അട്ടിമറിക്കപ്പെടുന്ന നവമാധ്യമരംഗം
Friday Aug 26, 2022
കെ എ വേണുഗോപാലന്‍
ഭരണകൂടവും വിപ്ലവവും' എന്ന ലഘു ഗ്രന്ഥത്തില്‍ എങ്ങനെയാണ് ഭരണകൂടം ആവിര്‍ഭവിച്ചത് എന്നു ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ''വര്‍ഗ വൈരുധ്യങ്ങളെ അനുരഞ്ജിപ്പിക്കാന്‍ വയ്യാതായിട്ടുണ്ടെന്നതിന്റെ പ്രത്യക്ഷ രൂപവും ഫലവും ആണ് ഭരണകൂടം.
വര്‍ഗ വൈരുധ്യങ്ങളെ എപ്പോള്‍ എവിടെ എത്രകണ്ട് വസ്തുനിഷ്ഠമായി അനുരഞ്ജിപ്പിക്കാന്‍ വയ്യാതായിത്തീരുന്നുണ്ടോ അപ്പോഴും അവിടെയും അത്രകണ്ടുമാണ് ഭരണകൂടം ആവിര്‍ഭവിക്കുന്നത്.'' ഭരണകൂടം നിലനില്‍ക്കുന്നു എന്നതിനര്‍ത്ഥം വര്‍ഗവൈരുധ്യങ്ങള്‍ അനുരഞ്ജിപ്പിക്കാന്‍ വയ്യാത്ത സ്ഥിതിയിലാണ് എന്നാണ്.
ഭരണകൂടത്തിന്റെ ഉള്ളടക്കം എന്തെന്നും വ്യക്തമാക്കിയിട്ടുണ്ട്. ''ബലപ്രയോഗത്തിന്റെ ഒരു സംഘടനയാണ് ഭരണകൂടം. ഏതെങ്കിലും ഒരു വര്‍ഗത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ സംഘടനയാണത്'' എന്നും തുടര്‍ന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിയപ്പോഴാണ് ഫാസിസം രൂപം കൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ അനുവര്‍ത്തിച്ചു വന്നിരുന്ന നെഹ്റുവിയന്‍ സാമ്പത്തിക നയങ്ങള്‍ പ്രതിസന്ധിയിലെത്തിയപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പരിവര്‍ത്തിക്കുന്നത് വര്‍ഗവൈരുധ്യങ്ങള്‍ രൂക്ഷമാവുമ്പോഴാണ്.
ജനാധിപത്യ പ്രക്രിയയോടൊപ്പം വളര്‍ന്നു വികസിച്ച ഒരു കാഴ്ചപ്പാടാണ് മാധ്യമ സ്വാതന്ത്ര്യം എന്നത്.
സര്‍വാധികാരിയായിരുന്ന രാജാവ് ഏകപക്ഷീയമായി ചെയ്തുവന്നിരുന്ന നിയമനിര്‍മ്മാണം,നിയമ നിര്‍വഹണം,നീതിന്യായ നിര്‍വഹണം എന്നിവ ജനാധിപത്യ പ്രക്രിയ ആരംഭിച്ചതോടെ മൂന്നു വ്യത്യസ്തങ്ങളായ തട്ടുകളായി വിഭജിക്കപ്പെട്ടു. പരസ്പര ബഹുമാനത്തോടെയാണ് ഈ മൂന്നു വിഭാഗങ്ങളും പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇവ കാണിക്കുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാനും ജനവികാരം പ്രകടിപ്പിക്കാനുമുള്ള ഒരു ഉപകരണം എന്ന നിലയിലാണ് സ്വതന്ത്ര മാധ്യമ വ്യവസ്ഥ വളര്‍ന്നുവന്നത്.
തുടക്കത്തില്‍ മാധ്യമങ്ങള്‍ ചെറുകിട മുതലാളിമാരുടെ കൈവശമായിരുന്നുവെങ്കില്‍ മുതലാളിത്തം കുത്തക മുതലാളിത്തമായി വികസിച്ചതോടെ അതും കുത്തകകളുടെ കൈകളിലേക്ക് മാറി. കാണികളും വായനക്കാരുമായി ജനങ്ങള്‍ വേണം എന്നതുകൊണ്ട് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജനതാല്‍പ്പര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ദൂരവസ്ഥയിലാണ് ഇന്ന് മാധ്യമ മുതലാളിത്തം നിലനില്‍ക്കുന്നത്.
ലെനിന്‍ സ്വയം ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. ഒപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യപ്രചാരകനുമായിരുന്നു. ലെനിന്റെ കാലത്ത് റഷ്യയിലും പിന്നീട് സോവിയറ്റ് യൂണിയനിലും ഉണ്ടായിരുന്ന മാധ്യമങ്ങളെ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത് എന്ന് മനസ്സിലാക്കുന്നത് കേരളത്തിന്റെ മാധ്യമ രംഗത്ത് ഇന്നു നിലനില്‍ക്കുന്ന പ്രവണതകളെ വിലയിരുത്തുന്നതിന് ഏറെ സഹായകമാണ്. 'പാര്‍ട്ടിയും മാധ്യമങ്ങളും' 'സോഷ്യലിസവും മാധ്യമങ്ങളും' തുടങ്ങിയ വിഷയങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ആശയങ്ങള്‍ കമ്യൂണിസ്റ്റ് മാധ്യമപ്രയോഗത്തിന്റെയും സിദ്ധാന്തത്തിന്റെയും അടിസ്ഥാന ആശയങ്ങളാണ്.
അതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് 'മുതലാളിത്തവും മാധ്യമങ്ങളും'സംബന്ധിച്ച അദ്ദേഹത്തിന്റെ കുറിപ്പുകള്‍. ഈ കൃതികളും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സംബന്ധിച്ച് പൊതുവത്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ആശയങ്ങളും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും അത് ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിനും എതിരായ പോരാട്ടത്തില്‍ വലിയ പങ്കാണ് നിര്‍വഹിക്കുന്നത്.
ഒരു പ്രകൃത്യാതീത ശക്തി എന്ന നിലയില്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പ്രഭാവലയത്തില്‍ നിന്ന് ജനങ്ങളെ മുക്തരാക്കാന്‍ കഴിഞ്ഞു എന്നതാണ് ലെനിന്‍ നടത്തിയ വിമര്‍ശനത്തിന്റെ ഫലം. ബൂര്‍ഷ്വാ മാധ്യമങ്ങളുടെ വര്‍ഗസ്വഭാവം തുറന്നുകാണിക്കാനും അതിന്റെ ഉടമകള്‍ ഭരണവര്‍ഗത്തോടു കാണിക്കുന്ന തീവ്രമായ ആശ്രിതത്വം വെളിപ്പെടുത്താനും ലെനിന്റെ വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞു.
മാധ്യമ മുതലാളിമാര്‍ തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യം നേടിയെടുക്കുന്നതിനു വേണ്ടി നടത്തുന്ന വിലപേശലുകളാണ് പലപ്പോഴും അവ തമ്മിലുള്ള ഏറ്റുമുട്ടലുകളായി പുറത്തുവരിക. ഇതുമൂലം സൂക്ഷ്മതലത്തില്‍ പല കാര്യങ്ങളിലും വ്യത്യസ്തതകള്‍ പ്രകടിപ്പിക്കുമെങ്കിലും ആത്യന്തികമായി ഒരു മുതലാളിത്ത രാജ്യത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ബൂര്‍ഷ്വാസിയുടെ അധികാരം ഏകീകരിക്കുന്നതിനുള്ള ഒരു ആയുധമായാണ് ഉപയോഗിക്കപ്പെടുക. ഇതുതന്നെ സ്വകാര്യ സ്വത്തുടമസ്ഥത ആക്രമണ വിധേയമാക്കപ്പെടും എന്നു കണ്ടാല്‍ കൂടുതല്‍ തീവ്രമായി പ്രയോഗിക്കപ്പെടും.
അത് അവരിലെ അഭിപ്രായവ്യത്യാസങ്ങളെ ഇല്ലാതാക്കുകയും ഈ ഭീഷണിക്കെതിരായി ഒന്നിപ്പിക്കുകയും ചെയ്യും. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വര്‍ഗ താല്‍പ്പര്യങ്ങള്‍ക്കുപരിയായി വാര്‍ത്താവിനിമയത്തിനും വിവര കൈമാറ്റത്തിനുമുള്ള ഒരു നിഷ്പക്ഷ ഏജന്‍സിയായാണ് തങ്ങളെ സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇതു തുറന്നു കാണിക്കാന്‍ സൈദ്ധാന്തിക ആശയങ്ങള്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
മുതലാളിത്ത വ്യവസ്ഥയില്‍ ഒരു പത്രത്തിന്റെ അല്ലെങ്കില്‍ ഒരു മാഗസിന്റെ പ്രസിദ്ധീകരണം എന്നത് വന്‍ തോതില്‍ നിക്ഷേപം ആവശ്യപ്പെടുന്ന ഒന്നാണ്. ആധുനിക ശാസ്ത്രþസാങ്കേതികവിദ്യ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ വാങ്ങിക്കുകയും കടലാസ് വാങ്ങിക്കുകയും ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളം കൊടുക്കുകയും ഒക്കെ വേണം.സമ്പന്നര്‍ക്ക് മാത്രമേ ഇക്കാലത്ത് അത്തരത്തില്‍ ഒരു പത്രം നടത്താന്‍ പറ്റൂ.
സ്വാഭാവികമായും അങ്ങനെ പുറത്തിറങ്ങുന്ന ഒരു പത്രത്തിന് ആത്യന്തികമായി ഒരിക്കലും പത്രമുടമയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി നില്‍ക്കാനാവില്ല. മുതലാളിത്തലോകത്ത് കൊട്ടിഘോഷിക്കപ്പെടുന്ന പത്രസ്വാതന്ത്ര്യത്തിനെക്കുറിച്ച് ലെനിന്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. ''മുതലാളിമാരുള്ള ലോകത്തില്‍ എവിടെയും മാധ്യമ സ്വാതന്ത്ര്യം എന്നതിനര്‍ത്ഥം മാധ്യമങ്ങളെ വിലയ്ക്കു വാങ്ങിക്കുക, എഴുത്തുകാരെ വിലയ്ക്കെടുക്കുക, ബൂര്‍ഷ്വാസിക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ പണം കൊടുത്ത് വ്യാജമായ പൊതു ജനാഭിപ്രായം രൂപപ്പെടുത്തുക എന്നതാണ്.''
(ലെനിന്‍ : 1921 ആഗസ്റ്റ് 5 എ. മ്യാസ്നിക്കോവിനെഴുതിയ കത്ത്)
ബൂര്‍ഷ്വാമാധ്യമങ്ങളുടെ വര്‍ഗസ്വഭാവം മറച്ചുവെക്കുന്നതിനു വേണ്ടി ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊതുജനാഭിപ്രായമാണ് എന്ന മിഥ്യാബോധം ആസൂത്രിതമായി സൃഷ്ടിക്കാറുണ്ട്. ബൂര്‍ഷ്വാ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ 'പൊതുബോധം' എന്നതിനെ വിലയിരുത്തുന്നത് മുതലാളിത്ത വ്യവസ്ഥയിലെ വര്‍ഗ വൈരുധ്യങ്ങളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന ഒന്നായിട്ടാണ്. ജനഹിതം എന്ത് എന്നു പ്രകടിപ്പിക്കുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്നാണ് അവര്‍ വാദിക്കുന്നത്.
ഇത് രൂപപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാസി എത്രമാത്രം പണമാണ് ഇതേ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നത് എന്ന കാര്യം അവര്‍ പരിശോധിക്കുന്നതു പോലുമില്ല. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധാപൂര്‍വമാണ് പൊതുബോധം എന്നതിനെ ലെനിന്‍ കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകളിലെല്ലാം ''പൊതു ബോധം എന്നു പറയപ്പെടുന്നത്' എന്നെഴുതാനുള്ള ശ്രദ്ധ അദ്ദേഹം കാണിച്ചിരുന്നു.
മാധ്യമങ്ങളെ ഉപരിഘടനയിലെ ഒരു ഇനമായി കണ്ടതിന്റെ ഭാഗമായി വളരെ പ്രധാനപ്പെട്ട ഒരു നിഗമനത്തില്‍ ലെനിന്‍ എത്തിയിരുന്നു. മാധ്യമങ്ങള്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിലുപരിയായി അവയെ ശക്തമായി പ്രതിരോധിക്കുകയും ആ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരായുധമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. അത് എല്ലായ്പ്പോഴും പക്ഷപാതപരവും വര്‍ഗപരമായി ഒരു സേനയും ആയിരിക്കും.
എല്ലാ ബൂര്‍ഷ്വാ മാധ്യമങ്ങളും വന്‍കിടയോ ഇടത്തരമോ ചെറുകിടയോ ആയ ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ചായിരിക്കും എല്ലായ്പ്പോഴും നിലകൊള്ളുക.
അവ നിഷ്പക്ഷമാണെന്ന് സ്വയം പ്രചരിപ്പിക്കുന്നത് വ്യാപകമായ തോതില്‍ അധ്വാനിക്കുന്ന വിഭാഗത്തില്‍ നിന്നും വായനക്കാരെ കിട്ടുന്നതിനു വേണ്ടിയാണ്. ഒരു വര്‍ഗസമൂഹത്തിലും ഒരു മാധ്യമത്തിനും നിഷ്പക്ഷമായി നില്‍ക്കാനാവില്ല എന്നായിരുന്നു ലെനിന്റെ നിലപാട്.
ലെനിന്റെ കാലശേഷം വളര്‍ന്നു വികസിച്ച ഒന്നാണ് ഇന്റര്‍നെറ്റ്. അതുപയോഗിച്ച് വളര്‍ന്നുവന്ന ഒരു മാധ്യമ വേദിയാണ് ഫേസ്ബുക്ക്. 290 കോടി ഉപഭോക്താക്കളാണ് അവര്‍ക്കുള്ളത്. എവിടെയിരുന്നും ആര്‍ക്കും എന്തും പ്രസിദ്ധീകരിക്കാവുന്ന സ്വതന്ത്രമായ ഒരു നവമാധ്യമം എന്ന നിലയിലാണ് ജനങ്ങളെ ഫേസ്ബുക്ക് ആകര്‍ഷിച്ചത്.
ഉപഭോക്താക്കളുടെ വിശ്രമ സമയത്ത് അവര്‍ നടത്തുന്ന ഇടപെടലുകളിലൂടെ ഫേസ്ബുക്ക് വന്‍തോതില്‍ പരസ്യം സംഭരിക്കുന്ന ഒന്നായി മാറി. മുമ്പ് അധ്വാന സമയം മാത്രമാണ് ചൂഷണത്തിനു വിധേയമാക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വിശ്രമസമയവും ചൂഷണം ചെയ്യാമെന്ന് മുതലാളിത്തം കണ്ടെത്തി.
ഇന്ത്യയില്‍ അംബാനിയുടെ ജിയോയില്‍ വരെ ഇന്നവര്‍ക്ക് ഓഹരിയുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം ദോഷകരമാണോ അല്ലയോ എന്നു നിശ്ചയിക്കുന്നതിന് അവര്‍ക്കൊരു സംവിധാനം ഉണ്ടെന്നും അതിന്റെ നിയമങ്ങള്‍ എഴുതി തയ്യാറാക്കുന്നതിന് ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വിവരം പുറത്തുവന്നിരിക്കുന്നു.
ആ സംഘത്തിന്റെ മാനേജര്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോണ്‍ ബെര്‍മന്‍ എന്നാണ് അയാളുടെ പേര്. 2019 വരെ ആരോണ്‍ സിഐഎയില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ഒരാളായിരുന്നു.
ഇപ്പോള്‍ ആരോണ്‍ ഫെയ്സ്ബുക്കിലെ തെറ്റും ശരിയും നിശ്ചയിക്കുന്ന മേധാവിയാണ്. ആരോണിനെ സിഐഎ ഫേസ്ബുക്കിലേക്ക് നിയോഗിച്ചതാണോ അതോ ഫേസ്ബുക്ക് ആരോണിനെ ഫേസ്ബുക്കിലേക്ക് നിയോഗിച്ചതാണോ എന്നൊന്നും വെളിവാക്കപ്പെട്ടിട്ടില്ല.
സിഐഎയില്‍ സീനിയര്‍ അനലിറ്റിക് മാനേജരായാണ് ആരോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ആരോണ്‍ മാത്രമല്ല ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖരും സിഐഎയില്‍ നിന്നു വന്നിട്ടുള്ളവരാണത്രെ.
അമേരിക്കന്‍ ഭരണകൂടത്തിനോ അതിന്റെ താല്‍പ്പര്യങ്ങള്‍ക്കോ വിരുദ്ധമായ ഒന്നും തന്നെ ഇനി ഫേസ്ബുക്കിലൂടെ വെളിച്ചം കാണും എന്ന് ആരും പ്രതീക്ഷിക്കേണ്ട. അഥവാ വെളിച്ചം കണ്ടാല്‍ തന്നെ അതു കാണുന്നത് നൂറോ നൂറില്‍ താഴെയോ ആളുകളായിരിക്കും. മുതലാളിത്ത ലോകത്തെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞത് എത്രമാത്രം ശരിയായിരുന്നു എന്നാണിതു കാണിക്കുന്നത്.