"തീപിടിത്തം' വച്ച്‌ കത്തിച്ചു; കേരളമാകെ ഞെട്ടി

Sunday Nov 1, 2020

നുണകള്‍ വീഴും നമ്മള്‍ വാഴും

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിന്റെ വാർത്ത മാധ്യമങ്ങൾ നൽകിയത്‌ ഫയലുകൾ കത്തിക്കാൻവേണ്ടി ആരോ തീകൊടുത്തതാണെന്ന സൂചന നൽകിയായിരുന്നു. ചീഫ്‌ സെക്രട്ടറിയെവരെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വാർത്ത. തീപിടിത്തത്തിന്റെ പിറ്റേന്ന്‌ മനോരമയുടെ മുഖ്യവാർത്ത ‘ഉത്തരവാദി ഫാൻ ’ എന്നായിരുന്നു. ഇടിമിന്നലേറ്റ്‌ സ്വിച്ച്‌ കേടായതായും അട്ടിമറിയാണെന്നുമുള്ള രീതിയിൽ വാർത്ത നൽകി. ബിജെപിയും യുഡിഎഫും അത്‌ ഏറ്റെടുക്കുകയും ചെയ്‌തു.

2019 ആഗസ്‌ത്‌ 16:
ആലപ്പുഴ ചേർത്തല സൗത്ത്‌ പഞ്ചായത്തിലെ ആറാം വാർഡ്‌ അംബേദ്‌കർ ഗ്രാമത്തിലെ  ദുരിതാശ്വാസ ക്യാമ്പ്‌. വൈകിട്ട്‌ ചാനലുകളിൽ ഒരു ബ്രേക്കിങ്‌‌ ന്യൂസ്‌.
"ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം നേതാവിന്റെ പണപ്പിരിവ്‌!'

കേരളമാകെ ഞെട്ടി. വ്യാപകമായ പ്രതികരണം വരുന്നു. പ്രളയദുരിതാശ്വാസ പ്രവർത്തനം അവതാളത്തിലാക്കിയ പാർടിയായി സിപിഐ എമ്മിനെ ചിത്രീകരിക്കുന്നു. പണപ്പിരിവ്‌ നടത്തിയ സിപിഐ എം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ അഴിമതിയുടെ രാജാവായും വിചാരണ ചെയ്യുന്നു.



ആന്റി ക്ലൈമാക്‌സ്

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയാണ്‌ സിപിഐ എം നേതാവുകൂടിയായ ഓമനക്കുട്ടൻ. ക്യാമ്പിലേക്ക്‌ പച്ചക്കറി സാധനങ്ങൾ എത്തിച്ച ഓട്ടോയ്‌ക്ക്‌ 200 രൂപയായി. പാവത്തിന്റെ കൈയിൽ ആകെയുണ്ടായിരുന്നത്‌ 130 രൂപ മാത്രം! ബാക്കി വേണ്ട 70 രൂപയ്‌ക്കായി ക്യാമ്പിലുണ്ടായിരുന്ന ഏഴ്‌ പേരോട്‌ 10 രൂപ വീതം കലക്ട്‌ ചെയ്‌തതാണ്‌, കേരളമാകെ ചർച്ചയാക്കിയ പണപ്പിരിവാക്കി മാറ്റിയത്‌. 10 രൂപ വീതം വാങ്ങുന്നത്‌, സമീപത്തുണ്ടായിരുന്ന ആർഎസ്‌എസ്‌ പ്രവർത്തകൻ മൊബൈലിൽ പകർത്തി ചാനലുകാർക്ക്‌ നൽകുകയായിരുന്നു. ഒന്ന്‌ ക്രോസ്‌ ചെക്ക്‌ പോലും ചെയ്യാതെ ചാനലുകാർ ബ്രേക്കിങ്‌‌ ന്യൂസാക്കി.

പച്ചക്കറി എത്തിക്കാനുള്ള വാഹനവാടകയ്‌ക്ക്‌ പുറമേ, വൈദ്യുതിയില്ലാത്ത ഹാളിലേക്ക്‌, സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിൽനിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള ചാർജും പിരിവായി എടുക്കുന്നുണ്ടെന്ന്‌ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി.‌ വിവാദത്തിൽ ഓമനക്കുട്ടനോട്‌ മാപ്പ്‌‌ ചോദിച്ച്‌ അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വേണു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ എഴുതി. തന്റേതല്ലാത്ത കുറ്റമായിട്ടും മാധ്യമവിചാരണയിൽ, മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥൻ മാപ്പു പറഞ്ഞു. നമ്മുടെ മാധ്യമങ്ങളുടെ പഴയ രേഖകളിൽ ഓമനക്കുട്ടൻ ഇപ്പോഴും കള്ളൻ; എഴുപതു രൂപയുടെ കള്ളൻ!.