സത്യത്തിനു നേരെ മുഖംതിരിക്കുന്ന മാധ്യമപ്രവര്‍ത്തനം

Saturday Aug 27, 2022
കെ.ജെ. ജേക്കബ്

നമ്മുടെ ഭരണഘടനയുടെ ആമുഖം ഒരു ജനത എന്ന നിലയില്‍ നമ്മുടെ ആശയാഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും കുറിക്കുന്നുവെങ്കില്‍ പ്രായോഗികമായി നാം നമ്മെ എങ്ങനെ ഭരിക്കണം എന്നതിന്റെ ഉരുക്കുചട്ടക്കൂട് നിര്‍മ്മിച്ചുവച്ചിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദങ്ങളിലാണ്.

ആമുഖം ഇന്ത്യയെ ഒരു ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്യുമ്പോള്‍ അതിന്റെ ഒന്നാം അനുച്ഛേദം ഈ രാജ്യത്തിന്റെ ഘടനയെക്കുറിച്ച് പറയുന്നു: ഭാരതം എന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും  (India, that is Bharat, shall be a Union of States)).

ഭരണഘടന നിര്‍മ്മിക്കുമ്പോള്‍ തങ്ങള്‍ക്കുമുന്‍പിലുള്ള അനന്ത വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും സമൂര്‍ത്തമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിര്‍ധാരണം ചെയ്തെടുത്ത വളരെ കനമുള്ള പ്രസ്താവനകളാണ് ആമുഖത്തിലും അനുച്ഛേദങ്ങളിലും വരുന്നത്.

അവയിലെ ഓരോ വാക്കും ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണ്.

അങ്ങനെ രൂപപ്പെട്ട ഭരണഘടന ഇന്ത്യയെ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത്?
ഭാരതം എന്ന ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കായിരിക്കും; അത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്; ഇതിലെ അടിസ്ഥാനഘടകം സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു യൂണിയനില്‍നിന്നു വിട്ടുപോകാന്‍ അനുമതിയില്ല.

കൃത്യമായി അധികാരം വിഭജിച്ചു നല്‍കപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും. അനുച്ഛേദങ്ങള്‍കൂടി കണക്കാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ ആരുടേയും മുകളിലോ താഴെയോ അല്ല; കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനങ്ങളുടെ അധികാരിയോ ഉടമയോ അല്ല കേന്ദ്രം.

ഈ പ്രാഥമികമായ കാര്യങ്ങള്‍ മനസിലാക്കുക എന്നത് ജനാധിപത്യ സമ്പ്രദായത്തില്‍ മാത്രം സ്ഥാനമുള്ള സ്വതന്ത്ര മാധ്യമങ്ങള്‍ നിശ്ചയമായും ചെയ്യേണ്ട കാര്യമാണ്.

സമൂഹത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിന്റെ ജനാധിപത്യ സ്വഭാവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങളോ മാറ്റങ്ങളുടെ ലക്ഷണങ്ങളോ കാണിച്ചുതുടങ്ങുന്നുവെങ്കില്‍ അതിനെപ്പറ്റി സമൂഹത്തോടുതന്നെ മുന്നറിയിപ്പുനല്‍കുകയും പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്.

എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇതിന്റെ വിപരീത യുക്തിയിലാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ഒരേസമയം ജനാധിപത്യത്തിനുനേരെയുള്ള വലിയ വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കുകയും അത്തരം വെല്ലുവിളികള്‍ക്കുനേരെ ആവുന്നവിധം പ്രതിരോധം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പണിയാണ്  ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്.

ഏറ്റവും അവസാനത്തെ ഉദാഹരണം സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി കുറച്ചുകൊണ്ടും ചരക്കുസേവനനികുതി നഷ്ടപരിഹാരം കൊടുക്കുന്നത് നീട്ടണമെന്നുള്ള സംസ്ഥാനങ്ങളുടെ ആവശ്യം നിരാകരിച്ചുകൊണ്ടും സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കാനുള്ള കേന്ദ്ര തീരുമാനമാണ്.

ഒപ്പം കിഫ്ബി പോലെയുള്ള സംവിധാനങ്ങള്‍ വഴി സംസ്ഥാനത്തിന്റെ അടിസ്ഥാനവികസനത്തിനാവശ്യമായ ധനസമാഹരണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടയിടുകയും ചെയ്തിട്ടുണ്ട്.



കിഫ്ബിയെപ്പറ്റി ഈ ലേഖകനടക്കം പലരും പല വേദികളിലും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രം ഇപ്പോള്‍ ചെയ്തിരിക്കുന്നത് നിയമത്തിന്റെ സകല സാധ്യതകളും പ്രയോഗിച്ചു സംസ്ഥാനത്തിന്റെ ഒരു പ്രധാന ധന സമാഹരണ രീതിയെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതാണ്.

അതു ചെയ്യുന്നത് വായ്പയെടുക്കുന്നതിനു നിലവിലുള്ള എല്ലാ പരിധികളും ഒറ്റയടിക്ക് സ്വയം ലംഘിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് എന്നതാണ് അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നത്.
 
സംസ്ഥാനങ്ങളുടെ ധനസ്രോതസ്സുകളുടെമേല്‍ പിടിമുറുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി പറയുന്ന ഡബിള്‍ എന്‍ജിന്‍ വളര്‍ച്ച കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാര്‍ട്ടി ഭരിക്കുന്നതിനു അദ്ദേഹം വിളിക്കുന്ന പേര് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ശ്രമത്തെ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ മുന്‍നിര്‍ത്തി എതിര്‍ക്കുന്നതിനും വസ്തുതകള്‍ ജനങ്ങളെ അറിയിക്കുന്നതിനും പകരം അത്തരം നടപടികളിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ നിലച്ചുപോയാല്‍ ഒഴുക്കാന്‍ മുതലക്കണ്ണീര്‍ തയാറാക്കി കാത്തിരിക്കുകയാണ് അവര്‍.

ഇതിനു മുന്‍പില്ലാത്തവിധം റെക്കോര്‍ഡ് തുക വായ്പയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചിരിക്കുന്നത്: 14.95 ലക്ഷം കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ തുക ഉപയോഗിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതേ കാര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ കടമെടുപ്പ് നടത്തുന്നതിനെ തടയുകയും ചെയ്യുന്നു.

മാത്രമല്ല, ലാഭകരമായ പദ്ധതികള്‍ക്ക് മാത്രം വായ്പ നല്‍കിയാല്‍ മതിയെന്ന് റിസര്‍വ് ബാങ്കുവഴി വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുന്നു.

അതിനര്‍ത്ഥം, അടിസ്ഥാന സൗകര്യങ്ങളിലും സേവന മേഖലകളിലും സര്‍ക്കാര്‍ പണം മുടക്കി ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയ കേരള മോഡലിന്റെ അന്ത്യം കുറിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്; സര്‍ക്കാര്‍ പക്ഷം ചേരേണ്ട ആവശ്യവുമില്ല. പക്ഷേ രാജ്യത്തിന്റെ പൊതുരാഷ്ട്രീയത്തില്‍ വലിയ വ്യതിയാനം കേന്ദ്രസര്‍ക്കാര്‍ വരുത്തുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് വിലയിരുത്താന്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ അതു കാണാതെ പോവുകയും അത്തരം നടപടി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാകുമ്പോള്‍പോലും മൗനം പാലിക്കുകയും ചെയ്യുന്നത് കുറ്റകരമായ കാര്യമാണ്.

ഇതിനു വിപരീതമായി, സംസ്ഥാന സര്‍ക്കാരിനു നേരെയാകുമ്പോള്‍ ഓഡിറ്റ് നടത്തുന്നതിന് ഒരു തരത്തിലുള്ള നൈതികതയും പുലര്‍ത്തേണ്ടതില്ല എന്നൊരു സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളോട് സ്വീകരിക്കുന്ന സമീപനമാണ് ഏറ്റവും മികച്ച ഉദാഹരണം. മൂന്ന് ഏജന്‍സികള്‍ ഇപ്പോള്‍ കേസിന്റെ വിവിധ വശങ്ങള്‍ അന്വേഷിക്കുന്നുണ്ട്: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയാണവ. ഈ മൂന്ന് ഏജന്‍സികളും കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലാണ്.


ഈ കേസുകളിലെ പ്രതിയായ സ്വപ്ന സുരേഷ് ദിവസേന 'വെളിപ്പെടുത്തലുകളും' 'തുറന്നുപറച്ചിലു'കളുമായി കളം നിറയുകയാണ്; അവര്‍ പറയുന്നതെല്ലാം അതേപടി പ്രക്ഷേപണം ചെയ്യുകയാണ് മാധ്യമങ്ങള്‍.

കുറ്റാരോപിതയായ ഒരു സ്ത്രീ അവരുടെ കേസുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ കാണിക്കേണ്ട മിനിമം അന്വേഷണബുദ്ധി മാധ്യമങ്ങള്‍ കാണിക്കുന്നില്ല എന്നു മാത്രമല്ല, അവര്‍ക്കു വിശ്വാസ്യതയുടെ ഒരു മേലങ്കി തുന്നിക്കൊടുക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് കാണാം.

കേന്ദ്ര ഏജന്‍സികള്‍ രണ്ടുവര്‍ഷമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളെപ്പറ്റിയാണ് ഈ കോലാഹലമെല്ലാം എന്നോര്‍ക്കണം.

ഇതുമായി ബന്ധപ്പെട്ടു പല മാധ്യമങ്ങളും പറഞ്ഞുണ്ടാക്കിയ പല കഥകളും ഇപ്പോള്‍ അനാഥപ്രേതം പോലെ വഴിയില്‍ കിടപ്പുണ്ട്; അവയെ കാണാതെയാണ് പുതിയ കഥകളുമായി ഇവര്‍ വരുന്നത്.

ഈ വിഷയങ്ങളിലെല്ലാം പ്രതിപക്ഷത്തിന്റെ നിലപാടിനെപ്പറ്റിയും യാതൊരു വിശകലനവും നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറില്ല എന്നുവരുന്നു. സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പാരമ്പര്യം സംശയാസ്പദമാണ്.

എന്നിരിക്കിലും കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി അവ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍ എതിര്‍ശബ്ദം ഉയര്‍ത്താന്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ അമിതാധികാര പ്രവണത കേരളത്തെയോ ഏതെങ്കിലും ചില സംസ്ഥാനങ്ങളെയോ മാത്രമല്ല ബാധിക്കുന്നത്; സംസ്ഥാനങ്ങളുടെ അധികാരം സംബന്ധിച്ച ഭരണഘടനാപരമായ സങ്കല്‍പ്പങ്ങളെത്തന്നെയാണ് അവ ആക്രമിക്കുന്നത്.

സ്വതന്ത്രമായതും പരസ്പരാശ്രിതവുമായ പല തരം അധികാരങ്ങളുള്ള രണ്ടു രാഷ്ട്രീയഘടകങ്ങളാണ് കേന്ദ്രവും സംസ്ഥാനങ്ങളും എന്ന ഭരണഘടനാ നിലപാടിന് കടകവിരുദ്ധമായി സംസ്ഥാനങ്ങളുടെ മുതലാളി ചമയുന്ന അവസ്ഥയിലേക്കു കേന്ദ്രം എത്തിപ്പെട്ടിരിക്കുന്നു എന്നു വേണം കാണാന്‍.
 
അതിനെതിരെ പ്രതിരോധമുയര്‍ത്തുക എന്നത് ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസവും താല്‍പ്പര്യവുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനും, ആ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടാകേണ്ടതാണ്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരത്തെയും അതുവഴി ജനാധിപത്യത്തെയും അത് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളെയും ആനുകൂല്യങ്ങളെയും ബാധിക്കും എന്ന വസ്തുത ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കേണ്ടതാണ്.

കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനു കോണ്‍ഗ്രസ് ഇരകളാണ് എന്നതിന് പ്രത്യേകിച്ച് ഉദാഹരണംവേണ്ട. പി ചിദംബരം എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മൂന്നുമാസത്തോളം ജയിലിലടച്ച കേന്ദ്രം ഇപ്പോള്‍ പാര്‍ട്ടിയുടെ അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും എതിരെ തിരിഞ്ഞിരിക്കുകയാണ്.

 ഈ നടപടിക്കെതിരെ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് മാത്രമല്ല പ്രതിഷേധിക്കുന്നത്, ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍പ്രതിഷേധമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി നല്‍കിയത്.

എന്നാല്‍ കേരളത്തില്‍ ഈ വിഷയങ്ങളില്‍ പൊതുവായ പ്രതിരോധമുയര്‍ത്താന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറാകുന്നില്ല, മാധ്യമങ്ങള്‍ ഇത്തരം സമീപനങ്ങളെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ ഏകപക്ഷീയമായ  കുറ്റപ്പെടുത്തലുകളാണ് ഉണ്ടാകുന്നതു താനും.

ഏകപക്ഷീയമായ നിലപാടുകളുടെ പേരില്‍ മാധ്യമ വിശ്വാസ്യത ഇത്രത്തോളം തകര്‍ന്ന മറ്റൊരു കാലം നമ്മുടെ ചരിത്രത്തിലുണ്ടായിട്ടില്ല. അതും ജനാധിപത്യത്തിന് ഗുണപരമായ കാര്യമല്ല എന്നോര്‍ക്കണം. ഭരണം നടത്തുന്നത് മനുഷ്യരാണ്; മനുഷ്യര്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്ന സ്ഥാപനങ്ങളിലൂടെയാണ് അക്കാര്യങ്ങള്‍ നടന്നുപോകുന്നത്.

അതില്‍ തെറ്റുകളും കുറ്റങ്ങളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണ്. അക്കാര്യം ജനങ്ങളും ഭരണാധികാരികളും അറിയാനും തിരുത്തലുകള്‍ വരുത്താനും ആവശ്യമായ വിവരങ്ങള്‍ സംഘടിപ്പിച്ച് വിതരണം ചെയ്യുക എന്ന ധര്‍മ്മത്തില്‍നിന്നു മാധ്യമങ്ങള്‍ മാറിനിന്നാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനാധിപത്യത്തിന് ദോഷം ചെയ്യും.
      
ചുരുക്കത്തില്‍, ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവര്‍ക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്ന കാലമാണ് ഇത്. അതുകൊണ്ടുതന്നെ അവയുടെ പ്രതിരോധത്തിനായുള്ള അടിയന്തര വിഷയങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കിയാല്‍ മുകളില്‍ വരുന്നവ ഇവയായിരിക്കും:
ഭരണഘടനയ്ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തെ ജനാധിപത്യപരമായി ചെറുക്കുക.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെതിരെ പ്രതിഷേധിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനപക്ഷത്തുനിന്ന് ഓഡിറ്റ് ചെയ്യുക.

എന്നുവച്ചാല്‍, ഇന്ന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ചെയ്യേണ്ട കാര്യങ്ങളും  ഉള്‍പ്പെടുന്നു എന്നര്‍ത്ഥം. ഇതൊരു പ്രതിസന്ധിയും വെല്ലുവിളിയും അവസരവുമാണ്.

ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളെ വൈരുധ്യാത്മകമായി കാണാന്‍ ശീലിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. വിമര്‍ശനവും സ്വയം വിമര്‍ശനവും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായാണ് കമ്യൂണിസ്റ്റുകാര്‍ കാണാറ്; അവയുടെ അഭാവത്തില്‍ എന്തിനെ എതിര്‍ക്കുന്നുവോ അതേ ക്ഷുദ്ര രാഷ്ട്രീയത്തിലേക്ക് ഇടതുരാഷ്ട്രീയവും വീണുപോകും; ചരിത്രത്തില്‍ അതിനുദാഹരണങ്ങളുണ്ട്.  

കേരളത്തില്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയ്ക്കും അത് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. ജനാധിപത്യ നിഷേധമോ മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടോ ഏതെങ്കിലും പാര്‍ട്ടി സ്വീകരിച്ചാല്‍ അവര്‍ക്കു തിരിച്ചടി കിട്ടിയ ചരിത്രമാണ് ഇവിടെയുള്ളത്.

വര്‍ഗീയകക്ഷികള്‍ക്കു കേരളത്തില്‍ ഇതുവരെ നിലംതൊടാനായിട്ടില്ലെന്നതും സാമുദായിക കക്ഷികള്‍ തന്നെ വര്‍ഗീയതയോടു സമരസപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളെ സമുദായം തന്നെ എതിര്‍ക്കും എന്ന കാര്യവും മുസ്ലിം ലീഗിന്റെ സമീപകാല അനുഭവത്തില്‍നിന്നു വ്യക്തമാണ്.
അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും നിഷേധാത്മക നയത്തെയും ഇരട്ടത്താപ്പിനെയും ജനങ്ങളുടെ മുന്‍പില്‍ തുറന്നു കാണിക്കുക; ജനാധിപത്യവും  ഭരണഘടനാ മൂല്യങ്ങളും നേരിടുന്ന വെല്ലുവിളികള്‍ ജനങ്ങളോട് പറയുക, അവര്‍ക്കൊപ്പം നിന്ന് അവയുടെ സംരക്ഷണത്തിനുവേണ്ടി പോരാടുക; ഒപ്പം സ്വന്തം സര്‍ക്കാരിനെ ജനപക്ഷത്തുനിന്നു വിമര്‍ശനപരമായി സമീപിക്കുക. ഇതൊക്കെ ഇന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിയന്തിര അജന്‍ഡയില്‍ വന്നിരിക്കുകയാണ്.

ജനാധിപത്യ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണഘട്ടമായിരിക്കും ഇത്. ഇതില്‍ പരാജയപ്പെട്ടാല്‍ കേരളം ഇക്കാലമത്രയും കൊണ്ട് കെട്ടിയുണ്ടാക്കിയ എല്ലാ നന്മകളും റദ്ദാക്കുന്നതിന്റെ തുടക്കമാവും. അതുസംഭവിക്കാതിരിക്കുക എന്നു മാത്രമല്ല മെച്ചപ്പെട്ട മാതൃകകള്‍ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം കൂടി ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്ക് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നു.
(അഭിപ്രായങ്ങള്‍ വ്യക്തിപരം)

(ചിന്ത വാരികയിൽ നിന്ന്)