സോഷ്യല്‍ മീഡിയയെ ആര്‍ക്കാണ് പേടി
Friday Aug 26, 2022
ടി ഗോപകുമാര്‍
ധുനിക ജനാധിപത്യസമൂഹത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഒരു ജനകീയ ആവശ്യമാണ്. ഭരണകൂടത്തിനെതിരായ ജനങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും അവ സ്വരൂപിച്ച് ഭരണവര്‍ഗത്തെ ബോധ്യപ്പെടുത്താനും ഉള്ള ഉപാധിയായി മാധ്യമങ്ങള്‍ മാറുന്നു.
അങ്ങനെയാണ് ജനാധിപത്യത്തിന്റെ നാലാം തൂണെന്നും ഭരണവര്‍ഗത്തിന്റെ സ്വാഭാവിക വിമര്‍ശകരെന്നും ഒക്കെയുള്ള വിശേഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാകുന്നത്. ജനാധിപത്യ സമൂഹങ്ങളിലും ഭരണവര്‍ഗത്തിന്റെ വിമര്‍ശകരായ മാധ്യമങ്ങള്‍ ഉയര്‍ന്നുവരികയും ജനങ്ങളുടെ നാവായി അവ മാറുകയും ചെയ്ത മാതൃകകള്‍ ലോകത്ത് ഏറെയുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഒരുപിടി കോര്‍പ്പറേറ്റുകളുടെ കൈകളിലെ വ്യാപാര സംവിധാനമായി മാറുന്നതോടെ സത്യത്തെ വാര്‍ത്തയാക്കുക, ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക, സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുക തുടങ്ങിയവയുടെയൊന്നും ആവശ്യമില്ലാതെ വരുന്നു.
സത്യം എന്ന നിലയില്‍ നിന്നും മാറി വാര്‍ത്ത വില്‍പ്പനയ്ക്കുള്ള ചരക്കായി മാറുകയും ചെയ്യുന്നു. സത്യങ്ങളും മൂല്യങ്ങളും അടക്കം എന്തിനെയും അണ പൈസ നിരക്കില്‍ കച്ചവടം നടത്താനുള്ള ചരക്കുവല്‍ക്കരണം മുതലാളിത്തത്തിന്റെ സ്വാഭാവിക രീതിയാണ്. വില്‍ക്കാന്‍ അല്ലാത്തതൊന്നും മുതലാളിത്തം ഉത്പാദിപ്പിക്കുന്നില്ല.
വില്‍പ്പനയുടെ ഉദ്ദേശമാകട്ടെ, ലാഭവും. അതായത് കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങളുടെ ഉത്തരവാദിത്വം അവരുടെ ഉല്‍പ്പന്നമായ വാര്‍ത്തകളെ ചരക്കുരൂപത്തില്‍ വില്‍പ്പന നടത്തി ലാഭം കൂട്ടുക എന്നത് മാത്രമാകുന്നു. ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ കോര്‍പ്പറേറ്റ് വിധേയത്വമുള്ള ഭരണകൂടത്തിന്റെ ബിസിനസ്സ് നടത്തിപ്പുകാരായി മാധ്യമങ്ങള്‍ മാറുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നതൊക്കെ ഒരു അലങ്കാര പറച്ചില്‍ മാത്രമാണ്.
മറ്റു മൂന്ന് തൂണുകളെപ്പോലെ തന്നെ നാലാം തൂണും ഭരണകൂടത്തെ നിലനില്‍ത്തുന്നതിനുള്ള അദ്ധ്വാനത്തില്‍തന്നെയാണ് നിരന്തരം ഏര്‍പ്പെട്ടിട്ടുള്ളത്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും ഭരണനിര്‍വഹണത്തിന്റെ നേരിട്ടുള്ള ഉപകരണങ്ങള്‍ ആകുമ്പോള്‍ മാധ്യമങ്ങള്‍ വ്യാജമായ ഒരു സമ്മതി നിര്‍മ്മാണത്തിന്റെ തലത്തില്‍ പ്രവര്‍ത്തിച്ച് ഭരണകൂടത്തിന് അനുകൂലമായ അന്തരീക്ഷ സൃഷ്ടി ഉറപ്പുവരുത്തുന്നു.
ഗ്രാംഷി സൂചിപ്പിച്ചതുപോലെ ആത്യന്തികമായി ബലപ്രയോഗത്തിലാണ് ഭരണകൂടത്തിന്റെ നിലനില്‍പ്പെങ്കിലും വ്യാജമായ ഒരു പൊതുബോധം നിര്‍മ്മിച്ചുകൊണ്ട് വ്യവസ്ഥയ്ക്കെതിരായ ചെറുത്തുനില്‍പ്പുകളെ നിരായുധീകരിക്കുന്നതിനുള്ള ഏജന്‍സിപ്പണി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ഭരിക്കുന്ന ഭരണ സംവിധാനവും കോര്‍പ്പറേറ്റുകളുടേതായ മാധ്യമ സംവിധാനവും ഒന്നായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഒരേ താത്പര്യങ്ങളെത്തന്നെയാണ്.
ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഒരുപിടി കുത്തകകളാണ്. ഏറ്റവും വലിയ സാമ്പത്തിക കുത്തക ഏറ്റവും വലിയ മാധ്യമ കുത്തകയുമാണ്. ഇപ്പറഞ്ഞതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൃഷ്ടാന്തമാണ് നമ്മുടെ രാജ്യത്തിലെ മാധ്യമങ്ങളുടെ അവസ്ഥ.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.
ദേശീയപ്രസ്ഥാനത്തിനൊപ്പം വളര്‍ന്നുവന്ന ഒരു മാധ്യമ സംസ്കാരം ഇന്ത്യയില്‍ ഏതാണ്ട് മണ്ണടിഞ്ഞുകഴിഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ക്കുവേണ്ടി നുണ ഉണ്ടാക്കി പ്രചരിപ്പിക്കുകയും സത്യത്തെ മറച്ചുപിടിക്കുകയും വളരെ നിസ്സാരവും ഒറ്റപ്പെട്ടതുമായ കാര്യങ്ങളെ പര്‍വതീകരിക്കുകയും വസ്തുതകളെ വിസ്മരിച്ച് വിശദീകരണങ്ങള്‍ മാറ്റിവച്ച് പൊതുവല്‍ക്കരണം നടത്തിയുമാണ് നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോള്‍ അവരുടെ അധികാര വി
മുഹമ്മദ് സുബൈർ
എന്നാല്‍ ഇപ്പോള്‍ പലേടത്തുനിന്നും ഉയരുന്ന ചെറിയ രൂപത്തിലുള്ള ബദല്‍ മാധ്യമ പ്രവര്‍ത്തനങ്ങളെ മുളയിലേ നുള്ളാനുള്ള പ്രവണത വര്‍ധിച്ചുവരികയും അതിന് മുഖ്യധാരാ മാധ്യമങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു. ഈയടുത്തകാലത്താണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഭരണകൂടം ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചത്. ഒരു ട്വീറ്റിന്റെ പേരുപറഞ്ഞ് പൊലീസ് സ്വയം കേസെടുത്താണ് സുബൈറിനെ അറസ്റ്റു ചെയ്തത്.
സത്യത്തില്‍ ഇതിന്റെ പിന്നിലുള്ള കാരണം ലാഭേച്ഛയില്ലാതെ സത്യം പറയാന്‍ തയ്യാറാവുകയും ഭരണകൂടത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ വിഷയത്തില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എടുത്ത നിലപാട് എന്താണ് എന്ന് നാം കണ്ടതാണ്. ഒരു പ്രാധാന്യവുമില്ലാത്ത വാര്‍ത്തയായി അത് കടന്നുപോകുകയാണുണ്ടായത്. അതിനു കുറച്ചുമുന്‍പാണ് ബിജെപി എം എല്‍എക്കെതിരെ വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നഗ്നരാക്കി നിറുത്തിയത്.
നമ്മുടെ കോര്‍പ്പറേറ്റ് അനുകൂലമാധ്യമങ്ങളില്‍ ഇതൊന്നും ഒരു ചലനവും സൃഷ്ടിക്കപ്പെട്ടില്ല.
അധികാര രാഷ്ട്രീയത്തിനു വേണ്ടിയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ഈ നുണപറച്ചിലും മറച്ചുവയ്ക്കലും സ്തുതിപാടലുമൊക്കെ ഒരു പരിധിവരെയെങ്കിലും തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് നവമാധ്യമങ്ങളാണ്.
സത്യത്തില്‍ വലിയ മൂലധനമുടക്കോടെ നടത്തുന്ന അധികാരിവര്‍ഗത്തിന്റെ സംഘടിത പ്രചാരണത്തെ നേര്‍ക്കുനേര്‍ നേരിടുകയാണ് നവമാധ്യമങ്ങള്‍. മാധ്യമങ്ങളുടെ അധീശത്വത്തെയും വരേണ്യതയെയും അനുനിമിഷം ചോദ്യം ചെയ്യുകയാണവ. ഒരുകാലത്ത് കുത്തക പത്രങ്ങളെയും സര്‍ക്കാര്‍ മാധ്യമങ്ങളെയും ചോദ്യം ചെയ്തിരുന്നതും തുറന്നുകാട്ടിയിരുന്നതും ചായക്കടയിലും വായനശാലകളിലും ബാര്‍ബര്‍ഷോപ്പിലും മറ്റ് തൊഴിലിടങ്ങളിലും വച്ച് ചെറുകൂട്ടങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്ന് ആ ചുമതല നിര്‍വഹിക്കുന്നത് സാമൂഹ്യമാധ്യമങ്ങളാണ്.
എന്തൊക്കെ പരിമിതികളും പ്രശ്നങ്ങളും ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളുടെ ജനകീയതയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. വ്യവസ്ഥാപിതമായ ഒരു സമ്പ്രദായത്തിന്റെയും സഹായമില്ലാതെ സാധാരണ മനുഷ്യന്‍ നടത്തുന്ന അതിജീവനപ്പോരാട്ടമായി സാമൂഹ്യമാധ്യമ ഇടപെടലുകള്‍ പലപ്പോഴും മാറുന്നുണ്ട്.
അത് വരേണ്യവര്‍ഗ മാധ്യമപ്രവര്‍ത്തന രീതികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. അരാജകത്വമെന്നോ അക്രമമെന്നോ ഒക്കെ വിളിക്കാവുന്ന തരത്തില്‍ സാമൂഹ്യമാധ്യമ സാധ്യതകളെ ദുരുപയോഗം ചെയ്യുന്ന ചില പ്രവണതകളെ കണ്ടില്ലെന്ന് നടിക്കുന്നില്ല.
എന്നാല്‍ ഒരു രാഷ്ട്രീയ þ സാംസ്കാരിക സാധ്യത എന്ന നിലയില്‍, മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളെ ഏറെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം സോഷ്യല്‍ ആക്ടിവിസത്തിന്റെ ഒരു ജനകീയതലമാണ്. ജനകീയപ്രതിഷേധങ്ങള്‍ തെരുവിലും തൊഴിലിടങ്ങളിലും പ്രതിഫലിക്കുന്നതുപോലെ സാമൂഹ്യമാധ്യമങ്ങളിലും പ്രതിഫലിക്കും.
ഒരുതരത്തില്‍ തെരുവ് പ്രതിഷേധത്തിന്റെയും തെരുവ് കലയുടെയും രാഷ്ട്രീയം തന്നെയാണിതും. ആഢ്യസമൂഹത്തിനുനേരെയുള്ള പ്രതിഷേധമായി അത് മാറുക സ്വാഭാവികമാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏകാധിപത്യത്തിനും, പട്ടാളഭരണത്തിനും അംഗഛേദം ചെയ്ത ജനാധിപത്യത്തിനുമെതിരെ തെരുവ് കലകള്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധം ഇതുമായി ബന്ധപ്പെട്ട് ഓര്‍ക്കാവുന്നതാണ്. ബലവാനുനേരെ ദുര്‍ബലന്‍ നടത്തുന്ന പ്രതിഷേധമായി അത് നിവര്‍ന്നു നിന്നു. ഒരുതരം ദാവീദ്þഗോലിയാത്ത് യുദ്ധമായി അതിനെ കാണാം.
നിഷ്കാസിതരായി പുറമ്പോക്കില്‍ തള്ളപ്പെട്ടുവെന്ന് തോന്നുന്ന മനുഷ്യന്‍ അവനെ പൊതുസമൂഹത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഭിത്തികളില്‍/മതിലുകളില്‍ അവന്റെ അരിശം തീര്‍ക്കുന്നതുപോലെയാണ് സോഷ്യല്‍ മീഡിയയിലും ജനകീയമായ പ്രതിഷേധങ്ങള്‍ വളരുന്നത്. നഗരവത്കരണവും സ്വകാര്യവത്കരണവും അതുമൂലമുണ്ടാകുന്ന ജീവിതാവസ്ഥകളും വ്യക്തിപരമായ സര്‍ഗാത്മകതയെ ഞെരിച്ചൊതുക്കുമ്പോള്‍ ഉണ്ടാകുന്ന നി ഹായതയുടേയും ഒറ്റപ്പെടലിന്റേയും ഒരു 'സിറ്റ്വേഷ'നില്‍ നിന്ന് മുതലാളിത്ത അതിക്രമങ്ങള്‍ക്കെതിരായ 'സിറ്റ്വേഷനിസ്റ്റ്' കലയുണ്ടാകുന്നു.
അത്തരമൊരവസ്ഥയ്ക്കുനേരെ ഓരോ മനുഷ്യനും അവരുടെ സ്വതന്ത്ര ഭാവനയുപയോഗിച്ച് പ്രതികരിക്കുന്നത് ചിലപ്പോഴൊക്കെ ഒരു സംഘപ്രവൃത്തിയിലേയ്ക്ക് എത്തുന്നു. ഈ സംഘ പ്രതികരണം മുതലാളിത്തത്തിനെതിരായ 'സിറ്റ്വേഷനിസ്റ്റ്' കല എന്നറിയപ്പെടുന്നു.
സാമൂഹ്യമാറ്റത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ഈ തെരുവുകലകള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
റഷ്യന്‍ വിപ്ലവകാലത്ത് മയക്കോവ്സ്കി പറഞ്ഞതുപോലെ 'തെരുവുകള്‍ ബ്രഷുകളും ചത്വരങ്ങള്‍ ചായപാത്രങ്ങളു'മായി. ഇതാണ് ഇന്ന് സോഷ്യല്‍ മീഡിയയിലും സംഭവിക്കുന്നത്.
തങ്ങള്‍ക്കിഷ്ടപ്പെടാത്ത രാഷ്ട്രീയക്കാരെ മാത്രം ചോദ്യംചെയ്തുകൊണ്ടിരുന്ന മാധ്യമങ്ങളെ തള്ളിമാറ്റി എല്ലാ വിഭാഗം രാഷ്ട്രീയക്കാരെയും വലിപ്പച്ചെറുപ്പമോ പദവി വ്യത്യാസമോ ഇല്ലാതെ ചോദ്യം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് കഴിഞ്ഞു.
രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാന്‍ ആളുണ്ടായി. നുണയും കപട ആധികാരികതയും തെരുവില്‍ വിചാരണ ചെയ്യപ്പെട്ടു. എതിര്‍വാക്കില്ലാതിരുന്ന തിരുവായ്ക്കു നേരെ ചോദ്യം ചെയ്യലിന്റെ വിരലുയര്‍ന്നു. സാഹിത്യ സാംസ്കാരിക മാധ്യമ വരേണ്യത വിചാരണ ചെയ്യപ്പെട്ടു.
കപടവാചോടോപം നടത്തിയിരുന്ന റിട്ടയേര്‍ഡ് 'വിദഗ്ധന്മാരെ'യും വാട്ടെബൗട്ടറികളെയും ചോദ്യം ചെയ്തു. ഈ നുണപ്രവാഹങ്ങളെ ചെറുക്കുന്നതിനുള്ള ജനകീയ ശക്തിയായി സോഷ്യല്‍മീഡിയ മാറി.
സ്വാഭാവികമായി ഈ സാഹചര്യത്തില്‍ ആധികാരികതയുടെ അട്ടിപ്പേറുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ ചോദ്യം ചെയ്തു.
തെളിവുകളുടെയും സത്യങ്ങളുടെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പുറംപൊളിയുന്ന സ്ഥിതിയുണ്ടായി. ആധികാരികതയില്ലെന്നും എഡിറ്റര്‍ ഇല്ലെന്നും ഉത്തരവാദിത്വമില്ലെന്നും അരാജകത്വമാണെന്നും സോഷ്യല്‍ മീഡിയയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
തീര്‍ച്ചയായും ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട്. പക്ഷെ അവയുടെ തിരുത്തലും അതാതിടങ്ങളില്‍ത്തന്നെ നടക്കുന്നുമുണ്ട്.
തുറന്ന, പൂര്‍ണ്ണമായും തുറന്ന ഒരു മേഖലയാണ് സോഷ്യല്‍ മീഡിയ. അതാണ് അതിന്റെ ഗുണവും ദോഷവും.
അതുരണ്ടും ചര്‍ച്ചചെയ്യപ്പെടേണ്ടതുതന്നെ. പക്ഷേ, തീര്‍ത്തും അടഞ്ഞതും, ഏകപക്ഷീയവുമായ, ജന്മനാതന്നെ മത, ജാതി, രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങളാല്‍ മാത്രം നയിക്കപ്പെടുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമമേഖലയ്ക്ക് അങ്ങനെയൊരു വിമര്‍ശനം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
എഡിറ്ററും ഡെസ്കും ഒന്നുമില്ലാതെ, മനുഷ്യര്‍ തുറന്നു സംവദിക്കുന്ന സോഷ്യല്‍മീഡിയയില്‍ ചിലര്‍ മോശപ്പെട്ട നിലവാരത്തില്‍ ആകുന്നു എന്ന വിമര്‍ശനം ശരിയാണ്.
എന്തും പറയാവുന്ന ഇടമായി മാറുന്നതോടെ സോഷ്യല്‍മീഡിയ ഒരു യുദ്ധഭൂമി ആവുകയും 'വെട്ടുകിളികളോ' 'കടന്നലുകളോ' ഒക്കെ ആയി ഒരുകൂട്ടം, ആളുകളെ വ്യക്തിപരമായി ആക്രമിക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.
ഈ പരാതിയില്‍ ചില ശരികളുണ്ടാവാം. പക്ഷേ ആ പ്രശ്നങ്ങള്‍ക്ക് അവിടെത്തന്നെ മറുപടിപറയാനും തിരുത്താനും കഴിയുന്ന ജനാധിപത്യ ഇടം എന്നനിലയില്‍ സോഷ്യല്‍മീഡിയയെ കാണാവുന്നതാണ്.
താരതമ്യേന പുതിയ പ്ലാറ്റ്ഫോം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയുടെ ബാലാരിഷ്ടതകള്‍ തിരുത്തണം. പക്ഷേ എല്ലാ നിയന്ത്രണങ്ങളും ഉള്ള, എഡിറ്റോറിയല്‍ ബോര്‍ഡും വിവിധ പേരുകളില്‍ വിവിധയിനം എഡിറ്റര്‍മാരും ഒക്കെയുള്ള പരമ്പരാഗത മാധ്യമങ്ങള്‍ തിരുത്തേണ്ടതില്ലേ? ചില രാഷ്ട്രീയ നിലപാടുകളെ പിന്തുടര്‍ന്ന് നിരന്തരമായി നുണപറഞ്ഞ് കടന്നാക്രമിച്ച് തകര്‍ക്കാനുള്ള ശ്രമം നമ്മുടെ പരമ്പരാഗത മാധ്യമങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.
വിമോചനസമരകാലം മുതല്‍ ഈ മാധ്യമസംസ്കാരം ഇവിടെ നിലനില്‍ക്കുന്നുണ്ടല്ലോ. ഒരു തിരുത്തലും എവിടെയും കണ്ടില്ല എന്നു മാത്രമല്ല നിര്‍ബാധം അത് തുടരുകയും ചെയ്യുന്നു.
ലാവ്ലിന്‍ കേസില്‍ ഇത്തരം എത്രയെത്ര വിഷലിപ്തമായ പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തിയത്! ടെക്നിക്കാലിയയും ഇല്ലാത്ത കമലാ ഇന്റര്‍നാഷണലും വിഷയം തെറ്റിച്ചു പറഞ്ഞ് ഫലിപ്പിച്ച വരദാചാരിക്കഥയുമായി എത്രയെത്ര പെരുംനുണകളുടെ ഘോഷയാത്രയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയത്? അതെഴുതിയ ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ഒരു നടപടി ആരെങ്കിലും സ്വീകരിച്ചോ? ഇപ്പോഴും അവരൊക്കെ അതാത് മാധ്യമങ്ങളുടെ ഉന്നതങ്ങളില്‍ത്തന്നെയല്ലേ ഉള്ളത്?
ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപില്‍ ഓമനക്കുട്ടന്‍ എന്നൊരു മനുഷ്യന്‍ ഈ നാടിനു മുന്നില്‍ കുറെ നേരമെങ്കിലും കുറ്റവാളിയായി തലകുനിച്ചു നിന്നത് മറക്കാറായിട്ടില്ല.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് നടന്നുകൊണ്ടിരിക്കെ കെവിന്‍ കൊലക്കേസ് സി പി ഐ എമ്മിനെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എത്ര ദുരുദ്ദേശ്യത്തോടെ ആയിരുന്നു? പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ പീഡനം എന്ന വാര്‍ത്ത കൊടുത്തവരാണ് കേരളത്തിലെ മാധ്യമങ്ങള്‍. പച്ചക്കള്ളം ആയ ആ വാര്‍ത്ത ഒരുകാലത്തും തിരുത്തപ്പെട്ടിട്ടില്ല. കള്ളവാര്‍ത്ത സൃഷ്ടിച്ച മാധ്യമങ്ങളെയോ മാധ്യമപ്രവര്‍ത്തകരെയോ തിരുത്താനുള്ള എന്തെങ്കിലും നടപടികള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഓഫീസറെ വിളിച്ചു എന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിനുതന്നെ ആധാരമായ, പെരുംനുണ നിരന്തരമായി മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരു കടത്തുകാരന്‍ പറഞ്ഞു എന്നുപറഞ്ഞ് റിപ്പോര്‍ട്ടു ചെയ്ത റിപ്പോര്‍ട്ടറും വാര്‍ത്താ അവതാരകനും ഇപ്പോഴും നിര്‍ബാധം മാധ്യമപ്രവര്‍ത്തനം നടത്തുന്നുണ്ട്! ആ വാര്‍ത്തയെ മറ്റൊരവസരത്തില്‍ ചോദ്യം ചെയ്തപ്പോള്‍ 'വേണമെങ്കില്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കൂ' എന്ന ഔദ്ധത്യമാണ് മറുപടിയായി വന്നത്.
ഈ വിഷയങ്ങളുടെയൊക്കെ സത്യാവസ്ഥ ജനങ്ങളെ അറിയിച്ചത് സാമൂഹ്യമാധ്യമങ്ങള്‍ ആണ് എന്നു മറക്കരുത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നാല് തലമുറ കേട്ടാലും തീരാത്ത ശാപം മലയാളികള്‍ക്ക് പറയാനുണ്ട്. നമ്പിനാരായണന്റെയും ശിവശങ്കരന്റെയും മുന്നില്‍ ജീവിതകാലം മുഴുവന്‍ മുട്ടിലിഴഞ്ഞാലും തീരാത്ത കൊടുംപാതകങ്ങള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തിട്ടുണ്ട്.
നൂറുകണക്കിന് മനുഷ്യരുടെ ചോരയിലും കണ്ണീരിലും ചവിട്ടിനിന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍, സോഷ്യല്‍മീഡിയയെ തിരുത്തണമെന്നും നവീകരിക്കണമെന്നും പറയുന്നത്.
എന്തൊക്കെ കുറവുകളുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ആര്‍ക്കും ഇടപെടാനും മറുപടിപറയാനും കഴിയുന്ന ജനാധിപത്യപരമായ ഒരു ഓപ്പണ്‍ സ്പേസ് ആണ്. അങ്ങനെയാണോ മുഖ്യധാരാ മാധ്യമങ്ങള്‍? അവിടെ തിരുവായ്ക്ക് എതിര്‍വാ ഇല്ലല്ലോ? ആര്‍ക്കും ചോദ്യം ചെയ്യാനോ ഇടപെടാനോ തിരുത്താനോ ആവാത്ത അടഞ്ഞ ലോകം.
ഒരുതരം മാഫിയ. ആ മാഫിയ ഒരു പൗരനോ, ഒരു വിഭാഗം മനുഷ്യര്‍ക്കോ എതിരെ നടത്തുന്ന ആക്രമണം, അവരെ ഒറ്റപ്പെടുത്തില്ല, എല്ലാ തുറസുകളും ഉള്ള സോഷ്യല്‍മീഡിയ അവരെ ഒറ്റപ്പെടുത്തും എന്നത് എങ്ങനെയാണ് അംഗീകരിക്കാനാവുക?
സോഷ്യല്‍ മീഡിയ തിരുത്തലിന് വിധേയമാകണം എന്നു പറയുമ്പോഴും അതില്‍ ഇടപെടുന്ന ഉത്തരവാദിത്വപ്പെട്ടവര്‍ ആ തിരുത്തലിന് മുന്‍കൈ എടുക്കുകയാണ് വേണ്ടത്.
അതുകഴിഞ്ഞു മാത്രമേ സാധാരണക്കാരായ മനുഷ്യരെ തിരുത്താനാവൂ. സോഷ്യല്‍മീഡിയയില്‍ സ്വന്തം അക്കൗണ്ടിലൂടെ പച്ചത്തെറി എഴുതിവിട്ട ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെ തിരുത്താനാവുമോ? എഴുത്തുകാരിയായ കെ ആര്‍ മീരയെയും മഹാനായ എ കെ ജിയേയും അശ്ലീലം കൊണ്ട് പൊതിഞ്ഞ മുന്‍ എംഎല്‍എ കൂടിയായ കോണ്‍ഗ്രസ്സിന്റെ യുവനേതാവിനെയും തിരുത്താനാവുമോ?
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത പാര്‍ട്ടി നേതാവിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍മീഡിയയില്‍ വൃത്തികെട്ടരീതിയില്‍ പ്രചരിപ്പിച്ച മുന്‍ ഡി സി സി പ്രസിഡന്റിനെ തിരുത്താനാവുമോ? ഇടതുപക്ഷത്ത് ഇങ്ങനെ തിരുത്തേണ്ടുന്ന തരത്തില്‍ ഒരു നേതാവും പെരുമാറിയതായി കാണാനില്ല എന്നതില്‍ അതിശയമില്ല, കാരണം അതൊരു രാഷ്ട്രീയമാണ്.