ന്യൂയോര്‍ക്ക് വേള്‍ഡ് ലേഖകന്‍ ആര്‍ ലാന്‍ഡോര്‍ 1871 ജൂലൈ 3ന് കാറല്‍ മാര്‍ക്സുമായി നടത്തിയ അഭിമുഖം

മാധ്യമ ഗൂഢാലോചന അന്നും

Friday Aug 26, 2022

രാഷ്ട്രീയ -സാമൂഹ്യ ദാര്‍ശനികനായ കാള്‍ മാര്‍ക്സ് (1818- 1883)കൊളോണ്‍ നഗരത്തില്‍ ഒരു പത്രാധിപരായാണ് 1840കളില്‍ തന്റെ ജീവിതമാരംഭിച്ചത്. രാഷ്ട്രീയ കാരണങ്ങളാല്‍ ആ പത്രം അടച്ചുപൂട്ടിയപ്പോള്‍ അദ്ദേഹം പാരീസിലേക്ക് പോവുകയും മറ്റൊരു പത്രത്തിന്റെ എഡിറ്ററാവുകയും ചെയ്തു. ആ പത്രവും മുകളില്‍ പറഞ്ഞ കാരണത്താല്‍ അടച്ചുപൂട്ടിയപ്പോള്‍ ലണ്ടനില്‍ അദ്ദേഹം ഒരു സ്ഥിരം താവളം കണ്ടെത്തി.

അവിടെ താമസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഏറ്റവും മഹത്തരങ്ങളായ ദാര്‍ശനിക സാമ്പത്തികശാസ്ത്രകൃതികള്‍ രചിച്ചത്. ന്യൂയോര്‍ക്ക് ട്രിബൂണിന്റെ വിദേശലേഖകനായി 1851-1862 കാലത്ത് അദ്ദേഹം പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ അദ്വിതീയകൃതിയെന്നു വിശേഷിപ്പിക്കാവുന്ന ദാസ് ക്യാപ്പിറ്റല്‍ (മൂലധനം) 1867ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഒരു ജര്‍മന്‍ പിഎച്ച്ഡിക്കാരനായ ഡോ. കാറല്‍ മാര്‍ക്സ് ജര്‍മന്‍കാരന്റെ പരന്ന വിജ്ഞാനത്തിന്റെയും ഉടമയാണ്. യഥാര്‍ഥ ജീവിത നിരീക്ഷണത്തില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും കരഗതമായിട്ടുള്ളതാണ് ഈ വിജ്ഞാനം. തൊഴിലാളി എന്ന വാക്കിന്റെ സാധാരണ അര്‍ഥത്തില്‍ അദ്ദേഹം ഒരു തൊഴിലാളി ആയിരുന്നില്ലെന്നാണ് എന്റെ തോന്നല്‍. സാമാന്യം സൗകര്യത്തില്‍ കഴിയുന്ന ഒരു മധ്യവര്‍ത്തിയെന്നാണ് അദ്ദേഹത്തെ കണ്ടാല്‍ തോന്നുക. രാത്രിയില്‍ അഭിമുഖത്തിനായി ഞാന്‍ എത്തിയപ്പോള്‍ എന്നെ കൊണ്ടു ചെന്നിരുത്തിയ മുറികണ്ടാല്‍ നല്ല വരുമാനമുള്ള ഒരു സ്റ്റോക്ക് ബ്രോക്കറുടെ താമസസ്ഥലമാണെന്നേ തോന്നു.

എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ അവിടം നല്ല അഭിരുചിയും നല്ല വരുമാനവുമുള്ള ഒരാളിന്റെ പാര്‍പ്പിടം പോലെയായിരുന്നു. എന്നാല്‍ വീട്ടുകാരന്റെ പ്രത്യേകതകള്‍ ദ്യോതിപ്പിക്കുന്ന ഒന്നും അവിടെ കണ്ടില്ല. മേശപ്പുറത്ത് കണ്ട റൈന്‍നദീതീര സീനറികളുടെ ആല്‍ബം ആള്‍ ഏതു നാട്ടുകാരനാണെന്ന് വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. സൈഡ് ടേബിളിന്‍ മേലുള്ള പൂപ്പാലികയില്‍ ബോംബെങ്ങാനും വച്ചിട്ടുണ്ടോയെന്നു ഞാന്‍ ഒളികണ്ണിട്ടു നോക്കി.

പെട്രോളിയത്തിന്റെ മണം എങ്ങാനുമുണ്ടോയെന്ന് ഞാന്‍ മണപ്പിച്ചും നോക്കി. പക്ഷേ, റോസാപുഷ്പത്തിന്റെ സുഗന്ധം മാത്രമാണ് എനിക്കനുഭവപ്പെട്ടത്. ഞാന്‍ പാത്തുപാത്ത് എന്തുവേണമെങ്കിലും സംഭവിക്കട്ടേയെന്ന വിചാരത്തോടെ ധൈര്യമവലംബിച്ച് പൂര്‍വസ്ഥാനത്ത് ചെന്ന് ഇരിപ്പുറപ്പിച്ചു.

അദ്ദേഹം സിറ്റിങ് റൂമിലേക്ക് കടന്നുവന്ന് ഹാര്‍ദമായി എന്നെ സ്വാഗതം ചെയ്തു. ഞങ്ങളിപ്പോള്‍ മുഖാമുഖം ഇരിക്കുകയാണ്. അതെ, ഞാന്‍ ഇപ്പോള്‍ വിപ്ലവത്തിന്റെ ഒരു സാക്ഷാല്‍ അവതാരപുരുഷനുമായി. ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ (മാര്‍ക്സും എംഗല്‍സും മുന്‍കൈയെടുത്തു സ്ഥാപിച്ച ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയെയാണ് ഇവിടെ സൂചിപ്പിക്കുന്നത് -


എഡിറ്റര്‍) യഥാര്‍ഥ സ്ഥാപകനും മാര്‍ഗദര്‍ശിയുമായി, തൊഴിലാളികളോട് യുദ്ധത്തിനാണ് പുറപ്പാടെങ്കില്‍ സ്വന്തം തറവാട് കത്തിച്ചാമ്പലാകുന്നത് കാണാന്‍ ഒരുങ്ങിക്കൊള്ളാന്‍ മുതലാളിത്തത്തിനു മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ആ പ്രസംഗം ചെയ്ത മനുഷ്യനുമായി, ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പാരീസ് കമ്യൂണിന്റെ വക്കാലത്തുമായി നടക്കുന്ന ആ മനുഷ്യനുമായി, കുശലാന്വേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

അന്നത്തെ യവന ദൈവങ്ങളില്‍ വിശ്വാസമുണ്ടെന്നു പറയുന്നതിലും അഭികാമ്യം മരണശിക്ഷയാണെന്നു കരുതിയ സോക്രട്ടീസിന്റെ ഒരു അര്‍ധകായ രൂപം മനസിലൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ആരെയും ആകര്‍ഷിക്കുന്ന വീതിയേറിയ ആ നെറ്റിത്തടവും, താഴേക്ക് ഇറങ്ങിവരുന്ന ആ നെറ്റിത്തടത്തിന്റെ താഴേ അറ്റത്ത് ഒരു പാത്രക്കൊളുത്തുപോലെയുള്ള ആ ചമ്മിയ മൂക്കും ഓര്‍മയില്ലേ? ആ നീണ്ട താടി ഇടയ്ക്കു നരകലര്‍ന്ന കറുപ്പാണെന്നു വയ്ക്കുക.

ആ ശിരസ് മിതമായ ഉയരമുള്ള തടിച്ച ഒരു ശരീരത്തിന്‍മേല്‍ വയ്ക്കുക.അതാണ് നമ്മുടെ ഡോക്ടര്‍. ആ മുഖത്തിന്റെ പകുതിമാത്രം പുറത്തുകാണും വിധം ഒരു തുണികൊണ്ട് ആ തല മറച്ചാല്‍ ജന്‍മനായുള്ള ഒരു കപ്യാരാണ് നമ്മുടെ മുന്നിലെന്നു തോന്നും. ആ മുഖത്തിന്റെ പ്രത്യേകതയായ ഇടതൂര്‍ന്ന പുരികക്കൊടി ശ്രദ്ധിച്ചാല്‍ മതി, അത്യന്തം പ്രഗദ്ഭനായ ഒരാളുമായാണ്, ചിന്തിക്കുന്ന ഒരു സ്വപ്നജീവിയും സ്വപ്നജീവിയായ ഒരു ചിന്തകനുമായാണ് നമുക്ക് ഇടപെടേണ്ടതെന്ന് തല്‍ക്ഷണം ബോധ്യമാകും.

വളച്ചുകെട്ടൊന്നും കൂടാതെ ഞാന്‍ നേരെ കാര്യത്തിലേക്കു കടന്നു. ഇന്റര്‍നാഷണലിനെപ്പറ്റി ലോകം ഇരുട്ടില്‍ തപ്പുകയാണെന്നു തോന്നുന്നുവെന്ന് ഞാന്‍ പറഞ്ഞു. ലോകത്തിന് ഈ സംഘടനയെ വെറുപ്പാണ്. പക്ഷേ, എന്തിനോടാണ് വെറുപ്പെന്ന് ലോകത്തിന് നിശ്ചയവുമില്ല.

ഈ ഇരുട്ടിലേക്ക് കൂടുതല്‍ തുറിച്ചുനോക്കിയതായി കരുതുന്ന ചിലര്‍ പറയുന്നത് ഇരട്ടമുഖമുള്ള ഒരു വിചിത്ര ജീവിയെയാണ് അവിടെ കാണുന്നതെന്നാണ്. അതിലൊരു മുഖത്ത് ഒരു പാവം തൊഴിലാളിയുടെ പുഞ്ചിരിയാണ് തെളിയുന്നതെങ്കില്‍ മറ്റേ മുഖത്ത് കൊലയാളിയെപ്പോലുള്ള ഒരു ഗൂഢാലോചനക്കാരന്റെ രൗദ്രഭാവമാണ് പ്രകടമാകുന്നത്.

ഈ ദുരൂഹതയില്‍ അല്‍പ്പം, വെളിച്ചം വീശുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് അന്വേഷിച്ചു.

നമുക്ക് അദ്ദേഹത്തെ ഇത്ര ഭയമോ എന്നു വിചാരിച്ചാവണം പ്രൊഫസര്‍ പൊട്ടിച്ചിരിച്ചു, ''എന്റെ പൊന്നു സാറെ'', അദ്ദേഹം പറഞ്ഞു: ''ഇതില്‍ യാതൊരു നിഗൂഢതയുമില്ല. എന്തെങ്കിലും നിഗൂഢതയുണ്ടെങ്കില്‍ അത് ചില മനുഷ്യരുടെ മണ്ടത്തരം കൊണ്ടുള്ളതുമാത്രമാണ്. ഞങ്ങളുടെ സംഘടന പരസ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്ന കാര്യം ഇക്കൂട്ടര്‍ സദാ വിസ്മരിക്കുന്നു.

ഞങ്ങളുടെ സംഘടനയുടെ നടപടികള്‍ പൂര്‍ണമായി പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും അതു വായിച്ചു മനസിലാക്കാം.

ഒരു പെനി കൊടുത്താല്‍ ഞങ്ങളുടെ നിയമാവലി വാങ്ങാന്‍ കിട്ടും. ഒരു ഷില്ലിങ്ങിന് ഞങ്ങളുടെ ലഘുലേഖകളും വാങ്ങാം. അതെല്ലാം വാങ്ങി വായിച്ചാല്‍ ഞങ്ങളെപ്പറ്റി ഏതാണ്ട് ഞങ്ങള്‍ക്കറിയാവുന്നതെല്ലാം നിങ്ങള്‍ക്കും മനസിലാകും.

ലാന്‍ഡോര്‍: അതെ, ഏതാണ്ട് മനസിലാകുമായിരിക്കും. പക്ഷേ ഞാനിപ്പോള്‍ മനസിലാക്കാന്‍ പോകുന്ന ഏതാണ്ടിന്റെ ബാക്കിയായിരിക്കില്ലേ അതിലും സര്‍വപ്രധാനം? ഞാന്‍ തുറന്നുപറയട്ടെ, നിങ്ങളുടെ സംഘടനയില്‍പ്പെടാത്ത ഒരാളിന്റെ അഭിപ്രായമാണെന്നു കരുതിയാല്‍ മതി.

നിങ്ങളെപ്പറ്റി പൊതുവിലുള്ള ഈ അവിശ്വാസത്തിനു കാരണം സാധാരണ ജനങ്ങളുടെ അജ്ഞതയില്‍ നിന്നുടലെടുക്കുന്ന വെറുപ്പ് മാത്രമല്ല. താങ്കള്‍ പലതും പറഞ്ഞു കഴിഞ്ഞെങ്കിലും ഞാന്‍ ഒന്നുകൂടി ചോദിക്കട്ടെ, എന്താണ് ഈ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍?

മാര്‍ക്സ്: ഇതില്‍ ചേര്‍ത്തിട്ടുള്ള വ്യക്തികളെ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും, വെറും പണിയെടുക്കുന്നവരാണവര്‍.

ലാന്‍ഡോര്‍: അതെ, അതു ശരിയാണ്. പക്ഷേ, തന്നെ യുദ്ധക്കളത്തിലേക്ക് തള്ളിവിടുന്ന ഭരണയന്ത്രത്തിന്റെ പരിപാടിയുടെ വിശദാംശങ്ങള്‍ ഒരു പട്ടാളക്കാരന്‍ അറിഞ്ഞിരിക്കണമെന്നുണ്ടോ? നിങ്ങളുടെ സംഘടനയില്‍പ്പെട്ട ചിലരെ എനിക്കറിയാം. അവരാരും ഗൂഢാലോചനക്കാരുടെ കൂട്ടത്തില്‍പ്പെടുകയില്ലെന്ന് എനിക്ക് വിശ്വസിക്കാനാവും.

മാത്രവുമല്ല, ലക്ഷങ്ങള്‍ക്കറിയാവുന്ന ഒരു കാര്യം രഹസ്യമായിരിക്കുകയുമില്ലല്ലോ. എന്നാല്‍, ഈ ജനലക്ഷങ്ങള്‍ കണ്ണില്‍ ചോരയില്ലാത്തതും, ഞാന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം, എന്തും ചെയ്യാന്‍ മടിയില്ലാത്തതുമായ ഒരു നേതൃത്വത്തിന്റെ കൈയിലെ വെറും കളിപ്പാവകള്‍ മാതമാണെങ്കിലോ?

മാര്‍ക്സ്: അതിന് തെളിവെന്താ?

ലാന്‍ഡോര്‍: ഇക്കഴിഞ്ഞ പാരീസ് ലഹള?

മാര്‍ക്സ്: ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നതായി, അന്നത്തെ സാഹചര്യത്തില്‍ നടക്കാന്‍ പാടില്ലാത്ത എന്തെങ്കിലും നടന്നതായി തെളിവു തരാമോ? ഇനി ഗൂഢാലോചന ഉണ്ടായിരുന്നുവെങ്കില്‍ത്തന്നെ, അതില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന് എന്തെങ്കിലും പങ്കുണ്ടായിരുന്നുവെന്നതിന് തെളിവുണ്ടോ ?

ലാന്‍ഡോര്‍: കമ്യൂണ്‍ സമിതിയില്‍ എത്രയോ അസോസിയേഷന്‍കാര്‍ അംഗങ്ങളായിരുന്നുവെന്നത് ഇതിന് മതിയായ തെളിവല്ലേ?

മാര്‍ക്സ്: എന്നാല്‍ അത് ഫ്രീമേസണ്‍മാര്‍ സംഘടിപ്പിച്ച ഒരു ഗൂഢാലോചന ആയിരുന്നുവെന്നും പറഞ്ഞുകൂടേ? കാരണം അവരുടെ പങ്കും കമ്യൂണില്‍ ഒട്ടും മോശമായിരുന്നില്ലല്ലോ? സത്യത്തില്‍, പാരീസ് കമ്യൂണ്‍ ഫ്രീമേസണ്‍മാര്‍ സംഘടിപ്പിച്ചതെന്ന് മാര്‍പ്പാപ്പ പറഞ്ഞാലൂം ഞാന്‍ ആശ്ചര്യപ്പെടുകയില്ല.

എന്നാല്‍ പാരീസിലെ തൊഴിലാളികള്‍ സംഘടിപ്പിച്ചതായിരുന്നു പാരീസ് കമ്യൂണ്‍ എന്നൊരു വിശദീകരണവും ഇതിന് ആകാമല്ലൊ, ഇല്ലേ? ഏറ്റവും കഴിവുറ്റ തൊഴിലാളികളായിരുന്നിരിക്കണമല്ലൊ അതിന്റെ നേതാക്കളും നടത്തിപ്പുകാരുമായി രംഗത്തുവന്നത്; അവരാകട്ടെ ഇന്റര്‍നാഷണല്‍ അസോസിയേഷനിലെ അംഗങ്ങളാണ്. എന്നാല്‍, അവരുടെ നടപടികള്‍ക്ക് ഞങ്ങളുടെ അസോസിയേഷനു നേരിട്ട് യാതൊരു ഉത്തരവാദിത്വവും ഇല്ലതാനും.

ലാന്‍ഡോര്‍: പക്ഷേ, ലോകത്തിന് തോന്നിയതങ്ങനെയല്ല. ലണ്ടനില്‍ നിന്നുള്ള ഗൂഢനിര്‍ദേശങ്ങളെപ്പറ്റി ആളുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇവിടെ നിന്ന് ധനസഹായം ഉണ്ടായിരുന്നുവെന്നുമാണ് കേള്‍ക്കുന്നത്. അസോസിയേഷന്‍ പ്രവര്‍ത്തനം ഒരു തുറന്ന പുസ്തകമാണെന്ന് പറഞ്ഞതു കൊണ്ട് രഹസ്യ നിര്‍ദേശങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്ന് തീര്‍ത്തുപറയാമോ?

മാര്‍ക്സ് : സ്വകാര്യവും അതുപോലെ പരസ്യവുമായ ഏജന്‍സികള്‍ കൂടാതെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയെപ്പറ്റി എന്നെങ്കിലും കേട്ടിട്ടുണ്ടോ? പക്ഷേ, വിശ്വാസത്തെയും പെരുമാറ്റത്തെയും സംബന്ധിച്ചു വത്തിക്കാനില്‍ നിന്ന് പുറപ്പെടുവിക്കുന്ന കല്‍പ്പനകള്‍പോലെ ലണ്ടനില്‍നിന്ന് രഹസ്യനിര്‍ദേശങ്ങള്‍ പുറപ്പെ ടുവിക്കുന്നതിനെപ്പറ്റി പറയുന്നത് ഇന്റര്‍നാഷണലിന്റെ സ്വഭാവത്തെ തീര്‍ത്തും വളച്ചൊടിക്കുന്നതിനു സമമായിരിക്കും.

ഇന്റര്‍നാഷണലിന് ഒരു കേന്ദ്രീകൃത ഗവണ്‍മെന്റ് ഉണ്ടെന്നാവും അതിനര്‍ഥം. എന്നാല്‍, യഥാര്‍ഥത്തില്‍ പ്രാദേശികമായി അങ്ങേയറ്റത്തെ സ്വാതന്ത്ര്യവും മുന്‍കൈയും നല്‍കുന്ന തരത്തിലുള്ളതാണ് ഞങ്ങളുടെ സംഘടനാരൂപം.

വാസ്തവത്തില്‍ ഇന്റര്‍നാഷണലെന്നത് തൊഴിലാളിവര്‍ഗ ത്തിന്റെ ഒരു ഗവണ്‍മെന്റേയല്ല. ഒരു നിയാമകശക്തിയെന്നതിനെക്കാള്‍ ഒരു യൂണിയന്‍ ബന്ധമാണതിലുള്ളത്.

ലാന്‍ഡോര്‍: ഈ യൂണിയന്റെ ഉദ്ദേശ്യം എന്താണ്?

മാര്‍ക്സ്: രാഷ്ട്രീയാധികാരം പിടിച്ചെടുത്തു കൊണ്ട് തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തികമായ മോചനം. രാഷ്ട്രീയാധികാരം ഉപയോഗിച്ചുള്ള സാമൂഹ്യലക്ഷ്യപ്രാപ്തി. തൊഴിലാളിവര്‍ഗത്തിന്റെ ഏതു പ്രവര്‍ത്തനത്തെയും ഉള്‍ക്കൊള്ളുംവിധം സമഗ്രമായിരിക്കണം ഞങ്ങളുടെ ലക്ഷ്യങ്ങള്‍.

ഒരു പ്രത്യേക തരത്തിലുള്ളതാക്കിയാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യങ്ങള്‍ക്ക്, ഏതെങ്കിലും ഒരു രാജ്യത്തിലെ തൊഴിലാളികളുടെ മാത്രം ആവശ്യങ്ങള്‍ക്ക് പറ്റുംവിധമുള്ളതായിരിക്കും ആ ലക്ഷ്യങ്ങള്‍.

ഒരുപിടിയാളുകളുടെ നന്‍മയ്ക്കായി ഒത്തൊരുമിക്കാന്‍ എല്ലാ തൊഴിലാളികളോടും എങ്ങനെ ആവശ്യപ്പെടാന്‍ കഴിയും? അങ്ങനെ ചെയ്താല്‍: ഞങ്ങളുടെ സംഘടനയ്ക്ക് എങ്ങനെ ഇന്റര്‍നാഷണല്‍ എന്നു പേരിടും? രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രൂപം ഇന്നതായിരിക്കണമെന്ന് ഞങ്ങളുടെ അസോസിയേഷന്‍ കല്‍പ്പിക്കാറില്ല.

ലക്ഷ്യത്തെക്കുറിച്ചുള്ള ഒരു പ്രതിജ്ഞ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തൊഴിലാളിലോകത്താകെ വ്യാപിച്ചു കിടക്കുന്ന പരസ്പര ബന്ധിത സംഘടനകളുടെ ഒരു ശ്യംഖലയാണത്. ലോകത്തിന്റെ ഓരോ ഭാഗത്തും ഓരോ തരത്തിലായിരിക്കും പ്രശ്നം പൊന്തിവരുന്നത്.. അവിടെയുള്ള തൊഴിലാളികള്‍ അവരുടേതായ രീതിയില്‍ അത് കൈകാര്യം ചെയ്യും. തൊഴിലാളി സംഘം എല്ലാ വിശദാംശങ്ങളിലും ന്യൂകാസിലിലെപ്പോലെയായിരിക്കില്ല ബാഴ്സിലോണയില്‍.

ലണ്ടനിലെപ്പോലെയാവില്ല ബര്‍ലിനില്‍ ഉദാഹരണത്തിന്, ഇംഗ്ലണ്ടിന്റെ കാര്യം നോക്കാം. ഇവിടെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നില്‍ രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴി തുറന്നുകിടപ്പുണ്ട്. സമാധാനപരമായ പ്രക്ഷോഭത്തിലൂടെ കൂടുതല്‍ വേഗത്തിലും ഉറപ്പായും കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നേടങ്ങളില്‍ കലാപത്തിനിറങ്ങിപ്പുറപ്പെടുന്നത് ശുദ്ധഭ്രാന്തായിരിക്കും. ഫാന്‍സില്‍ മര്‍ദനത്തിനുള്ള ഒരു നൂറു കൂട്ടം നിയമങ്ങളാണുള്ളത്.

വര്‍ഗങ്ങള്‍ തമ്മില്‍ ധാര്‍മികമായ വലിയ ശത്രുതയുമുണ്ട്. അപ്പോള്‍ അവിടെ സാമൂഹ്യ ഏറ്റുമുട്ടല്‍ അക്രമമാര്‍ഗത്തിലൂടെയേ പരിഹരിക്കാന്‍ കഴിയൂ എന്നു വന്നേക്കാം, അതെങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത് ആ നാട്ടിലെ തൊഴിലാളിവര്‍ഗമാണ്.

ഇക്കാര്യത്തില്‍ ഏതെങ്കിലും കല്‍പ്പനയോ ഉപദേശമോ ഒന്നും ഇന്റര്‍നാഷണലിന്റെ ഭാഗത്തുനിന്നുണ്ടാവില്ല, എന്നാല്‍ ഏതു പ്രസ്ഥാനത്തിനും ഇന്റര്‍നാഷണലിന്റെ പിന്തുണയും നിയമാവലിയുടെ നാലതിരുകള്‍ക്കുള്ളില്‍നിന്നുള്ള സഹായവും ഉണ്ടായിരിക്കും.
ലാന്‍ഡോര്‍: ആ സഹായത്തിന്റെ സ്വഭാവം എന്തായിരിക്കും ?

മാര്‍ക്സ്  : ഒരു ഉദാഹരണമെടുക്കാം. വിമോചനപ്രസ്ഥാനത്തിന്റെ സര്‍വസാധാരണമായ ഒരു രൂപം പണിമുടക്കാണ്. മുമ്പൊക്കെ, ഒരു രാജ്യത്തില്‍ ഒരു പണിമുടക്ക് നീണ്ടുപോകുമ്പോള്‍ മറ്റു രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെക്കൊണ്ടുവന്ന് ആ പണിമുടക്ക് പൊളിച്ചിരുന്നു. ഇന്റര്‍നാഷണല്‍ അതിനെല്ലാം അറുതി വരുത്തിയിരിക്കുന്നു. ഏതെങ്കിലുമൊരിടത്ത് പണിമുടക്ക് നടക്കുന്ന വിവരം ലഭിച്ചാലുടന്‍ സംഘടന ആ വിവരം എല്ലാ അംഗങ്ങളെയും അറിയിക്കും. അതിനുശേഷം സമരം നടക്കുന്ന സ്ഥലത്തേക്ക് മറ്റു തൊഴിലാളികള്‍ പണിയെടുക്കാനായി കാലുകുത്തുകയില്ല. അപ്പോള്‍ മുതലാളിമാര്‍ക്ക് സ്വന്തം തൊഴിലാളികളെ മാത്രം ആശ്രയിക്കേണ്ടിവരും. തൊഴിലാളികള്‍ക്ക് മിക്കപ്പോഴും അതില്‍ കവിഞ്ഞ ഒരു സഹായവും വേണ്ടിവരില്ല. സ്വന്തം വരിസംഖ്യയില്‍നിന്നോ തങ്ങള്‍ക്ക് നേരിട്ട് അഫിലിയേഷനുള്ള സംഘടനകളില്‍ നിന്നോ അവര്‍ക്ക് ധനസഹായം ലഭിക്കും.

എന്നാല്‍ സമ്മര്‍ദം അവര്‍ക്ക് താങ്ങാനാവുന്നതിലധികമായാല്‍ പണിമുടക്കിന് ഇന്റര്‍നാഷണലിന്റെ അംഗീകാരമുണ്ടെങ്കില്‍ പൊതുഫണ്ടില്‍ നിന്ന് അവര്‍ക്ക് വേണ്ട സഹായവും നല്‍കും. ഇക്കഴിഞ്ഞ ദിവസം ബാഴ്സിലോണയിലെ ചുരുട്ടു തൊഴിലാളികളുടെ സമരം വിജയത്തിലെത്തിച്ചത് ഇപ്രകാരമായിരുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പണിമുടക്കുകളെ പിന്താങ്ങുമെങ്കിലും സംഘടനയ്ക്ക് പണിമുടക്കുകളില്‍ അത്ര വലിയ താല്‍പ്പര്യമൊന്നുമില്ല. സാമ്പത്തികമായി അതുകൊണ്ട് സംഘടനയ്ക്ക് നേട്ടമില്ല. മറിച്ച് നഷ്ടസാധ്യത കൂടുതലാണുതാനും. ചുരുക്കിപ്പറഞ്ഞാല്‍, സമ്പത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുമ്പോഴും പണിയെടുക്കുന്നവരുടെ വര്‍ഗം ദാരിദ്ര്യത്തിലാണ്ടു കിടക്കുന്നു, മറ്റുള്ളവര്‍ സുഖഭോഗങ്ങളിലാറാടുമ്പോഴും അവര്‍ കഷ്ടപ്പാടിന്റെ നീര്‍ച്ചുഴിയില്‍പെട്ടുകിടക്കുന്നു.

ഭൗതികമായ ഇല്ലായ്മ ധാര്‍മികവും ശാരീരികവുമായി അവരെ മുരടിപ്പിക്കുന്നു. മറ്റുള്ളവരെ ആശ്രയിച്ച് അവര്‍ക്ക് ഈ അവസ്ഥയില്‍ നിന്ന് കരകയറാനാവില്ല. അപ്പോള്‍ സ്വന്തം കാര്യം സ്വയം നോക്കാതെ അവര്‍ക്ക് ഗത്യന്തരമില്ല;ജന്മി
þ മുതലാളിമാരുമായുള്ള ബന്ധങ്ങള്‍ അവര്‍ സ്വയം പൊളിച്ചെഴുതേണ്ടിവരും. എന്നു പറഞ്ഞാല്‍ സമൂഹത്തെ അവര്‍ സ്വയം മാറ്റിമറിക്കേണ്ടിവരും. അറിയപ്പെടുന്ന ഏതൊരു തൊഴിലാളി സംഘടനകളുടെയും ലക്ഷ്യം ഇതാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ലീഗുകള്‍, കച്ചവട സൗഹൃദസമിതികള്‍, സഹകരണ സ്റ്റോറുകള്‍, സഹകരണ ഉല്‍പ്പാദന സംഘങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ലക്ഷ്യത്തിലെത്താനുള്ള ഉപാധികള്‍ മാത്രമാണ്.

ഈ സംഘടനകളുടെ ഏറ്റവും നല്ല ഐക്യദാര്‍ഢ്യം കൈവരുത്തുകയാണ് ഞങ്ങളുടെ അസോസിയേഷന്റെ ജോലി. അസോസിയേഷന്റെ സ്വാധീനം ഇപ്പോള്‍ ഒട്ടെല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്, സംഘടനയുടെ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്ന രണ്ടു പത്രങ്ങള്‍ സ്പെയിനിലും മൂന്നെണ്ണം വീതം ജര്‍മനിയിലും, ഹോളണ്ടിലും, ആസ്ട്രിയയിലും, ആറെണ്ണം വീതം ബല്‍ജിയത്തിലും സ്വിറ്റ്സര്‍ലണ്ടിലും ഉണ്ട്. ഇന്റര്‍നാഷണലിനെപ്പറ്റി ഇത്രയും പറഞ്ഞതില്‍നിന്ന് അത് നടത്തിയതായി പറയപ്പെടുന്ന ഗൂഢാലോചനകള്‍ ഏതു തരത്തിലുള്ളതായിരിക്കുമെന്ന് താങ്കള്‍ക്ക് ഊഹിക്കാന്‍ കഴിയുമെന്ന് കരുതട്ടെ.

ലാന്‍ഡോര്‍: അപ്പറഞ്ഞത് ശരിക്കും മനസിലായില്ലല്ലോ?

മാര്‍ക്സ്: നിലവിലുള്ള സമൂഹത്തിന് അതിന്റെ തന്നെ ആയുധങ്ങളായ ചര്‍ച്ചകളും സംഘബലവും വഴി നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് എതിരാളിക്കെതിരായി ഗൂഢാലോചനയുടെ വാദം കെട്ടിച്ചമച്ചതെന്ന് വ്യക്തമാകുന്നില്ലേ?

ലാന്‍ഡോര്‍: ഇക്കഴിഞ്ഞ സംഭവത്തില്‍ മാത്രമല്ല അതിനു മുമ്പുള്ള പലതിലും നിങ്ങളുടെ സംഘടനയുടെ പങ്കിന് മതിയായ തെളിവുകള്‍ തങ്ങളുടെ പക്ക ലുണ്ടെന്നാണല്ലോ ഫ്രഞ്ചു പൊലീസ് അവകാശപ്പെടുന്നത്?

മാര്‍ക്സ്: ഓ, അവരുടെ അത്തരം അവകാശവാദങ്ങളെപ്പറ്റി ചിലതു പറയാം. ഇന്റര്‍നാഷണലിനെപ്പറ്റി അവര്‍ കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങളുടെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവരാന്‍ ഏറ്റവും സഹായിക്കുന്നതു തന്നെ ഈ വാദങ്ങളാണ്. അവസാനത്തേതിനു തൊട്ടു മുമ്പത്തെ ഗൂഢാലോചന ഓര്‍മയുണ്ടായിരിക്കുമല്ലോ. ഹിതപരിശോധനയുടെ സന്ദര്‍ഭമായിരുന്നല്ലോ അത്. വോട്ടര്‍മാരില്‍ പലരും ചാഞ്ചാടി നില്‍ ക്കുകയായിരുന്നു.

ഏതൊരു സാമൂഹ്യവിപത്തില്‍ നിന്നാണോ ചക്രവര്‍ത്തിഭരണം സമൂഹത്തെ രക്ഷിച്ചതായി പറഞ്ഞിരുന്നത്, ആ വിപത്തുകളുടെ സത്യാവസ്ഥയില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നതിനാല്‍ ചക്രവര്‍ത്തിഭരണത്തിന്റെ മൂല്യത്തെപ്പറ്റിയും അവര്‍ക്കത്ര ബോധ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു പുതിയ ഉമ്മാക്കി കണ്ടുപിടിക്കേണ്ടിയിരുന്നു.

ആ ചുമതല പൊലീസുകാര്‍ ഏറ്റെടുക്കുകയും ചെയ്തു. പൊലീസിന് തൊഴിലാളി സംഘടനകള്‍ പൊതുവില്‍ തന്നെ അരോചകമായിരുന്നതിനാല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷനോടുള്ള അവരുടെ വെറുപ്പും സ്വാഭാവികമായിരുന്നു. ഇന്റര്‍നാഷണലിനെ ഉമ്മാക്കിയാക്കി അതിന് ചീത്തപ്പേരുണ്ടാക്കുകയും, അതേസമയം ചക്രവര്‍ത്തി ഭരണത്തിനുവേണ്ടി അനുഭാവം തേടുകയും ചെയ്താലെന്താ എന്ന ആഹ്ലാദകരമായ തോന്നല്‍ അവരെ ആവേശം കൊള്ളിച്ചു.

ആ ആഹ്ലാദ ചിന്തയില്‍ നിന്നുടലെടുത്തതാണ് ചക്രവര്‍ത്തിയെ കൊല്ലുകയെന്ന ഗൂഢാലോചന. ആ കിഴട്ടുകിഴവനെ വക വരുത്താന്‍ ഞങ്ങള്‍ കൊതിച്ചിരുന്ന പോലെ! അതിന്റെ പേരില്‍ അവര്‍ പ്രധാനപ്പെട്ട ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരെ തുറങ്കിലടച്ചു. അതിനായി അവര്‍ തെളിവുകള്‍ കെട്ടിച്ചമച്ചു.

കേസ് വിചാരണയ്ക്ക് അവര്‍ എല്ലാ ഒരുക്കങ്ങളും നടത്തി. അതിനിടയില്‍ അവരുടെ ഹിതപരിശോധന നടന്നു കിട്ടുകയും ചെയ്തു.

പക്ഷേ അവര്‍ പ്ലാന്‍ ചെയ്ത കോമഡി വെറുമൊരു തറപ്രഹസനമായിപ്പോയി. നാടകം കണ്ട വിവേകശാലികളായ യൂറോപ്യരെ നിമിഷനേരത്തേക്കുപോലും അവര്‍ക്ക് കബളിപ്പിക്കാനായില്ല. പാവം വോട്ടറായ ഫ്രഞ്ചു കര്‍ഷകനെ മാത്രമേ അവര്‍ക്ക് പറ്റിക്കാന്‍ കഴിഞ്ഞുള്ളൂ. നിങ്ങളുടെ ഇംഗ്ലീഷ് പത്രങ്ങള്‍ ഈ നാണംകെട്ട സംഭവത്തിന്റെ തുടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പക്ഷേ അതിന്റെ അവസാനം അവര്‍ ശ്രദ്ധിക്കാന്‍ മറന്നു. സര്‍ക്കാര്‍ വാദം പിന്‍പറ്റി ഗൂഢാലോചന ശരിവച്ചപ്പോഴും ഇന്റര്‍നാഷണലിന് അതില്‍ എന്തെങ്കിലും പങ്കുള്ളതായി യാതൊരു തെളിവുമില്ലെന്ന് പ്രഖ്യാപിക്കാന്‍ ഫ്രഞ്ച് ജഡ്ജിമാര്‍ നിര്‍ബന്ധിതരായി. ഞാന്‍ പറയുന്നതു വിശ്വസിക്കൂ. രണ്ടാമത്തെ ഗൂഢാലോചനയും ആദ്യത്തേതു പോലെ തന്നെയാണ്. ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ വീണ്ടും അവരുടെ തൊഴിലാരംഭിച്ചിരിക്കുകയാണ്.

ലോകം ദര്‍ശിച്ചതില്‍ വച്ചേറ്റവും വലിയ ബഹുജന പ്രസ്ഥാനത്തിന് വിശദീകരണം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. കാലത്തിന്റെ നൂറു നൂറു കൈചൂണ്ടികള്‍ ഒരൊറ്റ വിശദീകരണത്തിലേക്കാണ് നയിക്കുന്നത്. തൊഴിലാളികളുടെ അവബോധം വര്‍ധിച്ചു. ഒപ്പം അവരുടെ ഭരണാധികാരികളുടെ ആഡംബരവും പിടിപ്പുകേടും. ഒരു വര്‍ഗത്തില്‍ നിന്ന് ജനങ്ങളിലേക്കാകെയുള്ള അധികാര കൈമാറ്റത്തിന്റെ ആ ചരിത്രപരമായ പ്രക്രിയ ആരംഭിച്ചു. മാത്രമല്ല, മഹത്തായ വിമോചന പ്രസ്ഥാനത്തിന്റെ സ്ഥലകാല സാഹചര്യങ്ങള്‍ ഒത്തിണങ്ങുകയും ചെയ്തു.

പക്ഷേ ദാര്‍ശനികനായ ഒരു ഉദ്യോഗസ്ഥനു മാത്രമേ ഇതെല്ലാം കാണാന്‍ കഴിയൂ. എന്നാല്‍ അയാളാകട്ടെ, വെറുമൊരു രഹസ്യപൊലീസുകാരന്‍ മാത്രമാണ്.

അതുകൊണ്ടുതന്നെ അയാള്‍ക്ക് ആ രഹസ്യപൊലീസുകാരന്റെ വിശദീകരണത്തില്‍ þ ഗൂഢാലോചന þ മാത്രമെ എത്തിച്ചേരാന്‍ കഴിയൂ. കെട്ടിച്ചമച്ച രേഖകളടങ്ങിയ അയാളുടെ ഫയലില്‍ അതിനു വേണ്ടത്ര തെളിവുകള്‍ കാണും. പേടിച്ചരണ്ടിരിക്കുന്ന യൂറോപ്പ് അത്തരമേതൊരു കെട്ടുകഥയും വിശ്വസിക്കുകയും ചെയ്യും.

ലാന്‍ഡോര്‍: സര്‍വ ഫ്രഞ്ചു പത്രങ്ങളും ഇതേ റിപ്പോര്‍ട്ട് എഴുതിവിടുമ്പോള്‍ യൂറോപ്പ് അത് വിശ്വസിക്കുകയല്ലാതെ മറ്റെന്തു ചെയ്യും?

മാര്‍ക്സ്: എല്ലാ ഫ്രഞ്ചു പത്രങ്ങളും, അല്ലേ? ദാ അതിലൊന്നാണിത് (ലാസിച്ചുവാസ്യോ നിവര്‍ത്തിക്കാണിച്ചുകൊണ്ട്). അത് നിരത്തുന്ന തെളിവിന്റെ സത്യസ്ഥിതി നിങ്ങള്‍തന്നെ തീരുമാനിച്ചോളൂ.

(പ്രസക്തഭാഗം വായിക്കുന്നു): ''ഇന്റര്‍നാഷണലിന്റെ നേതാവായ കാള്‍ മാര്‍ക്സിനെ ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമി ക്കുമ്പോള്‍ ബ്രസല്‍സില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തു.

ലണ്ടന്‍ പൊലിസ് അദ്ദേഹവുമായി ബന്ധപ്പെട്ട ഈ സംഘടനയുടെ പ്രവര്‍ത്തനം വളരെക്കാലമായി ശ്രദ്ധിച്ചുവരികയായിരുന്നു, അതിനെ അമര്‍ച്ചചെയ്യാന്‍ അവരിപ്പോള്‍ സജീവമായ നടപടികള്‍ കൈക്കൊണ്ടുവരികയുമാണ്''. കണ്ടില്ലേ, രണ്ടു വാചകത്തില്‍ രണ്ടു നുണ! നിങ്ങളുടെ കണ്ണുകള്‍ നല്‍കുന്ന തെളിവ് പരിശോധിക്കാം.

ഞാനിപ്പോള്‍ ബല്‍ജിയം ജയിലിലല്ല, ലണ്ടനിലെ എന്റെ വീട്ടിലാണെന്ന് നിങ്ങള്‍ക്ക് തന്നെ കാണാമല്ലോ? ഇല്ലേ? ഞങ്ങള്‍ക്ക് ലണ്ടന്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അരുതാത്തതുപോലെ ലണ്ടന്‍ പൊലീസിന് ഞങ്ങളുടെ കാര്യത്തിലും ഒന്നും ചെയ്യാനാവില്ലെന്ന് നിങ്ങള്‍ക്കറിയാം.

എന്നാലും. ഈ റിപ്പോര്‍ട്ട് യൂറോപ്പിലാകെ പ്രചരിച്ചുകൊണ്ടിരിക്കും. ഒരു പത്രത്തിലും അതിനെതിരായ നിഷേധക്കുറിപ്പ് വരികയുമില്ല.

ലാന്‍ഡോര്‍: ഇത്തരം ധാരാളം തെറ്റായ വാര്‍ത്തകള്‍ നിഷേധിക്കാന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ടോ?
മാര്‍ക്സ്: എഴുതി എഴുതി എന്റെ കൈകള്‍ തളരുന്നതുവരെ ഞാന്‍ നിഷേധക്കുറിപ്പുകള്‍ അയച്ചിട്ടുണ്ട്. കെട്ടിച്ചമയ്ക്കപ്പെടുന്ന ഈ കള്ളക്കഥകള്‍ക്ക് ഒരു ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കാം.

ഫെലിക്സ് പ്യാറ്റ് ഞങ്ങളുടെ സംഘടനയില്‍ അംഗമാണെന്നു പോലും അതിലൊന്നില്‍ പ്രസ്താവിച്ചു കണ്ടു.

ലാന്‍ഡോര്‍: സത്യത്തില്‍ അല്ലേ ?

മാര്‍ക്സ്  : ഞങ്ങളുടെ സംഘടനയില്‍ ഇതുപോലൊരു കാടന് എങ്ങനെ സ്ഥാനം ലഭിക്കും? ഈ വിദ്വാന്‍ ഒരിക്കല്‍ ഞങ്ങളുടെ പേരില്‍ പ്രസ്താവന ഇറക്കാനുള്ള ഔദ്ധത്യം കാണിച്ചുവെന്നത് ശരിയാണ്.

കൈയോടെ ഞങ്ങളത് നിഷേധിക്കുകയും ചെയ്തു. പക്ഷേ, പത്രങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ട് പറയട്ടെ, അവരാരും അത് പ്രസിദ്ധീകരിച്ചില്ല.



ലാന്‍ഡോര്‍: മസീനിയോ? അദ്ദേഹം നിങ്ങളുടെ സംഘടനയില്‍ അംഗമല്ലെ?

മാര്‍ക്സ് : (ചിരിച്ചുകൊണ്ട്) അയ്യോ, അല്ലേ അല്ല. ആ മനുഷ്യന്റെ ആശയങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്ക് കടക്കാനായില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല.

ലാന്‍ഡോര്‍: അങ്ങെന്നെ ആശ്ചര്യപ്പെടുത്തുന്നു. ഏറ്റവും വിപ്ലവകരമായ ആശയങ്ങളാണ് അദ്ദേഹത്തിന്റേതെന്നാണ് ഞാന്‍ കരുതിയിരുന്നത്.

മാര്‍ക്സ്  : ഒരു ഇടത്തരക്കാരന്റെ റിപ്പബ്ലിക് (Middle class republic)എന്ന പഴഞ്ചന്‍ ആശയത്തിനപ്പുറത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഇടത്തരക്കാരുമായി ഞങ്ങള്‍ക്ക് യാതൊരു ചങ്ങാത്തവുമില്ല. അദ്ദേഹം ആധുനിക പ്രസ്ഥാനത്തിന്റെ വളരെ പിന്നില്‍ പെട്ടി രിക്കുന്നു; ജര്‍മന്‍ പ്രൊഫസര്‍മാരെപ്പോലെ. ഈ പ്രൊഫസര്‍മാരാകട്ടെ യൂറോപ്പില്‍ ഇപ്പോഴും ഭാവിയിലെ സംസ്കൃത ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാരായാണ് കണക്കാക്കപ്പെടുന്നത്.

ഒരുകാലത്ത്, ഒരുപക്ഷേ 1848 നു മുമ്പ്, ഇവര്‍ അങ്ങനെ ആയിരുന്നിരിക്കാം. അന്ന്, ജര്‍മന്‍ ഇടത്തരക്കാരുടെ വര്‍ഗം ശരിയായ വളര്‍ച്ച പ്രാപിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അവര്‍ പൂര്‍ണമായും പിന്തിരിപ്പന്‍മാരുടെ കൂടെയായിരിക്കുന്നു. തൊഴിലാളിവര്‍ഗത്തിന് അവരെ ഒട്ടും അറിയുകയുമില്ല.

ലാന്‍ഡോര്‍:  ചിലര്‍ താങ്കളുടെ സംഘടനയില്‍ പോസിറ്റിവിസ്റ്റ് അംശത്തിന്റെ ലാഞ്ഛനകള്‍ കാണുന്നുണ്ടല്ലോ?

മാര്‍ക്സ്  : അങ്ങനെ യാതൊന്നുമില്ല. അക്കൂട്ടരും അല്ലാത്തവരും ഞങ്ങള്‍ക്കിടയിലുണ്ട് ; പക്ഷേ അവരുടെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലല്ല ഞങ്ങളുടെ കൂടെയുള്ള അവരുടെ പ്രവര്‍ത്തനം. ഞങ്ങള്‍ സങ്കല്‍പ്പിക്കുന്നതുപോലുള്ള ജനകീയ ഭരണവുമായി അവരുടെ ദര്‍ശനത്തിന് യാതൊരു ബന്ധവുമില്ല. പഴയതിന്റെ സ്ഥാനത്ത് ഒരു പുതിയ ഭരണം സ്ഥാപിക്കാന്‍ മാത്രമെ അവര്‍ക്ക് നോട്ടമുള്ളൂ.

ലാന്‍ഡോര്‍: നിങ്ങളുടെ പുതിയ ഇന്റര്‍നാഷണലിന്റെ നേതാക്കള്‍ക്ക് അപ്പോള്‍ സ്വന്തം സംഘടനയോടൊപ്പം സ്വന്തമായൊരു ദര്‍ശനത്തിനും രൂപംനല്‍കേണ്ടിവന്നുവെന്നാണോ ഞാന്‍ ധരിക്കേണ്ടത്?

മാര്‍ക്സ്  : അതെ, അതു തന്നെ, ഉദാഹരണത്തിന് മില്ലിനെപ്പോലുള്ള ഒരാളുടെ അര്‍ഥശാസ്ത്രത്തില്‍നിന്ന് ഞങ്ങള്‍ അടവുകള്‍ രൂപീകരിക്കാന്‍ തുനിഞ്ഞാല്‍ മൂലധനത്തിനെതിരായ ഞങ്ങളുടെ പോരാട്ടങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. തൊഴിലാളി മുതലാളി ബന്ധത്തിന്റെ ഒരു രൂപമാണ് അദ്ദേഹം വരച്ചു കാട്ടിയത്, മറ്റൊരു രൂപം സാധ്യമാണെന്നു തെളിയിക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

ലാന്‍ഡോര്‍: മതത്തിന്റെ കാര്യത്തിലോ?

മാര്‍ക്സ്  : സംഘടനയുടെ പേരില്‍ അക്കാര്യത്തില്‍ എനിക്ക് അഭിപ്രായം പറയാനാവില്ല. വ്യക്തിപരമായി പറഞ്ഞാല്‍, ഞാനൊരു നിരീശ്വരവാദിയാണ്. ഇംഗ്ലണ്ടില്‍ അങ്ങനെ ഒരാള്‍ പറയുന്നതു കേട്ടാല്‍ അത് ആശ്ചര്യകരമായി തോന്നിയേക്കാം, സംശയമില്ല.

എന്നാല്‍ ജര്‍മനിയിലോ ഫ്രാന്‍സിലോ അത് ഉറക്കെപ്പറയാന്‍ ഭയപ്പെടേണ്ടതില്ലെന്ന് ഓര്‍ക്കാന്‍ സന്തോഷമുണ്ട്.

ലാന്‍ഡോര്‍:  എന്നിട്ടും ലണ്ടനാണല്ലോ നിങ്ങള്‍ ആസ്ഥാനമായി തെരഞ്ഞെടുത്തിട്ടുള്ളത്?

മാര്‍ക്സ്  : അതിനു തക്കതായ കാരണങ്ങളുണ്ട്. ഇവിടെ സംഘടനാ സ്വാതന്ത്യം അംഗീകൃതമായ ഒരു കാര്യമാണ്. ജര്‍മനിയിലും ആ സ്വാതന്ത്യമുണ്ടെന്നതിന് സംശയമില്ല. പക്ഷേ, അവിടെ അതിന്റെ വഴിയില്‍ പല പ്രതിബന്ധങ്ങളുമുണ്ട്. ഫ്രാന്‍സില്‍ വര്‍ഷങ്ങളായി അങ്ങനെയൊരു സംഗതി തന്നെയില്ല.

ലാന്‍ഡോര്‍: യുഎസ്എയിലോ?

മാര്‍ക്സ്: ഞങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് യൂറോപ്പിലെ പഴയ സമൂഹങ്ങളിലാണ്. യുഎസ്എയില്‍ തൊഴിലാളി പ്രശ്നം ഇനിയും പല കാരണങ്ങളാല്‍ സര്‍വപ്രധാനമായ ഒന്നായിട്ടില്ല. പക്ഷേ, ആ കാരണങ്ങള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അവിടെയും യൂറോപ്പിലെപ്പോലെ സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി പണിയെടുക്കുന്നവരുടെ ഒരു വര്‍ഗം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. തന്‍മൂലം തൊഴിലാളി പ്രശ്നം അവിടെയും മൂന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.

ലാന്‍ഡോര്‍: വിപ്ലവത്തിന്റെ ഹിംസാമാര്‍ഗങ്ങള്‍ കൂടാതെ ഈ രാജ്യത്ത് ഉദ്ദിഷ്ടമായ പ്രശ്ന പരിഹാരം, അത് ഏതുതന്നെയായാലും, സാധ്യമാകുമെന്ന് തോന്നുന്നു. ന്യൂനപക്ഷം ഭൂരിപക്ഷമാകുന്നതുവരെ പത്രങ്ങളും പ്രസംഗവേദികളും മുഖേനയുള്ള പ്രക്ഷോഭമെന്ന ഇംഗ്ലീഷ് രീതി ആശാവഹമായ ഒരു ലക്ഷണമാണ്.

മാര്‍ക്സ് : അക്കാര്യത്തില്‍ നിങ്ങളെപ്പോലെ എനിക്കത്ര ശുഭപ്രതീക്ഷയില്ല. വോട്ടിങ് ശക്തിയില്‍ സ്വന്തം കുത്തക നിലനില്‍ക്കുന്നിടത്തോളം ഭൂരിപക്ഷ തീരുമാനത്തിനു വഴങ്ങാന്‍ ഇംഗ്ലണ്ടിലെ മധ്യവര്‍ത്തിവര്‍ഗം എക്കാലവും സന്‍മനസ് കാട്ടിയിട്ടുണ്ട്.

പക്ഷേ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചോളു. അവര്‍ മൗലികമെന്നു കരുതുന്ന പ്രശ്നങ്ങളില്‍, വോട്ടിങ്ങില്‍ അവര്‍ പുറകിലായിപ്പോയാല്‍ ആ നിമിഷം ഇവിടെ അടിമകളുടേതായ ഒരു പുതിയ യുദ്ധത്തിന് നാം സാക്ഷ്യം വഹിക്കേണ്ടിവരും.

അസാമാന്യനായ ഈ മനുഷ്യനുമായുള്ള സംഭാഷണത്തില്‍ നിന്ന് ഓര്‍ക്കാന്‍ കഴിയുന്നിടത്തോളമുള്ള പ്രധാന വസ്തുതകളെല്ലാം ഞാന്‍ ഇവിടെ വിവരിച്ചിട്ടുണ്ട്.

നിഗമനങ്ങള്‍ വായനക്കാരുടേതായിക്കൊള്ളട്ടെ. പാരീസ് കമ്യൂണ്‍ സംഘടിപ്പിക്കുന്നതില്‍ ഇന്റര്‍നാഷണലിനുള്ള പങ്കിനെപ്പറ്റി അനുകൂലമായും പ്രതികൂലമായും എന്തുതന്നെ പറഞ്ഞാലും, ഒരു കാര്യം തീര്‍ച്ചയാണ്. ഈ സംഘടന പരിഷ്കൃതലോകത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ശക്തിയാണ്.

നല്ലതിനായാലും ചീത്തക്കായാലും വളരെ താമസിയാതെ പരിഷ്കൃത ലോകത്തിന് അതിനെ കണക്കിലെടുക്കേണ്ടിവരും.

(ചിന്ത വാരികയിൽ നിന്ന്)