ്പോൾ ഒരു നിഗമനത്തിലെത്താൻ ചാനലിന് എങ്ങനെ കഴിയും. മാധ്യമങ്ങളെ നിശ്ശബ്ദരാക്കാനല്ല ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ അതിരുകൾ തിരിച്ചറിയണം. നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷേ പരിധിവിടുന്നതാകരുത്.
(ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. അന്വേഷണാത്മക മാധ്യമപ്രവർത്തനമാണ് നടത്തിയതെന്ന റിപ്പബ്ലിക് ടിവിയുടെ അഭിഭാഷകയുടെ വാദത്തിനുള്ള മറുപടിയായിരുന്നു ഇത്).