കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെടുന്ന മാധ്യമങ്ങള്‍
Friday Aug 26, 2022
എം സ്വരാജ്
ന്യൂയോര്‍ക്ക് ടൈംസിന്റെ ചീഫ് എഡിറ്റോറിയല്‍ റൈറ്ററായിരുന്ന ജോണ്‍ സ്വിന്‍ടണ്‍ 1883 ല്‍ സ്വന്തം പത്രമായ സ്വിന്‍ടണ്‍സ് പേപ്പര്‍ പുറത്തിറക്കിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ മാധ്യമ പ്രവര്‍ത്തനത്തെയും മാധ്യമ പ്രവര്‍ത്തകരെയും സംബന്ധിച്ച് ചില കടുത്ത വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും മുന്നോട്ടുവെയ്ക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു : ''സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്ന ഒന്നില്ല. സത്യം തുറന്നു പറയാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും കഴിയില്ല. സത്യസന്ധതയെ ബലി കഴിക്കുന്നതിന്റെ കൂലിയാണ് മാധ്യമ പ്രവര്‍ത്തകന്റെ ശമ്പളം.
സത്യം പറയണമെന്ന് വാശിയുള്ളവര്‍ വഴിയാധാരമാവും. സത്യമെഴുതുന്നവന് അടുത്ത ദിവസം ജോലിയുണ്ടാവില്ല.
സത്യത്തെ കൊന്നുകുഴിച്ചുമൂടി മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുക എന്നതാണ് മാധ്യമ പ്രവര്‍ത്തകന്റെ ധര്‍മം. മാധ്യമത്തില്‍ ചേരുന്നതോടെ വ്യക്തി എന്ന നിലയിലുള്ള കഴിവും പ്രതിഭയും പണയപ്പെട്ടു കഴിഞ്ഞു. പിന്നെ വെറും അടിമകള്‍ മാത്രം. ബൗദ്ധിക വേശ്യകളാണ് നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍''
ജോണ്‍ സ്വിന്‍ടണ്‍ അന്നുപറഞ്ഞ വാക്കുകള്‍ക്ക് നാള്‍ ചെല്ലുന്തോറും പ്രസക്തി ഏറിവരികയാണ്. അതാവട്ടെ മാധ്യമ പ്രവര്‍ത്തകരുടെ മാത്രം കുഴപ്പമായി കാണാനുമാവില്ല.
മാധ്യമ പ്രവര്‍ത്തനരംഗത്തെ മാറ്റങ്ങളുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ഒരു പ്രതിസന്ധിയായാണ് പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്കരണത്തിന്റെയും പതാകവാഹകരായിരുന്നു ആദ്യകാലത്ത് മിക്ക മാധ്യമങ്ങളുമെങ്കില്‍ സമകാലിക മാധ്യമ പ്രവര്‍ത്തനം വെള്ളം ചേര്‍ക്കാത്ത ഒരു വ്യവസായമായി മാറിക്കഴിഞ്ഞു.
വന്‍കിട കോര്‍പ്പറേറ്റുകളുടെ പല സംരംഭങ്ങളില്‍ ഒന്നു മാത്രമാണ് ഇന്നത്തെ മാധ്യമങ്ങള്‍.
മാധ്യമ ലോകത്തെയാകെ കോര്‍പ്പറേറ്റുകള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകമാകെ ഈ മാറ്റം അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ 90% മാധ്യമങ്ങളും 6 കോര്‍പ്പറേറ്റ് ഹൗസുകളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.
ബ്രിട്ടനിലാവട്ടെ അവിടുത്തെ 90 % മാധ്യമങ്ങളും 3 കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. ലോകമാകെ ഇത്തരത്തിലുള്ള ഒരുതരം കുത്തകവല്‍ക്കരണം മാധ്യമരംഗത്തും ഏറിയോ കുറഞ്ഞോ നടക്കുന്നുണ്ട്.
സബ്മറൈന്‍ ഒപ്ടിക്കല്‍ കേബിള്‍ ശൃംഖലയുടെ 28% വും ടാറ്റയുടെ കൈവശമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ചലച്ചിത്ര നിര്‍മാണ രംഗവും ടെലിവിഷന്‍ ചാനല്‍ മേഖലയും കൈപ്പിടിയിലൊതുക്കാന്‍ റിലയന്‍സ് തുടങ്ങിയ ശ്രമം മുന്നോട്ടുപോവുകയാണ്.
ചെറുകിട മാധ്യമങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവാത്ത വിധം ലാഭാധിഷ്ഠിത മത്സരം നടക്കുന്ന വ്യവസായമായി മാറിക്കഴിഞ്ഞ മാധ്യമ രംഗത്തുനിന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ ശബ്ദമല്ലാതെ മറ്റെന്ത് കേള്‍ക്കാന്‍ ?
ലോകമെമ്പാടുമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന ദോഷമായി അവയുടെ ഇടതുപക്ഷ വിരോധത്തെ മുമ്പൊരിക്കല്‍ ചൂണ്ടിക്കാട്ടിയത് നോം ചോംസ്കിയായിരുന്നു.
നോം ചോസ്കിയും പത്‌നിയും പുസ്തക പ്രകാശനചടങ്ങിൽ
എല്ലാ സാഹചര്യങ്ങളിലും കോര്‍പ്പറേറ്റുകള്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. വിവിധ വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് എന്തുമാവട്ടെ, അത് എന്തുതന്നെയായാലും കോര്‍പ്പറേറ്റ് മാധ്യമങ്ങളാല്‍ ഇടതുപക്ഷം നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കും എന്നതാണ് സ്ഥിതി. ഇത് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിത്യസംഭവവുമാണ്.
ഇതിന്റെ കാരണം ഒട്ടും സങ്കീര്‍ണമല്ല. ഇന്ത്യയിലിന്ന് കോര്‍പ്പറേറ്റുവല്‍ക്കരണത്തെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. കേന്ദ്ര എന്‍ഡിഎ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യം തന്നെ തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ തന്നെ തകര്‍ക്കുന്ന കോര്‍പ്പറേറ്റുവല്‍ക്കരണത്തിന് നേതൃത്വം കൊടുക്കുന്ന ബിജെപി ഇക്കാര്യത്തില്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ തുടക്കക്കാര്‍ കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസ് തുടങ്ങിവെച്ച ഇന്ത്യാവിരുദ്ധ കോര്‍പ്പറേറ്റുവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ രാജ്യവിരുദ്ധമായ രീതിയില്‍ നടപ്പാക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. ചുരുക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും അവരുടെ മുന്നണികളും ഇന്ത്യന്‍ കുത്തകകള്‍ക്ക് പ്രിയപ്പെട്ടവരാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സമ്പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നതാണ് അനുഭവം.
രാജ്യവിരുദ്ധമായ കോര്‍പ്പറേറ്റുവല്‍ക്കരണത്തെ എതിര്‍ക്കുന്നതോ ഇടതുപക്ഷവും. ഇക്കാരണം കൊണ്ടുതന്നെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും കണ്ണിലെ കരടാണ് ഇടതുപക്ഷമെന്നതില്‍ അസ്വാഭാവികതയില്ല. ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം വേണമെന്നില്ല; 2004ലേത് പോലെ ഇടപെടല്‍ ശേഷി ഉണ്ടായാല്‍പോലും അത് വന്യമായ കോര്‍പ്പറേറ്റുവല്‍ക്കരണത്തെ തടസ്സപ്പെടുത്തുമെന്ന് കോര്‍പ്പറേറ്റുകള്‍ തിരിച്ചറിയുന്നുണ്ട്.
അതിനാല്‍ നിരന്തരം ആക്രമിച്ചു തകര്‍ക്കേണ്ട വിഭാഗമാണ് ഇടതുപക്ഷമെന്നത് കോര്‍പ്പറേറ്റുകളുടെ പ്രഖ്യാപിത നിലപാടാണ്.
സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ പുതിയ അര്‍ത്ഥവും മാനവും കൈവന്നിരിക്കുകയാണ്. മുമ്പൊക്കെ സ്വകാര്യവല്‍ക്കരണമെന്നത് ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലായിരുന്നു എങ്കില്‍ ഇന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായി കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ്, പൊതുമേഖലാ സ്ഥാപനങ്ങളില്ലാത്ത രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതായിരിക്കുന്നു. റെയില്‍വേയും ദേശീയ പാതയും സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്.
വിമാനത്താവളങ്ങള്‍ എല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം വിറ്റുകഴിഞ്ഞു. വിമാനത്താവളങ്ങള്‍ വില്‍ക്കുന്നതിനുമുമ്പ് വിമാനക്കമ്പനി തന്നെ ടാറ്റയ്ക്ക് വിറ്റ് സ്വന്തമായി എയര്‍ലൈനില്ലാത്ത രാജ്യമാക്കി ഇന്ത്യയെ മാറ്റി.
42 ആയുധ നിര്‍മാണശാലകള്‍ ഉള്‍പ്പെടുന്ന ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വില്‍ക്കുന്നതിനായി ഏഴു കമ്പനികളാക്കി വെട്ടിമുറിച്ചുകഴിഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി പടക്കോപ്പുകള്‍ നിര്‍മിക്കുന്ന ഫാക്ടറികളുടെ വില്‍പന രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്.
രാജ്യസ്നേഹമെന്നത് സംഘപരിവാരത്തിന് ഒരു പ്രസംഗ വിഷയം മാത്രമാണ്. 10 ലക്ഷം കോടിയോളം ആസ്തി കണക്കാക്കപ്പെടുന്ന ബിപിസിഎല്‍ അമ്പതിനായിരം കോടി രൂപയ്ക്ക് വില്‍ക്കാനുള്ള നീക്കത്തിനെതിരായ തൊഴിലാളി സമരങ്ങള്‍ ശക്തമായി തുടരുകയാണ്.
ഒടുവിലായി ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരവും വിറ്റു കഴിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഓരോ തരി മണ്ണും ചുളുവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കുകയാണ്. ഇന്ത്യ ചില മുതലാളിമാരുടെ സ്വകാര്യ സ്വത്തായി മാറുന്നതിന്റെ തെളിവുകളാണ് ദിനേന പുറത്തു വരുന്നത്. ചുരുക്കത്തില്‍ ഭരണകര്‍ത്താക്കളാല്‍ വില്‍ക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി.
ഇതിനു പുറമെയാണ് വര്‍ഷംതോറും യൂണിയന്‍ ബജറ്റില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യം ഭരിക്കുന്നവരായി സര്‍ക്കാരും, സര്‍ക്കാരിന്റെ തണലില്‍ രാജ്യത്തെത്തന്നെ സ്വന്തമാക്കുന്നവരായി കോര്‍പ്പറേറ്റുകളും മാറിക്കഴിഞ്ഞു.
ഇത്തരമൊരു കോര്‍പ്പറേറ്റുകാലത്ത് കോര്‍പ്പറേറ്റുകളാല്‍ നയിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റു മുതലാളിയുടെ ശബ്ദമല്ലേ കേള്‍പ്പിക്കാനാവൂ.
ജനവിരുദ്ധമായ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചുവടുവെയ്ക്കാന്‍ നിയോഗിക്കപ്പെട്ടവരായി ഇക്കാലത്തെ മാധ്യമപ്രവര്‍ത്തകരും മാറിക്കഴിഞ്ഞു.
മുതലാളിയുടെ നല്ല കുട്ടികളായ അടിമക്കൂട്ടത്തില്‍നിന്ന് വ്യത്യസ്തമായി ആര്‍ജവത്തോടെ സത്യം പറയാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന് സ്വിന്‍ടണ്‍ പറഞ്ഞതു പോലെ അടുത്ത ദിവസം തൊഴിലുണ്ടാവില്ല.
വ്യക്തിത്വവും അഭിമാനവുമുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാനാവാത്ത ഒരിടമായി മുഖ്യധാരാ മാധ്യമ ലോകം മാറിയിരിക്കുന്നു.
കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ അപകടങ്ങള്‍ക്കൊപ്പം ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢപദ്ധതികളും മുന്നോട്ടു പോവുകയാണ്. മതനിരപേക്ഷ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ഇനിയുമെത്രനാള്‍ എന്ന ചോദ്യം മുമ്പെന്നത്തേക്കാളുമധികം ഭയപ്പെടുത്തുന്നതായി മാറിയിരിക്കുന്നു.
എതിര്‍ക്കുന്നവര്‍ ക്രൂരമായി നിശബ്ദരാക്കപ്പെടുന്നു; തുറുങ്കിലടയ്ക്കപ്പെടുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ വര്‍ത്തമാനകാല ഇന്ത്യയില്‍ അര്‍ത്ഥം നഷ്ടപ്പെട്ട വെറും വാക്കുകള്‍ മാത്രമായി മാറി.
രാജ്യം നേരിടുന്ന അത്യന്തം വിപല്‍ക്കരമായ സാഹചര്യത്തെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. കേരളത്തിലെ പ്രമുഖ പത്രങ്ങളായ മനോരമയും മാതൃഭൂമിയും സംഘപരിവാരത്തിന്റെ നല്ല കുട്ടികളാവാനുള്ള മത്സരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മനോരമ ചാനല്‍ നടത്തുന്ന ന്യൂസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടകനായത് യാദൃച്ഛികമോ നിഷ്കളങ്കമോ അല്ല. മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചുകൊണ്ടുള്ള മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചാണ് മാതൃഭൂമി മനോരമയെ കടത്തിവെട്ടിയത്.
മാധ്യമപ്രവര്‍ത്തനമെന്നത് ഒരു കള്ളക്കച്ചവടമാണെന്ന് ഇക്കൂട്ടര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യാനെറ്റ് അടിമുടി ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടിട്ട് കുറച്ചു നാളായി.
മറ്റ് പ്രമുഖ മലയാള മാധ്യമങ്ങളും വലതുപക്ഷ ദാസ്യവേല തന്നെയാണ് തുടരുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടുവെച്ച് ഒരു വിഭാഗം മാധ്യമങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി.
ആര്‍എസ്എസ് നിയന്ത്രിക്കുന്ന മാധ്യമങ്ങളേയും ആര്‍എസ്എസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നവരെയും മാത്രമാണ് യോഗത്തില്‍ ക്ഷണിച്ചത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവിടെ സന്നിഹിതരായി. ആ യോഗത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞുവത്രെ 'വന്‍മരം വീഴുന്നതുപോലെ കേരളത്തിലെ സര്‍ക്കാരിനെ വീഴ്ത്തണം' എന്ന്.
അതിന് മാധ്യമങ്ങളുടെ പിന്തുണ തേടാനായിരുന്നു യോഗം വിളിച്ചത്. കേന്ദ്രമന്ത്രിയുടെ ആഹ്വാനം ശിരസ്സാ സ്വീകരിച്ച് ഇടതുവിരുദ്ധ യുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളിപ്പോള്‍.
കേന്ദ്ര വിഷയങ്ങളില്‍ ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിക്കുകയും കാരണങ്ങളുണ്ടാക്കി കേരളത്തില്‍ സിപിഐഎമ്മിനെ ആക്രമിക്കുകയും ചെയ്യുക എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രധാന അജന്‍ഡ.
രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍നിന്നും മുഖം തിരിച്ചു നില്‍ക്കുന്ന ഇക്കൂട്ടര്‍ ഇടതുപക്ഷവിരുദ്ധ പ്രചാരവേലയുടെ മൊത്തവിതരണക്കാരായാണ് പ്രവര്‍ത്തിക്കുന്നത്.
പാര്‍ലമെന്റില്‍ പ്രതിഷേധിച്ച 19 എംപിമാരെ സസ്പെന്റ് ചെയ്ത നടപടി സ്വാഭാവികമായും അന്നത്തെ പ്രധാന വാര്‍ത്തയാണെന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ അന്നേ ദിവസം ആ വിഷയം പ്രധാന സമയ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാന്‍ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും 24 ഉം 18 മെല്ലാം കൈകോര്‍ത്തു.
കോണ്‍ഗ്രസ് എംപിമാരെയും സസ്പെന്റ് ചെയ്ത വിഷയമായിട്ടും 4 ദിവസത്തെ ആലോചനയ്ക്കുശേഷമാണ് മനോരമ ചാനല്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സംഘപരിവാരത്തിന് അലോസരമുണ്ടാക്കുന്നതൊന്നും പാടില്ലെന്ന് അനുരാഗ് ഠാക്കൂറിന്റെ നല്ല കുട്ടികള്‍ക്ക് നന്നായറിയാം. ഒരു ഭാഗത്ത് കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും നില്‍ക്കുമ്പോള്‍ അവിടേയ്ക്ക് ചാരിനില്‍ക്കണമെന്ന് നമ്മുടെ മാധ്യമങ്ങള്‍ പഠിച്ചു കഴിഞ്ഞു.
കേരളത്തിലാവുമ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും യോജിച്ചാണ് ഇരുപ്പും കിടപ്പും നടപ്പും. അതിനാല്‍ അത്യുത്സാഹത്തോടെ ഇടതുപക്ഷവിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്കിടയില്‍ മത്സരം തന്നെയുണ്ട്.
തരാതരം പോലെ ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം നിന്ന് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ആക്രമിക്കാന്‍ അധികസമയജോലി ചെയ്യുകയാണിവര്‍. മാധ്യമ പ്രവര്‍ത്തനത്തെ ലജ്ജിപ്പിക്കുന്ന പതനത്തിലേയ്ക്കാണ് ഇക്കൂട്ടര്‍ എത്തിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിനെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിനെയും ആക്രമിക്കാന്‍ അങ്ങേയറ്റം പരിഹാസ്യമായ നിലയില്‍ വാര്‍ത്ത ചമയ്ക്കാന്‍ മടിയില്ലാത്തവരുടെ ചില റിപ്പോര്‍ട്ടുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി, എത്ര മാത്രമാണ് ഇക്കൂട്ടരുടെ ഉള്ളിലെ വിഷാംശമെന്ന് ആര്‍ക്കും മനസിലാവും.
2022 ആഗസ്ത് രണ്ടിന് ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'കേന്ദ്രം മെണ്ണണ്ണ വില കുറച്ചു, എന്നാല്‍ കേരളത്തില്‍ വില കുറയില്ല'.
ഇതു കാണുന്ന ഏതൊരാള്‍ക്കും തോന്നുക ഉദാരമതിയായ കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയ്ക്ക് വില കുറച്ചു എന്നും ദുഷ്ടന്മാരായ കേരള സര്‍ക്കാര്‍ ആ കുറവ് ജനങ്ങള്‍ക്കു നല്‍കുന്നില്ല എന്നുമാണ്. ഇതു തന്നെയാണ് ഏഷ്യാനെറ്റ് ഉദ്ദേശിക്കുന്നതും. എന്നാല്‍ എന്താണ് വസ്തുത?
കഴിഞ്ഞ ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ അന്യായമായി മണ്ണെണ്ണയ്ക്ക് വില കൂട്ടി. പക്ഷേ കേരളം അന്നു വില കൂട്ടാതെ പിടിച്ചു നിന്നു. അതിനാല്‍ കേരളത്തില്‍ വിലവര്‍ദ്ധനവുണ്ടായില്ല.
കേന്ദ്രസര്‍ക്കാര്‍ അന്നു കൂട്ടിയതില്‍ നിന്നും 13 രൂപ കുറച്ച് ലിറ്ററിന് ഇപ്പോള്‍ 89 രൂപയാക്കി. എന്നാല്‍ കേരളത്തില്‍ മുമ്പ് വര്‍ദ്ധിപ്പിക്കാതിരുന്നതിനാല്‍ ഇവിടെ ഇപ്പോഴും ലിറ്ററിന് 84 രൂപ മാത്രമാണ് വില. ഈ വസ്തുതയെയാണ് തെറ്റിദ്ധരിപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള നെറികെട്ട വാര്‍ത്തയാക്കി ഏഷ്യാനെറ്റ് നിര്‍മിച്ചെടുത്തത്.
സര്‍ക്കാരുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ പുതുമയില്ല. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ അതും മാധ്യമങ്ങള്‍ക്ക് ഒരു ആക്രമണ വിഷയമാണ്. കേരളത്തിനു പുറത്ത് പക്ഷേ ഇങ്ങനെയൊരു പ്രശ്നവുമില്ല.
ഇക്കഴിഞ്ഞ വാരം മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്ത തമിഴ്നാട്ടിലെ മന്ത്രി കെ എന്‍ നെഹ്രു പുതിയ കാര്‍ വാങ്ങിയതു സംബന്ധിച്ചായിരുന്നു. കോടികള്‍ വിലമതിക്കുന്ന ലാന്‍സ് ക്രൂയിസറിന്റെ പുതിയ ആഢംബര മോഡലാണ് ഇന്ത്യയില്‍ എത്തുന്നതിനുമുമ്പ് മന്ത്രി പ്രത്യേകമായി വരുത്തിച്ചത്.
മാതൃഭൂമി അടക്കാനാവാത്ത ആവേശത്തോടെ പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത് ഇങ്ങനെ: ''ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഒരു വാഹനം സ്വന്തമായി ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ അതിന് ഒരു റേഞ്ച് വേണം'. അതെ, ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ അതിനൊക്കെ ഒരു 'റേഞ്ച്' വേണമെന്നാണ് മാതൃഭൂമി ഊറ്റംകൊള്ളുന്നത്.
കുറച്ചു കാലംമുമ്പ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേയ്ക്ക് വിലപിടിച്ച ഒരു പുതിയ കാറു കൂടി വാങ്ങിയപ്പോള്‍ ഇതേ ആവേശം ഏഷ്യാനെറ്റിനും ഉണ്ടായി 'മോദിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു കിടിലന്‍ എസ് യു വി കൂടി!' (2018 മെയ് 25) എന്നാണ് അന്നത്തെ ആഹ്ലാദം ഏഷ്യാനെറ്റ് പ്രകടിപ്പിച്ചത്.
എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനായി അത്ര ആഡംബരമൊന്നുമില്ലാത്ത ഒരു കിയ കാര്‍ണിവല്‍ കാര്‍ വാങ്ങിയപ്പോള്‍ ആ വിഷയം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ഒരു ചര്‍ച്ച തന്നെ സംഘടിപ്പിച്ചു കളഞ്ഞു! 'കടക്കെണിയില്‍ ധൂര്‍ത്തിന്റെ കാര്‍ണിവല്‍' എന്നതായിരുന്നു ചര്‍ച്ചാ വിഷയം.
മോദിയുടെ അകമ്പടി വ്യൂഹത്തിലേക്ക് പുതിയ ആഡംബര കാര്‍ വാങ്ങിയാല്‍ ഏഷ്യാനെറ്റിനത് 'കിടിലനാണ്' തമിഴ്നാട് മന്ത്രി വാങ്ങിയാല്‍ 'അതിനൊക്കെ ഒരു റേഞ്ച് വേണമെന്ന്' മാതൃഭൂമി ആവേശം കൊള്ളും.
പക്ഷേ കേരളത്തിലാവുമ്പോള്‍ സാധാരണ കാറ് വാങ്ങിയാലും അത് ധൂര്‍ത്താണ്.!!
സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചപ്പോള്‍ മനോരമ ചോദിക്കുന്നു 'ഇ ഡി നടപടി ആര്‍ക്കുവേണ്ടി?'. (2022 ജൂണ്‍ 3).
എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പേരില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെ വേട്ടയാടാന്‍ രാഷ്ട്രീയ ദൃഷ്ടലാക്കോടെ ഇ ഡി തീരുമാനമെടുത്തപ്പോള്‍ മനോരമ പറയുന്നത് 'തോമസ് ഐസക്കിന് ഇ ഡി കുരുക്ക്' (2022 ആഗസ്ത് 5) എന്നാണ്.
സോണിയയുടെ കാര്യമാവുമ്പോള്‍ 'ഇഡി ആര്‍ക്കു വേണ്ടി ' എന്ന ചോദ്യവും സര്‍ക്കാര്‍ കാര്യങ്ങളുടെ പേരിലായാല്‍ പോലും തോമസ് ഐസക്കിന്റെ കാര്യമാവുമ്പോള്‍ അത് 'കുരുക്കു'മാണ് മനോരമയ്ക്ക്.
മാധ്യമ പ്രവര്‍ത്തനത്തെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി നിലനിര്‍ത്തുന്നത് കോര്‍പ്പറേറ്റ് ഉടമകളുടെ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളാണെന്നും കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിന്നും യാതൊരു ന•യും പ്രതീക്ഷിക്കാനാവാത്ത കാലമാണിതെന്നും തിരിച്ചറിയേണ്ടതുണ്ട്.